2016ല്‍ ഒരു ദശലക്ഷത്തിലധികം സിറിയക്കാര്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായെത്തിയതു കഴിഞ്ഞാല്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളുമായി ബന്ധപ്പെട്ടതാണ് ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധി. ഭാരതത്തിലേക്കാണ് മ്യാന്‍മറിലെ രാഘൈനില്‍നിന്ന് ഏറ്റവുമധികം റോഹിങ്ക്യക്കാര്‍ നുഴഞ്ഞുകയറിയിട്ടുള്ളത്. ഛത്തീസ്ഗഡില്‍ നിന്ന് 850 നിയമവിരുദ്ധ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ 2024 ഡിസംബറില്‍ പുറത്താക്കുകയുണ്ടായി. സംസ്ഥാനത്തെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി പുറത്താക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തുവരികയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് എതിരെ സര്‍വ ആദിവാസി സമാജിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ഛത്തീസ്ഗഡില്‍ ഉയര്‍ന്നത്. ബംഗ്ലാദേശില്‍ നിന്ന് എത്തുന്നവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും ജാഗ്രതക്കുറവും മൂലം നഗരങ്ങളിലും ഗ്രാമങ്ങളിലും പാര്‍പ്പുറപ്പിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരെ തുടരാന്‍ അനുവദിച്ചാല്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്നും, സാംസ്‌കാരിക തനിമ നഷ്ടപ്പെടുമെന്നുമാണ് സര്‍വ ആദിവാസി സമാജ് പറയുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളെ അനധികൃതമായി താമസിപ്പിക്കാന്‍ 52,000ല്‍ പരം വ്യാജ സര്‍ട്ടിഫിക്കറ്റുകളാണത്രേ നിര്‍മ്മിച്ചത്. ഇതുപയോഗിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള നിരവധി കുറ്റവാളികളും താമസമുറപ്പിച്ചതായാണ് കരുതപ്പെടുന്നത്. ചില ഗ്രാമങ്ങളിലെ ജനസംഖ്യയുമായി പൊരുത്തമില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണത്തിലേര്‍പ്പെട്ടത്.
കുടിയേറ്റക്കാര്‍ ആതിഥേയ രാജ്യങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമോയെന്ന വലിയ ചോദ്യമുണ്ട്. ജര്‍മനി, സ്വീഡന്‍, ഭാരതം എന്നീ രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രതിസന്ധികളില്‍നിന്ന് അസന്ദിഗ്ധമായി വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. അഭയാര്‍ത്ഥികളുടെ എണ്ണം കൂടുന്നതോടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും, കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയും, സ്വദേശികള്‍ക്ക് നിരവധി ബുദ്ധിമുട്ടുകളുണ്ടാക്കുകയും ചെയ്യും.
ഭാരതത്തില്‍ നിന്ന് അന്യദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ മതപരമായ അനുപാതത്തില്‍ വലിയ അന്തരമുണ്ടെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ അപഗ്രഥനത്തില്‍ കണ്ടെത്തുകയുണ്ടായി. ഭാരതത്തിലെ 80 ശതമാനം പേരും ഹിന്ദുക്കളാണ്. പക്ഷേ കുടിയേറുന്നവരില്‍ 41 ശതമാനം മാത്രമേ അവര്‍ വരുന്നുള്ളൂ. നേരെ മറിച്ചാണ് മുസ്ലിങ്ങളുടെ സ്ഥിതി. ഭാരതത്തിലെ ജനസംഖ്യയില്‍ 15 ശതമാനമാണ് മുസ്ലിങ്ങള്‍. എന്നാല്‍ അന്യദേശത്തേക്ക് പോകുന്നവരുടെ 33 ശതമാനവും അവരാണ്. ഭാരതത്തിലെ ജനസംഖ്യയില്‍ രണ്ട് ശതമാനമാണ് ക്രൈസ്തവര്‍. കുടിയേറുന്നവരില്‍ 16 ശതമാനമാണ് ഇവരുടെ അനുപാതം. ലോകത്തെ കുടിയേറ്റക്കാരുടെ മതപരമായ അനുപാതത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ക്രൈസ്തവരിലും മുസ്ലിങ്ങളിലും വളരെയധികം പേര്‍ ഭാരതം വിടുന്നു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. എണ്ണത്തില്‍ ചെറിയ മതങ്ങളായ സിഖുകാരും ജൈനമതക്കാരും നടത്തുന്ന കുടിയേറ്റവും അവരുടെ ജനസംഖ്യ വച്ചുനോക്കുമ്പോള്‍ വളരെ കൂടുതലാണ്. ലോക ജനസംഖ്യയില്‍ 250 ദശലക്ഷം അതായത് 3.6 ശതമാനം പേര്‍ കുടിയേറ്റക്കാരാണത്രേ. 2020 ലെ നിലവച്ച് ഇതില്‍ ക്രൈസ്തവര്‍ 47 ശതമാനവും മുസ്ലിങ്ങള്‍ 29 ശതമാനവും ഹിന്ദുക്കള്‍ അഞ്ച് ശതമാനവും ബുദ്ധമതക്കാര്‍ നാല് ശതമാനവും ജൂതര്‍ ഒരു ശതമാനവുമാണ് അന്യദേശങ്ങളിലേക്ക് കുടിയേറുന്നത്. സ്വന്തം രാജ്യം വിടുന്ന നിരീശ്വരവാദികളും അജ്ഞേയവാദികളും ലോക ജനസംഖ്യയില്‍ 13 ശതമാനം വരും. ഐക്യരാഷ്ട്രസഭയുടെ വിവരങ്ങളും 270 സെന്‍സസ്- സര്‍വ്വേ വിവരങ്ങളും അപഗ്രഥിച്ചാണ് ഈ കണക്കുകളില്‍ എത്തിയത്.
കുടിയേറ്റവും ഹിന്ദുക്കളും തമ്മിലുള്ള ബന്ധം
സ്വന്തം ജന്മസ്ഥലം വിട്ടു മറ്റൊരു രാജ്യത്ത് താമസിക്കുന്ന എല്ലാവരെയുമാണ് കുടിയേറ്റക്കാരായി കണക്കാക്കുന്നത്. ലോക ജനസംഖ്യയിലെ വിഹിതമായ 15 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യാന്തര കുടിയേറ്റക്കാരില്‍ ഏറ്റവും കുറവ് ഹിന്ദുക്കളാണ് – 5 ശതമാനം. 100 കോടി ഹിന്ദുക്കളാണ് ലോകമെമ്പാടുമുള്ളത്. ഹിന്ദുക്കള്‍ ഭാരതത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഭാരതത്തില്‍ ജനിച്ച ഇവര്‍ രാജ്യം വിട്ടുപോകുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഇവരില്‍ കുടിയേറ്റക്കാര്‍ ഏറ്റവും കുറവുള്ളതും.
2010 ലെ നിലയനുസരിച്ച് ഹിന്ദുക്കളില്‍ 99 ശതമാനവും താമസിക്കുന്നത് ഏഷ്യയിലാണ്. അതായത് ഭാരതത്തിലും നേപ്പാളിലും. വരും ദശകങ്ങളിലും ഇതിന് മാറ്റം വരില്ലെന്നാണ് ഗവേഷകര്‍ കരുതുന്നത്. വിഭജനകാലത്തല്ലാതെ ഭാരതത്തില്‍ വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായിട്ടില്ല. അന്നത്തെ അഭയാര്‍ത്ഥികളില്‍ അധികവും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുമില്ല. മറ്റ് മതവിഭാഗങ്ങള്‍ ലോകമെമ്പാടുമായി ചിതറിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ കുടിയേറ്റവും വര്‍ധിച്ച തോതിലാണ്.
വിവിധ മതവിഭാഗങ്ങളുടെ ശരാശരി എടുക്കുമ്പോള്‍ ഹിന്ദുക്കളാണ് ദീര്‍ഘദൂരത്തേക്ക് കുടിയേറ്റം നടത്തുന്നത്. ഭാരതത്തില്‍ നിന്ന് അമേരിക്കയിലേക്കും ബ്രിട്ടനിലേക്കുമാണ് ഇവര്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ ആഗോളതലത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവരുമാണ്. മറ്റ് മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കള്‍ വ്യത്യസ്തരാണ്. മറ്റു മതസ്ഥരെപ്പോലെ ഹിന്ദുക്കള്‍ വീടുവിട്ടു പോകുന്നവരല്ല. 4988 കിലോമീറ്ററാണത്രേ സാധാരണയായി ഹിന്ദുക്കളുടെ കുടിയേറ്റ ദൂരം. ഇത് അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങളിലേക്കാണ്. ഇവരില്‍ അധികവും തൊഴിലവസരങ്ങള്‍ തേടി പോകുന്നവരുമാണ്.
ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്കുള്ള കുടിയേറ്റത്തിന്റെ മതപരമായ സ്വഭാവം സവിശേഷമാണ്. ബംഗ്ലാദേശിലെ ജനസംഖ്യയില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഹിന്ദുക്കള്‍. എന്നാല്‍ ബംഗ്ലാദേശ് വിടുന്നവരില്‍ 21 ശതമാനവും ഹിന്ദുക്കളാണ്. മതപരമായ പീഡനങ്ങളാണ് ഇതിന് കാരണം. ബംഗ്ലാദേശ് ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലിങ്ങളാണ്. കുടിയേറ്റക്കാരില്‍ 67 ശതമാനവും ഇവരാകുന്നു. പാകിസ്ഥാനിലെ ജനസംഖ്യയില്‍ രണ്ട് ശതമാനമാണ് ഹിന്ദുക്കള്‍. ഇവരില്‍ 8 ശതമാനം പേരും ആ രാജ്യത്ത് ജനിച്ച് പലയിടങ്ങളിലായി താമസിക്കുന്നവരാണ്. മ്യാന്മറിലെ ജനസംഖ്യയില്‍ 4 ശതമാനമാണ് ഹിന്ദുക്കള്‍. കുടിയേറ്റക്കാരില്‍ 36 ശതമാനവും ഇവരാണ്. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ മുസ്ലിങ്ങള്‍ കുടിയേറ്റം നടത്തുന്നു. അതോടൊപ്പം ഈ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന മതന്യൂനപക്ഷങ്ങളും കൂടുതലാണ്. കുടിയേറ്റത്തില്‍ മതം ഒരു ഘടകമാണെന്ന് തന്നെയാണ് പ്യൂ റിസര്‍ച്ച് സെന്ററിന്റെ അപഗ്രഥനത്തില്‍ നിന്ന് കണ്ടെത്തിയ ഈ വസ്തുതകള്‍ തെളിയിക്കുന്നത്.
ഷെയ്ഖ് ഹസീന നേതൃത്വം നല്‍കിയിരുന്ന ബിഎന്‍പി സര്‍ക്കാരിനെ അട്ടിമറിച്ച് ജമാഅത്തെ ഇസ്ലാമിയുടെയും മറ്റ് മതമൗലിക വാദികളുടെയും പിന്തുണയോടെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ നടന്ന ആസൂത്രിതമായ കലാപങ്ങള്‍ ആ രാജ്യത്തെ ഹിന്ദുക്കളുടെ നില ഒന്നുകൂടി പരിതാപകരമാക്കി. കൊമില്ല എന്ന സ്ഥലത്ത് ഹിന്ദുക്കള്‍ ഇസ്ലാമിനെ നിന്ദിച്ചു എന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ സംഘടിതമായ അക്രമം അഴിച്ചുവിടുകയായിരുന്നു. ഹിന്ദുക്കളെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കു കയും അവരുടെ ക്ഷേത്രങ്ങളും ദുര്‍ഗാ പൂജ പന്തലുകളും തകര്‍ക്കുകയും ചെയ്തു. നവഖാലിയില്‍ 500 പേരടങ്ങുന്ന അക്രമി സംഘം ഇസ്‌കോണ്‍ ക്ഷേത്രം തകര്‍ക്കുകയും ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. രംഗന്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ 66 ഹിന്ദു വീടുകള്‍ തകര്‍ക്കുകയും 20 വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇത്തരം ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ ബംഗ്ലാദേശില്‍ പുതിയ പ്രതിഭാസമല്ല. കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്നതാണ്. രാഷ്ട്ര വിഭജന കാലത്ത് അയ്യായിരത്തിലേറെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്ഥലമാണ് നവഖാലി എന്നത് വിസ്മരിക്കാന്‍ പാടില്ല. ബംഗ്ലാദേശിന്റെ ഭരണഘടനതന്നെ ഹിന്ദുമതത്തെ രണ്ടാംതരമായാണ് കാണുന്നത്. ഇത് മതമൗലികവാദികളുടെ പീഡനത്തെ എളുപ്പമാക്കി തീര്‍ക്കുന്നു.
ബംഗ്ലാഹിന്ദുക്കള്‍ക്ക് സംഭവിക്കുന്നത്
ഇസ്ലാമിക മതമൗലികവാദികള്‍ വേട്ടയാടിയതിനെ തുടര്‍ന്ന് ഭാരതത്തില്‍ അഭയം തേടിയിരിക്കുന്ന എഴുത്തുകാരി തസ്ലീമ നസ്രീന്‍ ‘ജിഹാദിസ്ഥാന്‍’ എന്ന് വിശേഷിപ്പിച്ചിട്ടുള്ള ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കളുടെ പലായനം ഒരു തുടര്‍ക്കഥയാണ്. 1940ല്‍ ഈ ഭൂപ്രദേശത്ത് 28 ശതമാനം ഹിന്ദുക്കളായിരുന്നു. 2024ല്‍ അത് വെറും 8.5 ശതമാനമായി. 2001 ലെ സെന്‍സസ് പ്രകാരം ആകെയുള്ള 149.7 ദശലക്ഷം ജനങ്ങളില്‍ 12.73 ദശലക്ഷം മാത്രമാണ് ഹിന്ദുക്കള്‍. ബംഗ്ലാദേശ് രൂപീകരണം തന്നെ ഹിന്ദുക്കള്‍ക്ക് അനുകൂലമായിരുന്നില്ല. 2016 ലെ ഹിന്ദു ജനസംഖ്യ ഏഴ് ശതമാനത്തിലേക്ക് താഴുകയുണ്ടായി.
ധാക്ക സര്‍വ്വകലാശാലയിലെ പ്രൊഫ. അബ്ദുല്‍ ബറാകത് ‘പൊളിറ്റിക്കല്‍ എക്കണോമി ഓഫ് റീഫാമിംഗ് അഗ്രികള്‍ച്ചര്‍- ലാന്‍ഡ് വാട്ടര്‍ ബോഡീസ് ഇന്‍ ബംഗ്ലാദേശ്’ എന്ന പുസ്തകത്തില്‍ ഹിന്ദുക്കള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പറയുന്നുണ്ട്. 1964 – 2013 കാലഘട്ടത്തില്‍ 13.3 ദശലക്ഷം ഹിന്ദുക്കള്‍ മതവിവേചനം കൊണ്ട് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്തു. അതായത് ഒരു ദിവസം ശരാശരി 6632 ഹിന്ദുക്കളും ഒരു വര്‍ഷം ശരാശരി 230, 612 ഹിന്ദുക്കളും.
പ്രൊഫ. അബുള്‍ ബറാക്കത്തിന്റെ ‘ആന്‍ എന്‍ക്വയറി ഇന്‍ടു കോസസ് ആന്‍ഡ് കോണ്‍സിക്കന്‍സസ് ഓഫ് ഹിന്ദു മൈനോറിറ്റി ഇന്‍ ബംഗ്ലാദേശ് ത്രൂ വെസ്റ്റഡ് പ്രോപ്പര്‍ട്ടി ആക്ട്’ എന്ന പുസ്തകത്തില്‍ 1961 മുതല്‍ ബംഗ്ലാദേശിലെ ചില ജില്ലകളില്‍ മാത്രമാണ് ഹിന്ദുക്കള്‍ നിര്‍ണായകമായി കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. ശതമാന കണക്കില്‍ ഇത് ഇങ്ങനെയാണ്: ജമല്‍പൂര്‍ (6.3), കുഷ്തിയ (9.2), ചന്ദ്പൂര്‍ (12.6), നാരായണ്‍ ഗഞ്ച് (12.8), കിഷോര്‍ ഗഞ്ച് (13.3), പബ്‌ന (13.6), ഖുല്‍ന (35.3), ദിനാജ്പൂര്‍ (25.7), ഫരീദ്പൂര്‍ (27.3), സുനംഗഞ്ച് (25.1), ജെനയ്ദ (21), ബാരിസെല്‍ (20.9). എന്നാല്‍ 1997 ല്‍ എത്തിയപ്പോള്‍ ഇവിടങ്ങളില്‍ ഹിന്ദു ജനസംഖ്യ കുത്തനെ കുറഞ്ഞു. ജബല്‍പൂര്‍ (2), കുഷ്ടിയ (4.2), ചന്ദ്പൂര്‍ (7.2), നാരായണ്‍ഗഞ്ച് (6.4), കിഷോര്‍ഗഞ്ച് (6.8), പബ്‌ന (4.5), ഖുല്‍ന (25.7), ദിനാജ്പൂര്‍ (20.6), ഫരീദ്പൂര്‍ (11.9), സുനംഗഞ്ച് (16), ജെനയ്ദ (11.7), ബാരി സെല്‍ (13.1).
സംഘടിതവും വന്‍തോതിലുള്ളതുമായ ആക്രമണങ്ങള്‍, കുടിയേറ്റം, കുറഞ്ഞ പ്രത്യുല്‍പ്പാദന നിരക്ക് തുടങ്ങിയവയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയാനുള്ള കാരണം. മറ്റു മതങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളുടെ പ്രത്യുല്‍പ്പാദന നിരക്ക് കാര്യമായി ഉയരുന്നില്ല. ഹിന്ദുക്കള്‍ക്ക് കുറഞ്ഞ പ്രത്യുല്‍പ്പാദന നിരക്കും ഉയര്‍ന്ന മരണനിരക്കുമാണുള്ളത്. മുസ്ലിങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കളാണ് ജോലിക്കായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതല്‍ പോകുന്നത്. ബംഗ്ലാദേശ് രാഷ്ട്രീയത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന തപസ് ദാസ് പറയുന്നത് ഇങ്ങനെയാണ്: ഇസ്ലാമിനെ ഭരണകൂട ത്തി ന്റെ മതമായി നിര്‍വചിക്കാന്‍ തുടങ്ങിയതോടെ സ്വാഭാവികമായും മറ്റ് മതസ്ഥര്‍ തങ്ങള്‍ രണ്ടാംതരം പൗരന്മാരാണെന്ന് കരുതാന്‍ തുടങ്ങി. മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന ഹിന്ദുക്കളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വെസ്റ്റഡ് പ്രോപ്പര്‍ട്ടി ആക്ട് നിലവില്‍ വന്നതോടെ ഇതര മതസ്ഥര്‍ അവാമി ലീഗിന് വോട്ടുചെയ്യാന്‍ നിര്‍ബന്ധിതരായി. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അവരുടെ സ്വത്തുക്കള്‍ പ്രാദേശിക നേതാക്കള്‍ പിടിച്ചെടുക്കും. ഹിന്ദുക്കള്‍ വലിയതോതില്‍ അരക്ഷിതരാവാനും, അവരുടെ ജനസംഖ്യ കുറയാനും ഇത് കാരണമാകുന്നു.
2021ല്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമം തടയാന്‍ അന്നത്തെ പ്രധാനമന്ത്രി ഹസീന നടപടികള്‍ എടുത്തിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളിലേക്ക് സുരക്ഷാ സേനകളെ അയച്ചു. 22 ജില്ലകളിലും ബംഗ്ലാദേശ് അതിര്‍ത്തിരക്ഷാ സേനയെ നിയോഗിച്ചു. 71 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. 450 പേരെ പ്രതികളാക്കി കേസെടുത്തു. ഇതിനുപുറമേ പ്രധാനമന്ത്രി ഹസീന ഹിന്ദുക്കളെ സമീപിച്ച് നീതി ഉറപ്പു നല്‍കി. എന്നാല്‍ ഈ ഉറപ്പുകള്‍ ഹിന്ദുക്കളുടെ ആശങ്ക പരിഹരിച്ചില്ല. കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാവില്ല എന്നതാണ് അവരുടെ മുന്‍കാല അനുഭവം. മാത്രമല്ല അവാമി ലീഗിലെ ചിലയാളുകള്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തോട് ആദ്യമായി ശക്തമായി തന്നെ ഹിന്ദുക്കള്‍ പ്രതികരിച്ചു. ബംഗ്ലാദേശ് പൗരന്മാര്‍ എന്ന നിലയ്ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റാണ ദാസ് ഗുപ്ത ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഹിന്ദുക്കള്‍ അനുഷ്ഠിച്ച ത്യാഗത്തെ ഓര്‍മിപ്പിച്ചു. ”ഒരു കാര്യം വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മതന്യൂനപക്ഷം എന്ന നിലയ്ക്കല്ല വിമോചന യുദ്ധത്തില്‍ ഹിന്ദുക്കള്‍ പോരാടിയത്. ബംഗ്ലാദേശ് പൗരന്മാര്‍ എന്നതാണ് ഞങ്ങളുടെ പരമപ്രധാനമായ സ്വത്വം. പിന്നീടാണ് ഞങ്ങളുടെ മതം വരുന്നത്. സ്വാതന്ത്ര്യ പോരാളികള്‍ എന്ന നിലയ്ക്കാണ് ഞങ്ങള്‍ വിമോചന യുദ്ധത്തില്‍ പങ്കെടുത്തത്. ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കളിലും അവര്‍ നല്‍കുന്ന ഉറപ്പുകളിലും വിശ്വാസമില്ല.” സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി 2021 ല്‍ ഹിന്ദുക്കള്‍ കൂട്ട സത്യഗ്രഹം നടത്തുകയുണ്ടായി.
ബംഗ്ലാഹിന്ദുക്കള്‍ അവശേഷിക്കണമെങ്കില്‍
ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഒരു രാഷ്ട്രീയ ശക്തിയാവുകയെന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗം. നിലവിലെ ജനസംഖ്യ വച്ചുതന്നെ അവര്‍ക്ക് രാഷ്ട്രീയമായി വിലപേശാന്‍ കഴിയണം. എട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളില്‍ മൂന്നെണ്ണത്തില്‍ ഹിന്ദുക്കള്‍ 10 ശതമാനത്തില്‍ അധികമുണ്ട്. സില്‍ഹറ്റ് (14.5), രാന്‍പുര്‍ (13.21), ഖുല്‍ന (12.94) എന്നിങ്ങനെയാണിത്. ഗോപാല്‍ ഗഞ്ച്, മൗല്‍വി ബസാര്‍, താക്കൂര്‍ഗാവ് എന്നീ ജില്ലകളില്‍ മൊത്തം ജനസംഖ്യയിലെ 20 ശതമാനം ഹിന്ദുക്കളാണ്. ആകെയുള്ള 300 പാര്‍ലമെന്ററി മണ്ഡലങ്ങളില്‍ 60 എണ്ണത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള ശക്തി ഹിന്ദുക്കള്‍ക്കുണ്ട്. രാഷ്ട്രീയമായി ശക്തിയാര്‍ജിച്ചാല്‍ സര്‍ക്കാരുമായി വിലപേശി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദുക്കള്‍ക്ക് കഴിയും.
സ്വന്തം വിധിനിര്‍ണയിക്കാനുള്ള കരുത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ നേടിയെടുക്കേണ്ടതുണ്ട്. ഭാരതത്തെ ആശ്രയിച്ചുകൊണ്ട് മാത്രം പ്രശ്‌നപരിഹാരം സാധ്യമാവണമെന്നില്ല. ഹിന്ദുക്കളുടെ താല്‍പ്പര്യത്തെ പരിഗണിക്കാത്ത ഭരണസംവിധാനം ഭാരതത്തില്‍ നിലവില്‍ വന്നാല്‍ സാഹചര്യം മാറിമറിയും. ഷെയ്ഖ് ഹസീനയ്ക്ക് ഭാരതത്തില്‍ അഭയം ലഭിക്കാന്‍ കാരണം ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളതുകൊണ്ടാണ്. ബംഗ്ലാദേശില്‍ നിന്ന് അഭയം തേടിയെത്തിയ തസ്ലീമ നസ്രിനോട് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരും ചെയ്ത അനീതികള്‍ ലോകം കണ്ടതാണല്ലോ.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭം അയല്‍രാജ്യങ്ങളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ ഭാരതത്തിലേക്ക് വരാന്‍ പാടില്ല എന്ന ഇസ്ലാമിക അജണ്ടയെ മുന്‍നിര്‍ത്തിയായിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി എത്താന്‍ സാധ്യതയുള്ള പശ്ചിമ ബംഗാളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ നിരന്തരം കൊലചെയ്യപ്പെടുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഹിന്ദുക്കള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് ആക്കം കൂടുകയുണ്ടായി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നതിനെ അനുകൂലിക്കുന്ന മനോഭാവമാണ് മൂന്നര പതിറ്റാണ്ടോളം അധികാരത്തിലിരുന്ന ഇടതു സര്‍ക്കാരും പിന്നീട് അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പുലര്‍ത്തിയത്. ദേശീയ വികാരം പുലര്‍ത്തുന്ന ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റം വരികയുള്ളൂ. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതൊക്കെ വിരല്‍ചൂണ്ടുന്നത്. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ പ്രൊഫ. അബുള്‍ ബരാകത് മുന്നറിയിപ്പ് നല്‍കുന്നതുപോലെ, മൂന്ന് ദശകത്തിനുള്ളില്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അവശേഷിക്കില്ല.
അടുത്തത്: ജനാധിപത്യത്തെ വിഴുങ്ങുന്ന മുസ്ലിം ജനസംഖ്യ