2010-2016 കാലയളവില്‍ ഫ്രാന്‍സ് അര ദശലക്ഷം മുസ്ലിം കുടിയേറ്റക്കാരെയാണ് സ്വീകരിച്ചത്. ഇറ്റലിയിലെത്തിയത് നാല് ലക്ഷം മുസ്ലിങ്ങള്‍. ഇക്കാലയളവില്‍ ഇരു രാജ്യങ്ങളും കൂടി 2,10,000 അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചത്. ഇവരിലേറെയും മുസ്ലിങ്ങളുമാണ്. സ്വീഡനാണ് ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചത്. ഇവരില്‍ 77 ശതമാനവും മുസ്ലിങ്ങളായിരുന്നു. ഇതിനു പുറമെ 2,50,000 കുടിയേറ്റക്കാരെയും സ്വീഡന്‍ സ്വീകരിച്ചു. ഇതില്‍ 58 ശതമാനം മുസ്ലിങ്ങളാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ മറ്റ് വന്‍ രാജ്യങ്ങളെക്കാള്‍ 10 ദശലക്ഷം മാത്രം ജനസംഖ്യയുള്ള സ്വീഡനില്‍ ഈ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വ്യക്തമായിരുന്നു.
അപകടം മനസ്സിലാക്കി പിന്നീട് അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്വീഡന്‍ വന്‍തോതില്‍ നിരസിക്കുകയുണ്ടായി. 2010-2016 കാലയളവില്‍ 2,40,000 അപേക്ഷകളില്‍ 90,000 എണ്ണമാണ് നിരസിക്കപ്പെട്ടത്. മുസ്ലിങ്ങളായവരുടെ അപേക്ഷകളില്‍ മൂന്നിലൊന്ന് ഫ്രാന്‍സ് നിരസിച്ചു. ഇറ്റലി പകുതിയിലേറെ അപേക്ഷകള്‍ നിരസിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഒരു ലക്ഷം അപേക്ഷകളില്‍ 60,000 ബ്രിട്ടന്‍ നിരസിച്ചു. അഭയം നല്‍കുന്നതില്‍ യൂറോപ്പില്‍ മതപരമായ മുന്‍ഗണനയൊന്നുമില്ല. എന്നാല്‍ ഏതെങ്കിലും രാജ്യത്തുനിന്ന് മതപീഡനവും മതപരമായ സംഘര്‍ഷവുമാണ് അഭയാര്‍ത്ഥികളായെത്തുന്നതിന് കാരണമെങ്കില്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ അക്കാര്യം പരിഗണിക്കും. യൂറോപ്പിലേക്ക് വന്‍തോതിലുള്ള മുസ്ലിം കുടിയേറ്റം പല തരത്തിലുള്ള അനിശ്ചിതത്വത്തിന് കാരണമാവുകയും, കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള ചിന്ത ഉയരുകയും ചെയ്തു.
2016 ലെ നിയമമനുസരിച്ച് 26 ദശലക്ഷം മുസ്ലിങ്ങളാണ് യൂറോപ്പിലുണ്ടായിരുന്നത്. നിയമപ്രാബല്യം ലഭിക്കാത്ത അഭയാര്‍ത്ഥികളെ ഒഴിവാക്കിയാണിത്. ഇതിനുശേഷം കുടിയേറ്റമൊന്നും ഇല്ലെങ്കില്‍ തന്നെയും പ്രായപരിധിയും പ്രത്യുല്‍പ്പാദന നിരക്കും വച്ച് നോക്കുമ്പോള്‍ 2050 ല്‍ ഇത് 10 ദശലക്ഷം വര്‍ധിക്കും. അഭയാര്‍ത്ഥികളൊന്നും ഇല്ലാതെ തന്നെയും മുന്‍കാലത്തേതുപോലെ മിതമായ തോതില്‍ കുടിയേറ്റം തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പകുതിയാവുമ്പോള്‍ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 58 ദശലക്ഷമായി വര്‍ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുടിയേറ്റം വന്‍തോതിലാണെങ്കില്‍ മുസ്ലിം ജനസംഖ്യ 75 ദശലക്ഷമാവും. ഇതേ കാലയളവില്‍ യൂറോപ്പില്‍ അമുസ്ലിം ജനസംഖ്യ കുറയും.
2016 ല്‍ ഫ്രാന്‍സിലും ജര്‍മനിയിലുമായിരുന്നു ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ഉണ്ടായിരുന്നത്. പക്ഷേ മിതമായ തോതിലുള്ള കുടിയേറ്റം തുടരുകയാണെങ്കില്‍ 2050 ല്‍ ബ്രിട്ടനിലെ മുസ്ലിംജനസംഖ്യ 13 ദശലക്ഷമായി വര്‍ദ്ധിക്കും. ഫ്രാന്‍സില്‍ 12.63 ലക്ഷവും ജര്‍മനിയില്‍ 8.5 ലക്ഷവും. 2010-2016 ല്‍ ഏറ്റവുമധികം മുസ്ലിം കുടിയേറ്റമുണ്ടായത് ഫ്രാന്‍സിലേക്കായിരുന്നു. കുടിയേറ്റം ഉയര്‍ന്ന തോതിലാണെങ്കില്‍ ചിത്രം പിന്നെയും മാറും. 2050 ല്‍ ജര്‍മനിയിലെ മുസ്ലിം ജനസംഖ്യ 17.5 ദശലക്ഷമാവും. വളരെയധികം മുസ്ലിം അഭയാര്‍ത്ഥികളെ സ്വീകരിച്ചതാണ് ഇതിന് കാരണം. മുസ്ലിം രാജ്യങ്ങളില്‍നിന്നാവും കൂടുതല്‍ അഭയാര്‍ത്ഥികളെത്തുക. സ്ഥിരമായ കുടിയേറ്റവും അഭയാര്‍ത്ഥികളുടെ വരവും തുടരുകയാണെങ്കില്‍ യൂറോപ്പിലെ മറ്റ് ചെറിയ രാജ്യങ്ങളിലും മുസ്ലിം ജനസംഖ്യ വര്‍ധിക്കും. ഇതനുസരിച്ച് 2016 ല്‍ ഒരു ദശലക്ഷത്തിനു താഴെയായിരുന്ന സ്വീഡനിലെ മുസ്ലിം ജനസംഖ്യ 2050 ല്‍ മുന്നിരട്ടി വര്‍ധിച്ച് 2.5 ദശലക്ഷമാവും. കുടിയേറ്റം ഉയര്‍ന്ന തോതിലാണെങ്കില്‍ 4.5 ദശലക്ഷമായി വര്‍ധിക്കും.
സ്വീഡനില്‍ സംഭവിക്കുന്നത്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും തൊട്ടടുത്തു കിടക്കുന്ന നോര്‍വെ, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളിലേക്കുമുള്ള കൂടുതല്‍ കുടിയേറ്റം അതിര്‍ത്തികള്‍ അടച്ച് തടയുകയാണെങ്കില്‍പ്പോലും ഈ 30 രാജ്യങ്ങളിലെയും മുസ്ലിം ജനസംഖ്യ 2050 ല്‍ യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ 7.4 ശതമാനമായി വര്‍ധിക്കും. അഭയാര്‍ത്ഥി പ്രവാഹവും കുടിയേറ്റവും ഉയര്‍ന്ന തോതിലാണെങ്കില്‍ മുസ്ലിം ജനസംഖ്യ 2050 ല്‍ 14 ശതമാനമായി ഉയരും. അപ്പോഴും ഇവര്‍ ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ ന്യൂനപക്ഷമായി തുടരും. 2017 ല്‍ യൂറോപ്യന്‍ യൂണിയനില്‍പ്പെടുന്ന സൈപ്രസിലാണ് മുസ്ലിം ജനസംഖ്യാനുപാതം ഏറ്റവും കൂടുതലുണ്ടായിരുന്നത്-24.4 ശതമാനം. ഇത് ചരിത്രപരമായ കാരണങ്ങളാലാണ്. സൈപ്രസിന്റെ വടക്കുഭാഗത്ത് മുസ്ലിം രാജ്യമായ തുര്‍ക്കിയായതിനാലാണിത്. കുടിയേറ്റം തീരെ ഇല്ലാതിരുന്നാലും മിതമായി നടന്നാലും സൈപ്രസിലെ മുസ്ലിം ജനസംഖ്യാ വിഹിതം കാര്യമായി വര്‍ധിക്കില്ല. സ്വീഡന്റെ സ്ഥിതി ഇതല്ല. വന്‍തോതില്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചാല്‍ സ്വീഡനിലെ മുസ്ലിം ജനസംഖ്യ സൈപ്രസിനെ മറികടന്ന് 2050ല്‍ 30.6 ശതമാനമാവും. മിതമായാണ് അഭയാര്‍ത്ഥികളെത്തുന്നതെങ്കിലും സ്വീഡനിലെ മുസ്ലിം ജനസംഖ്യാവിഹിതം 20 ശതമാനമായിരിക്കും. കുടിയേറ്റം കര്‍ശനമായി തടഞ്ഞാല്‍ 11 ശതമാനമായിരിക്കും.
കുടിയേറ്റം ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യാ വിഹിതം വര്‍ധിപ്പിക്കും. ഫ്രാന്‍സിലെയും ബ്രിട്ടനിലെയും മുസ്ലിം ജനസംഖ്യ 2050 ല്‍ 17 ശതമാനമാവുമെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ കണക്കാക്കുന്നത്. കുടിയേറ്റം മിതമായ നിലയിലെങ്കിലാണ് ഈ വര്‍ധന. ഭാവിയിലെ കുടിയേറ്റം തടയുകയാണെങ്കില്‍ സ്വാഭാവികമായി ഇതില്‍ ഇടിവുവരും. ഫ്രാന്‍സും ബ്രിട്ടനും അഭയാര്‍ത്ഥികളെ കൂടുതല്‍ സ്വീകരിക്കുന്ന ജര്‍മനിയില്‍ 2050 ആകുമ്പോള്‍ മുസ്ലിം ജനസംഖ്യ 10.8 ശതമാനമായി വര്‍ധിക്കും. 2016 ല്‍ ഇത് 6.1 ശതമാനമായിരുന്നു. സ്ഥിരമായ കുടിയേറ്റം ഉയര്‍ന്ന തോതിലാണെങ്കില്‍ മുസ്ലിം ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ 19.7 ശതമാനമാവും. ആസ്ട്രിയയിലും സ്ഥിതി ഇതുതന്നെയായിരിക്കും. കുടിയേറ്റം മിതമാണെങ്കില്‍ 6.9 ശതമാനവും കുടിയേറ്റം ഉയര്‍ന്ന തോതിലാണെങ്കില്‍ 19.9 ശതമാനമായും വര്‍ധിക്കും.
മുസ്ലിം കുടിയേറ്റം അടിയന്തരമായും സ്ഥിരമായും തടഞ്ഞാല്‍ 2050 ല്‍ യൂറോപ്പിലെ മുസ്ലിം ജനസംഖ്യ 7.4 ശതമാനമായിരിക്കും. ഇതിനു കാരണം യൂറോപ്പില്‍ മുസ്ലിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ചെറുപ്പക്കാരായതും, ഉയര്‍ന്ന പ്രത്യുല്‍പ്പാദന നിരക്കുള്ളതുമാണ്. കുടിയേറ്റം തടഞ്ഞാല്‍ ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിം ജനസംഖ്യ മൂന്ന് ശതമാനമാണ് വര്‍ധിക്കുകയെന്നും കണക്കാക്കപ്പെടുന്നു. കുടിയേറ്റത്തിനു പുറമെ പ്രത്യുല്‍പ്പാദന നിരക്കാണ് യൂറോപ്പിലെ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നതിനുള്ള മറ്റൊരു കാരണം. മറ്റ് മതവിഭാഗങ്ങള്‍ക്കും മതരഹിതര്‍ക്കുമുള്ളതിനെക്കാള്‍ കൂടുതല്‍ കുട്ടികളാണ് യൂറോപ്പിലെ മുസ്ലിങ്ങള്‍ക്കുള്ളത്. സ്വന്തം രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്കുതന്നെയാണ് കുടിയേറ്റ നാടുകളിലും ഇവര്‍ നിലനിര്‍ത്തുന്നത്. മുസ്ലിം സ്ത്രീക്ക് ജനിക്കുന്ന കുട്ടികള്‍ സാധാരണയായി മുസ്ലിമായിത്തന്നെയാണ് വളരുന്നത്.
2015-2020 കാലയളവില്‍ മുസ്ലിമല്ലാത്തവരുടെ യൂറോപ്യന്‍ പ്രത്യുല്‍പ്പാദന നിരക്ക് ശരാശരി 1.6 കുട്ടികളാണെങ്കില്‍ മുസ്ലിം സ്ത്രീകളുടേത് 2.6 കുട്ടികളായിരുന്നു. ഒരു കുട്ടിയുടെ പോലും വ്യതിയാനം ജനസംഖ്യയില്‍ നിര്‍ണായകമാണ്. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് സ്വന്തം ജനസംഖ്യ സ്ഥിരമായി നിലനിര്‍ത്താനുള്ളത്രയും കുട്ടികള്‍ ജനിക്കുന്നില്ല. പ്രത്യുല്‍പ്പാദന നിരക്ക് യൂറോപ്പിലെ ഓരോ നാടുകളിലും വ്യത്യസ്തമാണ്. ചില രാജ്യങ്ങളില്‍ പ്രത്യുല്‍പ്പാദന നിരക്ക് വളരെ ഉയര്‍ന്നതാണ്. 2017 ല്‍ തന്നെ ഫിന്‍ലാന്റിലെ ഓരോ മുസ്ലിം വനിതയ്ക്കും ഇതര മതസ്ഥരേക്കാള്‍ ഇരട്ടി കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ജര്‍മന്‍ മുസ്ലിം സ്ത്രീകളുടെ കാര്യവും ഇതാണ്. ബ്രിട്ടനിലും ഫ്രാന്‍സിലും മുസ്ലിം സ്ത്രീക്ക് 2-3 കുട്ടികളായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഒരു കുട്ടി കൂടുതല്‍. 2045-50 കാലയളവില്‍ മുസ്ലിം സ്ത്രീയും മറ്റു സ്ത്രീയും തമ്മിലെ വിടവ് 0.7 കുട്ടികളായി ചുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുടിയേറ്റക്കാരുടെ രണ്ടും മൂന്നും തലമുറ പിന്നിടുമ്പോള്‍ നിരക്ക് മറ്റുള്ളവരുടേതിന് തുല്യമാകുമെന്ന് കരുതപ്പെടുന്നു. മുസ്ലിങ്ങളല്ലാത്തവരുടെ കുറഞ്ഞ പ്രത്യുല്‍പ്പാദന നിരക്കാണ് യൂറോപ്പിലെ ജനസംഖ്യയുടെ ഇടിവിനു കാരണം.
സിറിയന്‍ കലാപം മറയാക്കുന്നു
യൂറോപ്യന്‍ മുസ്ലിങ്ങളില്‍ 15 വയസ്സിന് താഴെയുള്ളവര്‍ 27 ശതമാനമാണ്. മറ്റുള്ളവരില്‍ ഈ പ്രായക്കാര്‍ 15 ശതമാനമാവും. യൂറോപ്പിലെ മുസ്ലിങ്ങളല്ലാത്തവരില്‍ പത്തിലൊരാളുടെ പ്രായം 75 വയസ്സിലധികവുമാണ്. മുസ്ലിങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ഈ പ്രായത്തിലുള്ളത്. 2016 ലെ നിലയനുസരിച്ച് യൂറോപ്പിലെ മുസ്ലിം മധ്യവയസ്‌കരുടെ പ്രായം 30.4 വയസ്സായിരുന്നുവെങ്കില്‍ മുസ്ലിങ്ങളല്ലാത്തവരുടേത് 43.8 ആയിരുന്നു. 13 വയസ്സിന്റെ വ്യത്യാസം. ഇങ്ങനെ മുസ്ലിങ്ങളിലെ വലിയൊരു വിഭാഗം സന്താനോല്‍പ്പാദകരാണ്. പൊതുജനസംഖ്യയുടെ ഭാഗമായതിനാല്‍ മുസ്ലിം ജനസംഖ്യ അതിവേഗം വളരുന്നു. മുസ്ലിങ്ങളുടെയും മറ്റുള്ളവരുടെയും പ്രത്യുല്‍പ്പാദന നിരക്ക് ഒന്നാണെങ്കില്‍പ്പോലും ഇതിന് മാറ്റം വരുന്നില്ല. മുസ്ലിങ്ങളും മുസ്ലിങ്ങളല്ലാത്തവരുടെയും കാര്യമെടുക്കുമ്പോള്‍ ഫ്രാന്‍സിലും ജര്‍മനിയിലുമായിരുന്നു 2016 ല്‍ ഏറ്റവും കൂടുതല്‍ പ്രായവ്യത്യാസം. ഫ്രാന്‍സില്‍ മുസ്ലിങ്ങളുടെ മധ്യവയസ്സ് 27 ആണെങ്കില്‍ മറ്റുള്ളവരുടേത് 43 ആണ്. ജര്‍മനിയിലാണ് ഏറ്റവും വലിയ വിടവ്. മുസ്ലിം-31, മുസ്ലിങ്ങളല്ലാത്തവര്‍ 47. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ മുസ്ലിം കുടിയേറ്റം സൃഷ്ടിക്കുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ വിശദമായ ഒരു ചിത്രമാണ് ഈ കണക്കുകള്‍ നല്‍കുന്നത്.
സിറിയയിലെ ആഭ്യന്തരകലാപത്തെ തുടര്‍ന്ന് ഒരു ദശലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായതിനാല്‍ മറ്റ് മധ്യേഷ്യന്‍ രാജ്യങ്ങളിലെ ജിഹാദികള്‍ ഇവരുടെ പേരില്‍ തട്ടിപ്പ് നടത്തി കുടിയേറ്റക്കാര്‍ എന്ന വ്യാജേന യൂറോപ്പിലേക്ക് കടക്കുകയുണ്ടായി. സിറിയന്‍ അഭയാര്‍ത്ഥികളോടുള്ള അനുതാപമാണ് ഇവര്‍ മറയാക്കിയത്. ഐലാന്‍ കുര്‍ദി എന്ന മൂന്നു വയസ്സുകാരന്റെ മൃതദേഹം തുര്‍ക്കിയുടെ തീരത്ത് അടിഞ്ഞതിന്റെ ദാരുണമായ ചിത്രം പ്രചരിച്ചതോടെ ദുര്‍വിധിയില്‍ അകപ്പെട്ട സിറിയന്‍ അഭയാര്‍ത്ഥികളെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ആഗോളതലത്തില്‍ ഉയരുകയുണ്ടായി. ജര്‍മ്മനി മാത്രം 2015 ല്‍ ഒരു ദശലക്ഷം അഭയാര്‍ത്ഥികളെയാണ് സ്വീകരിച്ചത്. ഇതോടെ നിശ്ചിത ശതമാനം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി. ‘എല്ലാവരും ഇപ്പോള്‍ സിറിയക്കാരാവാനാണ് ആഗ്രഹിക്കുന്നത്. കാരണം ഓരോരുത്തരും സിറിയക്കാരെ സ്വാഗതം ചെയ്യുന്നു’ എന്നാണ് വ്യാജരേഖ ചമച്ചയാള്‍ മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞതത്രേ. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇറാഖികളും പാലസ്തീന്‍കാരും അള്‍ജീരിയക്കാരും ഈജിപ്റ്റുകാരും മൊറോക്കോക്കാരും സിറിയന്‍ അഭയാര്‍ത്ഥികളായി മാറുന്ന പ്രതിഭാസമാണ് ഉണ്ടായത്.
യഥാര്‍ത്ഥവും വ്യാജവുമായ സിറിയന്‍ പാസ്‌പോര്‍ട്ടുകളുടെ ഒരു കെട്ട് 2015 ല്‍ ജര്‍മന്‍ കസ്റ്റംസ് പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെയുള്ള പാസ്പോര്‍ട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രണ്ടോക്‌സും റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത ഒരു പാസ്‌പോര്‍ട്ട് ഉടമയ്ക്ക് മധ്യേഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ രാജ്യങ്ങളില്‍ യാത്ര ചെയ്യാനുള്ള അനുമതി സിറിയന്‍ ഭരണകൂടം നല്‍കിയതായി രേഖപ്പെടുത്തിയിരുന്നു. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ സിറിയയിലെ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര പതിച്ചതായിരുന്നു. ഇങ്ങനെ ചെയ്യാനുള്ള മെഷീനുകള്‍ സിറിയയില്‍ പോരാടുന്ന ജിഹാദി പിടിച്ചെടുത്തതാണ്. സിറിയയുടെ ഔദ്യോഗിക മുദ്ര പതിപ്പിച്ച വ്യാജ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സും ഇപ്രകാരം നല്‍കുകയുണ്ടായി. അഭയാര്‍ത്ഥികള്‍ എന്ന വ്യാജേന ജിഹാദികള്‍ക്ക് യൂറോപ്പിലെത്താന്‍ ഇത്തരം രേഖകള്‍ ധാരാളമായിരുന്നു.
അഭയാര്‍ത്ഥികളും ജിഹാദികളും
അഭയാര്‍ത്ഥികളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം അനിഷേധ്യമായിരുന്നിട്ടും യൂറോപ്പിലെ വരേണ്യ വിഭാഗത്തിന് അത് ആദ്യമൊന്നും മനസ്സിലായില്ല. മുസ്ലിം അഭയാര്‍ത്ഥികളെ യൂറോപ്പില്‍ നിര്‍ബാധം വിഹരിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗം പകര്‍ച്ചവ്യാധിപോലെയാവും എന്ന അഭിപ്രായങ്ങള്‍ ഉയരാന്‍ തുടങ്ങി. ഇറ്റാലിയന്‍ നഗരങ്ങളില്‍ നടന്ന ബലാത്സംഗങ്ങളില്‍ 50 ശതമാനം കേസുകളിലെയും പ്രതികള്‍ മുസ്ലിം പേരുകാരായിരുന്നു. റോമില്‍ 52 ശതമാനവും മിലാനില്‍ 50 ശതമാനവും ബലാത്സംഗങ്ങള്‍ നടത്തിയത് കുടിയേറ്റക്കാരായിരുന്നു. ‘ഫ്രണ്ട് പേജ് മാഗ്’ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണിത്. നോര്‍വെ, സ്വീഡന്‍ മുതലായ യൂറോപ്യന്‍ രാജ്യങ്ങളിലും ഏറെക്കുറെ ഇതുതന്നെയായിരുന്നു സ്ഥിതി.
അഭയാര്‍ത്ഥി പ്രശ്‌നം പിന്നീട് കൂടുതല്‍ വഷളായി. ജര്‍മ്മനി ഇതിന് സാക്ഷ്യം വഹിച്ചു. ഹംബര്‍ഗ് നഗരത്തില്‍ എണ്ണത്തിലും ബലത്തിലും പോലീസിനെ മറികടക്കുന്നവരായി മുസ്ലിം അഭയാര്‍ത്ഥികള്‍ മാറി. ഈ സംഘങ്ങളിലെ ബലാത്സംഗ വീരന്മാര്‍ സെക്‌സ് ജിഹാദ് തന്നെയാണ് നടത്തുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഗെയ്റ്റ് സ്റ്റോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. വിഖ്യാത സംഗീതജ്ഞന്‍ ബീഥോവന്റെയും വിശ്വസാഹിത്യകാരനായ ഗോയ്‌ഥെയുടെയും സ്വന്തം നഗരമായ ഹംബര്‍ഗില്‍ അഭയാര്‍ത്ഥികളില്‍പ്പെടുന്ന ആയിരത്തിലേറെ കുറ്റവാളികള്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ഇവര്‍ നഗരത്തില്‍ വിഹരിച്ചു. ജര്‍മന്‍ നിയമങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് കരുതുന്ന ഇവര്‍ പോലീസുമായി നിരന്തരം ഏറ്റുമുട്ടി. പോക്കറ്റടിയും തെരുവുകൊള്ളയും പതിവാക്കി. വീടുകളില്‍ അതിക്രമിച്ചു കയറുകയും വാഹനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഭക്ഷണശാലകള്‍ കുത്തിത്തുറന്ന് ഭക്ഷ്യ വസ്തുക്കള്‍ എടുത്തുകൊണ്ടുപോയി. അറസ്റ്റിലായാല്‍ ഇവര്‍ പോലീസിനെയും ആക്രമിക്കും. പ്രായപൂര്‍ത്തിയാവാത്ത ഇവരെ ജര്‍മ്മനി പുറത്താക്കിയില്ല. വംശീയാധിക്ഷേപം നേരിടുമെന്ന ഭയം കൊണ്ടായിരുന്നു ഇത്. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പിടിച്ചെടുത്ത് ഈ കുട്ടിക്കുറ്റവാളികളെ താമസിപ്പിക്കാന്‍ വരെ ജര്‍മ്മനി തയ്യാറായി. മയക്കുമരുന്ന് വില്‍പ്പനയും ഈ അഭയാര്‍ത്ഥികള്‍ പതിവാക്കി. കുറച്ചുപേര്‍ അറസ്റ്റിലായാല്‍ അതിലേറെ പേര്‍ വീണ്ടും രംഗത്തെത്തും എന്ന സ്ഥിതിവന്നു.
സിറിയയിലെ ആഭ്യന്തരക്കുഴപ്പത്തെ തുടര്‍ന്നുണ്ടായ കുടിയേറ്റ പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിച്ചത് ജര്‍മ്മനിയെയാണ്. 2015 ല്‍ ഏറ്റവുമധികം സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചതും ജര്‍മ്മനി ആയിരുന്നു. രാജ്യത്തിന് ഇത് താങ്ങാനാവാതെ വന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന മൂന്ന് ദശലക്ഷം അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയിലുള്ളപ്പോഴാണ് പുതിയ പ്രവാഹം ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള ജര്‍മ്മന്‍ വംശജര്‍ ജര്‍മനിയില്‍ അഭയാര്‍ത്ഥികളായി എത്തിയിരുന്നു. ഇതൊക്കെക്കൊണ്ട് തങ്ങള്‍ നേരിടുന്ന ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്‌കോള്‍സിനു മേല്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി. ഇതിന്റെ ഫലമായി 2023 നവംബറില്‍ സ്‌കോള്‍സും 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും തമ്മില്‍ പുതിയൊരു ധാരണയില്‍ എത്തുകയുണ്ടായി. അഭയാര്‍ത്ഥികള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായിരുന്നു. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ക്വാട്ടകള്‍ തീരുമാനിക്കാനും, അനധികൃതമായി തങ്ങുന്നവരെ പുറത്താക്കാനും തീരുമാനിക്കുകയുണ്ടായി.
ഫെഡറല്‍ സര്‍ക്കാരിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിച്ചെങ്കിലും അഭയാര്‍ത്ഥികളെ കുറയ്ക്കുന്നതില്‍ എന്നത്തേയും പോലെ അനാസ്ഥ കാണിച്ചു. അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പേരില്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങളും പൊതുജന പ്രതിഷേധവും ഉണ്ടായിട്ടും ജര്‍മന്‍ സര്‍ക്കാരിന് പ്രതിസന്ധി ആവശ്യപ്പെടുന്ന നടപടികളെടുക്കാന്‍ കഴിഞ്ഞില്ല. നിയമപരമായ പ്രതിസന്ധികളും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് കാരണം. ജര്‍മനിയില്‍ വളരെയധികം അഭയാര്‍ത്ഥികള്‍ ഉള്ളതിനാല്‍ ഇവരുമായി ബന്ധമുള്ള പുതിയ അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. കുടിയേറ്റത്തിന്റെയും അഭയാര്‍ത്ഥികളുടെയും കാര്യത്തില്‍ 2020 മുതല്‍ ചര്‍ച്ചചെയ്യുന്ന പുതിയ ഉടമ്പടി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചുവെങ്കിലും പാര്‍ലമെന്റിന്റെ അനുമതി ഇല്ലാത്തതിനാല്‍ നടപ്പാക്കാന്‍ കഴിയാതെ വന്നു. അഭയാര്‍ത്ഥികളുടെ വിശ്വാസ്യത ഇല്ലാത്ത അപേക്ഷകള്‍ ഇറ്റലിയെപ്പോലുള്ള രാജ്യങ്ങള്‍ പെട്ടെന്ന് തന്നെ നിരസിച്ചുവെങ്കിലും ജര്‍മ്മനിയിലും മറ്റും നിയമപരമായ പ്രതിരോധം മൂലം ഇതിന് കഴിയാതെ വന്നു.
അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും നിയന്ത്രിക്കുന്നതിന് യൂറോപ്യന്‍ യൂണിയന് പുതിയ പദ്ധതിയൊക്കെ ഉണ്ടെങ്കിലും അത് എത്രത്തോളം നടപ്പാക്കാനാവുമെന്ന കാര്യം വ്യക്തമല്ല. തിരിച്ചയയ്ക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അവരുടെ സ്വന്തം രാജ്യത്തെ സമ്മതിപ്പിക്കുക എളുപ്പമല്ല. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നതിനാല്‍ ആഫ്രിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുന്നതും ശ്രമകരമാണ്. പുതിയ ധാരണയുടെ മുഖ്യ ഗുണഭോക്താവ് ജര്‍മനിയാണെങ്കിലും അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കര്‍ശനമായ നടപടികളെടുക്കാന്‍ ആ രാജ്യത്തിന് കഴിയുന്നില്ല. ഇതിന്റെ തിക്താനുഭവങ്ങള്‍ ജര്‍മ്മനി ഇനിയും അനുഭവിക്കേണ്ടിവരും.
അടുത്തത്: യൂറോപ്യന്‍ യൂണിയന്‍ നയം മാറ്റുമ്പോള്‍