മഹാധനമായി വിദ്യയെ കാണുന്ന മഹിത സംസ്‌കാരമാണ് ഭാരതത്തിനുള്ളത്. പുരാതനഭാരതം സാഹിത്യം, വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ചിടത്തോളം ലോകാദരം നേടിയിരുന്നു. പ്രാചീന ഭാരതീയ വിദ്യാഭ്യാസത്തില്‍ ജീവിതത്തിന്റെ ധൈഷണികവും ധാര്‍മ്മികവും കലാപരവുമായ ഭാവങ്ങള്‍ക്ക് പ്രാധാന്യമേറെ നല്‍കിയിരുന്നു ആത്മവിദ്യയും മന്ത്രതന്ത്രങ്ങളും മാത്രമല്ല ഗണിതവും ജ്യോതിഷവും ധനതത്വശാസ്ത്രവും രസതന്ത്രവുമൊക്കെ പഠനശാഖകളായിരുന്നു.
ഗുരുകുലസമ്പ്രദായമാണ് പ്രാചീന ഭാരതീയ വിദ്യാഭ്യാസത്തിന്റെ വിലോഭനീയത. ഗുരുശിഷ്യന്മാര്‍ ഒരു വീട്ടുകാര്‍. ഗുരുവിന്റെ വാസഗൃഹം തന്നെ ശിഷ്യരുടെ ഹോസ്റ്റല്‍. ഡേ സ്‌കോളേഴ്‌സില്ല. ഗുരു ക്ഷേത്രവിത്താവണം. ഏതുവിദ്യാര്‍ത്ഥിയ്ക്കും രണ്ടു ക്ഷേത്രങ്ങള്‍ – ബാഹ്യം, ആന്തരം. എക്‌സ്റ്റേണല്‍ ഫീല്‍ഡ്, ഇന്റേണല്‍ ഫീല്‍ഡ് എന്ന് ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രം. ഇതറിയുന്നവന്‍ ക്ഷേത്രവിത്ത്. ഗുരു വേദവിത്തുമാവണം. പിപ്പലാദന്‍ എന്ന ഋഷിശ്രേഷ്ഠന്‍ ഗുരുവിന് രണ്ടു യോഗ്യതകള്‍ അവശ്യമുണ്ടാവണമെന്ന് പറയുന്നു. ഒന്ന്: ഗുരുജ്ഞാനസിന്ധുവാകണം; രണ്ട്: ഗുരുദയാസിന്ധുവാകണം. ‘യസ്യജ്ഞാനദയാസിന്ധോ’ എന്ന അമരകോശത്തിന്റെ ആരംഭം.
ആചാര്യനും അന്തേവാസിയും തമ്മിലുള്ള ബന്ധദാര്‍ഢ്യം അനുപമം, അസൂയാവഹം. നിഷ്‌ക്കര്‍ഷയോടെയുള്ള നിയന്ത്രണം, ആദ്ധ്യാത്മികമായ അച്ചടക്കം, വ്രത വിശുദ്ധിയുളള ദിനചര്യ, ഇവയൊക്കെയും ഗുരുകുലത്തിന്റെ പ്രത്യേകത. ഗുരുഭക്തി, ആത്മസംയമനം, സ്വാശ്രയബോധം, വിനയം എന്നിവ ശിഷ്യരുടെ അനുപേക്ഷണീയ ഗുണങ്ങള്‍.
ബ്രഹ്മചര്യം എന്ന പന്ത്രണ്ടു വര്‍ഷത്തെ കോഴ്‌സ്. പഠനം പൂര്‍ത്തിയായാല്‍ സമാവര്‍ത്തനം എന്ന ചടങ്ങ്. ഇതോടെ ഗുരുകുലവാസം അവസാനിക്കും. പ്രാചീന ഭാരതത്തിലെ ഒരു വരിഷ്ഠ ഗുരുകുലം. അവിടെ ബിരുദദാനച്ചടങ്ങ്-കോണ്‍വൊക്കേഷന്‍-നടക്കുന്നു. പരമാചാര്യന്റെ വചനപ്രഘോഷണം. തൈത്തിരീയോപനിഷത്ത് അതിങ്ങനെ പകര്‍ത്തുന്നു.
സത്യം വദ ധര്‍മ്മം ചര
സ്വാദ്ധ്യായാന്മാ പ്രമദഃ
ആചാര്യായ പ്രിയം
ധനമാഹൃത്യ-
പ്രജാതന്തു മാ വ്യവച്ഛേത്സി
സത്യാന്നപ്രമദിതവ്യം
ധര്‍മ്മാന്നപ്രമദിതവ്യം
കുശലാന്ന പ്രമദിതവ്യം
ഭൂതൈ്യ ന പ്രമദിതവ്യം
സ്വാദ്ധ്യായപ്രവചനാഭ്യാം
ന പ്രമദിതവ്യം”
ഉദാത്തമായ ചിന്തയാലും ഉല്‍കൃഷ്ടമായ കവിതയാലും വിജ്ഞാനസുരഭിലമാണ് തൈത്തിരീയോപനിഷത്ത്. അതിപ്രാചീനമായ ഉപനിഷത്താണിത്. ഇതിന് മൂന്ന് പ്രപാഠകങ്ങള്‍ അഥവാ അധ്യായങ്ങള്‍. അവ യഥാക്രമം ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി. ശിക്ഷാവല്ലിയില്‍ പന്ത്രണ്ടും ബ്രഹ്മാനന്ദവല്ലിയില്‍ ഒമ്പതും ഭൃഗുവല്ലിയില്‍ പത്തും അനുവാകങ്ങളടങ്ങിയിരിക്കുന്നു. കൊച്ചുകൊച്ചു വാക്യങ്ങളുടെ സമുച്ചയമാണ് അനുവാകം.
ശബ്ദശിക്ഷണമാണ് ശിക്ഷാവല്ലി. ശിക്ഷയുടെ പരമലക്ഷ്യം ഇതത്രെ: ‘ജിഹ്വാമേ മധുമത്തരാ (മാ). ശരിയായ ഉച്ചാരണം മാത്രമല്ല മധുരമായ വചനവും നാത്തുമ്പിലുണ്ടാവണം. വചനസംസ്‌കാരം എന്നു നമുക്കു പറയാം.
വേദഗുരുവിന്റെ ‘കോണ്‍വൊക്കേഷന്‍ അഡ്രസ്സ്’ നമുക്കിങ്ങനെ പരാവര്‍ത്തനം ചെയ്യാം. ‘സത്യം പറയുക, ധര്‍മ്മം ചെയ്യുക. സത്യത്തില്‍ നിന്നും ധര്‍മ്മത്തില്‍ നിന്നും നല്ലതില്‍ നിന്നും പിഴച്ചുപോകരുത്. ഗൃഹസ്ഥാശ്രമം സ്വീകരിക്കണം. സന്തതി പരമ്പരയെ മുറിക്കരുത്. ആത്മക്ഷേമത്തിനായിട്ടുള്ള കാര്യങ്ങളില്‍ നിന്നും അഭിവൃദ്ധിക്കായിട്ടുള്ള കാര്യങ്ങളിലും നിന്നും വ്യതിചലിക്കരുത്. സ്വാദ്ധ്യായത്തില്‍ നിന്നും അധ്യാപനത്തില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.
കോണ്‍വെക്കേഷന്‍ പ്രഭാഷണം ആചാര്യന്‍ തുടരുന്നു: ”….മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ, അതിഥിദേവോ ഭവ.” അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക.
വചനപ്രഘോഷണം ആചാര്യന്‍ അവസാനിപ്പിക്കുന്നില്ല. ഇതും കൂടികേള്‍ക്കുക: ‘കുറ്റമറ്റ കര്‍മ്മങ്ങളേ ചെയ്യാവൂ. അല്ലാത്തവ ചെയ്യരുത്. ചിന്താശീലരും അനുഭവയുക്തരും ശാന്തരും ധര്‍മ്മിഷ്ഠരുമായവര്‍ ചെയ്യുന്നതിനെ ശ്രദ്ധിച്ചു ചെയ്യുക. ഭാരതീയ സദാചാരപാഠങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ബ്രഹ്മവിദ്യാപ്രാപ്തിയ്ക്ക് ശിഷ്യര്‍ക്ക് അര്‍ഹത നല്‍കുകയാണ് തൈത്തിരീയത്തിലെ ശിക്ഷാവല്ലി.
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍വെക്കേഷനില്‍ വെച്ച് ചാന്‍സലര്‍ സത്യം വദ, ധര്‍മ്മം ചര എന്ന തൈത്തിരീയ മന്ത്രം ചൊല്ലിക്കൊടുക്കാറുണ്ടെന്ന് അവിടെ വൈസ് ചാന്‍സലറായിരുന്ന മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്.
ലോകയജ്ഞത്തിന് ഒരുവനെ പ്രാപ്തനാക്കുകയാണ് ഇവിടെ വിദ്യാഭ്യാസം. ശിഷ്യനും ഗുരുവും ഇവിടെ രണ്ടല്ല. അഥവാ അച്ഛനും മകനുമാണ്. ബുദ്ധിയുണ്ടാവാന്‍ പുരശ്ചരണം ചെയ്യേണ്ട മന്ത്രം, സമ്പത്തുണ്ടാവാന്‍ പുരശ്ചരണം ചെയ്യേണ്ട മന്ത്രം എന്നിവ തൈത്തിരീയ ഋഷി വിദ്യാര്‍ത്ഥിയ്ക്കു പറഞ്ഞുകൊടുക്കുന്നുണ്ട്. ഗുരുകുലത്തിലെ വിദ്യാര്‍ത്ഥി വിഷയാര്‍ത്ഥിയായിരുന്നില്ല. ആചാര്യന്‍ സര്‍വ്വരാജ്യതൊഴിലാളി സംഘടനയിലെ അംഗവുമായിരുന്നില്ല. ഗുരുപരമ്പരയുടെ സത്യധീരതയും വിചാരവിശുദ്ധിയും ഏകത്വദര്‍ശനവും അസൂയാവഹം തന്നെ.
പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങള്‍ വളര്‍ന്നുവന്ന് വലിയ വിദ്യാഭ്യാസകേന്ദ്രങ്ങളായി. തക്ഷശില, വാരാണസി, നളന്ദ എന്നിവ ഭാരതത്തിന്റെ ശക്തിയും മഹത്വവും വിളിച്ചോതുന്നു. ഈ പ്രാചീന വിദ്യാപീഠങ്ങള്‍ ഇന്നത്തെ ഡീംഡ് യൂണിവേഴ്‌സിറ്റികളുടെ സ്ഥാനത്താണ്. കല്പിത സര്‍വ്വകലാശാലകള്‍ മാത്രമല്ല സ്വാശ്രയസ്ഥാപനങ്ങളും വിദ്യാദാനമേഖലയില്‍ സുലഭം.
‘നളന്ദ’യുടെ വിശ്വപ്രശസ്തി അശ്രുതപൂര്‍വ്വമാണ്. ചൈന, മധ്യേഷ്യ, ജാവ, കൊറിയ തുടങ്ങിയ വിദൂരദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ നളന്ദയിലെത്തിയിരുന്നു. അസംഖ്യം പ്രസംഗശാലകള്‍ (സെമിനാര്‍ ഹാള്‍), നിരീക്ഷണശാലകള്‍ (ലാബറട്ടറി), ഗ്രന്ഥാലയങ്ങള്‍ (ലൈബ്രറി) എന്നിവ നളന്ദയുടെ പ്രത്യേകതയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ഒന്നു ശ്രദ്ധിക്കുന്നത് നന്ന്.
നാലുവേദങ്ങള്‍ (ഋക്‌യജുര്‍സാമാഥര്‍വം), ആറുവേദാംഗങ്ങള്‍ (ശിക്ഷ, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, ഛന്ദസ്സ്), സ്മൃതി, പുരാണം, ന്യായം, മീമാംസ, ധര്‍മ്മശാസ്ത്രം, ധനുര്‍വേദം, ഗന്ധര്‍വവേദം (സംഗീതം), അര്‍ത്ഥശാസ്ത്രം എന്നിങ്ങനെ പതിനെട്ടു വിദ്യകള്‍. ഇവയിലേതും ഐച്ഛിക (ഓപ്ഷണല്‍) വിഷയമാവാം.
ഗവേഷണപഠനത്തിനും പ്രത്യേകം പ്രത്യേകം വകുപ്പുകളും വിഷയങ്ങളുമുണ്ട് (ഇന്നത്തെ എംഫില്ലിനു തുല്യം). ഹേതു വിദ്യ (ലോജിക്ക്), ശബ്ദ വിദ്യ (ഫിലോളജി) / ലിംഗ്വിസ്റ്റിക്‌സ്), ചികിത്സാവിദ്യ (തിയറി), അര്‍ത്ഥവിദ്യ (എക്കണോമിക്‌സ്), സാംഖ്യം (ന്യൂമറോളജി).
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അതിനിണങ്ങിയ ഉളളടക്കത്തെപ്പറ്റിയും അസാമാന്യബോധമുള്ള പ്രതിഭാശാലികളായിരുന്നു പ്രാചീന ഭാരതീയ ചിന്തകര്‍. പ്ലേറ്റോയുടെ അക്കാദമിയും അരിസ്റ്റോട്ടിലിന്റെ ലൈസിയവുമൊക്കെ നാം അത്ഭുതാദരങ്ങളോടെ ഓര്‍ക്കും, പറയും, പ്രസംഗിക്കും. പക്ഷെ, നമ്മുടെ പ്രാചീനഗുരുകുലങ്ങള്‍, ആര്‍ക്കുംവേണ്ട. പുച്ഛാമര്‍ഷങ്ങളോടെ നാം അവയെ അനാദരിക്കുന്നു. ഭാരതത്തിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ദുഷ്പരിണതിയാണിത്. മെക്കാളെ പ്രഭു വിരിച്ചിട്ട മലര്‍മെത്തയില്‍ മലര്‍ന്നു കിടന്ന് നാം മുകളിലോട്ട് എത്രകാലമായി തുപ്പുന്നു.
തൈത്തിരീയോപനിഷത്തിന്റെ സവിശേഷത ഇതിലെ ഓരോ അധ്യായവും പ്രത്യേകം ഉപനിഷത്താണെന്ന പ്രശസ്തിയത്രെ. ഓരോ അധ്യായത്തിനും പ്രത്യേകം ശാന്തി മന്ത്രമാണുള്ളത്. കോണ്‍വെക്കേഷന്‍ പ്രഭാഷണം അവസാനിക്കുമ്പോള്‍ ഗുരുശിഷ്യന്മാര്‍ ഒന്നായി ശാന്തിപാഠം ചൊല്ലുന്നു: ”……ഋതം വദിഷ്യാമി, സത്യം വദിഷ്യാമ), തന്മാവവതു, തദ്വക്കാരം അവതു, അവതുമാം, അവതുവക്താരം. ഓം ശാന്തി: ശാന്തി: ശാന്തിഃ”
പ്രപഞ്ചനിയാമകമായി വര്‍ത്തിക്കുന്ന സത്യത്തിന്റെ ശക്തി നമ്മെയും നമ്മുടെ വാക്കിനേയും പാലിക്കുമാറാകട്ടെ. ഗുരുശിഷ്യന്മാര്‍ക്ക് ആദ്ധ്യാത്മികവും ഭൗതികവുമായ ഗുണങ്ങള്‍ ഒരുപോലെ ഉണ്ടാവട്ടെ.
വാല്‍മുറി: പോയ നൂറ്റാണ്ടിലെ ഏഴാം ദശകാരംഭം വരേയ്ക്കും നമ്മുടെ സംസ്ഥാനത്തും ഔപചാരികവും ഔദ്യോഗികവുമായ കോണ്‍വെക്കേഷന്‍ നടന്നിരുന്നു. അന്ന് കേരള യൂണിവേഴ്‌സിറ്റി മാത്രം. ചടങ്ങ് തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലോ വിജെടി ഹാളിലോ വെച്ചാവും നടക്കുക. ബിരുദം നല്‍കുന്നത് ചാന്‍സലറോ വൈസ് ചാന്‍സലറോ ആവും. വിദ്യാഭ്യാസ മേഖലയിലെ പ്രശസ്തരും പ്രഗത്ഭരുമൊക്കെ സന്നിഹിതരാവും.
കറുത്ത ഗൗണും കറുത്ത ചതുരത്തൊപ്പിയും പത്തുറുപ്പികയ്ക്ക് വാടകയ്ക്കുകിട്ടും. തമ്പാനൂരെ മിനര്‍വാ ഫോട്ടോ സ്റ്റുഡിയോ കൃഷ്ണന്‍കുട്ടി ചടങ്ങ് കറുപ്പിലും വെളുപ്പിലും ക്യാമറയില്‍ പകര്‍ത്തും. അഞ്ചുറുപ്പിക കൊടുത്താല്‍ അഞ്ചാംപക്കം അഞ്ചല്‍ശിപായി പടം വീട്ടിലെത്തിക്കും.
നമ്മുടെ പുരോഗമനചിന്തയുടെ അതിപ്രസരത്താല്‍ ഈ ചടങ്ങ് എന്നത്തേക്കുമായി നാം അവസാനിപ്പിച്ചു. അവിശുദ്ധമായ പലതിന്റെയും കലര്‍പ്പ് ഏറെ ബാധിച്ചത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെയാണ്. കാലടിയിലെ സംസ്‌കൃതസര്‍വ്വകലാശാലയെങ്കിലും പ്രൗഢോജ്ജ്വലമായി ഇതു നടത്തേണ്ടതാണ്. പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തില്‍ ശ്രീ സത്യസായി ഹയര്‍ലേണിംഗ് എന്ന ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ 1981 മുതല്‍ നവംബര്‍ 22ന് മുറ തെറ്റാതെ കോണ്‍വെക്കേഷന്‍ നടന്നുവരുന്നുണ്ട്.