വിവേകാനന്ദനും ശ്രീഅരബിന്ദനും വീരസാവര്‍ക്കര്‍ക്കും പിന്നാലെ വരും തലമുറകള്‍ക്ക് വഴി കാട്ടിയ ഭാരതീയ ചിന്തയുടെ വക്താവും പ്രയോക്താവുമായിരുന്നു പരമേശ്വര്‍ജി. അദ്ദേഹം ദിവംഗതനായിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍, മൂന്നര ദശാബ്ദങ്ങള്‍ക്ക് മുമ്പ് 1987ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) തിരുവനന്തപുരം ഘടകത്തിന് മുമ്പില്‍ അദ്ദേഹം നടത്തിയ ത്രിദിന പ്രഭാഷണ പരമ്പരയില്‍, എക്കാലത്തെയും വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടുംവിധം നല്‍കിയ ദാര്‍ശനിക പാഠങ്ങളുടെ സ്മരണ പുതുക്കുന്നത് ഏറ്റവും ഉചിതമായ ഗുരുദക്ഷിണയാകും. ഭാരതത്തിലെ വരും തലമുറകള്‍ക്ക് ആവര്‍ത്തിച്ച് പഠിപ്പിച്ചുറപ്പിക്കുവാനും പ്രയോഗിച്ച് പ്രബുദ്ധരാകുവാനും ഉളള വിലയേറിയ സന്ദേശങ്ങളാണ് അവിടെ അദ്ദേഹം നല്‍കിയത്. (ആ മൂന്നു പ്രഭാഷണങ്ങള്‍ ‘തേച്ച് മിനുക്കി’ ഭാരതം: പ്രതിസന്ധിയും പ്രതിവിധിയും എന്ന ശീര്‍ഷകത്തില്‍ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്).
ആ പ്രഭാഷണങ്ങളുടെ ചര്‍ച്ച ആരംഭിക്കുമ്പോള്‍ അതിലുദ്ധരിച്ചിട്ടുള്ള ശ്രീ അരബിന്ദോയുടെ വാക്കുകളാകണം ആദ്യം ശ്രദ്ധ നേടേണ്ടത്. ”സ്വതന്ത്ര ഭാരതത്തിന് നേരിടാനുള്ള പ്രശ്‌നങ്ങള്‍ ഗൗരവാവഹങ്ങളാണ്. പ്രലോഭനം തോന്നിപ്പിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പിന്തുടരാനെളുപ്പമാണ്. പക്ഷേ, അതിന്റെ ഫലം, ഭാരതവും മറ്റു പലരാഷ്ട്രങ്ങളിലൊന്നു മാത്രമായിത്തീരുമെന്നുള്ളതാണ്. വ്യാപാര-വ്യവസായിക രംഗങ്ങളില്‍ അവര്‍ സമൃദ്ധി നേടിയേക്കാം. രാഷ്ട്രീയവും സാമൂഹ്യവുമായ ബലം കൈവരിച്ചേക്കാം. സൈനിക ശക്തി മെച്ചപ്പെടുത്തുകയും അധികാര രാഷ്ട്രീയം വിജയകരമായി കയ്യാളുകയും ചെയ്‌തെന്നു വന്നേക്കാം. പ്രത്യക്ഷത്തില്‍ പ്രതാപയുക്തമെന്നു തോന്നുന്ന ഇത്തരം നേട്ടങ്ങള്‍ക്കിടയില്‍, അവള്‍ക്ക് ‘സ്വ’ ധര്‍മ്മം നഷ്ടപ്പെടുകയും സ്വന്തം ആത്മാവു തന്നെ കൈമോശം വന്നുപോകുകയും ചെയ്താലോ? അങ്ങനെ വന്നാല്‍, പ്രാചീന ഭാരതവും അവളുടെ ചൈതന്യവും അപ്പാടെ നഷ്ടപ്പെട്ടു പോകും. അടിമത്തത്തിന്റെ നീണ്ട നൂറ്റാണ്ടുകള്‍ക്കും അതിന്റെ മുരടിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്ന പ്രത്യാഘാതങ്ങള്‍ക്കും ശേഷം ബാഹ്യവും ആന്തരികവുമായി വലിയ വിമോചനവും പരിവര്‍ത്തനവും വ്യാപകമായ പുരോഗതിയും ഇവിടെ ഉണ്ടായാല്‍ മാത്രമേ, നമുക്ക് ഭാരതത്തിന്റെ യഥാര്‍ത്ഥ നിയതി സാക്ഷാത്കരിക്കാനാവൂ എന്ന വസ്തുത നാമൊരിക്കലും വിസ്മരിക്കരുത്.” ഭാരതം സ്വാതന്ത്ര്യം നേടി ഒരു വര്‍ഷത്തിനു ശേഷം, 1948 ഡിസംബറില്‍ മഹര്‍ഷി, ആന്ധ്രാ സര്‍വ്വകാലശാലയിലേക്കയച്ച സന്ദേശത്തിലൂടെ സമൂഹത്തെ പൊതുവെയും വിദ്യാര്‍ത്ഥികളെ വിശേഷിച്ചും ഓര്‍മ്മിപ്പിച്ച വാക്കുകളാണിത്.
സ്വതന്ത്രഭാരതത്തിന്റെ വികാസം അരബിന്ദോ സംഭവിക്കാമെന്ന് ചൂണ്ടിക്കാട്ടിയ മേഖലകളില്‍ പോലും സംഭവിക്കാതിരിക്കുകയും അദ്ദേഹം മുന്നോട്ടുവെച്ച ഉദാത്തമായ ലക്ഷ്യങ്ങളില്‍ നിന്ന് അതിവേഗം ബഹുദൂരം അകന്ന് പോവുകയും ചെയ്തതിനുശേഷം, നാല് ദശകങ്ങളും കഴിഞ്ഞാണ് പരമേശ്വര്‍ജി 1987ല്‍, വിദ്യാര്‍ത്ഥികളെ തന്നെ അഭിസംബോധന ചെയ്തതെന്നതാണ് ശ്രദ്ധേയമായ വസ്തുത. ആ സന്ദര്‍ഭത്തില്‍ ഭാരതത്തിന്റെ പ്രതിസന്ധിയും പ്രതിവിധിയും സംബന്ധിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ്, വീണ്ടും നാലോളം ദശാബ്ദങ്ങള്‍ക്കു ശേഷം എടുത്തു പറയുമ്പോഴും പ്രസക്തമായി, ഉയര്‍ന്നു നില്ക്കുന്നത്.
ആര്‍നോള്‍ഡ് ടോയന്‍ബിയുടെ സ്റ്റഡി ഓഫ് ഹിസ്റ്ററിയില്‍ മാനവ നാഗരികതകളില്‍ അവശേഷിക്കപ്പെട്ടവയായി എടുത്തു കാട്ടിയിട്ടുള്ള പാശ്ചാത്യ സമൂഹം, യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമൂഹം, ഇസ്ലാമിക സമൂഹം, ഹിന്ദു സമൂഹം, വിദൂര പൗരസ്ത്യ സമൂഹം എന്നീ നാഗരികതകള്‍ മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ള എന്ന കണ്ടെത്തലിനോട് വിയോജിക്കേണ്ടതില്ലായെന്നു പറഞ്ഞാണ് പരമേശ്വര്‍ജി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലേക്ക് കടക്കുന്നത്. ഒപ്പം തന്നെ ജോണ്‍ എസ്സ്. സ്പാര്‍ക്‌സിന്റെ ‘ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പീപ്പിള്‍ ആന്‍ഡ് നേഷന്‍സ് ഫോര്‍ ഫോര്‍ തൗസന്‍ഡ് ഇയേര്‍സില്‍’ ക്രിസ്തുവിന് രണ്ടായിരം കൊല്ലം മുമ്പുണ്ടായിരുന്ന ഈഗിയന്‍സ്, ഈജിപ്ഷ്യന്‍സ് ഹിറ്റിഠൈറ്റ്‌സ്, അമൊറൈറ്റ്‌സ്, ഇറാനിയന്‍സ്, ഇന്‍ഡ്യന്‍സ്, ഹണ്‍സ്, ചൈനീസ് എന്നീ എട്ടു നാഗരികതകളില്‍ ഇന്ന് അവശേഷിക്കന്നവ ഇന്‍ഡ്യന്‍സും ചൈനീസും മാത്രമാണെന്നു ചൂണ്ടിക്കാട്ടിയിട്ട് ‘ഈ നാലായിരം വര്‍ഷങ്ങള്‍ക്കും എത്രയോ നൂറ്റാണ്ടുകള്‍ പിന്നോട്ട് നീണ്ടുകിടക്കുന്നു ഭാരതം’ എന്ന ചരിത്രം സത്യം എടുത്തു പറയുകയുംചെയ്യുന്നു. അതിനു ശേഷമാണ് അദ്ദേഹം നാഗരികതകളുടെ ജനിമൃതികളെ നിയന്ത്രിക്കുന്ന പ്രകൃതി നിയമങ്ങളെ പരിശോധിക്കാന്‍ തുനിയുന്നത്. അക്കാര്യത്തില്‍ ”മയക്കത്തില്‍ നിന്ന് ഉണര്‍വ്വിലേക്ക്, ഉണര്‍വ്വില്‍ നിന്ന് വിജൃംഭണത്തിലേക്ക് – അതുപോലെ നേരെ മറിച്ചും …’യിന്‍’ ‘യാങ്ങ്’ എന്ന ചൈനയുടെ സിദ്ധാന്തത്തെയും ഹിന്ദുവിന്റെ സൃഷ്ടി-പ്രളയം- സൃഷ്ടി-പ്രളയം എന്ന സിദ്ധാന്തത്തെയും താരതമ്യം ചെയ്യുന്നു. ”അനന്തനില്‍ യോഗനിദ്ര കൊള്ളുന്ന വിഷ്ണുവും ശിവന്റെ മേല്‍ നൃത്തം വെക്കുന്ന കാളിയും ഇതേ പ്രതീകത്തെയാണല്ലോ സൂചിപ്പിക്കുന്നത്”എന്ന് സൂചിപ്പിച്ചിട്ട് ”ഏതായാലും നാഗരികതകളെ കുറിച്ചുള്ള ഈ സവിശേഷ സങ്കല്പം പ്രാചീന പൗരസ്ത്യ ദേശങ്ങളുടെ ഉള്‍ക്കാഴ്ചയില്‍ നിന്ന് ഉടലെടുത്തതാണെന്ന് കരുതാം” എന്ന് നിരീക്ഷിക്കുന്നു. അക്കാര്യത്തില്‍ വിവേകാനന്ദന്റെയും ടോയന്‍ബിയുടെയും മഹര്‍ഷി അരവിന്ദന്റെയും ദര്‍ശനങ്ങളെ ചര്‍ച്ച ചെയ്ത പരമേശ്വര്‍ജി കാറല്‍ മാര്‍ക്‌സിന്റെ വീക്ഷണങ്ങളെയും കണക്കിലെടുത്തിരിക്കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും സമൂഹത്തിലെ ഉത്പാദന ശക്തികളും ഉത്പാദന വ്യവസ്ഥയും നിയാമകശക്തികളായി നിന്നുകൊണ്ട് ഇടവരുത്തുന്ന വര്‍ഗ്ഗ സംഘട്ടനങ്ങളിലൂടെ ‘ഇല്ലാത്തവരുടെ’ ബഹുഭൂരിപക്ഷം ‘ഉള്ളവരുടെ’ ന്യൂനപക്ഷത്തെ സംഘട്ടനത്തിലൂടെ നശിപ്പിക്കുമെന്നത് ചരിത്രനിയമമാണ്” എന്ന മാര്‍ക്‌സിന്റെ കാഴ്ചപ്പാടിനെയും നാഗരികതകളുടെ നാശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നു.
അതൊക്കെ ചര്‍ച്ച ചെയ്ത പരമേശ്വര്‍ജി ‘ശക്തവും ഭദ്രവുമായ ഭൗതികാടിത്തറ, ആദ്ധ്യാത്മിക ജീവിതത്തിനും അനുപേക്ഷണീയമാണ്. അത് ലോകത്തില്‍ ജീവന്റെ പ്രഥമോപാധിയാണ്. എന്നാല്‍ മനുഷ്യനിലെ മുഖ്യബിന്ദു അവനില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വര ചൈതന്യമാണ്; അദ്ധ്യാത്മ ബോധമാണ്” എന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുമ്പോള്‍ കാറല്‍ മാര്‍ക്‌സ് കണ്ടതിലുപരി മികവോടെ ചരിത്രഗതിയെ വിലയിരുത്താന്‍ കഴിയുന്ന സമഗ്രമായ വീക്ഷണത്തിന്റെ പഠനക്കളരിയാണ് പരമേശ്വര്‍ജി വരും തലമുറകള്‍ക്കായി ഒരുക്കി വളര്‍ത്തിയതെന്നത് വ്യക്തമാകും. ആ കളരിയിലേക്ക് സ്വാഭാവികമായും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ”ഒന്നു മനസ്സിലാക്കണം. ഒരു കാലത്ത് ചീനാ-ജപ്പാന്‍ ഉള്‍പ്പെടെ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും, മദ്ധ്യേഷ്യന്‍ രാജ്യങ്ങളിലും, അക്കാലത്തെ അമേരിക്കയിലും, ഗ്രീസിലും-റോമിലും ഒക്കെ സമാധാനപരമായ സംസ്‌കാരത്തിന്റെ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഭാരതീയ-ഹിന്ദു ജീവിതദര്‍ശനത്തിന്റെ പ്രസക്തി, ഈ ശാസ്ത്ര സാങ്കേതിക യുഗത്തില്‍ ഒട്ടും നഷ്ടപ്പെട്ടുപോയിട്ടില്ല. നേരെമറിച്ച് അതേറിവരികയാണ് ചെയ്തിട്ടുള്ളത്. കാലഘട്ടത്തിന്റെ ആവശ്യത്തിനും ആഹ്വാനത്തിനും അനുസരിച്ചുയരാന്‍ നമുക്ക് കഴിയണമെന്നതാണ് നമ്മുടെ മുമ്പിലുള്ള യഥാര്‍ത്ഥ വെല്ലുവിളി” എന്നു പറഞ്ഞാണ് പരമേശ്വര്‍ജി അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശന പരമ്പരയുടെ ഒന്നാം ഭാഗം ഉപസംഹരിക്കുന്നത്.
അടുത്തഭാഗം ദേശീയ പൈതൃകം പ്രദാനം ചെയ്ത സ്വത്വത്തനിമയുടെ സവിശേഷതകളെ എടുത്തു കാണിച്ചിട്ട് അത് എങ്ങനെ സമ്പുഷ്ടമാക്കാം എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. ആ സ്വത്വത്തനിമയുടെ ആധാര ശിലയില്‍ ‘ഒരു നാഗരികത വളര്‍ത്തിയെടുക്കാന്‍’ നമ്മുടെ മുന്‍ഗാമികള്‍ ബോധപൂര്‍വ്വമായി നടത്തിയ പരിശ്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ട് ‘ഓരോ തലമുറയും അതിനെ നിലനിര്‍ത്താനും മുന്നോട്ട് നയിക്കാനും ബോധപൂര്‍വ്വം ശ്രമിച്ചില്ലായിരുന്നെങ്കില്‍ അത് പണ്ടേക്ക് പണ്ടേ നശിച്ചുപോകുമായിരുന്നു’ എന്ന് സര്‍ദാര്‍ കെ.എം.പണിക്കരുടെ ‘എ സര്‍വെ ഓഫ് ഇന്‍ഡ്യന്‍ ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വെളിപ്പെടുത്തലുകള്‍ എടുത്തു കാട്ടി സ്ഥാപിച്ചിരിക്കുന്നു. അതോടോപ്പം തന്നെ വെള്ളക്കാരുടെ വരവുവരെ ഭാരതം എന്നൊരു രാജ്യമില്ലായിരുന്നു എന്നും ആ രാജ്യത്തിന് ഭദ്രമായ അടിത്തറ പ്രദാനം ചെയ്ത ഹിന്ദുത്വവും ഇല്ലായിരുന്നു എന്നുമൊക്കെ ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുള്ള സാദ്ധ്യത തന്നെ തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന ചൈനയുടെയും പാകിസ്ഥാന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ചാരന്മാര്‍ക്ക് നല്‍കുവാനുള്ള മറുപടികളുടെ കാതല്‍ പരമേശ്വര്‍ജി അവതരിപ്പിച്ചിരിക്കുന്നു. ബ്രിട്ടീഷുകാര്‍ ഭാരതത്തെ ഭിന്നിപ്പിച്ചു തങ്ങളുടെ ഭരണം നിലനിര്‍ത്തുകയെന്ന സാമ്രാജ്യത്വ കുതന്ത്രത്തിന്റെ ഭാഗമായി പ്രചരിപ്പിച്ച ആര്യന്‍ ആക്രമണം എന്ന കെട്ടുകഥയെ പൊളിച്ചടുക്കുകയും ചെയ്തിരിക്കുന്നു. ഒപ്പം തന്നെ വേദങ്ങള്‍ക്കും മുമ്പുണ്ടായിരുന്ന സൈന്ധവ നാഗരികതയോട് വേദങ്ങളിലധിഷ്ഠിതമായ സാംസ്‌കാരികധാര സംഗമിച്ചൊഴുകി ഒന്നായി തീര്‍ന്നതാണ് ഭാരതീയ സംസ്‌കാരമെന്നും ആ സംസ്‌കാരത്തെ ഹൈന്ദവ സംസ്‌കാരമെന്നും അതിലധിഷ്ഠിതമായ ദേശീയതയെ ഹിന്ദു ദേശീയതയെന്നു വിളിക്കുന്നതില്‍ ഒരു അസാംഗത്യവുമില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടം നല്‍കാതെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ആ ചരിത്ര സത്യത്തിന്റെ പ്രാമാണികത ഉറപ്പാക്കാന്‍ സോവിയറ്റ് ചരിത്രകാരന്മാരായ കെ അന്റൊണോവാ, ജി ബൊംഗാര്‍ഡ് ലെവിന്‍, ജി കൊടോവ്‌സ്‌കി എന്നിവര്‍ രചിച്ച എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യയിലും സൈന്ദവ നാഗരികത ഇന്നത്തെ ഹിന്ദു നാഗരികതയുമായി എങ്ങനെ അഭിന്നമായി ചേര്‍ന്നിരിക്കുന്നുവെന്ന് സ്ഥാപിച്ചിരിക്കുന്നത് തന്നെ ഉയര്‍ത്തിക്കാണിച്ചിരിക്കുന്നു.
അത്തരത്തില്‍ ഹിന്ദുത്വാധിഷ്ഠിത ഭാരതീയ ദേശീയതയുടെ ചരിത്ര പശ്ചാത്തലം സ്പഷ്ടമാക്കിയിട്ട് ”ഇനിമേല്‍ ഇഴപിരിക്കാനാകാത്ത വിധം മെനഞ്ഞെടുത്ത അതിസുദൃഢമായ ദേശീയ ഐക്യത്തിന്റെ സുന്ദരമായ പട്ടു വസ്ത്രമാണ് ഭാരതീയ സംസ്‌കാരം. അര്‍ത്ഥശൂന്യവും ആപത്കരവുമായ വിഘടനവാദങ്ങളുന്നയിച്ച് ഈ ഏകതയുടെ പട്ടുവസ്ത്രം പിച്ചിച്ചീന്താന്‍ നോക്കുന്നത് ആത്മഹത്യാപരമാണ്” എന്ന മുന്നറിയിപ്പാണ് പരമേശ്വര്‍ജി കൃത്യമായും വ്യക്തമായും നല്‍കിയത്. പകല്‍പോലെ വ്യക്തമായിരുന്ന ആ വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് സമന്വയത്തിന്റെ മാര്‍ഗം തേടുന്നതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പരാജയപ്പെട്ടതാണ് ഭാരത വിഭജനത്തില്‍ കലാശിച്ചതെന്നും ”തല മുറിച്ചു മാറ്റിയിട്ടും തലവേദന ബാക്കി നില്‍ക്കുന്നു’ എന്നും ചൂണ്ടിക്കാട്ടിയിട്ട് ”സ്വന്തം അടിത്തറയില്‍ പുര പണിയുക” എന്ന ആഹ്വാനം നല്‍കുന്നതിലേക്കാണ് അടുത്ത ഘട്ടത്തില്‍ പരമേശ്വര്‍ജിയുടെ വാഗ്‌ധോരണി മുഴങ്ങിയത്.
പഴയ പാളിച്ചകളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് പുതിയകാല വെല്ലുവിളികളെ നേരിടുന്നതിനുള്ള ദാര്‍ശനികവും പ്രയോഗപരവുമായ മികവ് പുതിയ സമൂഹത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമമാണ് മൂന്നാം ഭാഗത്ത് നിറഞ്ഞുനില്‍ക്കുന്നത്. ”ആധുനിക യുഗത്തിനിണങ്ങിയ രീതിയില്‍ സ്വതന്ത്ര ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയുക്തമായ ഒരു ജീവിതദര്‍ശനം നമുക്കുണ്ടോ എന്ന സംശയം തോന്നിയേക്കാം. പ്രാചീന ഭാരത സംസ്‌കാരവും ജീവിത മൂല്യങ്ങളും ഈ ശാസ്ത്രീയ യുഗത്തില്‍ അപ്രസക്തങ്ങളായി കഴിഞ്ഞിട്ടില്ലേ എന്ന് ശങ്കിച്ചേക്കാം. അവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണം നടത്താനുള്ള ശ്രമം അപഹാസ്യമായ പുനരുജ്ജീവനവാദമായി (revivalism) കണക്കാക്കുന്നവരുണ്ടാകാം.” വിശേഷിച്ചും കലാലയാന്തരീക്ഷങ്ങളില്‍ നിന്നുയരാനിടയുള്ള അത്തരമൊരു നിരീക്ഷണത്തെ ഉയര്‍ത്തിക്കാട്ടിയിട്ട് അതിന് ദാര്‍ശനികനായ പരമേശ്വര്‍ജി നല്‍കുന്ന, പുതിയ തലമുറ രാജനൈതികര്‍ക്കും ബോദ്ധ്യമാകുന്ന, മറുപടി ശ്രദ്ധിക്കുക: ”ശരിയാണ്; പ്രാചീന സമ്പ്രദായങ്ങളെയും ആചാരങ്ങളെയും വ്യവസ്ഥിതിയെയും തിരിച്ചു കൊണ്ടുവരികയാണെങ്കില്‍ അത് പുനരുജ്ജീവനവാദം തന്നെയാണ്. അത് ചരിത്രത്തിന്റെ ഗതി പിന്നോട്ട് തിരിച്ചു വിടലാണ്. അത് അസാദ്ധ്യമാണ്. സാദ്ധ്യമാണെങ്കില്‍ തന്നെ അനഭിലഷണീയവുമാണ്. ഹിമാലയശൃംഗങ്ങളില്‍ നിന്നുദ്ഭവിച്ച് താഴോട്ടൊഴുകി സമതലങ്ങളെ തഴുകി, സമുദ്രത്തില്‍ വിലയം പ്രാപിച്ച ഗംഗാനദിയെ തിരിച്ച് ഹിമാലയന്‍ കൊടുമൂടിയിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നതുപോലെ വിഡ്ഢിത്തമാണതെന്ന് സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ അത്രതന്നെയോ അതിലേറെയോ വിഡ്ഢിത്തമാണ്, ഹിമാലയത്തിലെ അനശ്വര സ്രോതസ്സുകളുമായുള്ള ഗംഗയുടെ ബന്ധം വിച്ഛേദിക്കുന്നതും. ഗംഗാ പ്രവാഹത്തിന്റെ വഴിമദ്ധ്യേ കാലാകാലങ്ങളായി വന്നു ചേര്‍ന്നിട്ടുള്ള മാര്‍ഗ്ഗ തടസ്സങ്ങളെ തട്ടിനീക്കി അതിനെ അഭംഗുരം മുന്നോട്ടു കൊണ്ടുപോകുക എന്നതാണാവശ്യം. അതാണ് ശരിയായ പുരോഗമനം. അതു പുനരുജ്ജീവനമല്ല; നവോത്ഥാനമാണ്. ആ പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ മൗലികമായ മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ നമുക്ക് നമ്മൂടെ ജീവിതദര്‍ശനത്തില്‍ നിന്ന് ഉപലബ്ധങ്ങളാണ്. അവയില്‍ അന്തര്‍ലീനമായിട്ടുള്ള ജീവിത മൂല്യങ്ങള്‍ അനശ്വരമത്രേ. ഭാരതീയ തത്വജ്ഞാനം, ത്രികാലബാധിതമാണ്. അവയുടെ എല്ലാം അടിസ്ഥാനത്തില്‍ കാലാനുകൂലമായ ആധുനിക ശാസ്ത്ര സാങ്കേതിക പുരോഗതികളെ കണക്കിലെടുത്തുകൊണ്ടുള്ള വികസനത്തിന്റെ വ്യക്തവും വിശദവുമായ രൂപരേഖ തയാറാക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള കര്‍ത്തവ്യം. ആധാരശിലകള്‍ തയ്യാറാണ്. ഉപരിഘടനയില്‍ യുക്തമായ മാറ്റങ്ങള്‍വരുത്തി പുതിയ ചട്ടക്കൂടുകള്‍ നിര്‍മ്മിച്ച്, കാലാനുകൂലമായ പുനര്‍ നിര്‍മ്മാണങ്ങള്‍ നടത്താനുള്ള പരിശ്രമങ്ങളാണാണിന്നാവശ്യം.” സ്വതന്ത്രഭാരത നവോത്ഥാനത്തിന് അത്തരത്തിലുള്ള തത്വാധിഷ്ഠിത രണതന്ത്രം തയ്യാറാക്കി ഉദാത്തമായ ജീവിതദര്‍ശനത്തോടുകൂടി രാജനൈതിക കര്‍മ്മരംഗത്തേക്ക് കടന്നു മുന്നേറുവാനുള്ള ആഹ്വാനമാണ് പരമേശ്വര്‍ജി ഉദ്‌ഘോഷിച്ചത്. അദ്ദേഹത്തിന്റെ അത്തരത്തിലുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അന്തര്‍ലീനമായ സന്ദേശം ധാര്‍മ്മികമായ ബോധം ഉണര്‍ന്ന തരുണതലമുറ അരാഷ്ട്രീയതയിലേക്കല്ല സക്രിയ രാജനൈതിക കര്‍മ്മരംഗത്തേക്കാണ് സ്വയം സമര്‍പ്പിക്കേണ്ടതെന്നാണ്. അങ്ങനെ സ്വയം സമര്‍പ്പണത്തിനു മുന്നോട്ടു വരുന്നവരുടെ സമൂഹം ഭാരത രാഷ്ട്രീയത്തിന്റെ മുഖ്യധാരയായി മാറുമ്പോള്‍ ജനാധിപത്യം കൂടുതല്‍ സുതാര്യവും ഫലപ്രദവുമാകും; വിദ്യാഭ്യാസവും വികസനവും സാര്‍വത്രികവും സമഗ്രവും സര്‍വ്വാശ്ലേഷിയുമായി വളരും. അതുകൊണ്ടു തന്നെയാണ് അമൃതകാലഭാരതം, ധാര്‍മ്മികമായി വികസിത വ്യക്തിത്വങ്ങളായ ഒരുലക്ഷം കര്‍മ്മനിരതരായ യുവാക്കളെ രാഷ്ട്രീയരംഗത്തേക്ക്, സ്വാഗതം ചെയ്യുന്നുയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതും.
ചുരുക്കത്തില്‍, നമ്മുടെ ശാശ്വത മൂല്യങ്ങളെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്, കാലഹരണപ്പെട്ട ഘടകങ്ങളെ പിന്തള്ളിക്കൊണ്ട്, ഒരു തനത് വികസനമാതൃക സ്വീകരിച്ച് രാഷ്ട്ര നവോത്ഥാനം സാദ്ധ്യമാക്കുവാനാണ് 1988ല്‍ സ്വര്‍ഗീയ പരമേശ്വര്‍ജി അന്നത്തെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകരിലൂടെ പൊതുസമൂഹത്തോട് ആവശ്യപ്പെട്ടത്. അതിനു ശേഷം നാലു ശതാബ്ദങ്ങള്‍ക്കുള്ളില്‍ നാം വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. പക്ഷേ പരമേശ്വര്‍ജിക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യം നേടാനും ലോക സമ്പദ്‌വ്യവസ്ഥയില്‍ മൂന്നാമത് രാഷ്ട്രമെന്ന നിലയിലേക്ക് 2047നകം വളരുവാനും ഭാരതജനത ഇനിയും ബഹുകാതം മുന്നോട്ടു പോകേണ്ടതുണ്ട്. ആ യാത്ര തുടരാനുള്ള ദൃഢസങ്കല്പമാകണം വിദ്യാര്‍ത്ഥി സമൂഹവും പൊതുസമാജവും ഗുരു പരമേശ്വരനു നല്‍കുന്ന ഭവ്യ ദക്ഷിണ.