ലക്നൗ: അയോദ്ധ്യയിലെ രാമക്ഷത്രത്തിൽ ഉപദേവതാ പ്രാണപ്രതിഷ്ഠ ജൂൺ അഞ്ചിന് നടക്കും. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ശ്രീരാമൻ, സീതാദേവി, സൂര്യദേവൻ, ദുർഗാദേവി, ഹനുമാൻ, ഭരതൻ തുടങ്ങിയ ദേവതകളുടെ വിഗ്രഹങ്ങൾ നിർമിച്ചിട്ടുണ്ട്. പ്രശസ്തനായ ശിൽപി സത്യനാരായണനാണ് വിഗ്രഹങ്ങൾ നിർമിച്ചത്. രാമന്റെ വിഗ്രഹത്തിന് 4.5 അടി ഉയരമുണ്ടാവും. മറ്റ് വിഗ്രഹങ്ങളെല്ലാം ഒരു കല്ലിലും രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ ഒരേ കല്ലിലുമാണ് നിർമിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തുന്ന പൂജകളും പ്രാർത്ഥനകളും ജൂൺ മൂന്ന് മുതൽ തന്നെ ആരംഭിക്കും.
ചടങ്ങിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നുണ്ടെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഈ വർഷം സെപ്റ്റംബർ – ഒക്ടോബർ മാസത്തോടെ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് സമിതി വ്യക്തമാക്കി. പരകോട്ട, പേശവതാർ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ നിർമാണം പൂർത്തിയായികൊണ്ടിരിക്കുകയാണ്. 2020-ൽ ആരംഭിച്ച എല്ലാ നിർമാണ പദ്ധതികളും ഈ വർഷാവസനത്തോടെ പൂർത്തിയാക്കും. ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളിലും ഭിത്തികളിലും ദേവതകളുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് നടക്കുന്ന ചടങ്ങിന്റെ ഭാഗമാകാൻ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഭക്തർ അയോദ്ധ്യയിലേക്ക് എത്തുന്നുണ്ട്.
















