അങ്ങനെ യുദ്ധം വിചാരിച്ചതിലും നേരത്തെ കഴിഞ്ഞു.
ടി.വി.യില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ബ്രീഫിങ് നടക്കുകയാണ്. ഒരു പത്രക്കാരന്‍ രാമായണത്തിലെ ഏതോ വരി ക്വോട്ട് ചെയ്ത് എന്തോ ചോദിക്കുന്നു. അതിന് മറുപടിയായി എയര്‍ മാര്‍ഷല്‍ എ.കെ.ഭാരതി രാമചരിതമാനസത്തിലെ വരികള്‍ ക്വോട്ട് ചെയ്ത് ഉത്തരം നല്‍കുകയാണ്. ഒരു പട്ടാളക്കാരന് ഇത്ര പൊടുന്നനെ രാമായണത്തിലെ വരികള്‍ ചൊല്ലാന്‍ പറ്റിയാല്‍ ആളു ചില്ലറക്കാരനല്ലല്ലോ എന്ന് കരുതി ഞാന്‍ പേനയും പേപ്പറും എടുത്ത് എഴുതാന്‍ തുടങ്ങി..
‘ബിനയ് ന മാനത് ജലധി ജഡ് ഗയെ തീനി ദിന് ബീതി
ബോലേ രാമ് സകോപ് തബ് ഭയ് ബിനു ഹോയ് ന പ്രീതി…’
എന്ന വരികളാണ് ചൊല്ലി തുടങ്ങിയത്..
സന്ദര്‍ഭം മനസ്സിലാക്കാന്‍ കുറച്ചു സമയമെടുത്തു.. എന്നാലും അര്‍ത്ഥം വേഗത്തില്‍ ഗ്രഹിച്ചു.
യുദ്ധകാണ്ഡം. രാമന്‍ ലങ്കയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നു. സമുദ്രത്തോട് മാറി നിന്ന് വഴി തരാന്‍ വിനയത്തോടെ അപേക്ഷിക്കുന്നു. സമുദ്രം കേള്‍ക്കുന്നില്ല, വരുണദേവനെ നിഷ്ഠാപൂര്‍വ്വം പ്രാര്‍ത്ഥിച്ച് മൂന്ന് ദിവസം കഴിഞ്ഞു എന്നിട്ടും സമുദ്രത്തിനു ഒരു കൂട്ടവുമില്ല. ബോലേ രാമ് സകോപ്.. കോപത്തോടെ രാമന്‍ പറഞ്ഞു.. ഭയമില്ലാതെ ഒന്നും നടക്കില്ല അല്ലേ..? തീന് ദിന് ബീതി.. മൂന്ന് ദിനം കഴിഞ്ഞു.. പെട്ടെന്ന് മൂന്നഹോരാത്രം എന്നതും’കൊണ്ടുവാ ചാപ ബാണങ്ങള്‍ നീ ലക്ഷ്മണ! .. എന്ന വരികളും ഓര്‍മ്മ വന്നു
സന്ധ്യക്ക് പൂജാമുറിയില്‍ കയറിയ ഭാര്യയോട് ഞാന്‍ ഉറക്കെ പറഞ്ഞു.
‘ആ രാമായണം ഒന്ന് എടുത്തിട്ട് വരൂ’
‘കര്‍ക്കിടകം ആയിട്ടില്ല, എന്തിനാപ്പൊ രാമായണം?’ അവള്‍ എനിക്കെന്താ വട്ടായോ എന്ന ഭാവത്തില്‍ ചോദിച്ചു. എന്നാലും വേഗത്തില്‍ കൊണ്ട് വന്നു തന്നു. ഞാന്‍ യുദ്ധകാണ്ഡം മറിച്ചു നോക്കി. സേതുബന്ധനത്തിലതാ കിടക്കുന്നു..
കടല്‍ കടക്കാന്‍ എന്താ വഴി എന്ന് രാമന്‍ ചോദിച്ചപ്പോള്‍ കപികുലവും ലക്ഷ്മണനും വിഭീഷണനും കൂടിയാ ലോചിച്ചു പറഞ്ഞു’ദേവപ്രവരനായോരു വരുണനെ സേവിക്കവേണമെന്നാല്‍ വഴിയും തരും’ അങ്ങനെ സേവിച്ചിട്ടും കാര്യമുണ്ടാകാതെ വന്നപ്പോഴാണല്ലോ രാമന്‍ ക്രുദ്ധനും രക്താന്തനേത്രനുമായി കൊണ്ടുവാ ചാപബാണങ്ങള്‍ നീ ലക്ഷ്മണ! എന്ന് പറയുന്നത്.
ടിവിയിലും എന്നെയും മാറി മാറി നോക്കി ശ്രീമതി ചോദിച്ചു.
‘ന്തേ പ്പൊ ണ്ടായ്യെ?’
അപ്പോള്‍ എയര്‍ മാര്‍ഷല്‍ കാര്യം വിശദീകരിക്കുകയായിരുന്നു.
‘അതേ പോലെ പാകിസ്ഥാനോട് വിനയപൂര്‍വ്വം പല തവണ പറഞ്ഞു ഒരു കൂട്ടവുമുണ്ടായില്ല. ഇനി അപേക്ഷാഭാവം വെടിഞ്ഞു ശരിയായ ഭാവം കണ്ടുകൊള്ളിന്‍ എന്ന് പറഞ്ഞു…പണി തുടങ്ങി’
ഞാന്‍ പറഞ്ഞു ‘രാമായണത്തിലെ വരികള്‍ എയര്‍ മാര്‍ഷല്‍ ചൊല്ലി വിശദീകരിക്കുകയാണ്. അതാണ് ഞാന്‍ നോക്കുന്നത്. പറഞ്ഞാല്‍ കേള്‍ക്കാത്ത പാകിസ്ഥാനെ അടിച്ചു പൊട്ടിച്ച കാര്യം..’
പിന്നെ ഞാന്‍.. ‘ഇതാ ഇത് പോലെ എന്ന് പറഞ്ഞ് ‘കൊണ്ടു വാ..’ തൊട്ട് വായിക്കാന്‍ തുടങ്ങി..
രാമായണത്തിലെ ഒരു നാടകീയ മുഹൂര്‍ത്തം. രാമന്‍ സമുദ്രത്തെ വിറപ്പിക്കുന്നത്.
‘കൊണ്ടുവാ ചാപബാണങ്ങള്‍ നീ ലക്ഷ്മണ!
കണ്ടുകൊണ്ടാലും മമ ശരവിക്രമം.
ഇന്നു പെരുവഴി മീളുന്നതല്ലെങ്കി-
ലര്‍ണ്ണവം ഭസ്മമാക്കിച്ചമച്ചീടുവന്‍.
മുന്നം മദീയ പൂര്‍വ്വന്മാര്‍ വളര്‍ത്തതു-
മിന്നു ഞാനില്ലാതെയാക്കുവന്‍ നിര്‍ണ്ണയം.
സാഗരമെന്നുള്ള പേരും മറന്നുള്ളി-
ലാകുലമെന്നിയേ വാഴുകിലെന്നുമേ
നഷ്ടമാക്കീടുവന്‍ വെള്ളം, കപികുലം
പുഷ്ടമോദം പാദചാരേണ പോകണം.
എന്നരുള്‍ ചെയ്തു വില്ലും കുഴിയെക്കുല
ച്ചര്‍ണ്ണവത്തോടരുള്‍ ചെയ്തു രഘുവരന്‍:
‘സര്‍വ്വ ഭൂതങ്ങളും കണ്ടുകൊള്ളേണമെന്‍
ദുര്‍വ്വാരമായ ശിലീമുഖവിക്രമം
ഭസ്മമാക്കീടുവന്‍ വാരാന്നിധിയെ ഞാന്‍
വിസ്മയമെല്ലാവരും കണ്ടു നില്‍ക്കണം’
ഇത്ഥം രഘുവരന്‍ വാക്കു കേട്ടന്നേരം
പൃത്ഥ്വീരുഹങ്ങളും കാനനജാലവും
പൃഥ്‌വിയും കൂടെ വിറച്ചു ചമഞ്ഞിതു
മിത്രനും മങ്ങി നിറഞ്ഞു തിമിരവു-
മബ്ദിയും ക്ഷോഭിച്ചു മിട്ടാല്‍ കവിഞ്ഞു വ-
ന്നുത്തുംഗമായ തരംഗാവലിയൊടും
ത്രസ്തങ്ങളായ് പരിതപ്തങ്ങളായ് വന്നി-
തത്യുഗ്ര നക്രതിമിഝഷാദ്യങ്ങളും.’
അപ്പോള്‍ വരുണന്‍ ഭയപ്പെട്ടു… ………
ഇടയില്‍ കേറി ശ്രീമതി ചോദിച്ചു..
‘ഈ ദുര്‍വ്വാരമായ ശിലീമുഖവിക്രമം എന്ന് പറഞ്ഞാല്‍ എന്താ?’തടുക്കാനാവാത്ത അസ്ത്രപ്രയോഗസാമര്‍ത്ഥ്യം. അതാണിവിടുത്തെ പ്രധാന സംഗതി. എയര്‍ മാര്‍ഷല്‍ ഭാരതി ഊന്നല്‍ കൊടുക്കുന്നതും അതില്‍ തന്നെ. ഇന്ത്യയുടെ വിക്രമം കണ്ടു പാക്കികള്‍ നടുങ്ങി. മാത്രമോ ലോകം മുഴുവന്‍ ആ പരാക്രമ ശൈലി കണ്ട് ഒന്ന് അന്ധാളിച്ചു.’
ശ്രീരാമന്‍ ആരാണെന്നു മനസ്സിലായപ്പോള്‍ വരുണന്‍ ‘ത്രാഹി മാം ത്രാഹി മാം.. രക്ഷിക്കണേ രക്ഷിക്കണേ..’ എന്ന് കരഞ്ഞു പറഞ്ഞു വഴി കൊടുത്തു.. സേതു ബന്ധിക്കാന്‍ സമുദ്രം വഴി മാറി നിന്നു എന്നര്‍ത്ഥം..
അതുപോലെ നമ്മുടെ റാഫേലുകളും, ആകാശ്, ബ്രഹ്‌മോസ് മിസ്സൈലുകളും അങ്ങോട്ട് ചെന്ന് ശിലീമുഖവിക്രമം കാട്ടിയപ്പോള്‍ പാകിസ്ഥാന്‍ ഭയന്ന് വിറച്ചു ‘ത്രാഹി മാം ത്രാഹി മാം’ എന്ന് പറഞ്ഞു എന്നര്‍ത്ഥം.
‘ഉം .. എന്നിട്ട് വഴി കിട്ടിയോ?’
‘എവിടേയ്ക്ക് ?’ എന്ന് ഞാന്‍.
‘അഫ്ഗാനിസ്ഥാന്‍ വരെ.’
‘ഹ ഹ ഹ.. ഹമ്പടി… യു ആര്‍ ബീയിങ് ടൂ സ്മാര്‍ട്ട്.’
‘ഇപ്രാവശ്യം വെറുതെ വിട്ടതാ ഇനി ദെണ്ണളക്കം ഉണ്ടായാല്‍ മുച്ചൂടും മുടിക്കും. കസാഖിസ്ഥാന്‍ വരെ വഴി കിട്ടും.’
‘ഹ ഹ ഹ.. അതിനു രാഹുല്‍ ഗാന്ധി സമ്മതിക്കില്ല.. പാകിസ്ഥാനും കോണ്‍ഗ്രസ്സും ഒരേ പായിലാ എന്നല്ലേ പാക് മന്ത്രി പറഞ്ഞത്?’
‘ഹ ഹ പായില്‍ എന്നല്ല ഒരേ പേജില്‍ ..എന്ന് ‘ഇന്‍ ദി സെയിം പേജ്’ .. എന്ന് വെച്ചാല്‍ ഒപ്പമാണ് എന്നര്‍ത്ഥം.’
‘അപ്പോള്‍ അത് രാജ്യദ്രോഹ കുറ്റമല്ലേ?’
‘അതെ. അധികാരമോഹം ആ പാര്‍ട്ടിയെ അന്ധരാക്കിയിരിക്കുന്നു. അധികാരം പിടിക്കാന്‍ ശത്രുരാജ്യങ്ങളോടൊപ്പം ചേരുക. സ്വന്തം രാജ്യത്തേയും പട്ടാളത്തെയും അവിശ്വസിക്കുക, കുറ്റപ്പെടുത്തുക ഇതില്‍പ്പരം മൂര്‍ഖത വേറെ ഉണ്ടോ?
ആ മൂര്‍ഖത രാമായണത്തിലും കാണാം.. ശ്രീരാമനെ പിന്നീട് ആരാണെന്നു മനസ്സിലാക്കുമ്പോള്‍ വരുണന്‍ തൊഴുതു പറയുന്നു:
‘മോക്ഷദനാം നിന്തിരുവടി തന്നെയും
മൂര്‍ഖനാം ഞാനെങ്ങനെയറിഞ്ഞീടുന്നു?
മൂര്‍ഖജനങ്ങള്‍ക്കു സന്മാര്‍ഗ്ഗ പ്രാപക –
മോര്‍ക്കില്‍ പ്രഭുണാം ഹിതം ദണ്ഡമായതും
ദുഷ്ടപശൂനാം യഥാ ലകുടം തഥാ
ദുഷ്ടാനുശാസനം ധര്‍മ്മം ഭവാദൃശം.’
മൂര്‍ഖര്‍ ദുഷ്ടരായി മാറും. സന്മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ അവര്‍ക്ക് നല്ല ശിക്ഷ നല്‍കണം. ദുഷ്ട മൃഗങ്ങള്‍ക്ക് വടി തന്നെ മറുമരുന്ന്.എന്നൊക്കെ പറഞ്ഞു തൊഴുത് പ്രാര്‍ത്ഥിച്ചു മാപ്പപേക്ഷിക്കുകയാണ്.’
‘ഈ കോണ്‍ഗ്രസ്സുകാര്‍ അവര്‍ ചെയ്യുന്ന രാജ്യവിരുദ്ധതയ്ക്ക് മാപ്പപേക്ഷിക്കുമെന്ന് തോന്നുന്നുണ്ടോ?’ ‘ഇല്ല. ദുഷ്ടാനുശാസനം എന്തെന്ന് ജനങ്ങള്‍ മനസ്സിലാക്കി ധര്‍മ്മത്തെ നില നിര്‍ത്തും. ജനം അവരെ ശിക്ഷിക്കും. ബുദ്ധിയുള്ളവര്‍ അവരെ ത്യജിക്കും. ഈശ്വരന്‍ ജ്ഞാനമുള്ള ജനങ്ങളില്‍ അവരുടെ ജ്ഞാനമായി വര്‍ത്തിക്കുന്നു. ഗീതയില്‍ ‘ജ്ഞാനം ജ്ഞാനവതാമഹം’ എന്ന് പറഞ്ഞിരിക്കുന്നത് വെറുതെയല്ല.
‘കോണ്‍ഗ്രസ്സ് മുക്ത ഭാരതം അങ്ങനെ സുസാധ്യമാവും അല്ലെ?’ എന്നവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചപ്പോള്‍
ഞാനും ചിരിച്ചു: ‘ഹ ഹ ഹ..തീര്‍ച്ച….അങ്ങനെ രാജ്യദ്രോഹികള്‍ക്കു വോട്ട് ചെയ്ത ജനങ്ങള്‍ ഏവരും പാപമുക്തരാവും.’
വരുണന്റെ സ്തുതിയും വന്ദനവും കഴിഞ്ഞപ്പോള്‍ ശ്രീരാമദേവന്‍ പറയുന്നുണ്ട് പാപങ്ങള്‍ എല്ലാം പോയ്ക്കഴിഞ്ഞാല്‍:
‘ശുദ്ധനായ് വന്നു കൂടും മമാനുഗ്രഹാല്‍;
മുക്തിയും വന്നീടുമില്ലൊരു സംശയം.’
എന്ന് ‘ഹ.ഹ.ഹ’.