മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗദീപം സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മുസ്ലിം കുട്ടികളോട് വിവേചനം കാണിച്ചുവെന്ന് ചില മുസ്ലീം സംഘടനകള്‍ക്ക് പരാതി. 75,073 മുസ്ലിം കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. 46,585 ക്രിസ്ത്യന്‍ കുട്ടികള്‍ക്കും നാല് ബുദ്ധമതത്തില്‍ പെട്ട കുട്ടികള്‍ക്കും അഞ്ച് ജൈനമതത്തില്‍ പെട്ട കുട്ടികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മൊത്തം സ്‌കോളര്‍ഷിപ്പ് ലഭിച്ച 1,21,748 കുട്ടികളില്‍ 46,597 പേര്‍ മാത്രമേയുള്ളു അമുസ്ലിം വിഭാഗക്കാരായി. നാലു ന്യൂനപക്ഷ മതവിഭാഗക്കാര്‍ക്കുളള സ്‌കോളര്‍ഷിപ്പിന്റെ അമ്പതു ശതമാനത്തിനടുത്ത് മുസ്ലിം കുട്ടികള്‍ക്കു മാത്രം അനുവദിച്ചപ്പോഴും അവരോട് വിവേചനം കാണിച്ചു എന്ന് വിലപിക്കുന്നവര്‍ വിചിത്രമായ ശതമാന കണക്കാണ് തങ്ങളുടെ വാദം ന്യായീകരിക്കാനായി നിരത്തുന്നത്.
മുസ്ലിം വിഭാഗത്തില്‍ നിന്ന് 2,31,864 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചതില്‍ 24 ശതമാനത്തിനെ മാത്രമേ സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചുള്ളു എന്നാണ് പരാതി. അതേസമയം ക്രിസ്ത്യന്‍ വിഭാഗത്തിലെ അപേക്ഷകരായ 55,264 പേരില്‍ 62 ശതമാനത്തിനും സ്‌കോളര്‍ഷിപ്പുകിട്ടിയെന്നും ബുദ്ധ – ജൈനമതക്കാരായ കുട്ടികളില്‍ മുഴുവന്‍ പേര്‍ക്കും സ്‌കോളര്‍ഷിപ്പ് അനുവദിച്ചു എന്നും ഒരു മുസ്ലിം പത്രം രോഷം കൊള്ളുന്നു. നാലു ബുദ്ധമതക്കാരും അഞ്ച് ജൈനമതക്കാരുമാണ് അപേക്ഷിച്ചത്. അവര്‍ ഒമ്പതു പേര്‍ക്കും സ്‌കോളര്‍ഷിപ്പ് കിട്ടി. വിവേചനം സമര്‍ത്ഥിക്കനായി ഇവര്‍ നിരത്തുന്ന ശതമാനക്കണക്ക് പ്രകാരം 4,5 എന്നീ അക്കങ്ങള്‍ നൂറുശതമാനം എന്ന വമ്പന്‍ സംഖ്യയാകുമ്പോള്‍ 75,073 വെറും 24 ശതമാനമെന്ന ചെറിയ സംഖ്യയാവുന്നു. സ്‌കോളര്‍ഷിപ്പിനായി അനുവദിച്ച 20 കോടിയില്‍ ചെലവിട്ട 18,25,33,540 രൂപയില്‍ പകുതിയോളം രൂപ തങ്ങളുടെ സമുദായത്തിന് കിട്ടിയിട്ടും വിവേചനം എന്നു വിലപിക്കുന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. ശരിയായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതാണ് ബാക്കി മുസ്ലിം കുട്ടികളുടെ അപേക്ഷ തള്ളാന്‍ ഒരു കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതും ഇവര്‍ക്ക് കേള്‍ക്കേണ്ട.