മതപരിവര്‍ത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി
സന്തോഷ് ബോബന്‍, വി.ആര്‍.മധുസൂദനന്‍
ബൗദ്ധികം ബുക്‌സ് പബ്ലിക്കേഷന്‍സ്
ബാലരാമപുരം, തിരുവനന്തപുരം
ഫോണ്‍: 73566 13488
പേജ്: 195 വില: 300
‘മതപരിവര്‍ത്തനതന്ത്രങ്ങളുടെ കേരളാ സ്റ്റോറി’ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും നിര്‍ബാധം നടക്കുന്ന മതപരിവര്‍ത്തനത്തെ തടയിടുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതിയാണ്. പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ സന്തോഷ് ബോബനും ആര്‍ഷവിദ്യാ സമാജം പ്രവര്‍ത്തകനായ വി.ആര്‍.മധുസൂദനനും ചേര്‍ന്നെഴുതിയ പുസ്തകമാണിത്.
മക്കള്‍ക്ക് രോഗം വന്നാല്‍ ആശുപത്രിയില്‍ എത്തിക്കാം. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മാനസികാരോഗ്യ കേന്ദ്രങ്ങളുമുണ്ട്. ലഹരിക്കടിമയായാല്‍ കൊണ്ടുപോകാന്‍ ഡി-അഡിക്ഷന്‍ സെന്ററുകളും നിരവധിയുണ്ട്. എന്നാല്‍ തെറ്റായ ഈശ്വര സങ്കല്പവും അപകടകരമായ ജീവിതവീക്ഷണവുമായി ഈശ്വരനും ഗുരുപരമ്പരയ്ക്കും ധര്‍മ്മത്തിനും കുടുംബത്തിനും സമൂഹത്തിനും ലോകത്തിനും രാഷ്ട്രത്തിനും എതിരെ കലിതുള്ളുന്ന മക്കളെ എന്ത് ചെയ്യും? അത്തരം മക്കളെക്കണ്ടു കണ്ണീരൊഴുക്കുന്ന, അവരെയെവിടെ കൊണ്ടുപോകണമെന്നറിയാത്ത, നിരവധി മാതാപിതാക്കള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമുണ്ട്. അവരുടെ സംഖ്യ അനുദിനം വര്‍ദ്ധിക്കുന്നു. അവര്‍ക്കൊരു രക്ഷാകേന്ദ്രമുണ്ടെന്ന അറിവ് പ്രദാനം ചെയ്യുകയാണ് ഈ കൃതിയുടെ ലക്ഷ്യം. അതോടൊപ്പം ഇത്തരം പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി പരിശോധിക്കണമെന്ന തിരിച്ചറിവും ഈ കൃതി സമൂഹത്തിന് നല്‍കുന്നു.
ഹിന്ദു സമൂഹത്തില്‍ നിന്ന് ഇതര മതങ്ങളിലേക്ക് പോയ ധാരാളം പേരെ സ്വധര്‍മത്തിലേക്ക് തിരികെ കൊണ്ടുവന്ന അനുഭവങ്ങള്‍ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നു. നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങളുമുണ്ട്. ആര്‍ഷ വിദ്യാസമാജത്തിന്റെ ലക്ഷ്യം, മാര്‍ഗം, പ്രവര്‍ത്തനപദ്ധതി എന്നിവ ഈ കൃതിയില്‍ വിവരിച്ചിരിക്കുന്നു.
എല്ലാവരും തികഞ്ഞ മതസഹിഷ്ണുതയോടെ ജീവിക്കുന്ന നന്മ നിറഞ്ഞ ലോകത്തെയാണ് നമുക്ക് സൃഷ്ടിക്കേണ്ടത്. അവിടെ മതരഹിതര്‍ക്കു പോലും ഇടം ഉണ്ടാകണം. പരസ്പരസ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ ആരോഗ്യപരമായ മതസംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയണം. ഇതാണ് ഗ്രന്ഥകര്‍ത്താക്കളുടെ നിലപാട്.
കൃഷ്ണാര്‍പ്പണം
(കവിതാസമാഹാരം)
ലീലാദാമോദരന്‍ നായര്‍
ഏക തത്വ പബ്ലിക്കേഷന്‍സ്,
പാലക്കാട്
ഫോണ്‍: 9446443321
പേജ്: 95 വില: 150 രൂപ
‘കൃഷ്ണാര്‍പ്പണം’ എന്ന കവിതാ സമാഹാരം 87 വയസ്സുള്ള ശ്രീമതി ലീലാ ദാമോദരന്‍ നായരുടെ ആദ്യകൃതിയാണ്. തന്റെ ജീവിതം പൂര്‍ണമായും കൃഷ്ണനു സമര്‍പ്പിച്ച കവി തനിക്ക് കൈവന്ന കവനവൈഭവം ഭഗവാന്റെ അനുഗ്രഹമെന്നു കരുതുന്നു. കൃഷ്ണഭക്തി നിര്‍ഭരമാണ് ഈ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളുമെന്നത് എടുത്തു പറയേണ്ടതുണ്ട്. ഈണത്തില്‍ ചൊല്ലാവുന്ന ആ കവിതകള്‍ക്ക് ഒരു വശ്യതയുണ്ട്.
ഇതിലെ കവിതകളിലൂടെ കടന്നുപോകുമ്പോള്‍ ജീവിതത്തിലെ എല്ലാപ്രശ്‌നങ്ങള്‍ക്കും കൃഷ്ണനെന്ന മഹാപ്രതിഭാസത്തിലൂടെ പ്രതിവിധി കണ്ടെത്താന്‍ ശ്രമിക്കുന്ന കവിയെ കാണാം. കൃഷ്ണനെ പാടിയുറക്കുന്ന അമ്മയായും, കണ്ണനെ കാണാന്‍ കൊതിക്കുന്ന രാധയായും, കൃഷ്ണപാദങ്ങളെ പുല്‍കുന്ന ഭക്തയായുമെല്ലാം മാറുന്ന കവിയെ ഈ സമാഹാരത്തിലെ കവിതകളില്‍ കാണാന്‍ കഴിയും.
‘രാജ്യമാളുന്ന രാജാവു നന്നായാല്‍
പാതി നന്നായി മാറും സ്വദേശവും
ആയതുമറിച്ചായാല്‍ തിരുത്തുവാന്‍
ഈശ്വരനും കഴിയില്ല ശ്രീഹരേ!’ എന്നിങ്ങനെയാണ് ‘ശ്രീഹരേ’ എന്നകവിതയിലെ വാക്കുകള്‍.
പല കവിതകളിലും ഭക്തിയോടൊപ്പം തത്ത്വചിന്തയും കടന്നുവരുന്നുണ്ട്. ‘കൂടെനീയുണ്ടായിരുന്നെങ്കില്‍..!’ മുപ്പതു വര്‍ഷം മുന്‍പ് തന്നെ വിട്ടുപോയ കാന്തനെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ രചനയാണ്. മോദിജിയെ ആദ്ധ്യാത്മിക തേജസ്സായി അവതരിപ്പിക്കുന്ന കവിതയാണ് ‘മോദി ജി, നമസ്‌കാരം!’
‘ആപത്തു ചൂഴവേ കൂടെ നില്‍
ക്കാന്‍, ദുഃഖ
ബാധയേറ്റീടവേ സാന്ത്വനമാകു
വാന്‍
ദിക്കറ്റു നില്‍ക്കവേ ദേശികനാകു
വാന്‍
കൃഷ്ണനുള്ളപ്പോഴിതെന്തിനു
മറ്റവര്‍?’
ഇതാണ് കവിയുടെ മനോഭാവം. ഉണ്ണികൃഷ്ണന്‍ മനസ്സിലുള്ളപ്പോള്‍ ഉണ്ണികളായി വേറെ മക്കളെന്തിനെന്നാണല്ലോ ഭക്താഗ്രണിയായ പൂന്താനവും എഴുതിയത്!
ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ കവിതകള്‍ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. നിഷ്‌കളങ്കമായ ഭക്തിയുടെ പ്രകടനങ്ങളായി ഈ സമാഹാരത്തിലെ കവിതകളെ കണക്കാക്കാം.