ഏതൊരു നാടിന്റെയും പൈതൃകത്തിന്റെ അടയാളങ്ങളാണ് നാടോടിപ്പാട്ടുകളും നാടോടിക്കഥകളും. കൗതുകത്തിലൂന്നിയ നിഷ്‌കളങ്കതയാണ് ഇവയുടെ മുഖമുദ്ര. പലപ്പോഴും ഈ കഥകളിലൂടെ അനശ്വരമായ മൂല്യബോധങ്ങളും തലമുറകളിലേക്ക് പകരാറുണ്ട്.
അങ്ങനെയൊക്കെ പ്രചാരത്തിലുള്ള, കേരളത്തിന്റെ, പ്രത്യേകിച്ച് കടത്തനാടിന്റെ വിഖ്യാതമായ വടക്കന്‍ പാട്ടുകള്‍. രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇപ്പോഴത്തെ വടകരയും പരിസരത്തുമായി ജീവിച്ചിരുന്ന, വലിയ അഭ്യാസികളായ ചേകവര്‍ കുലത്തിലെ ആയുധാഭ്യാസത്തിനു പേരുകേട്ട ചിലരുടെ കഥകളാണ് ഇങ്ങനെ വായ്‌മൊഴിയായി പ്രചാരത്തിലായത്.
അറുപതുകളിലെ മലയാളസിനിമയുടെ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലത്ത്, ഉദയ സ്റ്റുഡിയോയുടെ ബാനറില്‍, കുഞ്ചാക്കോ, ശാരംഗപാണി കൂട്ടുകെട്ടിലൂടെ സത്യനും നസീറും ലളിത പദ്മിനി രാഗിണിമാരും തകര്‍ത്തഭിനയിച്ച് ഇറങ്ങിയ സിനിമകളിലൂടെയാണ് വടക്കന്‍ പാട്ടുകളുടെ പെരുമ കേരളം മുഴുവന്‍ വ്യാപിച്ചത്. വടക്കന്‍ പാട്ടുകളിലെ വ്യാപാരസാധ്യതയുള്ള ഭാഗങ്ങളെ തെരഞ്ഞെടുത്തത്, സിനിമയുടെ എല്ലാ അവസരങ്ങളെയും അന്നത്തെ രീതിയില്‍ ഉപയോഗിച്ച് ഇറങ്ങിയ ഈ പടങ്ങളുടെ കലാമൂല്യം ഇക്കാലത്ത് വിലയിരുത്തുന്നതില്‍ കാര്യമില്ല എങ്കിലും ശരാശരിക്ക് മുകളിലുള്ള ഒരു സിനിമ പോലും ഈ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്ന് പറയാതെ വയ്യ. വയലാര്‍, പി ഭാസ്‌കരന്‍, ദേവരാജന്‍ തുടങ്ങിയ യുഗപ്രഭാവന്മാര്‍ നല്‍കിയ അനശ്വര ഗാനങ്ങളായിരുന്നു ആ പടങ്ങളുടെ നട്ടെല്ല്.
അതുകൊണ്ടുതന്നെ 1989ല്‍,വടക്കന്‍ പാട്ടുകളെ അടിസ്ഥാനമാക്കി എംടി വാസുദേവനായര്‍ എഴുതി, ഹരിഹരന്റെ സംവിധാനത്തില്‍ ‘ഒരു വടക്കന്‍ വീരഗാഥ’ റിലീസ് ചെയ്യുമ്പോള്‍ അന്നത്തെ സിനിമാപ്രേമികളില്‍ ചെറുതല്ലാത്ത ആശങ്ക ഉണ്ടായിരുന്നു. എഴുതുന്നത് എംടി ആയത് കൊണ്ട് ആകാംക്ഷയും.
പക്ഷേ പാടിപ്പതിഞ്ഞ ആരോമല്‍ ചേകവര്‍, ചന്തു, ഉണ്ണിയാര്‍ച്ച, അരിങ്ങോടര്‍ എന്നിവരുടെ പ്രതിച്ഛായകളെ തകിടം മറിച്ചുകൊണ്ട് വീരഗാഥ മലയാളസിനിമയിലെ ഒരു ഇതിഹാസചിത്രമാകുന്നതാണ് കണ്ടത്. അതുണ്ടാക്കിയ തുടര്‍ചലനങ്ങള്‍ മൂന്നര പതിറ്റാണ്ടിനിപ്പുറവും തുടരുന്നു എന്നതാണ് ഇപ്പോള്‍ ആധുനിക ഫോര്‍മാറ്റില്‍ വീരഗാഥ റീ റിലീസ് ചെയ്യുമ്പോള്‍ കാണുന്നത്.
പാടിക്കേട്ട കഥകളിലെയും കണ്ടുമറന്ന സിനിമകളിലെയും ഉണ്ണിയാര്‍ച്ച വീരവനിതയും പതിവ്രതയുമായിരുന്നു. ആരോമല്‍ ചേകവര്‍ വീരന്മാരില്‍ വീരനായിരുന്നു. അരിങ്ങോടര്‍ എന്ത് കുടിലതയും ചെയ്യുന്ന കുറുക്കനായിരുന്നു, ചന്തു കൊടും ചതിയുടെ പര്യായമായിരുന്നു. എന്നാല്‍ വടക്കന്‍ പാട്ടുകളുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയപ്പോള്‍, പരാമര്‍ശിച്ചു പോകുന്ന ചില ഭാഗങ്ങളും വരികള്‍ക്കിടയിലെ നിശ്ശബ്ദതകളും ചേര്‍ത്തുവെച്ചപ്പോള്‍ എംടി എന്ന ജീനിയസ്സിന്റെ തൂലികയില്‍ ഒരു ഇതിഹാസം പിറന്നു. പാടിപ്പതിഞ്ഞ കഥകള്‍ക്കപ്പുറവും ചില സത്യങ്ങളുണ്ട് എന്ന തിരിച്ചറിവില്‍, മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുടെ മനസ്സുകളിലൂടെ സഞ്ചരിച്ചപ്പോള്‍, അഭ്യാസികള്‍ എന്നതിനപ്പുറം തീഷ്ണവികാരങ്ങളുള്ള മനുഷ്യര്‍ കൂടിയായിരുന്നു അവര്‍ എന്ന് മനസ്സിലാക്കിയാണ് എംടി ഈ രചന നടത്തിയിരിക്കുന്നത്.
അനാഥനായ മരുമകനെ പുത്തൂരം വീട്ടിലേക്ക് കണ്ണപ്പ ചേകവര്‍ കൂട്ടിക്കൊണ്ടു വരുമ്പോഴുള്ള ഒരു ആത്മഗതത്തിനു ഒരുപാട് മാനങ്ങളുണ്ട്…’ചൂതിനു പൊന്‍പണം വെച്ച് തായം കളിക്കാന്‍ പഠിച്ച കുട്ടികള്‍. വാള്‍ക്കണയിലെ ചോറുകൊണ്ട് മാത്രം കഴിഞ്ഞ പേരില്ലാത്ത ചേകവന്റെ മകന് അത് സ്വന്തം വീടായി തോന്നിയില്ല. അമ്മാവനിടക്കങ്ങനെ പറയുമായിരുന്നങ്കിലും.’
എല്ലാമുണ്ടായിട്ടും ഇല്ലാത്തവനായി മാറുന്ന, അര്‍ഹതയുള്ളതെല്ലാം തട്ടിയെടുക്കപ്പെട്ട് നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്ന മനുഷ്യരുടെ വിഹ്വലതകള്‍ എന്നും എംടിയുടെ പ്രിയപ്പെട്ട വിഷയമാണ്. കാലത്തിലെ സേതുവിലും, അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയിലും, രണ്ടാമൂഴത്തിലെ ഭീമനിലും നമുക്കവരെ കാണാം.. വീരഗാഥയിലെ ചന്തുവും അങ്ങനെയൊരു കഥാപാത്രമാണ്. അഭ്യാസത്തിലും കായബലത്തിലും ആരോമലിനേക്കാള്‍ മുന്നില്‍ നില്‍ക്കുമ്പോഴും എല്ലായിടത്തും തഴയപ്പെടുന്ന ചന്തുവിനെയാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നത്. ചെറുബാല്യത്തില്‍ പറഞ്ഞുവെച്ച മുറപ്പെണ്ണ് ഉണ്ണിയാര്‍ച്ചയെയും നഷ്ടപ്പെടുന്നതോടെ പുത്തൂരം വീട് വിട്ടിറങ്ങുന്ന ചന്തുവിനെ പിന്നെ കാണുന്നത് അരിങ്ങോടരുടെ കളരിയിലാണ്.
ഈ ചിത്രത്തില്‍ ഏറ്റവും അദ്ഭുതപ്പെടുത്തുന്ന ഒരു കഥാപാത്രമാണ് ക്യാപ്റ്റന്‍ രാജു അവതരിപ്പിക്കുന്ന അരിങ്ങോടര്‍. അവസാനം വരെ ചേകവര്‍ക്ക് പഠിക്കാനെന്തെങ്കിലും കാണുമല്ലോ എന്ന ചോദ്യത്തിന്, അവസാനത്തെ പഠിപ്പിന്റെ ആവശ്യം ആര്‍ക്കുംവരില്ല എന്ന മറുപടിയുടെ ദാര്‍ശനിക മാനങ്ങള്‍ വളരെ വലുതാണ്. മുള്ളു മൂത്ത മീനിന്റെയും വരിക്കപ്ലാവിലെ ചക്കയുടെയും കണക്ക് പറഞ്ഞു അങ്കം കുറിക്കുന്ന നാടുവാഴികള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും വേണ്ടി കൊല്ലാനും ചാകാനും വിധിക്കപ്പെട്ട ചേകവന്റെ നിസ്സഹായത പറയുന്നിടത്ത് അക്കാലത്തെ ഫ്യൂഡല്‍ വ്യവസ്ഥയോടുള്ള ശക്തമായ വിമര്‍ശനവുമുണ്ട്. ഈ പടം യാഥാസ്ഥിതിക വാദികളുടെ ശക്തമായ വിമര്‍ശനത്തിന് വിധേയമായ കാരണങ്ങള്‍ വേറെയാണ്. അതില്‍ പ്രധാനം ഉണ്ണിയാര്‍ച്ചയെ മോശമായി ചിത്രീകരിച്ചു, ചതിയന്‍ ചന്തുവിനെ നല്ലവനാക്കി, ആരോമാര്‍ ചേകവരെ വില്ലനാക്കി എന്നതാണ് ആരോപണങ്ങള്‍..
ഇതിനെല്ലാം കൃത്യമായ ഉത്തരങ്ങള്‍ വടക്കന്‍ പാട്ടില്‍ തന്നെയുണ്ട് എന്നതാണ് രസകരം. ചന്തു ചതിയനാണ് എന്ന് ഉറപ്പുണ്ടങ്കില്‍ എന്തിനാണ് കണ്ണപ്പ ചേകവരും, ഉണ്ണിയാര്‍ച്ചയും, അടക്കമുള്ള എല്ലാവരും അരോമലിനു തുണ പോകാന്‍ ചന്തുവിനെ തന്നെ നിര്‍ബന്ധിക്കുന്നത്. അങ്കത്തിനിടയില്‍ ചുരിക മുറിഞ്ഞപ്പോള്‍ മാറ്റം ചുരിക കൊടുക്കാതെ ചതിച്ച ചന്തുവിന്റെ മടിയില്‍ തന്നെ ആരോമല്‍ തലവെച്ച് കിടന്ന് ഉറങ്ങി എന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. അപ്പോള്‍ അതിനപ്പുറമുള്ള എന്തൊക്കെയോ നടന്നിട്ടുണ്ട് എന്നത് തികച്ചും യുക്തിസഹമായ ചിന്തയാണ്.
ആരോമലിനു തുണപോകാന്‍ ചന്തുവിനെ ഉണ്ണിയാര്‍ച്ച നിര്‍ബന്ധിക്കുമ്പോള്‍.
‘നിന്നുടെ മായങ്ങളെനിക്കറിയാം
നിന്നുടെ വാക്കുകള്‍ കേട്ടൊരുനാള്‍
കുമരം പുഴഞാനും നീന്തിവന്നു
തുപ്പുന്ന കോളാമ്പി കൊണ്ടെറിഞ്ഞു…’
അപ്പോള്‍ ഉണ്ണിയാര്‍ച്ച
”ആങ്ങള അങ്കം ജയിച്ചുവന്നാല്‍
നിങ്ങള്‍ക്ക് പെണ്ണായിരുന്നുകൊള്ളാം ‘
ഇത് വടക്കന്‍ പാട്ടുകളില്‍ ഉള്ള വരികളാണ്… ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്. ആ കാലത്തിന്റെ സദാചാര ബോധ്യങ്ങളെ ഇന്നത്തെ പരിതഃസ്ഥിതിയില്‍ നിന്ന് വിലയിരുത്തുന്നതിന്റെ പ്രശ്‌നങ്ങളാണ് വിമര്‍ശനങ്ങളായി വരുന്നത്. എപ്പോള്‍ വേണമെങ്കിലും കൂടെക്കഴിയുന്ന ആണിനെ വേണ്ടാന്ന് വെയ്ക്കാനുള്ള അവകാശം അക്കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍..
ധീരത, അഭ്യാസമികവ് എന്നതിനേക്കാള്‍ ഇവരിലെ മനുഷ്യരിലൂടെയാണ് എംടി സഞ്ചരിച്ചത്, അങ്ങനെയൊരു ട്രീറ്റ്‌മെന്റ് അതിനു മുമ്പ് ഉണ്ടായിട്ടില്ല.
ഈ പടത്തിന്റെ മുഖമുദ്രയാകുന്നത് കാലത്തിനെ അതിജീവിക്കുന്ന സംഭാഷണങ്ങളാണ്. സാഹിത്യസമ്പന്നമായ, ദൂരവ്യാപകമായ, പലപ്പോഴും ദാര്‍ശനിക മാനങ്ങളുള്ള ഇത്രയധികം സംഭാഷണങ്ങള്‍ മറ്റൊരു സിനിമയിലും ഉണ്ടായിട്ടില്ല. അതില്‍ ചിലത്.
‘ചേകവര്‍ കണക്കു തീര്‍ക്കുന്നത് പണമെറിഞ്ഞല്ല, ചുരികത്തലപ്പുകൊണ്ടാണ്’.
‘രഹിതമുണ്ടന്നു വരുത്തുവാന്‍ തമ്പുരാക്കന്മാര്‍ക്ക് എന്തെങ്കിലുമൊക്കെ പറയണമല്ലോ..’
‘അമ്മാവന്റെ വാക്കുകളുടെ മേളം മനസ്സിലുണ്ട്, ഒരു മന്ദഹാസത്തിന്റെ പകല്‍പ്പൂരവും’.
‘നീയടക്കമുള്ള പെണ്‍വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും, ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും’.
ഇങ്ങനെയിങ്ങനെ കാലാതിവര്‍ത്തിയായ ഇതിലെ ഡയലോഗുകള്‍ മലയാളസിനിമ ഉള്ള കാലത്തോളം നിലനില്‍ക്കും.
അനിമേഷനും, എഐ യും,ഗ്രാഫിക്‌സും ഒന്നുമില്ലാത്ത മൂന്നര പതിറ്റാണ്ട് മുമ്പ് എടുത്ത ഈ സിനിമയുടെ പൂര്‍ണ്ണത അദ്ഭുതപ്പെടുത്തുന്നതാണ്. മമ്മൂട്ടി ചന്തുവായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. ബാലന്‍.കെ നായര്‍, സുരേഷ് ഗോപി, മാധവി തുടങ്ങി അതിസൂക്ഷ്മമായി തെരഞ്ഞെടുക്കപ്പെട്ട നടീനടന്മാര്‍.കൈതപ്രം, ജയകുമാര്‍, രവി ബോംബെ ടീമിന്റെ സംഗീതവും ഗാനങ്ങളും..എന്നുവേണ്ട സിനിമയുടെ സമസ്തമേഖലയിലും പൂര്‍ണ്ണത പുലര്‍ത്തുന്ന ഈ ചിത്രം സിനിമാ പ്രേമികളുടെ ഒരു പാഠപുസ്തകമാണ്. അവസാന രംഗത്ത് ചന്തു സ്വയം മരിച്ചു വീഴുന്ന രംഗത്ത് പോലും അതീവ സൂക്ഷ്മതയാണ് പുലര്‍ത്തുന്നത്. ആരോമലുണ്ണിക്ക് തല വെട്ടിയെടുക്കാന്‍ പാകത്തിലാണ് ചന്തു വീഴുന്നത്. ഒരു ചലച്ചിത്രകാരന്‍ എത്രത്തോളം സൂക്ഷ്മദൃക്കായിരിക്കണം എന്നതിന്റെ ഉദാഹരണമാണിത്.
ചൊല്ലിക്കേട്ട, നാദാപുരത്തെ ജോനകരെ വിറപ്പിച്ച ഉണ്ണിയാര്‍ച്ചയുടെ ധീരതയും, ആരോമല്‍ ചേകവരുടെ അഭ്യാസപാടവവുമെല്ലാം ഈ പടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സിനിമയുടെ ഉള്ളടക്കം അവയല്ലാത്തത് കൊണ്ട് വിശദമാക്കുന്നില്ല എന്നേ ഉള്ളൂ. ഈ ലോകം ജയിക്കുന്നവരുടേത് മാത്രമല്ല, തോല്‍ക്കുന്നവരുടേതും കൂടിയാണ്, തോല്‍ക്കാന്‍ ആളുണ്ടങ്കില്‍ മാത്രമേ ജയത്തിനു പ്രസക്തിയുള്ളൂ. ജയം അര്‍ഹിക്കുന്നവരുടെ തോല്‍വി അവരുടേത് മാത്രമല്ല, എല്ലാവരുടെയും കൂടി പാഠങ്ങളാണ് എന്ന മഹാസത്യം കൂടിയാണ് വീരഗാഥ നമ്മോട് പറയുന്നത്.
എന്തായാലും പാടിപ്പതിഞ്ഞ കഥകളുടെ പുനരാവിഷ്‌കാരത്തിനു നമുക്കൊരു എംടി യുടെ ആവശ്യമില്ലല്ലോ. ആ യുഗധര്‍മ്മം എംടിയും ഹരിഹരനും ഇവിടെ നിര്‍വ്വഹിക്കുന്നുമുണ്ട്.