മന്ത്രി അബ്ദുറഹിമാന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത് തങ്ങളുടെ വോട്ടു കൊണ്ടാണെന്ന് എസ്.ഡി.പി.ഐ നേതൃത്വം വെളിപ്പെടുത്തിയതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മതേതര മുഖം മൂടിയാണ് അഴിഞ്ഞുവീണത്. എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ജീവനെടുത്ത തീവ്രവാദശക്തികളുമായി ഇരുട്ടിന്റെ മറവില്‍ സി.പി.എം ഉണ്ടാക്കിയ അവിശുദ്ധമായ ഒത്തുതീര്‍പ്പ് അങ്ങിനെ പരസ്യമായി. 2018 ജൂലായ് രണ്ടിനാണ് അഭിമന്യുവിനെ എസ്.ഡി.പി. ഐ തീവ്രവാദികള്‍ ഒറ്റക്കുത്തിന് ഇല്ലാതാക്കിയത്. ആറ് വര്‍ഷം കഴിഞ്ഞിട്ടും കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. അഭിമന്യു ദൈവങ്ങളോടൊപ്പം തന്റെ പൂജാമുറിയില്‍ പ്രതിഷ്ഠിച്ച കാരണഭൂതന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണിതെന്ന് ഓര്‍ക്കുക. ‘ഇല്ലാ ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന് ചങ്കുപൊട്ടുമാറുറക്കെ മുദ്രാവാക്യം വിളിച്ചവരൊക്കെ അവരുടെ പാട്ടിനു പോയി. ഏത് ആദര്‍ശത്തിന് വേണ്ടിയാണോ അഭിമന്യു ജീവന്‍ നല്‍കിയത് അവര്‍ തന്നെ തന്റെ മകനെ ഒറ്റിയെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അമ്മ ഭൂപതി ഗത്യന്തരമില്ലാതെ ഹൈക്കോടതിയെ സമീപിച്ചത്. പ്രമാദമായ കേസ് ഇന്ന് തീര്‍ത്തും അനാഥമാണ്. എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു. ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ’. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഇരുചെവിയറിയാതെ എല്ലാം വച്ചുമാറിക്കഴിഞ്ഞിരിക്കുന്നു. മകന്റെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് ‘ഞാന്‍ പെറ്റ മകനെ’ എന്ന് അലമുറയിട്ടു കരയുന്ന അമ്മയുടെ ചിത്രം അപ്പോഴും മലയാളിയുടെ മനസ്സില്‍ നീറ്റലായി അവശേഷിക്കുന്നു.
കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച ഈ കേസിന്റെ നാള്‍വഴികള്‍ ഉടനീളം ദുരൂഹത നിറഞ്ഞതായിരുന്നു. 2018 സപ്തംബര്‍ 24 നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പഴുതടച്ചു തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമായിരുന്നു അത്. ‘വര്‍ഗീയത തുലയട്ടെ’ എന്ന ചുവരെഴുത്താണ് പ്രതികളെ പ്രകോപിപ്പിച്ചത്. അജ്ഞാതനില്‍ നിന്നു വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവധിക്ക് നാട്ടില്‍പ്പോയ അഭിമന്യു അര്‍ദ്ധരാത്രി പച്ചക്കറി ലോറിയില്‍ കയറി കോളേജിലെത്തുന്നത്. തന്നെ കൊലപ്പെടുത്താന്‍ വല വിരിച്ചതറിയാതെ. കൊലപാതകത്തിലേക്ക് നയിച്ച ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അതുവഴി ഗൂഢാലോചനയുടെ ചുരുളഴിക്കാനും സൈബര്‍ സെല്ലിന്റെ സഹായം തന്നെ ധാരാളമായിരുന്നു. പക്ഷേ ഒന്നുമുണ്ടായില്ല.
കേസില്‍ ആകെ 27 പേരെയാണ് പ്രതി ചേര്‍ത്തത്. ഒന്നു മുതല്‍ പതിനാറുവരെയുള്ളവര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കാളികളായവരാണ്. 126 സാക്ഷികളും. രണ്ടാഴ്ചക്കാലം ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാതെ പോലീസ് നോക്കുകുത്തിയായി നിന്നു. അറസ്റ്റിലായവര്‍തന്നെ വൈകാതെ ജാമ്യത്തിലിറങ്ങുകയും ചെയ്തു. കുത്തിയ പ്രതി ഒരു വര്‍ഷത്തിനു ശേഷം 2019 നവംബറില്‍ സ്വമേധയാ ഹാജരാവുകയാണുണ്ടായത്. കേസുമായി ബന്ധപ്പെട്ട ഭൂരിഭാഗംപേരും ഇതിനകം തന്നെ നാടുവിട്ടു കഴിഞ്ഞു.
പുറത്തിറങ്ങിയാല്‍ കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന് ഉറപ്പുള്ളവര്‍ പോലും നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി. മുകളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശമനുസരിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ ആവശ്യമായ പഴുതുകള്‍ വച്ചാണ് കേസ് ഫ്രെയിം ചെയ്തത്. മതിയായ രേഖകളുടെയും സാക്ഷികളുടെയും അഭാവത്തില്‍ കേസ് അനന്തമായി നീണ്ടു. 32 തവണ കേസ് മാറ്റിവച്ചുവെന്നു പറയുമ്പോള്‍ അവിശ്വസനീയമെന്നു തോന്നാം. അട്ടപ്പാടി മധുവിന്റെ കാര്യത്തിലെന്നപോലെ അഭിമന്യു കേസും തുമ്പും വാലുമില്ലാതെ അനാഥമായിക്കഴിഞ്ഞു. യുഎപിഎ വരെ ചാര്‍ജ്ജു ചെയ്യാവുന്ന കേസായിരുന്നു ഇത്. മോദി സര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കുമ്പോള്‍ ഈ കേസ് സജീവമായി പരിഗണിച്ചു. സ്വന്തം പാര്‍ട്ടിക്കാരനായിട്ടു പോലും പ്രതികള്‍ക്കെതിരെ ബി.ജെ.പി കൈക്കൊണ്ട നിലപാടു പോലും സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കൊലക്കു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ ശക്തികള്‍ ഏതെന്ന അന്വേഷണവുമുണ്ടായില്ല. സി.ബി.ഐ അന്വേഷിച്ചാല്‍ നിഷ്പ്രയാസം തെളിയുന്ന കേസായിരുന്നു ഇത്. പാര്‍ട്ടി കുടുംബാംഗമായ നവീന്‍ ബാബുവിന്റെ കേസ് കോടതി അനുവദിച്ചാല്‍ അന്വേഷിക്കാന്‍ സി.ബി.ഐ തയ്യാറായിരുന്നു. സര്‍ക്കാര്‍ അനങ്ങിയില്ല. നവീന്‍ ബാബു കേസിലെന്നപോലെ അഭിമന്യു കേസിലും സി.പി.എം ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം പരസ്യമായി വേട്ടക്കാര്‍ക്കൊപ്പം നിന്നു. നേതൃത്വത്തിന്റെ നിലപാട് മനസ്സിലാക്കിയ പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വവും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ല. ‘മനുഷ്യനാവണം മനുഷ്യനാവണം’ എന്ന് പാടുന്നവരുടെ പച്ചയായ കാപട്യം. മനുഷ്യന്‍ മോശമായാല്‍ മൃഗമാവും മൃഗം മോശമായാല്‍ മാര്‍ക്‌സിസ്റ്റാവുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞത് വെറുതെയല്ല.
ഉള്ളതു പറയണമല്ലോ രക്തസാക്ഷി ഫണ്ട് പിരിവിന്റെ കാര്യത്തില്‍ പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജനസംഘടനകളും പതിവുപോലെ സജീവമായിരുന്നു. വട്ടവടയില്‍ പിരിവെടുത്തുണ്ടാക്കിയ വീടിനെച്ചൊല്ലിയുള്ള സാമ്പത്തിക വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് അഭിമന്യു എന്റോവ്മെന്റിന്റെ പേരിലുള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരുന്നത്. പുരോഗമന സാഹിത്യ സംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ മാനവീയം തെരുവിടം കള്‍ച്ചറല്‍ കലക്ടീവ് എന്ന പേരിലാണ് പിരിവ് നടന്നത്. ഭാരവാഹികളെല്ലാം സി.പി.എമ്മിന്റെയും പുകാസയുടെയും നേതാക്കള്‍. പിരിവിന് റസീറ്റ് ഉണ്ടായിരുന്നില്ല. പണ്ടാരോ പറഞ്ഞതു പോലെ, എല്ലാം വായുവില്‍ എഴുതി കൂട്ടുന്ന രീതി. അഭിമന്യു വധം കത്തിനിന്ന കാലമായതിനാല്‍ പിരിവ് കൊഴുത്തു. കാറ്റത്തു തൂറ്റാന്‍ സഖാക്കളെ ആരും പഠിപ്പിക്കണ്ടതില്ലല്ലോ? ആറര വര്‍ഷം പിന്നിട്ടിട്ടും അഭിമന്യുവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ആരംഭിച്ച എന്റോവ്‌മെന്റ് വിതരണം നടന്നില്ല. പണം കൊടുത്തവര്‍ തന്നെ പരാതിയുമായി രംഗത്തുവന്നു. ഇതിന്റെ ട്രഷറര്‍ കെ.എസ്.ടി.എ നേതാവ് രാജിവച്ചു. സുതാര്യമല്ലാത്ത ഫണ്ട് സമാഹരണത്തിന്റെയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്റോവ്‌മെന്റ് വിതരണം ചെയ്യാത്തതിന്റെയും പേരിലായിരുന്നു രാജി. ധനസമാഹരണത്തിന്റെ കാര്യത്തില്‍ കാണിച്ച ഉത്സാഹം കേസ് നടത്തിപ്പില്‍ കാണിച്ചിരുന്നെങ്കില്‍ അഭിമന്യുവിന്റെ കുടുംബത്തിന് ഇതിനകം തന്നെ നീതി കിട്ടിയേനെ.
അഭിമന്യുവിന്റെ കേസുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടര്‍ന്നതോടെ സി.പി.എം പ്രതിരോധത്തിലായിരിക്കുകയാണ്. തീവ്രവാദ ശക്തികളുമായി നിര്‍ബാധം തുടരുന്ന വഴിവിട്ട ബന്ധത്തെക്കുറിച്ച് പാര്‍ട്ടിക്കകത്തു തന്നെ തുറന്നു പറച്ചിലുകള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നടപടി ഉണ്ടായില്ലെന്നു മാത്രം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തന്നെ ഇത്തരക്കാരോടൊപ്പമുള്ള സഹവാസത്തിന്റെ ചരിത്രവും കൂടിയാണ്. എസ്.ഡി.പി. ഐക്കാര്‍ താക്കോല്‍ സ്ഥാനങ്ങള്‍ ലക്ഷ്യമാക്കി പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് കോടിയേരി തുറന്നു പറഞ്ഞത് മറക്കാറായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റിലും ഇടതുപക്ഷം വിജയമുറപ്പിച്ചത് എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ തീവ്രവാദ സംഘനകളുടെ പിന്തുണയോടെയാണ്. പത്തനംതിട്ട നഗരസഭയിലെ എസ്.ഡി.പി.ഐ അവിഹിത ബന്ധം രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.
ലീഗിന് തീവ്രത പോരെന്നു പറഞ്ഞ് പുറത്തുപോയ അഖിലേന്ത്യാ ലീഗിനെ മുന്നണിയിലെടുത്ത് ഹൃദയപക്ഷമാക്കിയ പാര്‍ട്ടിക്ക് അധികാരത്തിനപ്പുറം വലുതായി ഒന്നുമില്ല. പാര്‍ട്ടി അത് പലതവണ തെളിയിച്ചതുമാണ്. വാഴ്ത്തിപ്പാടുന്ന അടിസ്ഥാന വര്‍ഗ്ഗ നിലപാടുകളെല്ലാം തരാതരം പോലെ. അവിടെ ആദിവാസി ഊരിലെ ഒറ്റമുറി വീട്ടില്‍നിന്നു വന്ന പാവം അഭിമന്യു ഒന്നുമല്ല. കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടീരത്തില്‍ പോയി മുഷ്ടിചുരുട്ടി അഭിവാദ്യമര്‍പ്പിച്ച് പുഷ്പനെ അറിയാമോ എന്ന വായ്ത്താരിയും ഉരുവിട്ട് മകളെ അമൃതാനന്ദമയീ ദേവിയുടെ സ്വാശ്രയ കോളജില്‍ ചേര്‍ത്ത് തന്‍ കാര്യം നോക്കിയ പിണറായിക്ക് അഭിമന്യുവിന്റെ കുടുംബത്തിന്റെ കണ്ണീരിനു പുല്ലുവില. ഒരു നേതാവും അതിനോടു പ്രതികരിച്ചു പോലുമില്ല. എല്ലാവരും മുഖം മിനുക്കി നടക്കുകയാണ്. ഇര പിടിച്ച് ചോര പുരണ്ട മുഖമായി നടക്കുന്ന കഴുകനോട് മുഖം കഴുകാത്തതെന്തേ എന്ന കുഞ്ഞുണ്ണി മാഷുടെ ചോദ്യം ഓര്‍മ്മ വരുന്നു. മറുപടി ഇപ്രകാരം.
‘ഞങ്ങള്‍ ശവം തിന്നുന്നോര്‍, നിങ്ങള്‍ ശവം തിന്നും
മുഖം കഴുകി പൗഡറിട്ട് നടക്കുകയും ചെയ്യും.’ എത്ര ശരി. കവികള്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നവരാണെന്നു പറയുന്നത് വെറുതെയല്ല.