രാഷ്ട്രീയ സ്വയംസേവക സംഘം ചിരപുരാതനമായ ഈ ഹിന്ദു രാഷ്ട്രത്തിന്റെ ഐഹികവും ആദ്ധ്യാത്മികവുമായ ചിരന്തന മൂല്യങ്ങളുടെ പ്രതീകമായ പരമപവിത്ര ഭഗവധ്വജത്തെയാണ് ഗുരുവായി കരുതിപ്പോരുന്നത്. ജ്ഞാനം, ത്യാഗം, പവിത്രത, സംയമനം, പരാക്രമം, ഔദാര്യം എന്നിങ്ങനെ ഉദാത്തമായ ഒട്ടനേകം ഗുണങ്ങളുടെ പ്രതിരൂപമായവരും കൊടിയ പ്രതിസന്ധികള്‍ നേരിടേണ്ടിവന്ന സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ പോലും ഈ രാഷ്ട്രത്തിന്റെ സമുജ്ജ്വലമായ പാരമ്പര്യത്തെ കോട്ടം കൂടാതെ സംരക്ഷിച്ച അസംഖ്യം പുണ്യപുരുഷന്മാരും പവിത്രമായ ഭഗവധ്വജത്തിന്റെ മുമ്പില്‍ നതമസ്തകരായിത്തീര്‍ന്ന് സായൂജ്യമടഞ്ഞ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ദൈവിക ഗുണങ്ങളുടെ ദിവ്യവും അനാദിയുമായ ചരിത്രം ഭഗവധ്വജത്തിന്റെ ഓരോ നൂലിഴയിലും നമുക്ക് കാണാനാവും!
മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ പ്രതാപ് സായം ശാഖയിലെ സ്വയംസേവകരോട് ശാഖയുടെ മുഖ്യശിക്ഷക്, ശ്രീഗുരുപൂജാ ദിനം അടുത്തുവരികയാണെന്നും ഓരോ സ്വയംസേവകനും തന്റെ കഴിവനുസരിച്ച് അന്നേദിവസം ഭഗവധ്വജത്തിനു മുമ്പില്‍ ഗുരുദക്ഷിണ സമര്‍പ്പിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചു. ആ സായം ശാഖയില്‍ ബഹുഭൂരിപക്ഷവും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. അവരെ സംബന്ധിച്ച് ഗുരുദക്ഷിണ അര്‍പ്പിക്കാന്‍ സ്വന്തം വീട്ടില്‍ നിന്ന് പണം ലഭിക്കുക അസാധ്യമായിരുന്നു.
അവര്‍ അടുത്ത ദിവസം തന്നെ ഒരുമിച്ചിരുന്ന് ഒരു പോംവഴി ആലോചിച്ചു. അവര്‍ അങ്ങാടിയില്‍ ചെന്ന് പരിചയക്കാരനായ ഒരു കച്ചവടക്കാരന്റെ പക്കല്‍ നിന്ന് പഴയ വര്‍ത്തമാനപത്രം കടം വാങ്ങി കൊണ്ടുവന്ന്, അതുകൊണ്ട് കടലാസ് കവറുകളുണ്ടാക്കി അങ്ങാടിയില്‍ കൊണ്ടുപോയി വിറ്റു കിട്ടിയ തുകയില്‍ നിന്ന് കടലാസു കച്ചവടക്കാരന് കൊടുക്കാനുള്ള തുക നല്‍കി മിച്ചം വന്ന തുക വീതിച്ചെടുത്ത് ഗുരുപൂജാദിവസം ശാഖയില്‍ ഭഗവധ്വജത്തിനു മുമ്പില്‍ ഗുരുദക്ഷിണയര്‍പ്പിച്ചു.