കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിലെ ഓരോഘട്ടത്തിലും ‘പൂര്‍ണതയുടെ പൂജാരി’യായ മാന്യ. ഏകനാഥ് റാനഡെജി തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് സമഗ്രമായി ചിന്തിച്ച ശേഷം മാത്രമായിരുന്നു. ശിലാസ്മാരകത്തില്‍ സ്ഥാപിക്കാനുള്ള വിവേകാനന്ദ സ്വാമികളുടെ പ്രതിമയുടെ കാര്യത്തിലും ഇത് പ്രകടമാണ്.
ശിലാസ്മാരകത്തില്‍ സ്ഥാപിക്കുന്ന പ്രതിമ എന്ത് സന്ദേശമാണ് നല്‍കേണ്ടത്? സ്വാമിജിയുടെ നില്ക്കുന്ന രൂപത്തിലുള്ള പ്രതിമയാണ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന വിവരം അറിഞ്ഞപ്പോള്‍ രാമകൃഷ്ണാശ്രമത്തിലെ സന്ന്യാസിമാര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. സ്വാമിജി ധ്യാനനിരതനായിരിക്കുന്ന രൂപത്തിലൂള്ള പ്രതിമ വേണം സ്ഥാപിക്കാന്‍ എന്നതായിരുന്നു അവരുടെ ആഗ്രഹം. ഒരു ദിവസം രാമകൃഷ്ണാശ്രമത്തിലെ ഒരു സന്യാസി ഏകനാഥ്ജിയെ നേരില്‍ കണ്ട് ഈ കാര്യം ചര്‍ച്ച ചെയ്തു. സ്വാമിജി ധ്യാനനിരതനായാണ് അവിടെ ഇരുന്നത് എന്നതിനാല്‍ ആ രൂപത്തിലുള്ള പ്രതിമയാണ് സ്ഥാപിക്കേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഏകനാഥ്ജി അദ്ദേഹത്തോട് പറഞ്ഞു: ”സ്വാമിജി അവിടെ ധ്യാനനിരതനായാണ് ഇരുന്നിരുന്നത് എന്ന കാര്യം ശരിയാണ്. എന്നാല്‍ അവിടുന്ന് ധ്യാനാവസ്ഥയില്‍ നിന്നുമുണര്‍ന്ന്, തന്റെ ദൗത്യമെന്തെന്ന് മനസ്സിലാക്കി എഴുന്നേറ്റതും അവിടെ നിന്നു തന്നെയാണ്; തന്റെ ജീവിത ദൗത്യം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായത് അവിടെ വെച്ചാണ്. അതുകൊണ്ട് എഴുന്നേറ്റു നില്ക്കുന്ന രൂപത്തിലുള്ള പ്രതിമയാണ് കൂടുതല്‍ ഉചിതം!”