ഏതാണ്ട് 66 കോടി ജനങ്ങള്‍ വിശുദ്ധസ്‌നാനത്തില്‍ പങ്കെടുത്തതോടെ പ്രയാഗ്‌രാജിലെ മഹാകുംഭമേള ലോക ത്തേറ്റവും വലിയ ആദ്ധ്യാത്മിക സംഗമമായി ചരിത്രത്തിലിടംപിടിച്ചുകഴിഞ്ഞു. വളരെ വലിയ ഈ ജനസഞ്ചയത്തിനെ അങ്ങേയറ്റത്തെ കാര്യക്ഷമതയോടും, അവധാനതയോടും കൂടി നിയന്ത്രിക്കുന്നതില്‍ ഒരു ഭരണകൂടമെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തു.
കുംഭമേള തന്നെ ഒരത്ഭുതമാണെങ്കില്‍ ഇത്തവണത്തെ കുംഭമേളയുടെ പഴുതേതുമില്ലാത്ത നടത്തിപ്പ് മറ്റൊരു മഹാത്ഭുതമായി മാറി. ഭാരതവര്‍ഷത്തിന്റെ ജീവാത്മാവായ ആര്‍ഷഭാരത സംസ്‌കാരത്തിന് കുംഭമേളയുടെ ചരിത്രപരമായ വിജയം നല്‍കിയ ഉണര്‍വ് ചെറുതല്ല. എന്നാല്‍ കുംഭമേളയുടെ ഈ മഹത്തായ വിജയവും, അതില്‍നിന്ന് രാജ്യത്തിന്റെ പ്രത്യേകിച്ച് ഉത്തര്‍പ്രദേശിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ഉണര്‍വും തത്പര കക്ഷികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവര്‍ കുംഭമേളയ്ക്കെതിരെ വിവിധ പ്രസ്താവനകളുമായി രംഗത്തു വന്നു.
കുംഭമേളക്കെതിരെയുള്ള ആദ്യ പ്രസ്താവന നടത്തിയത് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാനാ മുഫ്തി ഷഹാബുദ്ദീന്‍ റിസ്വി ബറേല്‍വിയായിരുന്നു. മഹാ കുംഭമേളയില്‍ പങ്കെടുത്ത് മുസ്ലീങ്ങള്‍ മതം മാറുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭയം. അങ്ങനെ മുസ്ലീങ്ങളെ മതം മാറ്റാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പരിപാടികളനുവദിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയാള്‍ കത്തെഴുതുക പോലുമുണ്ടായി. കുംഭമേള നടക്കുന്നത് വഖ്ഫ് ഭൂമിയിലാണെന്നും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാതെ മുസ്ലീങ്ങള്‍ വലിയ മനസ്സ് കാണിക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
രാജ്യത്തിന്റെ പ്രധാന പ്രതിപക്ഷ കക്ഷിയായ ഇന്ദിരാ കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘ഗംഗയില്‍ മുങ്ങി കുളിക്കുന്നത് ദാരിദ്ര്യം ഇല്ലാതാക്കുമോ’ എന്ന കേവലം ഉപരിപ്ലവമായ ചോദ്യമായിരുന്നു ഉയര്‍ത്തിയത്. ‘കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുമ്പോഴും സ്‌കൂളില്‍ പോകാന്‍ കഴിയാതെയും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെയും ഇരിക്കുമ്പോഴും ഹിന്ദു നേതാക്കള്‍ ഗംഗയില്‍ മുങ്ങി കുളിക്കാന്‍ മത്സരിക്കുന്നു’ എന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ ശേഷമുളള 80 വര്‍ഷങ്ങളില്‍ ഏതാണ്ട് 18 വര്‍ഷങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാ തവണയും ഈ രാജ്യം ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റാണ് ഇത് പറഞ്ഞത്. കുട്ടികള്‍ പട്ടിണി കിടന്നു മരിക്കുകയും, സ്‌കൂളില്‍ പോകാന്‍ കഴിയാതിരിക്കുകയും തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെ ഇരിക്കുകയും ചെയ്തിരുന്ന ഒരു ചരിത്രം ഈ രാജ്യത്ത് ഉണ്ടായിരുന്നു. അത് 2014 മുമ്പായിരുന്നു എന്ന് വസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അങ്ങനെയുള്ള എല്ലാ കുറവുകളുടെയും ഉത്തരവാദിയായ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രസിഡന്റ്, ആ കുറവുകളെ സനാതനധര്‍മ്മത്തിനെതിരെയുള്ള ആക്രമണത്തിനായി ഉപയോഗിക്കുന്ന ജുഗുപ്‌സാവഹമായ ചിത്രമാണ് ഖാര്‍ഗെയുടെ വിമര്‍ശനത്തില്‍ ഭാരതം കണ്ടത്.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍ പിന്നെ മഹാകുംഭമേളക്കെതിരെ വാളെടുത്തത് സമാജ് വാദി പാര്‍ട്ടിയാണ്. ഉത്തര്‍പ്രദേശിലെ ഖാസിപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടിയുടെ എംപി അഫ്‌സല്‍ അന്‍സാരി കുംഭമേളയ്‌ക്കെതിരെ കടുത്ത അധിക്ഷേപമാണ് ഉയര്‍ത്തിയത്. ഫെബ്രുവരി 12ന് ഷാദിയാബാദില്‍ നടന്ന പൊതുപരിപാടിക്കിടെ അവിടെ കൂടിയിരുന്ന ഹിന്ദുവിരുദ്ധരായ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി അഫ്‌സല്‍ അന്‍സാരി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ‘മഹാകുംഭത്തില്‍ കുളിച്ചാല്‍ ഒരാള്‍ പാപങ്ങള്‍ കഴുകി ശുദ്ധനാകും എന്നാണ് പറയപ്പെടുന്നത്, അങ്ങനെയെങ്കില്‍ കുംഭമേള കഴിഞ്ഞാല്‍ നരകത്തില്‍ ആളുണ്ടാകില്ല സ്വര്‍ഗ്ഗം ആളുകളെക്കൊണ്ട് നിറയും’ ഇങ്ങനെയാണ് അന്‍സാരി പറഞ്ഞത്.
സമാജ്മാദി പാര്‍ട്ടിയുടെ പരമോന്നത നേതാവായ അഖിലേഷ് യാദവ് കുംഭമേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തിരുന്നു. എന്നാല്‍ ഓരോ സന്ദര്‍ഭത്തെയും രാഷ്ട്രീയവത്കരിക്കാനുള്ള സൃഗാല ബുദ്ധിയാണ് അദ്ദേഹം പ്രയോഗിച്ചത്. മഹാ കുംഭമേള എന്നൊന്നില്ലെന്നും, അതിനു ചെലവാക്കുന്ന പണം പാഴാണെന്നും, അങ്ങനെ സര്‍ക്കാരിന് കൂടുതല്‍ പണം പാഴാക്കാന്‍ വേണ്ടിയാണ് ഈ പേര് ഉപയോഗിച്ചതെന്നും കുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം നടത്തിയ ശേഷം അഖിലേഷ് പറഞ്ഞു. അഖിലേഷ് യാദവിന്റെ ബീഹാറിലെ ഇരട്ടയായ ലാലു പ്രസാദ് യാദവും കുംഭമേളയ്‌ക്കെതിരെ രംഗത്തെത്തി. എങ്ങനെയാണ് കോടിക്കണക്കിന് ആളുകള്‍ പ്രയാഗ്‌രാജിലേക്ക് എത്തുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘കുംഭമേളയ്ക്ക് അര്‍ത്ഥമില്ല, അത് അര്‍ത്ഥശൂന്യമാണ്’ എന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ മറുപടി.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും കുംഭമേളയെ അധിക്ഷേപിച്ചു. പ്രയാഗ്‌രാജില്‍ നടക്കുന്നത് മഹാകുംഭമേളയല്ല മൃത്യുകുംഭമാണ് എന്ന രീതിയിലായിരുന്നു മമതയുടെ പ്രസ്താവന. നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും കുംഭമേളയെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ചു. പ്രയാഗ്‌രാജ് സന്ദര്‍ശിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ‘താന്‍ എല്ലാദിവസവും കുളിക്കുന്ന ആളാണെന്നും ഞാന്‍ വീട്ടില്‍ കുളിച്ചു കൊള്ളാം’ എന്നും ആക്ഷേപകരമായ ആംഗ്യങ്ങളുടെ അകമ്പടിയോടെ ഫാറൂഖ് അബ്ദുള്ള പറയുകയായിരുന്നു.
അമൃത സ്‌നാനം നടത്തിയ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ഡി.കെ. എസ്. ഹെഗ്‌ഡെയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായി. എന്നാലും അവര്‍ തന്റെ സുവ്യക്തമായ നിലപാട് അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് രംഗത്ത് വന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി മലയാളികള്‍ ഇക്കുറി കുംഭമേളയില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് പ്രയാഗ്‌രാജിലേക്ക് സെലിബ്രിറ്റികളുടെ ഒഴുക്കായിരുന്നു എന്ന് തന്നെ പറയണം. പക്ഷേ കുംഭമേളയില്‍ സ്‌നാനം ചെയ്ത ഫോട്ടോകളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തവരെ വളഞ്ഞിട്ട് ആക്രമിക്കാനും അധിക്ഷേപിക്കുവാനും തയ്യാറായി ഒരു സംഘം സൈബര്‍ ഗുണ്ടകള്‍ കേരളത്തിലുണ്ടായിരുന്നു എന്നത് വ്യക്തമാണ്. സിനിമാ സീരിയല്‍ താരമായ ശ്രീക്കുട്ടിയുടെ സോഷ്യല്‍ മീഡിയയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. പുണ്യ സ്‌നാനത്തിന്റെ ചിത്രം അപ്‌ലോഡ് ചെയ്തതിനുശേഷം വ്യക്തിപരമായിപ്പോലും നിരവധി മെസ്സേജുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ‘നീ ഈ നാടിനു ശാപമാണ്’ എന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്. പുറത്തുപറയാന്‍ കൊള്ളാത്ത വിധത്തിലുള്ള പേഴ്‌സണല്‍ മെസേജുകളും വന്നതായി അവര്‍ തന്നെ സ്ഥിരീകരിച്ചു. അഹിന്ദുക്കളും ചില പ്രത്യേക രാഷ്ട്രീയകക്ഷിയിലും പെട്ട ആളുകളാണ് ഇതിനുപിന്നില്‍ എന്നും അവര്‍ പറഞ്ഞു.
കുംഭമേളയില്‍ പോയി വന്ന ശേഷമുള്ള സി.കെ.വിനീത് എന്ന ഫുട്‌ബോളറുടെ പ്രകടനം മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു. കുംഭമേള ആള്‍ക്കൂട്ടം മാത്രമാണെന്നാണ് ഇയാളുടെ നിലപാട്. താന്‍ കുംഭമേളയില്‍ കുളിച്ചില്ലെന്നും ചൊറി വരുത്താന്‍ താല്പര്യമില്ലെന്നും സി.കെ. വിനീത് പ്രസ്താവിച്ചു.
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധി, അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധി, അവരുടെ മാതാവായ സോണിയ, എന്നിവരും, ശിവസേന യുബിടി നേതാവായ ഉദ്ധവ് താക്കറെ എന്നിവരും മഹാ കുംഭമേളയില്‍ പങ്കെടുക്കാതെ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചവരാണ്.
ആദ്ധ്യാത്മികത ചാലകമാക്കി ലോകത്തിന്റെ പല ഭാഗങ്ങളിലും പല മതങ്ങളും സംഗമങ്ങള്‍ നടത്തുന്നുണ്ട്. ക്രൈസ്തവരും മുസ്ലിങ്ങളും സിഖുകാരും ഒന്നും ഇതില്‍ പിന്നിലല്ല. അത്തരം സംഗമങ്ങളെ സനാതന ധര്‍മ്മ വിശ്വാസികളായ ഹിന്ദുക്കള്‍ അധിക്ഷേപിക്കുകയോ ആക്രമിക്കുകയോ ചെയ്യാറില്ല. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഹൈന്ദവരുടെ ഈ പുണ്യമേളയെ അധിക്ഷേപിക്കുവാനും താഴ്ത്തിക്കെട്ടുവാനും രംഗത്ത് വന്ന ആളുകളെ പൊതുജനമധ്യത്തില്‍ തുറന്നു കാട്ടേണ്ടത് അത്യാവശ്യമാണ്.