കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വിജയന്‍ സഖാവിന് ഒരു സംശയം കലശലായി വന്നു; രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇവിടെ നിന്നും എന്തോ കവര്‍ന്നെടുക്കുന്നോ എന്ന്. വഖഫ് ബോര്‍ഡ് ഓഫീസ് ഉദ്ഘാടനത്തിന് എത്തിയ മുസ്ലിങ്ങളുടെ മുഖത്ത് നോക്കിയപ്പോള്‍ സംശയം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു. അത്തരം ഘട്ടങ്ങളില്‍ കൈ കൊണ്ടും മറ്റും ചില പ്രയോഗങ്ങള്‍ നടത്തുന്നതാണല്ലോ അദ്ദേഹത്തിന്റെ ശൈലി. ഇവിടെ കൈക്ക് പകരം നാക്കാണുപയോഗിച്ചത്. മുസ്ലിങ്ങള്‍ എന്തോ കവര്‍ന്നെടുക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്നു എന്ന പ്രയോഗം അതിന്റെ ഭാഗമാണ്. കേരളത്തിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു കുറച്ചു മുമ്പാണ് നിയമസഭയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങള്‍ ഇടത് സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നു എന്ന്. ഏതാനും മാസം മുമ്പാണ് ചില ക്രിസ്ത്യന്‍ മതനേതാക്കള്‍ ന്യൂനപക്ഷാവകാശങ്ങളുടെ സിംഹഭാഗവും തങ്ങള്‍ക്കു കിട്ടുന്നില്ല, മുസ്ലിങ്ങള്‍ കയ്യടക്കുന്നു എന്നു പരാതിപ്പെട്ടത്. മനസ്സ് സഞ്ചരിക്കുന്ന കുമാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് ആര്‍ക്കറിയാം എന്ന് കവി പാടിയത് വിജയന്‍ സഖാവിനെ ഉദ്ദേശിച്ചാണോ എന്നറിയില്ല. എന്തായാലും കേരളത്തിന്റെ നിലപാട് വ്യത്യസ്തമാണ് എന്ന് ആ ഉദ്ഘാടന വേദിയില്‍ വെച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിന്റെ കീഴില്‍ ചെലവഴിച്ചത് നിശ്ചയിച്ച തുകയുടെ 2.69 ശതമാനം മാത്രം എന്നാണ് ഇയ്യിടെ പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. മെഡിക്കലും എഞ്ചിനീയറിംഗും ഉള്‍പ്പെടെ ന്യൂനപക്ഷവിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ ഒമ്പതു സ്‌കോളര്‍ഷിപ്പുകളില്‍ 50 ശതമാനം തുകയും വെട്ടിക്കുറച്ചു. സിവില്‍ സര്‍വ്വീസ്, യു.ജി.സി പരീക്ഷാ പരിശീലനത്തിനുള്ള ഫണ്ടും പകുതിയാക്കി കുറച്ചു. സ്‌കോളര്‍ഷിപ്പിന്റെ ബലത്തില്‍ വിദേശത്തു പോയി പഠിക്കുന്ന ന്യൂനപക്ഷകുട്ടികളുടെ അവസ്ഥ പരുങ്ങലിലാകും എന്നാണ് ചില പത്രങ്ങള്‍ പറയുന്നത്. പദ്ധതിവിഹിതം 50 ശതമാനമാക്കി മാറ്റിയതിന്റെ ചുവടുപിടിച്ചാണ് ഇത്. ന്യൂനപക്ഷ ക്ഷേമ പദ്ധതി നടത്തിപ്പും ഇഴഞ്ഞാണ് നീങ്ങുന്നത്. ഫണ്ടുകള്‍ മുഴുവന്‍ ധനമന്ത്രി ബാലഗോപാലന്‍ പിടിച്ചുവെച്ചിരിക്കയാണ്. കേന്ദ്രം ആദ്യം മുത്തലാഖ് നിയമം പാസ്സാക്കി, പൗരത്വനിയമത്തിന് ഭേദഗതി കൊണ്ടുവന്നു, ഇപ്പോഴിതാ വഖഫ് ഭേദഗതി നിയമവും കൊണ്ടുവരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ നിന്ന് ബാലഗോപാലന്റെ പ്രേരണ കമ്മ്യൂണിസത്തില്‍ നിന്നല്ല, കേന്ദ്രത്തിലെ ഹിന്ദുത്വ സര്‍ക്കാരില്‍ നിന്നാണ് എന്നാണാവോ അദ്ദേഹം ഉദ്ദേശിച്ചത് എന്നറിയില്ല. അതുകൊണ്ടായിരിക്കുമല്ലോ ന്യൂനപക്ഷ വിദ്യാഭ്യാസത്തിനുള്ള ചില ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചു എന്നതിന്റെ കണക്ക് അദ്ദേഹം അവതരിപ്പിച്ചത്. ന്യൂനപക്ഷക്ഷേമ ഫണ്ടില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നുള്ളിക്കൊടുത്ത് ബാക്കി കൊണ്ട് സഖാവ് വിജയന്റെയും ബാലഗോപാലന്റെയും ക്ഷേമം സംരക്ഷിക്കുന്നത് നല്ലതു തന്നെ.