ഭൂമിയില്‍ എക്കാലത്തും നിലനില്‍ക്കുന്ന അറിവിന്റെ മുത്തുകളാണ് ഭാരതം സംഭാവന ചെയ്ത വേദോപനിഷത്തുക്കള്‍. ഇതില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ക്കും സമകാലിക പ്രസക്തി ഉണ്ടെങ്കിലും ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികളോ, ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചകളോ, തര്‍ക്കശാസ്ത്രത്തിലൂടെ ഉള്ള വികസനമോ വേണ്ടത്ര പുഷ്ടിപ്പെടുന്നില്ല. നമ്മള്‍ക്ക് വേണ്ടാത്തതിനെ പാശ്ചാത്യ സംസ്‌കാരം ആദരിക്കുന്നു. ശാസ്ത്ര ലോകത്തില്‍ നമ്മുടെ സംഭാവന ഏഴാം നൂറ്റാണ്ടിലെ പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായിരുന്ന ബ്രഹ്മഗുപ്തന്റെ വെറും പൂജ്യം എന്ന് ധരിച്ചു വെച്ചിരുന്ന പാശ്ചാത്യര്‍ ഇന്ന് നമ്മുടെ പല ഗ്രന്ഥങ്ങളിലും പുനര്‍ പഠനം ചെയ്തുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്‌കാരത്തിന്റെ തനതായ ഉപനിഷത്തുകള്‍ കടഞ്ഞെടുത്ത ജീവാമൃതമാണ് ഭഗവദ്ഗീത. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നമ്മുടെ അമൂല്യ ഗ്രന്ഥങ്ങളെ ഒരു ആരാധന മാധ്യമം എന്ന രീതിയില്‍ കാണുന്നതിന് പകരം മാനവരാശിയുടെ പ്രായോഗിക അറിവിനെ നയിക്കുന്ന ചൈതന്യരഥം ആണ് എന്ന് മനസ്സിലാക്കുന്ന ദിവസം മാത്രമേ നമുക്ക് ഇവയുടെ പ്രയോജനം പൂര്‍ണ രൂപത്തില്‍ അനുഭവപ്പെടുകയുള്ളൂ.
രാമായണവും വെല്‍ഫെയര്‍സ്റ്റേറ്റും
ആധുനിക ധനതത്വശാസ്ത്രജ്ഞന്മാര്‍ പറയുന്ന welfare state എന്ന പ്രതിഭാസത്തെക്കുറിച്ച് നമ്മുടെ രാമായണം വളരെ ഗംഭീരമായും എളിമയായും പ്രതിപാദിക്കുന്നു (രഘുവംശം എന്ന മഹാകാവ്യം ചേര്‍ത്തുവായിക്കുക). മനുഷ്യന്‍ നന്നായാല്‍ ഗ്രാമം നന്നാകും. ഗ്രാമങ്ങള്‍ നന്നായാല്‍ പ്രദേശവും പ്രദേശം നന്നായാല്‍ രാജ്യവും നന്നാവും. നമ്മള്‍ ശ്രീരാമനെ പോലെ ഉത്തമ പുരുഷന്മാര്‍ ആയിത്തീരണം. വ്യക്തിയിലും വലുതാണ് രാജ്യം എന്നും, അംഗങ്ങളെക്കാള്‍ വലുത് പ്രസ്ഥാനമാണെന്നും, തൊഴിലാളികളെക്കാള്‍ വലിയത് സ്ഥാപനമാണെന്നും മനസ്സിലാക്കിയാല്‍ നമ്മള്‍ സ്വപ്‌നം കാണുന്ന ഈ വെല്‍ഫെയര്‍ സ്റ്റേറ്റ് രൂപം കൊള്ളും. ഈ തത്വമാണ് രാമായണത്തിന്റെ കാതലായ സന്ദേശം.
ഭഗവദ്ഗീതയും മാനേജ്‌മെന്റ് തത്ത്വങ്ങളും
എച്ച്.ആര്‍.എന്ന സുന്ദരമായ പദം ആധുനിക മാനേജ്‌മെന്റ് സിദ്ധാന്തങ്ങള്‍ അടിവരയിട്ടു പറയുന്നു. നമ്മുടെ ജീവിതം ആദ്ധ്യാത്മികമായും പ്രായോഗികമായും മുന്നോട്ടുകൊണ്ടുപോകുന്നത് എങ്ങനെ എന്ന് നമ്മളെ പഠിപ്പിക്കുന്ന മാനേജ്‌മെന്റ് ഗ്രന്ഥമാണ് ഭഗവദ്ഗീത. ബിഹേവിയര്‍ സൈക്കോളജി, മനഃശാസ്ത്രം, സ്ഥാപനത്തോടുള്ള നമ്മുടെ ആദരവ് ഇതെല്ലാം വ്യക്തമായി 18 അധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. മെന്ററിങ് എന്ന പ്രവൃത്തി മണ്ഡലത്തിലെ അനിവാര്യ ഘടകം ഗുരു സങ്കല്പത്തിലൂടെ ഭഗവാന്‍ നമുക്ക് പറഞ്ഞു തരുന്നു. നമ്മളെല്ലാവരും ഭഗവാന്റെ സൃഷ്ടി ആണെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ ഓരോരുത്തരും അവരവരുടെ തലത്തില്‍ ഇങ്ങനെ പെരുമാറുന്നു എന്നതിന്റെ കാര്യകാരണങ്ങള്‍ ഭഗവദ്ഗീതയിലെ പതിനാറാം അധ്യായമായ ഗുണത്രയ വിഭാഗ യോഗത്തിലൂടെ നമുക്ക് കൃഷ്ണന്‍ എന്ന മഹാഗുരു മനസ്സിലാക്കി തരുന്നു. ഇന്ന് ഭഗവദ്ഗീത പല പാശ്ചാത്യ സര്‍വകലാശാലയിലെയും ഗവേഷണ വിഷയമാണ്. പക്ഷേ നമുക്ക് അതിലൊന്നും താല്പര്യമില്ല. അമ്മ വെച്ച് വിളമ്പിത്തരുന്ന വിഭവങ്ങളെക്കാള്‍ രുചിയുള്ളതാണല്ലോ നക്ഷത്ര ഹോട്ടലിലെ ഭക്ഷണം.
മഹാഭാരതവും ജീവിത പ്രശ്‌നങ്ങളും
ജീവിത പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് ഒരു വേദപുസ്തകവും നമ്മെ പഠിപ്പിക്കുന്നില്ല. എല്ലാ വേദപുസ്തകങ്ങളും നമ്മള്‍ക്ക് ഉപദേശങ്ങള്‍ മാത്രം തരുന്നു. എന്നാല്‍ നമ്മുടെ ബൃഹത്തായ ഇതിഹാസം മഹാഭാരതം ജീവിതത്തില്‍ നമ്മള്‍ അഭിമുഖീകരിക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റി പറയുകയും അതിനുവേണ്ടിയുള്ള പ്രായോഗിക വഴികള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വിദ്യ അഭ്യസിക്കുന്നതില്‍ തനതായ വാദപ്രതിവാദ ശൈലി, കഥകള്‍, ഉപകഥകള്‍ എന്നിവ കൊണ്ട് വളരെ പ്രായോഗികതയുള്ള ഗ്രന്ഥമാണ് ഇത്. ‘ഇതിലുള്ളത് ലോകത്തിലെ പല സ്ഥലത്തും കണ്ടേക്കാം. ഇതിലില്ലാത്തത് ഒരു സ്ഥലത്തും ഉണ്ടാവുകയില്ല’ എന്ന വേദവ്യാസന്റെ വാക്കുകള്‍, പാശ്ചാത്യ മാനേജ്‌മെന്റ് ഗവേഷകനും തത്ത്വശാസ്ത്രജ്ഞനും ആയ മാക്‌സ്മുള്ളര്‍ തന്റെ പ്രഭാഷണങ്ങളില്‍ ഉദ്ധരിക്കുന്നുണ്ട്.
അര്‍ത്ഥശാസ്ത്രവും ചാണക്യനീതിയും….
പല ഇസങ്ങളും പ്രസ്ഥാനങ്ങളും മനുഷ്യ മനസ്സിലെ ഉദ്യമഭാവത്തിന് മങ്ങലേല്‍പ്പിച്ചിരിക്കുന്നത് നമ്മള്‍ കണ്ടു. മൂലധനം ഇല്ലാതെ ഒരു ഉദ്യമവും വിജയപ്രദമാവുകയില്ല. ഈ അടിസ്ഥാനപരമായ സിദ്ധാന്തം വ്യവസായങ്ങള്‍, എംഎസ്എംഇ സംരംഭങ്ങള്‍/ഉദ്യമങ്ങള്‍ എന്നിവയെ എങ്ങനെ സഹായിക്കുന്നു എന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മൗര്യസാമ്രാജ്യം കെട്ടിപ്പടുത്ത വിഷ്ണു ഗുപ്തന്‍ തന്റെ അര്‍ത്ഥശാസ്ത്രം എന്ന മഹദ് ഗ്രന്ഥത്തിലെ ചാണക്യ നീതിയിലൂടെ, പറഞ്ഞുതരുന്നു. മൂലധനം മുടക്കുവാന്‍ ആളില്ലാത്ത ഗ്രാമത്തില്‍ നമ്മള്‍ വസിക്കുന്നത് അര്‍ത്ഥശൂന്യമെന്ന് അദ്ദേഹം പറയുന്നു. അര്‍ത്ഥശാസ്ത്രത്തിലെ പല ടിപ്പണികളും ഇന്നും മനസ്സിലാകാതെ ഗവേഷകന്മാര്‍ നട്ടം തിരിയുമ്പോള്‍ ദൗര്‍ഭാഗ്യം എന്ന് പറയട്ടെ ധനതത്ത്വശാസ്ത്രത്തിലെ ഒരു പ്രധാന ഘടകമാകേണ്ട ഈ കൃതി വിസ്മരിക്കപ്പെട്ടിരിക്കുന്നു
നിയമം മനുവിന്റെ സ്മൃതിയിലൂടെ
ഏതൊരു നിയമ പ്രശ്‌നത്തെയും മൂന്ന് രൂപത്തില്‍ കാണാം.
Legality (നിയമസാധുത)
Morality ( (ധാര്‍മ്മികത)
Probity (സത്യസന്ധത)
Probity എന്ന് വാക്കിന് നിഘണ്ടുവിലെ അര്‍ത്ഥം
“The quality of having strong moral principles; honesty and decency.”
സീതാദേവി തെറ്റൊന്നും ചെയ്തിട്ടില്ല. നിയമപരമായും ധാര്‍മികപരമായും അവര്‍ക്ക് കൊട്ടാരത്തില്‍ വസിക്കുവാനുള്ള എല്ലാ അധികാരവും ഉണ്ട്. എന്നാല്‍ ശ്രീരാമന്‍ എന്ന ഉത്തമപുരുഷന്‍ ചിന്തിച്ചത് Probity എന്ന ഘടകം കൂടി എടുത്തുകൊണ്ടാണ്. രാജ്യം ഭരിക്കാനുള്ള എല്ലാ യോഗ്യതകളും ഉണ്ടായിരുന്നിട്ടും ധൃതരാഷ്ട്രര്‍ക്ക് അത് നഷ്ടപ്പെട്ടത് ഈ ഘടകം വെച്ചുകൊണ്ടാണ്. നമ്മുടെ പുരാതന നിയമ പുസ്തകങ്ങള്‍ ഈ വഴിക്ക് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത് ഈ ഊര്‍ജ്ജം പകര്‍ന്നു കൊണ്ടാണ്
വേദകാലത്ത് എഴുതപ്പെട്ട വേദ ഗണിതം
ശാസ്ത്ര ലോകത്തിലേക്കുള്ള സംഭാവനകള്‍ പാശ്ചാത്യ ലോകത്തില്‍ നിന്ന് മാത്രമാണെന്ന തെറ്റായ ധാരണ നിമിത്തമാണ് ഭൂമിയെ അതിന്റെ അച്ചുതണ്ടില്‍ തിരിക്കുന്നത് ഗണിതമാണെന്ന ശാസ്ത്രവാദം വന്നത്. 1925ല്‍ ശങ്കരാചാര്യരുടെ ഒരു ഓലച്ചൂടിയില്‍ നിന്നും കണ്ടുപിടിക്കപ്പെട്ട വേദഗണിതത്തിന്റെ അപാര ശക്തിയെ പറ്റി നമ്മള്‍ പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ല. വെറും 16 ശ്ലോകങ്ങള്‍ കൊണ്ട് ഗണിതശാസ്ത്രത്തിലെ നിഗൂഢ രഹസ്യങ്ങള്‍ എല്ലാം നമ്മള്‍ക്ക് മനസ്സിലാക്കിത്തരുന്ന വിദ്യ വേദഗണിതത്തിലുണ്ട്.
നമ്മളെ അതിശയപ്പെടുത്തുന്ന എഞ്ചിനീയറിംഗ് അദ്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന പല നിര്‍മ്മിതികളും, കടപയാതി സൂത്രത്തിലൂടെ തന്റെ കൃതി എഴുതി തീര്‍ത്ത ദിവസങ്ങള്‍ ‘ആയുരാരോഗ്യസൗഖ്യം’ എന്ന വരിയില്‍ ഒളിപ്പിച്ചുവെച്ച ഭട്ടതിരിയും, ശ്രീകൃഷ്ണനെ പറ്റിയുള്ള നാലുവരി ശ്ലോകത്തില്‍ ‘പൈ π’ എന്ന സംഖ്യയുടെ മൂല്യം ഒളിപ്പിച്ചതും നമ്മുടെ അറിവിന്റെ കൂമ്പാരങ്ങളില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നു. ക്ഷമയും സമയവും മനഃസ്ഥിതിയും ഉണ്ടെങ്കില്‍ ഇതൊക്കെ നമുക്ക് കണ്ടെത്താവുന്നതാണ്. ലോകത്തിനു മുന്നില്‍ ഭാരതം ഒരു മഹാശക്തിയായി മാറുന്ന ദിവസം വിദൂരതയില്‍ അല്ല……