രംഗം-11
(തലക്കുളത്തു ഭവനത്തിന്റെ പൂമുഖം. വളളിയമ്മപ്പിളളത്തങ്കച്ചി വേളിമല മുരുകനു ചാര്‍ത്താനുള്ള മാലകെട്ടിക്കൊണ്ടിരിക്കുന്നു. ചുണ്ടില്‍ ഏതോ മുരുക കീര്‍ത്തനം സദാതത്തിക്കളിക്കുന്നു)
വളളിയമ്മപ്പിള്ളത്തങ്കച്ചി :-(അകത്തേക്ക് നോക്കി) പപ്പുത്തമ്പി….. മോനെ പപ്പുത്തമ്പി
പപ്പുത്തമ്പി :-(അരയില്‍ വാളും പരിചയുമായി അകത്തുനിന്ന് ഇറങ്ങി വരുന്നു) എന്താ അമ്മേ…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി:- അങ്കപ്പുറപ്പാടു പോലെ വാളും പരിചയും ചാര്‍ത്തി നീ എങ്ങോട്ടു പോകുന്നു മകനേ…
പപ്പുത്തമ്പി :-വലിയണ്ണന്‍ നാഞ്ചിനാട് നാട്ടുക്കൂട്ടങ്ങളെ കാണാനെത്തിയിട്ടുണ്ടമ്മേ… അണ്ണനോടൊത്ത് എനിക്കിന്ന് പത്മനാഭപുരത്തേയ്ക്ക് പോകണം.
വളളിയമ്മപ്പിള്ളത്തങ്കച്ചി :-(മാലകെട്ടുന്നത് നിര്‍ത്തി എഴുന്നേറ്റ് കൊണ്ട്) എന്റെ വേലായുധന്‍ കല്‍ക്കുളം തെക്കുംമണ്ഡപത്തും വാതുക്കലില്‍ കാര്യക്കാരനായിരുന്നപ്പോ… വല്ലപ്പോഴും കാണാനെങ്കിലും കിട്ടിയിരുന്നു… തിരുവിതാംകൂര്‍ ദളവയായേപ്പിന്നെ.. ഇങ്ങനെ ഒരു തള്ള ജീവിച്ചിരിപ്പൊണ്ടെന്ന വിചാരം പോലും അവനില്ല. കണ്ണടയുംമുന്നെ നിന്റെ അണ്ണനെ എനിക്കൊന്നു കാണാനൊക്കുമോ പപ്പുത്തമ്പിയേ…
പപ്പുത്തമ്പി :-ഇന്നു തലക്കുളത്ത് വരുമെന്ന് ദൂതന്‍ മൊഴിഞ്ഞിരുന്നു…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-തിരുമണം കഴിഞ്ഞേറെയായിട്ടും മക്കളില്ലാതിരുന്ന ഞാന്‍ വേളിമല വേലായുധന്‍ സ്വാമികോവിലില്‍ ഭജനമിരുന്നുണ്ടായ സന്താനമായിരുന്നു നിന്റെ അണ്ണന്‍. ദേവസേനാധിപനായ സാക്ഷാല്‍ സുബ്രഹ്മണ്യപ്പെരുമാളുടെ പേരാണ് ഞാന്‍ നിന്റെ അണ്ണനിട്ടത്… വേലായുധന്‍…. എന്റെ വേലായുധനും ദേവസേനാധിപനായി വളര്‍ന്നു… സാക്ഷാല്‍ ശ്രീപത്മനാഭ ദേവന്റെ സേനാധിപന്‍…. തിരുവിതാംകൂറിന്റെ വലിയ ദിവാന്‍… ഈ അമ്മയ്ക്കഭിമാനമുണ്ട്… എന്റെ ഈ കൈ കൊണ്ട് വാരിക്കുഴച്ചൂട്ടിയ ചമ്പാവരിച്ചോറാണ് വീരവേലായുധന്‍ ചെമ്പകരാമന്‍ തമ്പിയെന്ന വേലുത്തമ്പിയായി മാറിയത്… വലിയ ദിവാന് ഒരു പിടി ചോറ് കൊടുക്കാന്‍ ഇനി ആവുമോ ഈ അമ്മയ്ക്ക്… (പശ്ചാത്തലത്തില്‍ വേലുത്തമ്പിയുടെ വരവറിയിച്ചുകൊണ്ട് കുഴല്‍വിളി)
പപ്പുത്തമ്പി :-വലിയണ്ണന്റെ വരവറിയിച്ചുകൊണ്ടുള്ള കുഴല്‍വിളിയാണമ്മാ കേള്‍ക്കുന്നത്…
വളളിയമ്മപ്പിള്ളത്തങ്കച്ചി :- (കണ്ണിനു മീതേ കൈത്തലം വച്ച് സന്തോഷത്തോടെ ദൂരേക്ക് നോക്കിക്കൊണ്ട്) എന്റെ മകന്‍ എത്തിയോ…
(രണ്ടു സൈനികരുടെ അകമ്പടിയില്‍ ദളവയുടെ ഔദ്യോഗിക വേഷത്തില്‍ വേലുത്തമ്പി പ്രവേശിക്കുന്നു. അമ്മയുടെ പാദ നമസ്‌ക്കാരം ചെയ്യുന്നു. അമ്മ മകനെ ആലിംഗനം ചെയ്ത് മൂര്‍ദ്ധാവില്‍ ചുംബിക്കുന്നു)
വേലുത്തമ്പി :-വേളിമലവേലായുധസ്വാമിയെ കണ്ടു വണങ്ങി വരുന്ന വഴിയാണമ്മേ…
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :- നന്നായി..ഗുരുത്വവും ദൈവാനുഗ്രഹവും ഉണ്ടാവും.. ആ വരത്തന്‍ ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി എന്റെ കുഞ്ഞിന്റെ കൈയില്‍ നിന്നും തിരുവിതാംകൂറിന്റെ മുദ്രവാള്‍ തിരിച്ചു വാങ്ങീന്ന് കേട്ടപ്പോള്‍ ഈ അമ്മ നെഞ്ചത്തടിച്ച് പ്രാര്‍ത്ഥിച്ചത് വേളിമല മുരുകനോടാ.. ആ രാജ്യദ്രോഹി നമ്പൂതിരിയെ പൊന്നുതമ്പുരാന്‍ നാടുകടത്തി ശംഖുമുദ്രയുള്ള ശ്രീപത്മനാഭന്റെ പൊന്നുടവാള്‍ എന്റെ കുഞ്ഞിനെ തിരിച്ചേല്‍പ്പിച്ചെന്നു കേട്ടപ്പോള്‍ ഞാന്‍ വീണ്ടുമാനടയില്‍ പോയൊന്നു പ്രാര്‍ത്ഥിച്ചു… എന്റെ കുഞ്ഞിനും നാടിനും നന്മവരാന്‍..
വേലുത്തമ്പി :-എന്നാല്‍ അമ്മ ഈ മകനുവേണ്ടി ഒന്നുകൂടി പ്രാര്‍ത്ഥിക്കണം..
വള്ളിയമ്മപ്പിള്ളത്തങ്കച്ചി :-അതെന്തിനാണു കുഞ്ഞേ…
വേലുത്തമ്പി :-വരാന്‍ പോകുന്ന മഹായുദ്ധങ്ങളില്‍ ഈ നാടും അമ്മയുടെ ഈ മകനും ജയിക്കാന്‍ വേണ്ടി…
വളളിയമ്മപ്പിള്ളത്തങ്കച്ചി :-(വികാരവിവശയായി നിറകണ്ണുകളോടെ) ഈ അമ്മയുടെ പ്രാര്‍ത്ഥന കവചമായി നിന്നോടൊപ്പം എന്നുമുണ്ടാവും… (കണ്ണുകള്‍ അടച്ച് തൊഴു കയ്യോടെ) എന്റെ വേളിമല വേലായുധ സ്വാമി മെക്കളെ കാത്തോളണെ… (വേലുത്തമ്പി അമ്മയുടെ മുന്നില്‍ മുട്ടുകുത്തി തൊഴുകൈയോടെ നില്‍ക്കുന്നു. അമ്മ മകന്റെ തലയില്‍ കൈവച്ചനുഗ്രഹിക്കുന്നു)
വിജയിച്ചു വാ.. മകനെ.. വിജയിച്ചു വാ… (എല്ലാവരും സ്റ്റില്‍. വേദിയില്‍ ചുവന്ന പ്രകാശം)
രംഗം-12
(കേണല്‍ മെക്കാളെയുടെ കൊട്ടാരം. തോക്കുമായി കവാടത്തില്‍ കാവല്‍ നില്‍ക്കുന്ന കാവല്‍ക്കാര്‍. മെക്കാളെ തന്റെ കൈത്തോക്ക് തുടച്ചുകൊണ്ട് മുറിയില്‍ നിന്നും പുറത്തേയ്ക്ക് വരുമ്പോള്‍ കാവല്‍ക്കാര്‍ തോക്കൊതുക്കി പിടിച്ച് വഴിയൊരുക്കുന്നു. അയാള്‍ ഉദ്ധതനായി തോക്ക് അരയിലുള്ള ഉറയില്‍ നിക്ഷേപിക്കുന്നു. മേശപ്പുറത്തുള്ള ഗ്ലോബ് തിരിച്ച് എന്തോ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉമ്മിണിത്തമ്പി ആചാരവണക്കത്തോടെ കടന്നുവരുന്നു)
ഉമ്മിണിത്തമ്പി:-വന്ദനം പ്രഭോ…
മെക്കാളെ:-വണ്ടനം, ഗുഡ് മോണിംഗ്….. കല്‍പ്പിച്ചാളയച്ചു വിളിപ്പിച്ചിട്ടും എത്തിയില്ലേ നിങ്ങളുടെ ആ ദളവ…
ഉമ്മിണിത്തമ്പി :-ഉടന്‍ എത്തുമെന്നറിയിച്ചിട്ടുണ്ട്….
മെക്കാളെ :- വാട്ട്…. എത്തുമെന്നറിയിച്ചിട്ടുണ്ടു പോലും.. അയാള്‍ ദളവയോ അതോ തിരുവിതാംകൂറിന്റെ മഹാരാജാവോ..
ഉമ്മിണിത്തമ്പി :- അഹങ്കാരിയാണങ്ങുന്നേ അയാള്‍…
മെക്കാളെ :- ഐ വില്‍ ഫിനീഷ് ഹിസ് അരഗന്‍സ് റ്റുഡെ ഇറ്റ് സെല്‍ഫ് …. ദളവയുടെ അഹങ്കാരം ഇന്നു കൊണ്ട് ഞാനവസാനിപ്പിക്കും….. പുതുക്കിയ ഉടമ്പടി അനുസരിച്ച് കമ്പനിക്ക് തിരുവിതാംകൂര്‍ നല്‍കേണ്ട കപ്പം ഒരു വര്‍ഷമായി കുടിശ്ശികയാണ്. ആട്ടപ്പിറന്നാളും അല്‍പ്പശി ഉത്സവവും ആനയും അമ്പാരിയുമായി ആഘോഷിക്കാന്‍ ഇഷ്ടം പോലെ പണമുണ്ട്. കോവിലുകള്‍ പുതുക്കാനും പുതിയതുണ്ടാക്കാനും പണമുണ്ട്. കമ്പനിക്ക് കപ്പം കൊടുക്കാന്‍ മാത്രം പണമില്ല.നികുതി പിരിച്ച് കമ്പനിക്കടക്കേണ്ട കപ്പം കൊടുക്കാന്‍ കഴിയാത്ത ദളവ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല… ഐ വില്‍ ടെര്‍മിനേറ്റ് ഹിം..
ഉമ്മിണിത്തമ്പി :- കമ്പനിയുടെ താത്പര്യങ്ങള്‍ പരിരക്ഷിക്കാന്‍ കഴിയാത്ത വേലുത്തമ്പിയെ പിരിച്ചയക്കണമങ്ങുന്നേ… (സംഭാഷണം കേട്ടുകൊണ്ട് കടന്നു വരുന്ന ദളവ)
വേലുത്തമ്പി :- എന്നിട്ട് വിശ്വസ്തനും കമ്പനിയുടെ വിനീതദാസനുമായ ഉമ്മിണിത്തമ്പിയെ തന്നെ ദളവയാക്കണമെന്നു കൂടി പറയാമായിരുന്നില്ലേ.. (ഉമ്മിണിത്തമ്പി നടുങ്ങുന്നു)
മെക്കാളെ :- (പരിഹാസപൂര്‍വ്വം) രോഷം കൊണ്ടിട്ട് കാര്യമില്ല മിസ്റ്റര്‍ ദളവ… ഉമ്മിണിത്തമ്പി പറഞ്ഞതിലും കാര്യമുള്ളതുകൊണ്ടാണല്ലോ ഞാന്‍ താങ്കളെ വിളിപ്പിച്ചത്…
വേലുത്തമ്പി :- കപ്പക്കുടിശ്ശിക വന്നത് തിരുവിതാംകൂറിന്റെ മാത്രം കുറ്റമല്ലല്ലോ. കമ്പനിയുമായുള്ള ഉടമ്പടി പുതുക്കുമ്പോള്‍ രാജ്യത്തിന്റെ ആകെ നികുതി വരുമാനത്തെക്കാള്‍ അധികം കപ്പം ചുമത്തരുതെന്ന് മഹാരാജാവ് പൊന്നുതമ്പുരാനും ഈയുള്ളവനും താഴ്മയായി പറഞ്ഞതാണ്. കമ്പനി കേട്ടില്ല. പൊന്നുതമ്പുരാന്റെ കിരീടമടക്കം രാജകീയ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്കുള്ള നികുതിക്കുടിശ്ശിക അടച്ചത്. നികുതിഭാരം കൊണ്ടു പൊറുതിമുട്ടുന്ന കര്‍ഷകര്‍ ഭൂമി തരിശിട്ടു തുടങ്ങിയിരിക്കുന്നു. ഇനിയുമവരെ ഞെക്കിപ്പിഴിയാന്‍ നമുക്കാവില്ല.
മെക്കാളെ :- കഴിഞ്ഞ ഉടമ്പടിയുടെ മുഖ്യ ലക്ഷ്യം തന്നെ തിരുവിതാംകൂറിന്റെ സൈനിക പ്രതിരോധം ബ്രിട്ടീഷ് ഭടന്മാരെ ഏല്‍പ്പിക്കണമെന്നതായിരുന്നു. തിരുവിതാംകൂറിനെപ്പോലൊരു കൊച്ചു രാജ്യത്തിന് എന്തിനാണ് സൈന്യമെന്ന് എത്ര ആലോചിച്ചിട്ടും നമുക്കു മനസ്സിലാകുന്നില്ല. വാട്ട് ഈസ് ദ പര്‍പ്പസ് ഓഫ് ആന്‍ ആര്‍മി ഫോര്‍ യു…
വേലുത്തമ്പി :- (ചിരിച്ചുകൊണ്ട് ) ഹ..ഹ.. പ്രസവിച്ച് ആറാം മാസത്തില്‍ ആണ്‍കുട്ടിയുടെ പേര്‍ സൈന്യത്തിന്റെ കളരിക്കണക്കില്‍ എഴുതിച്ചിരുന്ന പെറ്റമ്മമാരുള്ള നാടാണിത്, തായ് മണ്ണിനെ രക്ഷിപ്പാന്‍ പടയില്‍ പോയി ജയിച്ചുവാ, അല്ലെങ്കില്‍ മരിച്ചുപോ…എന്നു മുഖത്തു നോക്കി ആശീര്‍വദിച്ച് ഔരസസന്താനങ്ങളെ പടയ്ക്കയച്ചിരുന്ന വീരജനനിമാരുടെ നാടാണിത്.. ആ നാട്ടില്‍ സൈന്യമെന്തിനാണെന്ന്.. ബഹു വിശേഷമായ നിരീക്ഷണം തന്നെ.
മെക്കാളെ :- തിരുവിതാംകൂറിന്റെ സേനയെ പിരിച്ചുവിട്ട് സൈനികര്‍ക്കായി ചിലവാക്കുന്ന പണം കമ്പനിക്കുള്ള കപ്പമായി അടയ്ക്കാമായിരുന്നു എന്നാണ് നാമുദ്ദേശിച്ചത്….. അതു ചെയ്തില്ലെന്നു മാത്രമല്ല തിരുവിതാംകൂര്‍ സേനയിലെ കര്‍ണ്ണാട്ടിക് ബ്രിഗേഡ് നിങ്ങള്‍ ശക്തമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ദിസ് ഈസ് എ ഡിസ് റെസ്‌പെക്ട് റ്റു കമ്പനി…
വേലുത്തമ്പി :- സേനയെ പിരിച്ചുവിട്ടാല്‍ നാട്ടിലെ ക്രമസമാധാനം എന്തായി തീരും..
മെക്കാളെ :- നാട്ടിലെ ക്രമസമാധാനം പാലിക്കാനല്ലല്ലോ ഫ്രഞ്ചുകാരുമായി ദിവാന്‍ കത്തിടപാടുകള്‍ നടത്തുന്നത്. അറബിക്കപ്പലില്‍ മൂന്ന് അര്‍മേനിയന്മാര്‍ ആലപ്പുഴ തുറമുഖത്ത് വന്നിറങ്ങിയ വിവരം ചാരന്‍മാര്‍ മുഖാന്തിരം നാമറിഞ്ഞു. ഷുഡ് ഐ തിങ്ക് ഓള്‍ ദീസ് ആര്‍ ഫോര്‍ മെയ്ന്റ്റൈയ്‌നിംഗ് ലോ ആന്റ് ഓര്‍ഡര്‍….
വേലുത്തമ്പി :- പട്ടും സുഗന്ധദ്രവൃങ്ങളുമായി വരുന്ന പരദേശി വണിക്കുകളെപ്പോലും കമ്പനി സംശയിച്ചു തുടങ്ങിയാല്‍…
മെക്കാളെ :- സംശയങ്ങള്‍ ദുരീകരിക്കേണ്ടത് ദളവയുടെ ബാധ്യതയാണ്.
വേലുത്തമ്പി :-(ഉമ്മിണിത്തമ്പിയെ നോക്കിക്കൊണ്ട്) സ്ഥാനമാനങ്ങളും പണവും നേടാന്‍ വേണ്ടി കമ്പനിയെ പറ്റിക്കൂടി ജീവിക്കുന്നവരുടെ വാക്കുകളാണ് അങ്ങേപ്പോലുള്ളവര്‍ക്ക് പ്രമാണമെങ്കില്‍ നമുക്കൊന്നും പറയാനില്ല…
മെക്കാളെ :- കപ്പംകുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാം തന്നെ പലവട്ടം കുറിമാനം അയച്ചെങ്കിലും ദളവ പ്രതികരിച്ചില്ല… എന്നുമാത്രമല്ല കമ്പനിക്കും വിശേഷിച്ച് എനിക്കും വേണ്ടപ്പെട്ടവനായിരുന്നിട്ടു കൂടി തച്ചില്‍മാത്തൂ തരകനെന്ന ജന്മിയുടെ സ്വത്തുവകകള്‍ നിങ്ങള്‍ കണ്ടുകെട്ടി. യു ആര്‍ ഓള്‍വേയ്‌സ് ഇന്‍സള്‍ട്ടിംഗ് ദ കമ്പനി…
വേലുത്തമ്പി :- കപ്പം കൊടുക്കാത്തതില്‍ രോഷം കൊള്ളുന്ന റസിഡന്റു തന്നെയാണ് നികുതി അടയ്ക്കാത്തതിന് സ്വത്തു കണ്ടു കെട്ടിയാല്‍ അതില്‍ അന്യായം കാണുന്നത്…
മെക്കാളെ :- കേണല്‍ മെക്കാളെ തിരുവിതാംകൂറിനെ അന്യായമായി കഷ്ടപ്പെടുത്തുന്നു എന്നു പറഞ്ഞു കൊണ്ട് ഒന്നിലധികം പരാതിക്കത്തുകളാണ് നിങ്ങളുടെ മഹാരാജാവ് മദ്രാസ് ഗവണ്‍മെന്റിനെഴുതിയത്… (പരിഹാസപൂര്‍വ്വം) കേണല്‍ മെക്കാളെയ്ക്കു പകരം മറ്റൊരു റസിഡന്റിനെ നിയമിക്കണം പോലും… (ഗൗരവത്തില്‍) ബുദ്ധി ഉറയ്ക്കാത്ത ഒരു രാജാവിന്റെ വാക്കുകളല്ലിത്.. നത്തിംഗ് വില്‍ ഹാപ്പെന്റ് വിത്തൗട്ട് യുവര്‍ കണ്‍സന്റ്…. ദിവാന്‍ വേലുത്തമ്പി അറിയാതെ ഇതൊന്നും നടക്കില്ലെന്ന് നമുക്കറിയാം..
വേലുത്തമ്പി :- നാടിനേയും നാടുവാഴുന്ന പൊന്നുതമ്പുരാനേയും പരിഹസിക്കുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുണ്ടായേക്കാം.. (ഉമ്മിണിത്തമ്പിയെ നോക്കിക്കൊണ്ട്) അതിന് തലക്കുളത്ത് വേലുത്തമ്പിയെ കിട്ടില്ല (കൊടുങ്കാറ്റുപോലെ പുറത്തേയ്ക്ക് പോകുന്നു. മെക്കാളെയും ഉമ്മിണിത്തമ്പിയും സ്തംഭിച്ച് നില്‍ക്കുന്നു)