ഭാവിജീവിതം ഭദ്രമാക്കാന്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് ഓരോ വിദ്യാര്‍ത്ഥിയും കലാലയങ്ങളിലേക്ക് കാലെടുത്തുവയ്ക്കുന്നത്. തുടര്‍പഠനത്തിനായി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്ത് അറിവിന്റെ ലോകത്തേക്ക് വിഹരിക്കാന്‍ എത്തുന്നവര്‍. നിറമുള്ള സ്വപ്‌നങ്ങളുമായി കലാലയജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ കൗമാരക്കാരെ നമ്മുടെ ക്യാമ്പസുകള്‍ എങ്ങനെയാണ് സ്വാഗതം ചെയ്യുന്നത്?
തൊണ്ണൂറുകളിലെ ക്യാമ്പസുകളില്‍ നിന്നും നമ്മുടെ ക്യാമ്പസുകള്‍ ഏറെ മാറിയിരിക്കുന്നു. കുട്ടി നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങള്‍ക്കും ആശയസംവാദങ്ങള്‍ക്കും വാകമരച്ചോട്ടിലെ നിശ്ശബ്ദ പ്രണയങ്ങള്‍ക്കും സാക്ഷിയായ ക്യാമ്പസുകള്‍ ഇന്നില്ല. പകരം നിസ്സഹായരായ കൗമാരക്കാരുടെ രോദനങ്ങളാണ് ക്യാമ്പസുകളിലെ ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നത്.
മനുഷ്യത്വം എന്തെന്ന് തിരിച്ചറിയാത്ത അധികാരത്തിന്റെ ബലത്തില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യം കൈമുതലായുള്ള കുട്ടിസഖാക്കള്‍ ക്യാമ്പസ് അടക്കിവാഴുകയാണ്. മാതൃസംഘടനയുടെ അധികാരത്തിന്റെ പിന്‍ബലത്തില്‍ എസ്.എഫ്‌ഐ എന്ന ഭീകരപ്രസ്ഥാനം നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമങ്ങളുടെ വാര്‍ത്തയാണ് ദിനംപ്രതി പുറത്തുവരുന്നത.് റാഗിംഗ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന പേക്കൂത്തുകള്‍ വിവരിക്കാനോ സംപ്രേക്ഷണം ചെയ്യാനോ കഴിയാതെ വാര്‍ത്താമാധ്യമങ്ങള്‍ നിസ്സഹായരാവുകയാണ്.
വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് അതിക്രൂര പീഡനത്തിനിരയായി ജീവന്‍ വെടിഞ്ഞിട്ട് ഈ ഫെബ്രുവരി 18ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയും നെടുമങ്ങാട് സ്വദേശിയമായ സിദ്ധാര്‍ത്ഥിനെ മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെ 18 പേര്‍ പ്രതികളാണ്. സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ദുരുഹത നിറഞ്ഞ പെരുമാറ്റവും മൃതശരീരത്തിലെ മുറിവുകളും കണ്ടാണ് സിദ്ധാര്‍ത്ഥിന്റെ കുടുംബം പരാതിയുമായി രംഗത്ത് വരുന്നത്.
അതിലൂടെ പുറത്തുവന്നത് കേരള മനഃസാക്ഷിയെ നടുക്കിയ ക്രൂരതയാണ്. ഹോസ്റ്റല്‍ മുറിയിലും സമീപത്തുള്ള കുന്നിന്‍ മുകളിലും വച്ച് അവനെ ബെല്‍റ്റും മൊബൈല്‍ ചാര്‍ജറും കേബിളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. നൂറോളം വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് അവനെ പരസ്യവിചാരണ നടത്തി. രണ്ട് ബെല്‍റ്റുകള്‍ മുറിയുന്നതുവരെ അടിച്ചു. സിദ്ധാര്‍ത്ഥ് നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്. മൂന്നുദിവസത്തോളം തുള്ളിവെള്ളം പോലും ഇറക്കാന്‍ കഴിയാതെ നരകിച്ചുള്ള മരണം. അവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ണ് നിറയാതെ വായിക്കാന്‍ പറ്റില്ല. ശരീരമാസകലം പരിക്കുകള്‍. മൂന്ന് ദിവസം ഭക്ഷണമേ നല്‍കിയില്ല. ഒരു തുള്ളി വെള്ളം പോലും നല്‍കിയില്ല. ‘എന്റെ മകനെ കൊല്ലാക്കൊല ചെയ്യുന്നതിന് മുന്‍പ് ഒരു തുള്ളി വെള്ളമെങ്കിലും നല്‍കിക്കൂടായിരുന്നോ’ എന്ന സിദ്ധാര്‍ത്ഥിന്റെ അച്ഛന്റെ ചോദ്യം തുളച്ചു കയറിയത് മലയാളിയുടെ നെഞ്ചിലേക്കാണ്.
കേസന്വേഷണം വൈകിപ്പിക്കാനും സിബിഐ ഏറ്റെടുക്കുന്നത് തടയാനും ഉന്നതങ്ങളില്‍ ശ്രമങ്ങളും നടന്നു. വെറ്റിനറി സര്‍വ്വകലാശാല വിസിയും ഡീനും വാര്‍ഡനും ഗവര്‍ണര്‍ നടത്തിയ ഇടപെടലിലൂടെ നടപടിയെ നേരിട്ടു. പ്രതികളില്‍ കോളേജ് യൂണിയന്‍ പ്രസിഡന്റ് അരുണ്‍, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഷാന്‍, കോളേജ് യൂണിയന്‍ അംഗം ആസിഫ്ഖാന്‍ തുടങ്ങി മിക്കവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്.
കുറ്റവാളികളില്‍ ചിലരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി സിദ്ധാര്‍ത്ഥിന്റെ കുടുംബം ആരോപിക്കുന്നു. സിദ്ധാര്‍ത്ഥിന്റെ മരണശേഷം ‘തന്നെ സിദ്ധാര്‍ത്ഥ് അപമാനിച്ചു’വെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരെ നടപടിയെടുത്തിട്ടില്ല. ഉന്നതങ്ങളിലെ സ്വാധീനവും അധികാരരാഷ്ട്രീയത്തിന്റെ ഇടപെടലുകളും കുറ്റവാളികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്.
കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിംഗിന്റെ ക്രൂരദൃശ്യങ്ങള്‍ നടുക്കുന്നതാണ്. മനഃസാക്ഷിയുള്ള ആര്‍ക്കും കണ്ടു നില്‍ക്കാന്‍ പറ്റാത്ത ക്രൂരത. സഹപാഠിയെ വിവസ്ത്രനാക്കി കയ്യുംകാലും കെട്ടിയിട്ട് ഡിവൈഡറുകൊണ്ട് ശരീരമാസകലം മുറിവേല്‍പ്പിക്കുന്നു. മുറിവുകളില്‍ ലോഷന്‍ പുരട്ടുന്നു. വേദനകൊണ്ട് നിലവിളിക്കുന്ന വിദ്യാര്‍ത്ഥിയുടെ വായിലേക്കും കണ്ണിലേക്കും ലോഷന്‍ ഒഴിക്കുന്നു. വയറ്റില്‍ കോമ്പസുകൊണ്ട് കുട്ടി ചെകുത്താന്മാര്‍ ചിത്രരചന നടത്തുന്നു. രഹസ്യഭാഗങ്ങളില്‍ ജിമ്മില്‍ ഉപയോഗിക്കുന്ന ഡമ്പല്‍ അടുക്കിവെയ്ക്കുന്നു. താലിബാനിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ നടത്താന്‍ ചങ്കുറപ്പുള്ള ഒരേയൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനമേ കേരളത്തിലുള്ളൂ.
കേസില്‍ ഇരകളായ ആറ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സീനിയറായ അഞ്ച് പേര്‍ക്കെതിരെ പരാതി നല്‍കി. രാഹുല്‍രാജ്, സാമുവല്‍, വിവേക്, ജീവ, റിജിന്‍ജിത്ത്, എന്നിവരാണ് പ്രതികള്‍. ഇതില്‍, പ്രധാന പ്രതിയായ രാഹുല്‍രാജ് ഇടത് അനുകൂല സംഘടനയായ കേരളഗവണ്‍മെന്റ്സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന സെക്രട്ടറിയാണ്.
കാര്യവട്ടത്ത് ഗവണ്‍മെന്റ് കോളേജില്‍ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികളായ ഏഴ് പേര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പ്രിന്‍സിപ്പാളിനും കഴക്കൂട്ടം പോലീസിനും പരാതി നല്‍കിയിരിക്കുന്നു. കാല്‍മുട്ടില്‍ നിലത്തുനിര്‍ത്തി മര്‍ദ്ദിച്ചു. കുടിക്കാന്‍ തുപ്പിയ വെള്ളം നല്‍കി. യൂണിയന്‍ ഓഫീസില്‍ വെച്ച് നടത്തിയ മര്‍ദ്ദനം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരകള്‍ മാറുമെങ്കിലും പ്രതിസ്ഥാനം എപ്പോഴും എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ കുത്തകയാണ്. ഈ സംഭവത്തിലും സ്ഥിതി വ്യത്യസ്തമല്ല. അലന്‍, വേലു, സല്‍മാന്‍, അനന്തന്‍, ശ്രാവണ്‍ ഇമ്മാനുവല്‍, പാര്‍ത്ഥന്‍ എന്നീ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ഇത്തരം നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേരളത്തിലെ ക്യാമ്പസുകളില്‍ നിന്നും ഉയരുന്ന ഈ രോദനങ്ങള്‍ എന്നാണ് നിലയ്ക്കുക? സഹപാഠിയുടെ രോദനം ഉയരുമ്പോഴും നിസ്സഹായ മൗനത്തെ കൂട്ടുപിടിക്കുന്ന യുവത്വം, നാളെ പ്രതികരണശേഷിയില്ലാത്ത നിര്‍ജ്ജീവ സമൂഹമായി മാറും.
എന്താണ് റാഗിംഗ്
നിറം, വംശം, മതം, ജാതി, ലിംഗഭേദം (ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ), ലൈംഗിക ആഭിമുഖ്യം, രൂപം, ദേശീയത, പ്രാദേശിക ഉദ്ഭവം, ഭാഷാപരമായ ഐഡന്റിറ്റി, ജനനസ്ഥലം, താമസസ്ഥലം, സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ ലക്ഷ്യം വച്ചുള്ള ശാരീരികമോ മാനസികമോ ആയ ഏതൊരു പ്രവൃത്തിയും റാഗിംഗാണ്.
അപക്വമായ മനസ്സിനുടമകളാണ് റാഗിംഗിന് നേതൃത്വം നല്‍കുന്നത്. ചെയ്യുന്ന പ്രവൃത്തിയില്‍ യാതൊരു കുറ്റബോധവും തോന്നാത്ത ഇവര്‍, ഇരയുടെ വേദനയില്‍ സന്തോഷം കണ്ടെത്തുകയും അവരെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്യുകയും ചെയ്യുന്നു.
റാഗിംഗിന് ഇരയാകുന്നവര്‍ പലപ്പോഴും പഠനം പാതിവഴിയില്‍ നിര്‍ത്തുകയോ ആത്മഹത്യയെ അഭയം പ്രാപിക്കുകയോ ചെയ്യുന്നു. വിഷാദം, അകാരണമായ ഭയം, നിരാശ, സ്വയം ഉള്‍വലിയല്‍, ജീവിതത്തോട് വിരക്തി, ഒന്നിലും താല്പര്യമില്ലായ്മ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ അദ്ധ്യാപകരോ രക്ഷിതാക്കളോ അറിയണമെന്നില്ല. ഭയം മൂലം പുറത്തുപറയാന്‍ കുട്ടികളും മടിക്കുന്നു. നന്നായി പഠിച്ച് ഉന്നതനിലയിലെത്തേണ്ട പല വിദ്യാര്‍ത്ഥികളുടെയും ഭാവി ഇരുളടയുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു ദേശീയ ആന്റി റാഗിംഗ് ഹെല്‍പ്പ് ലൈന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ പേര് വെളിപ്പെടുത്താതെ പരാതി നല്‍കാം. 2007 മെയ് മാസത്തില്‍ സുപ്രീംകോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് പ്രകാരം വിദ്യാഭ്യാസസ്ഥാപന മേധാവി, റാംഗിംഗ് സംബന്ധിച്ച പരാതി പോലീസിനെ അറിയിച്ച് എഫ്‌ഐആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. കേരള സര്‍ക്കാര്‍ റാഗിംഗ് നിരോധന നിയമം പാസ്സാക്കുന്നത് 1998ലാണ്. 2022 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 14 വരെ യുജിസി ആന്റി റാഗിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കണക്ക് പ്രകാരം കേരളത്തില്‍ നിന്നും 103 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. റാഗിംഗിന് ഇരയാവുന്ന വിദ്യാര്‍ത്ഥിക്കോ മാതാപിതാക്കള്‍ക്കോ രക്ഷകര്‍ത്താവിനോ അദ്ധ്യാപകനോ പരാതി നല്‍കാം. സ്ഥാപന മേധാവി, ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായാല്‍ പോലീസിനെ അറിയിക്കുകയും ആരോപണവിധേയനെ സസ്‌പെന്‍ഡ് ചെയ്യുകയും വേണം. റാഗിംഗ് നടത്തിയെന്ന് തെളിഞ്ഞാല്‍ 10000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കുന്നതാണ്. മൂന്ന് വര്‍ഷത്തേക്ക് മാറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പഠിക്കാന്‍ സാധിക്കുന്നതല്ല. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത സ്ഥാപന അധികാരി ചെയ്യുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
പല വിദ്യാലയങ്ങളിലും ഇന്ന് റാഗിംഗിന്റെ പേരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. ക്യാമ്പസുകളിലെ റാംഗിംഗ് ഇല്ലാതാക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും മുന്നോട്ടുവരണം. ആന്റി റാഗിംഗ് സെല്ലുകള്‍, പിടിഎയുടെ നേതൃത്വത്തില്‍ രൂപീകരിക്കണം. ഇരകള്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതോടൊപ്പം കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയും വേണം. കുട്ടികള്‍ക്ക് തങ്ങള്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ പറ്റുന്ന കുടുംബാന്തരിക്ഷം സൃഷ്ടിക്കപ്പെടണം. സഹാനുഭൂതിക്കും സ്‌നേഹത്തിനും പകരം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ക്യാമ്പസില്‍ നിരോധിക്കണം.