പേര് തിരിച്ചറിയാനുള്ള ‘ഉപാധി’യാണ്. ‘ഒരു പേരിലെന്തിരിക്കുന്നു’ എന്ന് റോമിയോയോട് ജൂലിയറ്റിനെക്കൊണ്ട് ചോദിപ്പിച്ചത് വില്യം ഷേക്‌സ്പിയറാണ് എന്നു കരുതി അങ്ങനെയങ്ങ് സമ്മതിച്ചു കൊടുക്കാനാവില്ല.
പ്രേമം മൂത്താണ് നാടകത്തില്‍ ജൂലിയറ്റ് അങ്ങനെ ചോദിച്ചത്. പക്ഷേ, പേരില്‍ കാര്യമുണ്ട്; ശാസ്ത്രീയമായും വിശ്വാസപരമായും മാത്രമല്ല, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ പക്ഷത്തും പേരിന് പ്രാധാന്യമുണ്ട്. അതിനുമപ്പുറം പേരില്‍ മത വര്‍ഗ്ഗീയതയുമുണ്ടെന്ന് തെളിയിക്കുകയാണ് കമ്യൂണിസ്റ്റ് രാഷ്ട്രീയ ചിന്ത ഇപ്പോള്‍. ഏറ്റവും പുതിയത്, സിപിഎം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷനിലെ പ്രവൃത്തിയാണ്.
‘ഉറൂബ്’ എന്നത് പി.സി.കുട്ടിക്കൃഷ്ണന്‍ (പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടിക്കൃഷ്ണ മേനോന്‍) എന്ന പ്രശസ്ത എഴുത്തുകാരന്റെ തൂലികാ നാമമാണ്. സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു തുടങ്ങിയ എട്ട് വിഖ്യാത നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളും, 3 വീതം നാടകങ്ങളും കവിതാ സമാഹാരങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. അധ്യാപകന്‍, പത്രാധിപര്‍, ആകാശവാണിയില്‍ ബ്രോഡ്കാസ്റ്റര്‍ തുടങ്ങി വിവിധ തരത്തില്‍ വ്യക്തിത്വം പ്രകടമാക്കി ഉറൂബ്. ‘സുന്ദരികളും സുന്ദരന്മാരും’ എന്ന നോവല്‍ (1958) മലബാറിന്റെ ഒരു കാലത്തെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം സത്യം സത്യമായി ചിത്രീകരിക്കുന്നുണ്ട്. അതിലാണ് 1921 ലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരില്‍ ഹിന്ദുമത വിശ്വാസികള്‍ക്കെതിരെ നടത്തിയ മാപ്പിള ലഹളയുടെ വസ്തുതകള്‍ പച്ചയായി പറയുന്നത്. ഇരുമ്പന്‍ ഗോവിന്ദന്‍ എങ്ങനെ സുലൈമാനായെന്നതും അതിന്റെ പശ്ചാത്തലവും മറയില്ലാതെ ചരിത്രമായി പറയുന്നു. മഹാകവി കുമാരനാശാന്‍ ‘ദുരവസ്ഥ’ യിലും എസ്.കെ.പൊറ്റെക്കാട്ട് ‘ഒരു ദേശത്തിന്റെ കഥ’യിലും തകഴി ‘കയറി’ലും സൂക്ഷ്മവും വിശദവുമായി ഈ ചരിത്രം പറയുന്നുണ്ട്.
‘ഉറൂബ്’ എന്നാല്‍ ‘യൗവനയുക്തമായ അവസ്ഥ’ എന്നാണര്‍ത്ഥം. പി.സി. കുട്ടിക്കൃഷ്ണന്‍ എഴുതിയ കഥകള്‍ തുടര്‍ച്ചയായി അയച്ചുകൊടുത്തിട്ടും വൈക്കം മുഹമ്മദ് ബഷീര്‍ പത്രാധിപരായ ‘കഥ’ മാസിക പ്രസിദ്ധീകരിച്ചില്ല. കാരണം അന്വേഷിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞത്, ‘കഥ മുളയായി, ‘ഉറൂബ്’ ആയില്ല എന്നാണ്. ആ ‘ഉറൂബ്’ എന്ന അറബി പ്രയോഗം പി.സി.കുട്ടിക്കൃഷ്ണന്‍ തൂലികാനാമമാക്കുകയായിരുന്നു. ബഷീറും ഉറൂബും ഉറ്റ ചങ്ങാതിമാരായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരിച്ച കാലത്ത് മേയറായിരുന്ന പ്രൊഫ.എ.കെ. പ്രേമജം (2010) ആണ് മാനാഞ്ചിറ മൈതാനം മുതല്‍ കോംട്രസ്റ്റുവഴി ടൗണ്‍ ഹാള്‍ വരെയുള്ള റോഡിന്’ഉറൂബ് റോഡ്’ എന്ന് പേരിട്ടത്. ഇപ്പോള്‍ മറ്റൊരു ഇടതു പക്ഷ രാഷ്ട്രീയക്കാരിയായ മേയര്‍ ഡോ. ബീന ഫിലിപ്പ് ‘ഉറൂബിനെ’ പിഴുതെറിഞ്ഞ് പകരം മറ്റൊരു സാഹിത്യകാരന്‍ യു.എ. ഖാദറിന്റെ പേര് അതേ റോഡിന് നല്‍കുന്നു. യു.എ. ഖാദര്‍ തൂലികാനാമമല്ല. യു.എ.ഖാദര്‍ ജനനം കൊണ്ട് ബര്‍മ്മക്കാരനാണ്. അച്ഛന്‍ കോഴിക്കോട് കൊയിലാണ്ടിയിലെ മൊയ്തീന്‍ കുട്ടി ഹാജി. അമ്മ ബര്‍മ്മക്കാരി. യു.എ. ഖാദര്‍ കുറച്ചു കാലം സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ‘പ്രപഞ്ചം’ വാരികയില്‍ സബ് എഡിറ്ററായിരുന്നു. ആകാശവാണിയിലും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിലും ജോലി ചെയ്തു. ‘അഘോരശിവം’ പോലെയുള്ള നോവല്‍ ഉള്‍പ്പെടെ 40 നോവല്‍ – ചെറുകഥാ സമാഹാരം രചിച്ചിട്ടുണ്ട്. ഒരു റോഡ് 2010ല്‍ ‘ഉറൂബി’ന്റെ പേരിലായതും 2025 ല്‍ അത് ‘യു.എ. ഖാദറി’ലേക്ക് മാറിയതും അധ്യാപകരായിരുന്ന രണ്ട് മേയര്‍മാരുടെ തിരുമാനത്തിലല്ല. രണ്ടിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്. ആ പാര്‍ട്ടിയുടെ 15 വര്‍ഷത്തെ വളര്‍ച്ചയുടെ വളവും ‘വിളച്ചിലും’ എത്രയുണ്ട് എന്നത് വ്യക്തമാക്കുന്നുണ്ട്.
‘ഉറൂബിനെ’ ഒരു കാലത്ത്, അദ്ദേഹം യഥാര്‍ത്ഥത്തില്‍ പി.സി. കുട്ടിക്കൃഷ്ണ മേനോനാണെങ്കിലും, കമ്യൂണിസ്റ്റുകള്‍ അംഗീകരിച്ചത്, ആ പേരുകൊണ്ട് ചിലരെ രാഷ്ട്രീയമായി ‘കബളിപ്പി’ക്കാനായിരുന്നു. ഇപ്പോള്‍ ‘ഉറൂബി’നെ മാറ്റി യു.എ. ഖാദറിനെ സ്ഥാപിക്കുന്നത് മറ്റൊരു കബളിപ്പിക്കലാണ്. യു.എ. ഖാദറിനോടുള്ള പ്രിയം കൊണ്ടല്ല, മറിച്ച്, ‘ഉറൂബി’നെ റോഡില്‍ നിന്ന് പിന്‍വലിക്കുക വഴി, ‘കുട്ടിക്കൃഷ്ണമേനോന്‍ ‘ ചെയ്തതിനെ തിരുത്തുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസ്റ്റ്. അത് ആരെ പ്രീണിപ്പിക്കാന്‍, ആരെ സുഖിപ്പിക്കാന്‍ എന്നതാണ് ചോദ്യം. ഇത് 15 വര്‍ഷത്തിനിടെ സിപിഎമ്മിനുണ്ടായിരിക്കുന്ന വളര്‍ച്ചയുടെ വളവും തളര്‍ച്ചയും വിധേയത്വവുമാണ് പ്രകടമാക്കുന്നത്. ‘സുന്ദരികളും സുന്ദരന്മാരും’ വഴി ഉറൂബ് രേഖപ്പെടുത്തിയ മാപ്പിള ലഹളയുടെ ചരിത്രം പൊതുനിരത്തില്‍ നിന്ന് എടുത്തു നീക്കുകയാണ്. വസ്തുതകള്‍ക്ക് മേല്‍ വര്‍ഗ്ഗീയതയുടെ ടാറ് ഉരുക്കിയൊഴിക്കുകയാണ്. മാപ്പിള ലഹളയെഴുതിയതിന് ‘ഉറൂബ്’ ശിക്ഷിക്കപ്പെടുകയാണ്. ‘ജഗള’ എഴുതിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്ക് മിഠായിത്തെരുവിന്റെ കവാടത്തില്‍ നിന്ന് നാളെ ഇളക്കം വരാതിരിക്കില്ലെന്ന് ആരു കണ്ടു!!
ആശങ്കയ്ക്ക് കാരണമുണ്ട്. യുനസ്‌കോ സാഹിത്യ നഗരം ആയി പ്രഖ്യാപിക്കുന്നതിന് ആറ് നൂറ്റാണ്ടുകള്‍ മുമ്പ് മുതല്‍ കോഴിക്കോട്, തളിക്ഷേത്രാങ്കണത്തിലെ രേവതി പട്ടത്താന വിദ്വത് സദസ്സു വഴി ലോകത്തിന് മാതൃകയായ സാംസ്‌കാരിക-സാഹിത്യ സദസ്സായി മാറി. എന്നാല്‍ തളിയുടെ ആ പൈതൃകം തകര്‍ക്കാന്‍ ‘കമ്യൂണിസ്റ്റ് കോര്‍പ്പറേഷനും കമ്യൂണിസ്റ്റ് സംസ്ഥാന’വും ഭരണതലത്തില്‍ നടത്തിയ കളികള്‍ എത്രയെത്ര. തളി ക്ഷേത്രപരിസരത്തെ പാര്‍ക്കിനെ ‘നൗഷാദ്’ പാര്‍ക്കാക്കാനും തളി ജൂബിലി ഹാളിനെ ‘മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക’ മാക്കി മാറ്റാനും ‘മര്‍ക്കടമുഷ്ടി’ കാണിച്ചവരുടെ അജണ്ടയുടെ തുടര്‍ച്ചയുണ്ട് റോഡിന്റെ പേരു മാറ്റത്തിനും.
ശരിയാണ്, ചില പേരുകള്‍ മാറ്റേണ്ടതുണ്ട്; അവ ഓര്‍മ്മിക്കുന്നത് നല്ലതല്ലെങ്കില്‍. ശത്രുരാജ്യമായി സ്വയം മാറിക്കഴിഞ്ഞ പാകിസ്ഥാനെയും മാനവികതയുടെ ശത്രുവായ ബിന്‍ ലാദനേയും തെരുവിനും കവലയ്ക്കും കടകള്‍ക്കും പേരിട്ട് ഓര്‍മ്മിക്കേണ്ടതില്ല. ബ്രിട്ടീഷ് ഭരണകാലത്തിന്റെ അടിമത്ത ചിന്ത അവശേഷിപ്പിക്കുന്ന പേരുകള്‍ നീക്കം ചെയ്യുകതന്നെ വേണം. പകരം കൊടുക്കേണ്ടത് നമ്മുടെ, രാജ്യത്തിന്റെ അഭിമാനവും ആദര്‍ശവും സ്മരണകളും ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്നവയാകണം. മഹാരാഷ്ട്രയില്‍ റെയില്‍വേ സ്റ്റേഷന്റെ പേര് വിക്ടോറിയ ടെര്‍മിനസില്‍ നിന്ന് ഛത്രപതി ശിവാജിയുടെ പേരിലേക്ക് മാറിയപ്പോള്‍ സംഭവിച്ചത് അതാണ്. ഇവിടെ ഉറൂബ് റോഡ് ഖാദര്‍ റോഡാകുമ്പോള്‍ ചരിത്രത്തെ കരിപൂശുകയാണ് എന്നതാണ് വ്യത്യാസം.
അല്ലെങ്കിലും, പേരു മാറ്റല്‍ രാഷ്ട്രീയം കമ്യൂണിസ്റ്റുകളുടെ ഒരു വൈകല്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കേരളത്തില്‍ വേറേ പേരിട്ട് അവരുടെ കുഞ്ഞാക്കി പ്രചരിപ്പിക്കുന്നത് ഇവര്‍ക്ക് പതിവാണല്ലോ. ഒരു കാലത്ത് പ്രധാനമന്ത്രിമാരുടെ പേരിലായിരുന്നു കേന്ദ്ര പദ്ധതികള്‍. അതു മാറ്റി, ‘പ്രധാനമന്ത്രി’ എന്ന പേരിലാണിപ്പോള്‍ മോദി സര്‍ക്കാര്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നത്. കേരളം അത് പേരു മാറ്റി ‘സ്വന്തം”കെ’പദ്ധതിയാക്കും. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) എന്ന പാര്‍പ്പിട പദ്ധതി ‘ലൈഫ്’ആണല്ലോ കേരളത്തില്‍! അത് രാഷ്ട്രീയമാണെന്നെങ്കിലും സമാധാനിക്കാം. റോഡിലെ പേരുമാറ്റം പക്ഷേ അതല്ല. അതില്‍ മത വര്‍ഗ്ഗീയതയുടെ വിഷബാധയുണ്ട്.