കോഴിക്കോട്: അഹല്യ ബായ് ഹോൾക്കറിനു രാഷ്ട്രീയ വൈദഗ്ദ്യമുണ്ടായിരുന്നുവെന്നും ഇന്നത്തെ സ്ത്രീകൾ സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണമെന്നും പ്രശസ്ത ചലച്ചിത്ര നടിയും നർത്തകിയുമായ അഖില ശശിധരൻ. അഹല്യബായ് ഹോൾക്കറുടെ മൂന്നാം ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ മഹിളാ സമന്വയത്തിൻ്റെയും സാമാജിക സമരസതയുടെയും ആഭിമുഖ്യത്തിൽ കേസരി ഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. അഹല്യ ബായ് ഹോൾക്കറേപ്പോലുള്ളവരുടെ ജീവചരിത്രങ്ങൾ മെക്കാലയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തരം ആളുകളെ പറ്റി ഇന്നത്തെ സമൂഹം പഠിക്കേണ്ടതാണ്. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടി രാജ്യത്തെ വലിയ സൈനികശക്തിയാക്കി മാറ്റി; അഖില അഭിപ്രായപ്പെട്ടു. ജലവിഭവ വികസന കേന്ദ്രത്തിലെ മുൻ ശാസ്ത്രജ്ഞ ഡോ. ടി.കെ. ജലജ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്തിന് വേണ്ടി ജീവിച്ച അഹല്യാ ബായ് ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് നേരെ നിന്ന് പൊരുതാനുള്ള പ്രചോദനമാണെന്ന് മുഖ്യപ്രഭാഷണത്തിൽ വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ പറഞ്ഞു.
ആർ.എസ്.എസ്. വിഭാഗ് സഹസംഘചാലക് എ.കെ. ശ്രീധരൻ മാസ്റ്റർ സമാപന സന്ദേശം നൽകി. ഭാവന സുരേഷ്, രാമചന്ദ്രൻമാസ്റ്റർ, ശ്രീജ വിജയ് എന്നിവർ സംസാരിച്ചു. അഹല്യാബായ് ഹോൾക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി മഹിളാ സമന്വയ വേദി അവതരിപ്പിച്ച നൃത്തശില്പവും ഉണ്ടായിരുന്നു.