ചരിത്രം എന്ന പേരില്‍ ചിലത് പതിഞ്ഞു കഴിഞ്ഞാല്‍ അതൊക്കെ തിരുത്തുക സാധ്യമല്ല. സമൂഹമനസ്സിന് ചിലതിനോട് ചേര്‍ന്നു നില്‍ക്കാന്‍ ഒരു വാസനയുണ്ട്. എത്ര യുക്തിസഹമായ രീതിയില്‍ തെളിവുകളുള്‍പ്പെടെ ശ്രമിച്ചാലും നേരത്തേ ആര്‍ജ്ജിച്ച ധാരണയില്‍ നിന്നും വ്യക്തികളും സമൂഹവും മാറിച്ചിന്തിക്കില്ല. തിരുത്താന്‍ ശ്രമിക്കുന്ന വ്യക്തിയെ അവര്‍ ശത്രുതയോടും പുച്ഛത്തോടും കൂടി വീക്ഷിക്കും. ഡോക്ടര്‍ എം.ജി ശശിഭൂഷണ്‍ ചരിത്രത്തില്‍ ചില തിരുത്തുകള്‍ നടത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അദ്ദേഹം പറയുന്ന പല കാര്യങ്ങളും വസ്തുനിഷ്ഠമാണെങ്കിലും പൊതുബോധത്തെ ഇളക്കാന്‍ സാധ്യമല്ല. സാധ്യമല്ല എന്നങ്ങ് ഉറപ്പിച്ചു പറയുന്നതു ശരിയല്ലെങ്കിലും വളരെ ദുഷ്‌ക്കരമാണ് എന്നുതന്നെ പറയേണ്ടിവരും.
‘കുണ്ടറവിളംബരം’ വേലുത്തമ്പിദളവ 1809 ജനുവരി 11ന് നടത്തിയ വിളംബരമാണെന്നാണ് നിലവിലുള്ള ചരിത്രം പറയുന്നത്. എന്നാല്‍ അതൊരു കൃത്രിമ രേഖയാണെന്ന് പ്രൊഫ. എം.ജി. ശശിഭൂഷണ്‍ വാദിക്കുന്നു. അതിന് ഉപോല്‍ബലകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന വസ്തുതകള്‍ തള്ളിക്കളയാന്‍ പറ്റുന്നവയല്ല. ഒന്ന് വിളംബരം എന്നത് തീരെ ചെറിയ അറിയിപ്പുകളാണ്. കുണ്ടറവിളംബരം ഒരുവിധം ദീര്‍ഘമായ ലേഖനം പോലൊന്നാണ്. അതുകൊണ്ട് അതുവേലുത്തമ്പി പറഞ്ഞതായി കൂടാ എന്നില്ല. മറ്റൊരു പ്രധാന തെളിവായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത് വിളംബരം പുറപ്പെടുവിച്ച ദിവസം വേലുത്തമ്പി കുണ്ടറ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുണ്ട് എന്നാണ്. അത് ശ്രദ്ധേയമായ ഒന്നാണ്. എങ്കിലും കുണ്ടറ എത്താതെതന്നെ തന്റെ വിളംബരം മറ്റാരെക്കൊണ്ടെങ്കിലും വായിപ്പിക്കാമല്ലോ. ഈ വിളംബരം ഉമ്മിണിത്തമ്പി ദളവാ കൃത്രിമമായി ഉണ്ടാക്കിയതാണത്രേ! അങ്ങനെ ചെയ്തതിനുകാരണം അന്നത്തെ ഭരണാധികാരിയായിരുന്ന അവിട്ടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ബ്രിട്ടീഷുകാരുടെ അപ്രീതിയില്‍ നിന്നും രക്ഷിക്കാനായിരുന്നത്രേ!
ചരിത്രത്തില്‍ ഇന്നു പ്രചരിക്കുന്നതുപോലെ വേലുത്തമ്പി സ്വന്തം ഇഷ്ടപ്രകാരമല്ല ബ്രിട്ടനെതിരെ ആയുധമെടുത്തത് എന്നാണ് പ്രൊഫസറുടെ വാദം. ആ കാലത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ താല്പര്യപ്രകാരമായിരുന്നു വേലുത്തമ്പി യുദ്ധം ചെയ്തത്. ഒടുവില്‍ തമ്പി തോല്‍ക്കുമെന്നായപ്പോള്‍ സ്വന്തം തടി രക്ഷിക്കാനായി രാജാവ് തമ്പിയെ തള്ളിപ്പറയുകയായിരുന്നുപോലും. തമ്പി ചെയ്തതെല്ലാം തന്നിഷ്ടപ്രകാരമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഉമ്മിണിത്തമ്പി അങ്ങനെയൊരു വിളംബരം എഴുതിയുണ്ടാക്കിയത് എന്നാണ് അദ്ദേഹം പറയുന്നത്.
ഒരുപക്ഷേ പ്രൊഫസര്‍ പറയുന്ന രീതിയില്‍ ഉമ്മിണിത്തമ്പി എഴുതിയുണ്ടാക്കിയതാണ് വിളംബരമെങ്കില്‍ ധീരനായ ആ രാജ്യസ്‌നേഹി അതിലെ ഒരു വാക്കിന്റെ പേരില്‍ എന്തെല്ലാം പഴി കേള്‍ക്കേണ്ടിവന്നു. ‘ശൂദ്ര കീഴ്ജാതിപ്പരിഷകള്‍’ എന്നൊരു പ്രയോഗം വിളംബരത്തിലുള്ളത് ജാതിവാദിയായ വേലുത്തമ്പി മനഃപൂര്‍വ്വം പ്രയോഗിച്ചതാണ് എന്നൊക്കെ ഇപ്പോള്‍ ചില കുത്തിത്തിരുപ്പുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്. പരിഷ എന്നതിന് “fellow’ എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥമേ അന്നുള്ളൂ. അദ്ദേഹവും സ്വയം ശൂദ്രകുലത്തില്‍ പെട്ടതായിരിക്കെ തന്നെത്തന്നെ പരിഷ എന്നു വിളിച്ചാക്ഷേപിക്കുമോ?
ആ കാലഘട്ടത്തില്‍ കേരളത്തില്‍ ജാതിചിന്തയൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം അധികാരം മുഖ്യമായും നായന്മാരുടെ കയ്യിലും പൗരോഹിത്യം ബ്രാഹ്മണരുടെ കയ്യിലുമായിരുന്നു. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടായിരുന്നതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. നാടുവാഴികളെല്ലാം നായന്മാര്‍ ആയിരുന്നെങ്കിലും അവര്‍ പുരോഹിതരെന്ന നിലയില്‍ ബ്രാഹ്മണരെ അതിരറ്റ് ബഹുമാനിച്ചിരുന്നു. അവരുടെ ഉപദേശപ്രകാരമേ നായന്മാര്‍ നാട്ടുഭരണം നടത്തിയിരുന്നുള്ളൂ. ഫലത്തില്‍ അധികാരത്തെ നിയന്ത്രിച്ചിരുന്നത് ബ്രാഹ്മണര്‍ തന്നെ ആയിരുന്നു. നായന്മാര്‍ക്ക് കീഴ്ജാതി വിഭാഗങ്ങളോട് എന്തെങ്കിലും തരത്തിലുള്ള ശത്രുതയോ വെറുപ്പോ ഉണ്ടാകാന്‍ ഒരു സാധ്യതയും അന്നില്ല. കാരണം ഒരു തരത്തിലുളള ഭീഷണിയും ഈ വിഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. നായന്മാര്‍ക്ക് ഭീഷണിയായി ആകെയുണ്ടായിരുന്നത് അവരുടെ ജാതിയില്‍ത്തന്നെയുള്ള പ്രമാണിമാര്‍ ആയിരുന്നു. അതുകൊണ്ട് കീഴ്ജാതിക്കാരെ ഒരു തരത്തിലും ആക്ഷേപിക്കേണ്ട ആവശ്യമില്ല.
അക്കാലത്തെ സംബോധനകളും പ്രയോഗങ്ങളുമൊന്നും ഇന്ന് ഭൂതക്കണ്ണാടി വച്ചുനോക്കി പരിശോധിക്കേണ്ടതല്ല. സെക്യുലറിസം എന്നതൊന്നും അക്കാലത്ത് ആര്‍ക്കും അറിയില്ല. ഇന്ന് വേലുത്തമ്പിക്കെതിരെ അനാവശ്യമായി പറഞ്ഞു നടക്കുന്നവര്‍ ആ ദേശാഭിമാനിയുടെ സേവനങ്ങളെ തിരിച്ചറിയാത്തവരാണ്. ‘മതപരിവര്‍ത്തന രസ’വാദവും ദുരവസ്ഥയും എഴുതിയതിനാല്‍ കുമാരനാശന്‍ വര്‍ഗീയവാദിയാണ് എന്നു പ്രചരിപ്പിക്കുന്നവരുണ്ട്. ചിലര്‍ക്ക് ആശാനെ ബുദ്ധമതപക്ഷപാതിയാക്കാനാണിഷ്ടം ചിലര്‍ക്ക് ഹിന്ദുപക്ഷപാതിയും. എന്നാല്‍ ആശാന്‍ സത്യപക്ഷത്തായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഹിന്ദുമതത്തിന്റെ തുടര്‍ച്ച മാത്രമായ ബുദ്ധമതത്തിനു ഹിന്ദുക്കള്‍ക്കില്ലാത്ത മേന്മയുണ്ടാവാനിടയില്ലെന്ന തിരിച്ചറിവാണ് ആശാന്റെ സവിശേഷത. സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യ ലോകത്തില്‍ (2024 ജൂലായ് – ആഗസ്റ്റ് ലക്കം) കെ.വി.ശ്രീലാല്‍ ”ചണ്ഡാല ഭിക്ഷുകിയിലെ ബുദ്ധമതപാതയും മതപരിവര്‍ത്തന രസവാദത്തിലെ യുടേണും” എന്ന ലേഖനത്തിലൂടെ മതപരിവര്‍ത്തനവാദം അദ്ദേഹത്തിനു സംഭവിച്ച ഒരു നോട്ടപ്പിശകാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയാണെങ്കില്‍ ദുരവസ്ഥയില്‍ സംഭവിച്ചതോ?
ബൗദ്ധ ചിന്താധാര ഹിന്ദുമതത്തിലെ ഒരു കൈവഴി മാത്രമാണെന്നിരിക്കെ അതിനെ മറ്റുള്ളവര്‍ ഒരു മതം എന്നു വിളിച്ചപ്പോള്‍ ആ പേരിടലിനെ നിരുത്സാഹപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്കു കഴിയാതെ പോയത് ഒരു കാലത്തും ഒരു സംഘടിത മതസംഘടനയുണ്ടാക്കാന്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അതു ഹിന്ദുമതത്തിന്റെ പോരായ്മയായി കാണേണ്ടതില്ല. മേന്മയായി കണ്ടാല്‍ മതിയാകും. ബുദ്ധമതം അതിന്റെ മാതാവായ ഹിന്ദുധര്‍മ്മത്തില്‍ വൈകാതെ ലയിച്ചുചേര്‍ന്നേക്കും.
കാലം കെടുത്താത്ത പ്രതിഭയെ നമുക്ക് മാതൃഭൂമിയിലെ സച്ചിദാനന്ദന്റെയും ചുള്ളിക്കാടിന്റെയും കവിതയിലൂടെ വായിക്കാം. തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങളും മറവിരോഗവുമൊക്കെയുള്ളതിനാല്‍ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് സച്ചിദാനന്ദന്‍ പ്രഖ്യാപിച്ചിട്ട് കുറച്ചു ദിവസമേ ആയുള്ളൂ. അതൊന്നും പക്ഷേ അദ്ദേഹത്തിന്റെ കവിതയെ ബാധിച്ചിട്ടില്ല എന്ന് മാതൃഭൂമിയില്‍ (ഫെബ്രു. 16-22) രണ്ടു കവിതകള്‍ എന്ന പേരില്‍ വന്ന ലഘു കവിതകള്‍ തെളിയിക്കുന്നു. രണ്ടാമത്തെ കവിതയായ ‘മറവി’യുടെ അവസാനം കവി വേദാന്തിയാവുന്നത് കാണാം. ഈ വരികളില്‍ ”എണ്ണമറ്റ അനന്തതയില്‍ വിഭജനമുക്തമായ ആത്മാവ് നഗ്നവും സൂക്ഷ്മവുമായി ഇരിക്കുന്നു.
ചരിത്രത്തിനുമപ്പുറം ജീവികള്‍ ഉദ്ഭവിക്കും മുന്‍പ്
ഗ്രഹങ്ങളും നക്ഷത്രങ്ങളും ഒന്നൊന്നായി
പ്പിറക്കുന്നതുകണ്ടുകൊണ്ട്” ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ പ്രശസ്തമായ വരികള്‍ ഓര്‍മവരുന്നു.
”കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും
എന്നോളമായാല്‍ അടങ്ങും”
വാര്‍ദ്ധക്യത്തിന്റെ പാരമ്യതയില്‍ ചെന്നുനില്‍ക്കുമ്പോള്‍ വേദാന്തിയാകുന്നതിനേക്കാള്‍ നല്ലത് ചെറുപ്പത്തിലേ തന്നെ അതു തിരിച്ചറിയുന്നതല്ലേ.
ഗദ്യകവനത്തെ നമ്മള്‍ ശപിക്കാതിരിക്കുന്നത് വല്ലപ്പോഴുമെങ്കിലും ഇത്തരം നല്ല കവിതകളുണ്ടാകുന്നതുകൊണ്ടാണ്. മാതൃഭൂമിയിലെ ചുള്ളിക്കാടിന്റെ ‘നന്ദി ഒഥല്ലോ’യും കുറച്ചു വരികളിലൂടെ കൂടുതല്‍ പകര്‍ന്നു തരുന്ന കവിതയാണ്. ‘എങ്കിലും നന്ദി ഒഥല്ലോ നീ നൂറ്റാണ്ടുകള്‍ക്കുശേഷം ജനിക്കാനിരുന്ന എന്നെപ്പോലും രക്ഷിച്ചതിന്’ എന്ന് കവി അവസാനിപ്പിക്കുമ്പോള്‍ എന്തായിരിക്കാം അര്‍ത്ഥമാക്കുന്നത്. ഭാര്യമാരെയും കാമുകിമാരെയും സംശയിച്ചു കൊലപ്പെടുത്തുന്ന ധാരാളം ഒഥല്ലോമാര്‍ ഇന്നും സമൂഹത്തിലുണ്ട്. അവരുടെ ചെയ്തികളെ ആരും ഉദാത്തീകരിക്കില്ല. കൊലപാതകത്തിനുശേഷം സ്വയം കൊന്നാലും ഭാര്യ അല്ലെങ്കില്‍ കാമുകി അപഥ സഞ്ചാരം നടത്തിയെങ്കില്‍ പോലും അതു ന്യായീകരിക്കാനാവില്ല. കവിയെ രക്ഷിച്ചു എന്നു പറഞ്ഞിരിക്കുന്നത് മഹത്തായ ആ കലാസൃഷ്ടി ആസ്വദിക്കാനുള്ള ഭാഗ്യം പ്രദാനം ചെയ്തു എന്ന അര്‍ത്ഥത്തിലായിരിക്കാം. അല്ലെങ്കില്‍ ഒഥല്ലോയെപ്പോലെ അവിവേകം പ്രവര്‍ത്തിക്കാതിരിക്കാന്‍ കവി ഉള്‍പ്പെടുന്നവര്‍ക്ക് ആ നാടകം ഒരു ഗുണപാഠമായി വര്‍ത്തിച്ചിരിക്കാം. എന്തുതന്നെയായാലും ധ്വന്യാത്മകമായ രചനയാണിത്. കവി നമ്മെ ഈ ചെറുകവിതകൊണ്ട് വീണ്ടും വിസ്മയിപ്പിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിനുമുകളില്‍ വടവൃക്ഷമായി ഷേക്‌സ്പിയര്‍ പടര്‍ന്നുനില്‍ക്കുന്നു. അവിടെ ആ മഹാനാടകകൃത്തില്ലെങ്കില്‍ ഒന്നുമില്ല എന്നതാണ് സ്ഥിതി. പുതിയകാലത്തും ഷേക്‌സ്പിയര്‍ കൃതികളുടെ സ്വാധീനം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബൈബിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചരിച്ച കൃതി ഷേക്‌സ്പിയറിന്റെ ഹാംലെറ്റാണെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് ഭാഷാന്തരമില്ലാത്ത ഒരു ഭാഷയും ലോകത്തില്ല. സ്വന്തമായി ലിപിയും അച്ചടി വ്യവസ്ഥയുമുള്ള എല്ലാഭാഷയിലേയ്ക്കും ഷേക്‌സ്പിയര്‍ കൃതികള്‍ക്കു വിവര്‍ത്തനമുണ്ട്. നാല് കോടി മനുഷ്യര്‍ മാത്രമുപയോഗിക്കുന്ന ഇന്ത്യയിലെ ഒരു ചെറിയ പ്രാദേശിക ഭാഷയായ മലയാളത്തില്‍ത്തന്നെ എത്രമാത്രം തര്‍ജ്ജമകളും പലതരം രൂപാന്തരണങ്ങളമുണ്ട്. അപ്പോള്‍ മറ്റു ഭാഷകളുടെ സ്ഥിതി പറയേണ്ടതുണ്ടോ? നമ്മള്‍പോലുമറിയാതെ അദ്ദേഹത്തിന്റെ എത്രയോ വാക്യങ്ങള്‍ മലയാളഭാഷയില്‍ത്തന്നെ കടന്നെത്തിയിരിക്കുന്നു. ”അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍” എന്ന് ചങ്ങമ്പുഴയെഴുതിയപ്പോള്‍ “Frailty thy name is woman’ എന്ന് ഹാംലെറ്റില്‍ ഷേക്‌സ്പിയര്‍ എഴുതിയ വാക്യം മനസ്സിലുണ്ടായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം.
“Cowards die many times before their deaths; the valiant never taste of death but once’ ജൂലിയസ് സീസറിനെ ഈ വാക്യം ജീവിതത്തില്‍ ഒരിക്കലെങ്കിലും പറഞ്ഞു വീമ്പിളക്കാത്തവര്‍ നമ്മുടെയിടയില്‍ ഉണ്ടാവില്ല. ഇങ്ങനെ എഴുതിപ്പോയാല്‍ എത്രയോ വാക്യങ്ങളും സന്ദര്‍ഭങ്ങളും. ഷേക്‌സ്പിയര്‍ എന്നത് അവിശ്വസനീയമായ പ്രതിഭയാണ്. മറ്റ് ഇംഗ്ലീഷ് എഴുത്തുകാരില്‍ പലരും”Familiarity breeds contempt’ എന്ന രീതിയില്‍ അടുത്തറിയുമ്പോള്‍ ഒന്നുമില്ലെന്നു നമുക്കു തോന്നും. എന്നാല്‍ ഷേക്‌സ്പിയര്‍ മാത്രം തിരിച്ചാണ്. ഓരോ പ്രാവശ്യം വായിക്കുമ്പോഴും മനുഷ്യസാധ്യമല്ലാത്ത പ്രതിഭ അതില്‍ പ്രസരിക്കുന്നതുകണ്ട് നമ്മള്‍ അത്ഭുതസ്തബ്ധരാകും.
മാതൃഭൂമിയിലെ കഥ ജലം പോലെ ബിജു സി.പി. എഴുതിയത്, ആവിഷ്‌ക്കാരഭംഗിയുള്ളതെങ്കിലും ഒരു കഥയ്ക്കുവേണ്ട വികാസം ഉളളടക്കത്തിനില്ലാതെ പോയി. മരണത്തെക്കുറിച്ച് കുറെ നല്ല വര്‍ത്തമാനങ്ങളൊക്കെപ്പറഞ്ഞ് പൂവിരിയും പോലെ ഒരാള്‍ മരിക്കുന്നു. അങ്ങനെ മരിക്കുന്ന ചിലരുണ്ട്. അത് ആത്മഹത്യാപ്രവണതയുള്ള ചില മനോരോഗികളാണ്. അത്തരക്കാരെ പലപ്പോഴും ചികിത്സകൊണ്ടും രക്ഷിക്കാനായി എന്നു വരില്ല. അവര്‍ മരണത്തെ ഒരുപാടു മധുരീകരിച്ചു സംസാരിക്കും. ഏതു സംഭവവും മരിക്കാനുള്ള കാരണമായി അവതരിപ്പിക്കും. മറ്റുള്ളവര്‍ക്കു നിസ്സാരമായി തോന്നുന്ന ചില നിസ്സാരസംഭവങ്ങളെ അവര്‍ വളരെ ഗൗരവമായെടുത്തു സ്വയം മരണം വരിക്കും. ബിജുവിന്റെ കഥയും ഏതാണ്ടതുപോലെയൊക്കെത്തന്നെ. അതിനിടയില്‍ മനോരോഗവും അല്പം ലെസ്ബിയന്‍ പ്രണയവും കൂടിയുണ്ടെന്നേയുള്ളൂ.
കേരളത്തില്‍ ഹമാസിനുവേണ്ടി കവിതയെഴുതുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന ജൂതകുട്ടികള്‍ക്കുവേണ്ടി ഒരു തൂലികയും ഇവിടെ ചലിച്ചിട്ടേയില്ല. മനുഷ്യത്വത്തിന്റെ മതപക്ഷപാതിത്വം കാണുമ്പോള്‍ നമ്മള്‍ മരവിച്ചുപോകുന്നു. പി.കെ.പാറക്കടവ് മാധ്യമത്തില്‍ ‘ഒലിവിലകള്‍ വീണ്ടും തളിര്‍ക്കുമ്പോള്‍’ എന്ന പേരില്‍ ഒരു ഹമാസ് കവിതയെഴുതിയിരിക്കുന്നു.