കള്ളങ്ങളുടെ പെരുങ്കോട്ടകളിലാണ് ലോകത്ത് കമ്യൂണിസം വളര്‍ന്നു വന്നത്. സത്യം ജനം മനസ്സിലാക്കിയപ്പോള്‍ ചീട്ട് കൊട്ടാരങ്ങള്‍ പോലെ അത് തകര്‍ന്നു വീണതിന്റെ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. മുപ്പതിലധികം വര്‍ഷം പശ്ചിമ ബംഗാളില്‍ സത്യത്തെ സ്വര്‍ണപാത്രം കൊണ്ട് മൂടി കമ്യൂണിസം കൊടിപിടിച്ചു നടന്നു. ജീരകമിഠായി പോലെ മധുരം പുരട്ടിയ നുണകളെ ചെറു കാപ്‌സ്യൂളുകളായി പാവങ്ങള്‍ക്ക് കൊടുത്താണ് കേരളത്തില്‍ കമ്യൂണിസം പിടിച്ചു നില്‍ക്കുന്നത്. അതിന്റെ തുടര്‍ച്ചയായി വേണം കേരള ബജറ്റിലെ നിറംപിടിപ്പിച്ച നുണകളെ നോക്കികാണാന്‍. ഒരു സരസന്‍ ചൂണ്ടിക്കാണിച്ചത് പോലെ കേന്ദ്ര ബജറ്റിന് കണ്ണു തട്ടാതിരിക്കാന്‍ ഒരു കേരള ബജറ്റ് എന്നതാണ് വാസ്തവം. കണക്കിലൂടെയുള്ള കണ്‍കെട്ട് വിദ്യയാണ് ബജറ്റിലൂടെ ധനമന്ത്രി കാണിച്ചിരിക്കുന്നത്.
പ്രഖ്യാപനങ്ങള്‍ വാരിക്കോരി നല്‍കിയ ബജറ്റില്‍ അവയ്ക്കായി അനുവദിച്ച തുക നാമമാത്രമാണെന്ന് കാണാവുന്നതാണ്. അതില്‍ ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികളും, വിദൂര വനവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണവും, പട്ടിക വര്‍ഗ്ഗ, ഗോത്ര നഗറുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ്ജ പാനലുകളും, വയനാട് ക്ലൈമെറ്റ് സ്മാര്‍ട്ട് കോഫി പ്രാരംഭ പ്രവര്‍ത്തനവും, കാര്‍ഷിക വാണിജ്യ മേഖലയുടെ വികസനവും, കരകൗശല വ്യവസായ മേഖല, കൈത്തറി സഹകരണ സംഘം എന്നിവയുടെ പുനരുദ്ധാരണവും ഇടംപിടിച്ചിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഫിന്‍ടെക് മേഖലാ വികസനവും, നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനവും പേരിന് പരാമര്‍ശിക്കുന്ന കേരള ബജറ്റില്‍ ആറന്മുള വള്ളം കളിയുടെ പ്രധാന പവലിയന്‍ നിര്‍മ്മാണവും കയറി വന്നിട്ടുണ്ട്. ബജറ്റിലെ ബഹുഭൂരിപക്ഷം പ്രഖ്യാപനങ്ങളും കേന്ദ്ര പദ്ധതികളാണ്.
വ്യവസായം, വിവരസാങ്കേതിക വിദ്യ, വിനോദസഞ്ചാരം, നഗര വികസനം, വിഴിഞ്ഞം അനുബന്ധ വികസനം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്താണ് ഇടത് സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ ഒന്നാം റാങ്ക് അവകാശപ്പെടുന്ന കേരളം സാമ്പത്തികമായി ഒരു കുതിപ്പിന് തയ്യാറാകുന്നത് ഒരു പ്രതീക്ഷയാണ്. കേരളത്തിന്റെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്താന്‍ കടല്‍ കടക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആയിരക്കണക്കിന് യുവാക്കളെ തൊഴിലവസരങ്ങള്‍ നല്‍കി ഇവിടെ തന്നെ ജോലിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. കേരളത്തില്‍ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന വിവിധ തൊഴിലാളികളുടെ ക്ഷാമം നിലനില്‍ക്കുമ്പോള്‍, മലയാളികള്‍ പ്രവാസ ലോകത്ത് സ്ഥിരതാമസമാക്കുന്നു എന്ന അവസ്ഥയുമുണ്ട്. കേരളത്തിലെ ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ ഹോം സ്റ്റേയ്ക്കായി വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്നത് നല്ലതു തന്നെ. പക്ഷെ അതുകൊണ്ടുമാത്രം ടൂറിസം വര്‍ദ്ധിക്കണമെന്നില്ല,
പറയാതെ പോയ പരമാര്‍ത്ഥങ്ങള്‍
പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര കണ്ടുനില്‍ക്കാന്‍ രസമാണെങ്കിലും കാര്യമായ മാറ്റമൊന്നും അത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാക്കാന്‍ പോകുന്നില്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കേരള സംസ്ഥാനം ഏതാനും വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന സാമ്പത്തിക അച്ചടക്കമില്ലായ്മയും, കെടുകാര്യസ്ഥതയും കടുത്ത ധൂര്‍ത്തുമാണ് കണ്‍കെട്ട് വിദ്യ കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരമൊരു ബജറ്റവതരിപ്പിക്കാന്‍ സാഹചര്യമൊരുക്കുന്നത്. ധന സ്വാശ്രയത്തിലേയ്ക്കുള്ള ശക്തമായ ചുവടുവെയ്പാണ് കേരളത്തിനാവശ്യം. പരിമിതമായ വരുമാന സ്രോതസ്സുകളും കുതിച്ചുയരുന്ന ചെലവുകളും കേരളത്തിന് സ്വന്തമാണ്. നികുതി പിരിവ് കാര്യക്ഷമമാക്കുകയും, ചെലവുകള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നയനവീകരണവും, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും സുസ്ഥിര സാമ്പത്തിക വികസനത്തില്‍ നിര്‍ണായകമാണ്.
സംസ്ഥാനത്തിന്റെ നികുതി-നികുതി ഇതര വരുമാനത്തിലെ വര്‍ദ്ധന എന്നത് പൂര്‍ണമായും ശരിയല്ല. സര്‍ക്കാരിന്റെ നികുതി പിരിവിലെ കാര്യക്ഷമതയല്ല ഈ വര്‍ദ്ധനവിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രമാനുഗതമായി സം സ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ വരുന്ന കുറവ് മറച്ചുപിടിച്ചുകൊണ്ടാണ് വായിക്കാനും കേള്‍ക്കാനും സുഖമുള്ള ചില കണക്കുകള്‍ ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
നികുതി വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് വരാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു സംസ്ഥാനമാണ് കേരളം. പ്രതിശീര്‍ഷ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന് വര്‍ദ്ധിച്ച വില്പനയിലൂടെ നേടാമായിരുന്ന നികുതി വരുമാനം നാം കേട്ട കണക്കുകള്‍ക്കും അപ്പുറത്താണ്. പിരിച്ചെടുത്തതിലും വളരെ കൂടുതലാണ് പിരിച്ചെടുക്കാതെ പോയ കോടികള്‍. അതുപോലെ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയും നാം കാണാതെ പോകരുത്. ഇതില്‍ കരാറുകാരുടെ കുടിശ്ശികയും, വാര്‍ദ്ധക്യ പെന്‍ഷനും, തൊഴിലുറപ്പുകാരുടെ വേതനവും, ജീവനക്കാരുടേയും, അധ്യാപകരുടെയും, പെന്‍ഷന്‍കാരുടെയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയും ഉള്‍പ്പെടുന്നു.
കടം കൈകാര്യം ചെയ്യുന്നതില്‍ കേരളമെന്നും പിറകിലാണ്. കേന്ദ്രം അനുവദിച്ചു കൊടുത്ത തിലും വലിയ കടം വാങ്ങല്‍ തോത് കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലെ ഒരു കീറാമുട്ടിയാണ്. അപ്പോഴും, കിട്ടുന്ന കടം നിത്യനിദാന ചെലവുകള്‍ക്കാണ് കേരളം വിനിയോഗിക്കുന്നത്. മൊത്തം വരുമാനത്തിന്റെ 23 ശതമാനത്തോളം കേരളം ചെലവാക്കുന്നത് നിത്യ ചെലവുകള്‍ക്കാണ് എന്ന കാര്യം വരുമാന വര്‍ദ്ധനവ് പരാമര്‍ശിക്കുമ്പോള്‍ നാം കാണാതെ പോകരുത്. കേരളത്തിന്റെ പെന്‍ഷന്‍ തുക 20 ശതമാനത്തോളം വരും. എന്നു വെച്ചാല്‍, കേരളത്തിന്റെ വരുമാനത്തില്‍ 43 ശതമാനത്തോളം പലിശക്കും പെന്‍ഷനുമായാണ് നാം വിനിയോഗിക്കുന്നത്. ഇതൊരു നല്ല ധനകാര്യ മാനേജ്‌മെന്റിന്റെ ലക്ഷണമല്ല. കടത്തില്‍ നിന്നും കടക്കെണിയിലേയ്ക്ക് വഴുതിവീഴുന്ന കേരളത്തിന്റെ ദുരവസ്ഥ വരുമാന വര്‍ദ്ധനവിന്റെ കണക്കില്‍ നമുക്ക് ഒളിപ്പിക്കാന്‍ സാധിക്കില്ല.
വികസന പദ്ധതികളും, സ്വകാര്യ നിക്ഷേപവും വഴി കൂടുതലായെത്തുന്ന പണം അന്യസംസ്ഥാന തൊഴിലാളികള്‍ വഴിയും അന്യ സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ വഴിയും പുറത്തേയ്ക്കാണ് ഒഴുകുന്നത്. ഇതിനുപുറമെയാണ് അന്യനാടുകളിലേയ്ക്കുള്ള യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അധികമായുള്ള കുടിയേറ്റം. വിദേശപണത്തിന്റെ വരവില്‍ കാര്യമായ കുറവ് പ്രതീക്ഷിക്കാവുന്നതാണ്. കേരളത്തിന്റെ കടം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയാണ്. കടമെടുക്കുന്ന തുക നാമമാത്രമായാണ് വികസനപദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പകുതിയിലധികവും വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഇന്ന് നിലവിലുള്ളത്.
കേരളത്തിന്റെ വികസന സാധ്യതകള്‍
ഒരു ഉപഭോഗ സംസ്ഥാനം കൂടിയായ കേരളത്തില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനോ ഉപഭോഗം കുറയ്ക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ലഭ്യമല്ല. സാധാരണക്കാര്‍ ഏറെ പ്രതീക്ഷ അര്‍പ്പിച്ച ബജറ്റില്‍ അവര്‍ക്കായി ഒന്നും തന്നെ നല്‍കിയിട്ടില്ല എന്നത് നിരാശാജനകമാണ്. ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആവശ്യങ്ങളോട് നിഷേധാത്മകമായ സമീപനമാണ് ധനമന്ത്രി സ്വീകരിച്ചു കാണുന്നത്. അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും, മൂലധന ചിലവ് വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റ് മൗനത്തിലാണ്. കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഇടം പിടിച്ചിട്ടില്ല.
പശ്ചാത്തല സൗകര്യ വികസനം കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വിമുഖത കാണിക്കുന്ന കേരള സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സഹായകരമാകുന്ന വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡിനാവശ്യമായ സ്ഥലമെടുപ്പു പോലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കായി ഈ ബജറ്റില്‍ നീക്കിവെച്ച വന്‍ തുക വിനിയോഗിക്കുക എന്നത് തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. എണ്ണമറ്റ പ്രഖ്യാപനങ്ങള്‍ നടത്തുകയും, നാമമാത്രമായി പണമനുവദിക്കുകയും ചെയ്യുന്ന ധനമന്ത്രി, മാന്ത്രിക വടിയുമായി വരുന്ന ഒരു ജാലവിദ്യക്കാരനെ അനുസ്മരിപ്പിക്കുമാറ് കണക്കുകള്‍ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. സൂക്ഷ്മമായ പരിശോധനയില്‍ ഈ കണക്കുകള്‍ കമ്യൂണിസ്റ്റ് കാപ്‌സ്യൂളുകള്‍ പോലെ പച്ചക്കള്ളമോ അര്‍ദ്ധസത്യമോ ആയിത്തീരാനാണ് സാധ്യത.
വാര്‍ദ്ധക്യം വര്‍ദ്ധിക്കുന്ന കേരളം
കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റമാണ്. 2021 ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 16.5 ശതമാനം അറുപത് വയസ്സ് പിന്നിട്ടവരാണ്. 2030 ഓടെ ഇത് ഇരുപത് ശതമാനം കവിയുന്നതാണ്. മറുവശത്ത് കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുന്നു. എണ്‍പതുകളില്‍ 6.5 ലക്ഷവും, തൊണ്ണൂറുകളില്‍ 5.3 ലക്ഷവുമായിരുന്ന ശിശുജനനം 2020 ആയപ്പോള്‍ 4.6 ലക്ഷമായി കുറഞ്ഞത് ആശങ്കയുളവാക്കുന്നു. വയോജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ അസന്തുഷ്ടരാണ്.
തൊഴിലന്വേഷിച്ചു നടന്ന യൗവനം വാര്‍ദ്ധക്യത്തിന് വഴിമാറുന്ന കാഴ്ചയാണ് കേരള ത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ സംഘടിത മേഖലയിലെ തൊഴില്‍ ലഭ്യത നിശ്ചലാവസ്ഥയിലാണെന്ന് ബജറ്റിന് മുന്നോടിയായി നിയമസഭയില്‍ വെച്ച സാമ്പത്തിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമേഖലയും സ്വകാര്യമേഖലയും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ സംഘടിത മേഖല. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കണക്കനുസരിച്ച് 2024 വരെയുള്ള തൊഴിലന്വേഷകരുടെ എണ്ണം 30 ലക്ഷമാണ്. പ്രൊഫഷണലുകളും സാങ്കേതിക യോഗ്യതയുള്ള യുവാക്കളും ഇതില്‍ പെടുന്നു. എഞ്ചിനിയര്‍മാരും മെഡിക്കല്‍ ബിരുദധാരികളും കേരളത്തില്‍ തൊഴിലന്വേഷകരായി തുടരുന്നു. ഇവരുടെ കാര്യത്തെ കുറിച്ചും ബജറ്റ് മൗനം പാലിക്കുകയാണ്. കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 35 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ ഇത് 24 ശതമാനത്തോളം വരും. കമ്യൂണിസം വരും എല്ലാം ശരിയാകും എന്ന് കരുതി കാത്തിരുന്ന കേരളത്തിന്റെ യുവത വാര്‍ദ്ധക്യത്തിലേയ്ക്ക് വഴുതിവീഴുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാവപ്പെട്ടവനും, കര്‍ഷകനും, തൊഴിലാളി വിഭാഗവും പ്രതീക്ഷമാത്രം കൈമുതലായി ജീവിതം മുന്നോ ട്ടു കൊണ്ടുപോവുകയാണ്.
ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ബജറ്റിനെ നോക്കിക്കണ്ടത്. എന്നാല്‍ കടുത്ത നിരാശയിലാണവര്‍. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണവും, 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയും, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കലുമൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ജീവനക്കാരുടെ പരാതി. 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയുള്ളപ്പോള്‍ ഒരു ഗഡുമാത്രം പ്രഖ്യാപിക്കുന്നത് ജീവനക്കാരെ കളിയാക്കുന്നതിന് തുല്യമാണെന്നാണ് ജീവനക്കാര്‍ കരുതുന്നത്. ലോകം ഉറ്റുനോക്കിയ നിര്‍മ്മലാ സീതാരാമന്റെ കേന്ദ്രബജറ്റിന് കണ്ണുതട്ടാതിരിക്കാനുള്ള നോക്കുകുത്തി പോലുള്ള കേരള ബജറ്റില്‍ ജീവനക്കാര്‍ ഒന്നടങ്കം കുപിതരാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരെയും അധ്യാപകരെയും വര്‍ദ്ധിച്ചു വരുന്ന കേരളത്തിലെ വയോജനങ്ങളെയും നിരാശരാക്കിയ ബജറ്റ് മെഡിെസപ് പോലുള്ള പദ്ധതി പോലും നേരാം വണ്ണം നടപ്പിലാക്കാതെ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ഓരോ പ്രതിസന്ധിയിലും നമുക്ക് മുന്നില്‍ അത് പരിഹരിച്ച് മുന്നോട്ടു പോകാനുള്ള സാധ്യതകളും തെളിഞ്ഞുവരാറുണ്ട്. അതിനുള്ള നല്ല ഒരു ഉദാഹരണമാണ് കോവിഡ് കാലത്ത് ഭാരതം ആ മഹാമാരിയെ മാനേജ് ചെയ്ത രീതി. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഓരോ ദുരന്തവും തീരാദുഃഖമായി മാറുന്ന ദുരവസ്ഥയാണ്. തുടര്‍ക്കഥയാകുന്ന ദുരന്തങ്ങളില്‍ നിന്ന് ഒന്നും പഠിക്കാത്ത കേരളം അപകടങ്ങളെ അവസരമായി മാറ്റുന്നതില്‍ പരാജയപ്പെടുന്നു, തിരുവാതിരയും ഞാറ്റുവേലയും, തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന കര്‍ക്കടക പേമാരിയും, തുലാവര്‍ഷവും, അത് പെയ്തിറങ്ങുന്ന നാല്പത്തിനാലു നദികളിലെ ജലസമൃദ്ധിയും കേരളത്തിന്റെ കാര്‍ഷിക സമൃദ്ധിക്കും വികസനത്തിനും പ്രയോജനപ്പെടുത്താനാവാതെ പോകുന്നു. കേരളത്തിന്റെ പരമ്പരാഗത സാമ്പത്തിക സ്രോതസ്സുകളും, മനുഷ്യ വിഭവശേഷിയും, ജൈവവൈവിധ്യ സമ്പന്നതയും പ്രയോജനപ്പെടുത്തുന്നതില്‍ നാം പിന്നോട്ടാണ്. ആയുര്‍വേദം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വരെ കേരളത്തിനു മുമ്പില്‍ തുറന്നു തരുന്ന അനന്തസാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു ഈ ബജറ്റവതരണം. അതില്‍ ധനമന്ത്രി വിജയിച്ചോ എന്നറിയാന്‍ നാം ഇനിയും കാത്തിരിക്കേണ്ടി വരും. 144 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കുംഭമേളയെ യുപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എങ്ങിനെയാണ് സാമ്പത്തികമായി പ്രയോജനപ്പെടുത്തുന്നതെന്ന് പൈതൃക ടൂറിസം സാധ്യതകളേറെയുള്ള കേരള സംസ്ഥാനത്തിന് ഒരു പാഠമാകേണ്ടതാണ്.
(കൊച്ചിന്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)