വിത്തോ മരമോ മൂത്തത് എന്നൊരു ചോദ്യമുണ്ട്; മുട്ടയോ കോഴിയോ എന്നാവും ചിലര്‍ക്ക് പരിചയം. വന്യജീവി-മനുഷ്യസംഘര്‍ഷത്തില്‍ സമാനമായൊരു ചോദ്യമുയര്‍ന്നാല്‍ മനുഷ്യരോ വന്യജീവികളോ കുറ്റക്കാര്‍ എന്ന തര്‍ക്കം വരും. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന വന്യജീവി-മനുഷ്യസംഘര്‍ഷത്തിന് ശാശ്വതമായ പരിഹാരമെന്ത് എന്ന് കണ്ടെത്തുംവരെ തര്‍ക്കം തുടരും.
ഈ സംഘര്‍ഷവും ദിനംപ്രതിയെന്നവണ്ണം ഉണ്ടാകുന്ന ആള്‍നാശവും പരിഹരിക്കാന്‍ പല പരിശ്രമങ്ങള്‍ പലരും നടത്തുന്നുണ്ട്. എന്നാല്‍ നാടിനും കാടിനും വെവ്വേറെ പൊതുനിയമങ്ങള്‍ ഉണ്ടായിരിക്കെ, ആ നിയമങ്ങള്‍ പാലിക്കണമെന്ന് ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ഏറെ വിമര്‍ശിക്കപ്പെടുക. സംസ്ഥാന സര്‍ക്കാരാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിയമങ്ങളും നിര്‍വഹണതലത്തില്‍ എത്തിക്കേണ്ടത്. അതിനാല്‍ ഇതു സംബന്ധിച്ച പ്രാദേശികവിഷയങ്ങള്‍ ഏതും സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതികരണമാകും.
വന്യജീവി നാട്ടിലിറങ്ങിയാല്‍ ജനങ്ങളും സര്‍ക്കാരും ചെയ്യേണ്ടത് എന്തെല്ലാമെന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് നടത്തിയ ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വന്യജീവി നാട്ടിലിറങ്ങി അപകടകരമായി പെരുമാറിയാല്‍ കൈക്കൊള്ളേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഏറെക്കാലമായി പരിഹാസരൂപത്തില്‍ അത് പ്രചരിപ്പിക്കുന്നുണ്ട്. ഇതുവരെ അതിന്റെ പേരില്‍ ആര്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയോ, ആരെയെങ്കിലും കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണെന്ന് ഉറപ്പിക്കാം. അതില്‍ വിശദീകരണം വായിച്ച് മുഖ്യമന്ത്രിപോലും സ്വയം ചിരിച്ചുപോകുന്നുണ്ട്. അതിന്റെയര്‍ത്ഥം, ആരോ തയ്യാറാക്കിക്കൊടുത്ത കുറിപ്പ് വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത് എന്നാണ്. എന്നു പറഞ്ഞാല്‍ ഈ ഗുരുതരവിഷയത്തില്‍ അത്രമാത്രമേ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും മനസ്സ് കൊടുക്കുന്നുള്ളൂ. ഒരുപക്ഷേ ഇത്ര കാലം കഴിഞ്ഞിട്ടും ആക്രമണങ്ങളും ദുരന്തങ്ങളും കൂടുന്നതിന് ഒരു കാരണവുമതാവാം.
അതിര്‍ത്തികള്‍ അതിക്രമിച്ചു കടക്കുന്നതു തന്നെയാണ് പ്രശ്‌നം. അത് രാജ്യങ്ങള്‍ തമ്മിലാകുമ്പോള്‍, ആക്രമണ സ്വഭാവത്തിലാകുമ്പോള്‍ ആസൂത്രിതമാകുമ്പോള്‍ ടെററിസമെന്ന് വിളിക്കപ്പടുന്നു. വന്യജിവികളുടെ പക്ഷത്തില്‍ ഒരുപക്ഷേ, മനുഷ്യര്‍ അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി കാടുകൈയേറുമ്പോള്‍ അത് ടെററിസമായിത്തോന്നാം. പ്രതിരോധിക്കാന്‍ അവര്‍ ചാവേറുകളാകുന്നതുമാകാം. കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ‘മൃഗാധിപത്യം വന്നാല്‍’ എന്ന സങ്കലാഖ്യാനം ഉണ്ടായിരുന്നതോര്‍മ്മയില്‍ വന്നപ്പോഴാണ് ഇങ്ങനെ ചിന്തിച്ചത്. വാസ്തവത്തില്‍ ടൂറിസത്തിന്റേയും ആവാസത്തിന്റെയും കൃഷിയുടെയും ആര്‍ഭാടസൗകര്യത്തിന്റെയും പേരില്‍ നടക്കുന്ന അശാസ്ത്രീയമായ കൈയേറ്റങ്ങളും ആധിപത്യങ്ങളും വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനകാരണമാണ്. പരിസ്ഥിതിപ്രശ്‌നങ്ങള്‍ എന്നും കാലാവസ്ഥാവ്യതിയാനങ്ങളെന്നും പേരിട്ട് ശാസ്ത്രീയ ഭാഷയിട്ടും ലളിതമല്ലാത്ത രീതിയിലും ഭാഷയിലും ചര്‍ച്ച ചെയ്യുന്നതെല്ലാം മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്ക് മേല്‍ നടത്തുന്ന ‘അതിക്രമ’ങ്ങളാണ്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദൂരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രകൃതി-പരിസ്ഥിതി സംരക്ഷണ വിഷയം പ്രതിപാദിക്കുന്ന ഒരു ഹ്രസ്വചലച്ചിത്രത്തിലെ ഒരു സംഭാഷണ ശകലം അതിങ്ങനെ പറയുന്നുണ്ട്: ”പ്രകൃതിയോടുള്ള മനുഷ്യന്റെ തെറ്റായ സമീപനം കൊണ്ടാണ് കാലാവസ്ഥാ വ്യതിയാനം പോലും ഉണ്ടാകുന്നത്. കാടുകയറി പട്ടയം പിടിച്ചും പുഴകള്‍ നിരത്തി മണിമന്ദിരങ്ങള്‍ പണിഞ്ഞും ഭൂമിയുടെ നട്ടെല്ലായ കരിമ്പാറ മലകളെ വെടിമരുന്നിട്ട് തകര്‍ത്തും വികസനത്തിന്റെ പേരില്‍ വിളിച്ചുവരുത്തുന്ന ദുരന്തങ്ങളേ ഈ നാട്ടില്‍ ഉള്ളൂ…”
കര്‍ണാടക വനത്തില്‍ നിന്ന് കാട്ടാന കേരളത്തിലെ വയനാട്ടില്‍ എത്തി നടത്തിയ ആക്രമണം കര്‍ണാടക വനത്തില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വന്നപ്പോള്‍ സഞ്ചരിച്ചെത്തിയതു മൂലമാണെന്നായിരുന്നു വിശദീകരണം. വനശോഷണം, പ്രകൃതി സ്രോതസ്സുകളുടെ നാശം തടയാനുള്ള വനസംരക്ഷണ നിയമങ്ങളും വനപോഷണത്തിനുള്ള പൊതുഖജനാവിലെ ഫണ്ടുകളും വേണ്ടവിധം വിനിയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം വനംവകുപ്പിന് ബജറ്റില്‍ ഫണ്ട് വെട്ടിക്കുറച്ചതും കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭ്യമാക്കാന്‍വേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാത്തതും ചര്‍ച്ചാ വിഷയമാണ്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ വനനിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍തയ്യാറായിട്ടില്ല. പ്രകൃതി സംരക്ഷണത്തിനും വന്യജീവി-മനുഷ്യസംഘര്‍ഷരാഹിത്യത്തിനും മാധവ ഗാഡ്ഗിലിന്റെയും കസ്തൂരിരംഗന്റെയും റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും മുന്നറിയിപ്പുകളും ഉള്‍ക്കൊള്ളാന്‍ പോലും തയാറാകുന്നില്ല. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും പ്രകൃതി-മനുഷ്യസംരക്ഷണത്തിനു പ്രാധാന്യം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
‘മിഷന്‍ഫുഡ്, ഫോഡര്‍ ആന്‍ഡ് വാട്ടര്‍’ എന്ന പേരില്‍ ഒരു ആശയമുണ്ട്. വന്യജീവികള്‍ക്ക് കാട്ടില്‍ത്തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതാണ് പദ്ധതി, പക്ഷേ ഇത് എത്രത്തോളം നടപ്പാക്കണമെന്നതിന് വ്യക്തതയില്ല. ഓരോ ദുരന്തത്തിലും ജനരോഷം ഉണ്ടാവുകയും സര്‍ക്കാര്‍ സഹായവും പരിഹാരങ്ങളും നിര്‍ദ്ദേശിക്കുമെങ്കിലും ഒന്നും യഥാവിധി നടപ്പാക്കുന്നില്ല എന്നാണ് ആക്ഷേപം. ആനയും കടുവയും കാട്ടുപന്നിയും പുലിയും മറ്റും കാടുവിട്ട് നാട്ടിലിറങ്ങുകയും നാട്ടില്‍ തെരുവുനായ്ക്കള്‍ വ്യാപകമായി ആക്രമണകാരികളാകുകയും ചെയ്യുമ്പോള്‍ ഒരേ നയനിലപാടുകളാണ് സര്‍ക്കാരിന്. എന്നും കുറ്റപ്പെടുത്തലുകള്‍ ഉയരുന്നു. പക്ഷേ ഇനിയും കാടിന്റെ രീതിയും ശാസ്ത്രവും അറിയാവുന്നവരെ വിശ്വാസത്തിലെടുത്ത് നയവും നടപടിയും കൈക്കൊളളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വിചിത്രമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ വിഷയത്തിലും സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍ ശ്രമിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ നിസ്സഹകരണമെന്ന ആരോപണം ആവര്‍ത്തിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ 2994 കിലോമീറ്റര്‍ വനാതിര്‍ത്തി കാക്കാനും ജനങ്ങളെ സംരക്ഷിക്കാനും അത്ര എളുപ്പമല്ല. പ്രത്യേകിച്ച് വന്യജീവികള്‍ ജീവിക്കാനാണ് കാടിറങ്ങുന്നതെങ്കിലും അവയ്ക്ക് ‘ചാവേറി’ ന്റേതിന് സമാനമായ മനോനിലയായതിനാല്‍. എന്നാല്‍ സകലതലത്തിലുള്ളവരേയും കൂട്ടിച്ചേര്‍ത്ത് ശാസ്ത്രീയവും സാമൂഹ്യവുമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇനിയും ശ്രമിക്കുന്നില്ല എന്നത് വീഴ്ചയാണ്. വനംവകുപ്പിന്റെ മന്ത്രി ആരാകണമെന്ന് നിശ്ചയിക്കുന്ന തര്‍ക്കം, അതിന് മുന്നണിയിലെ പരിഹാരം കാണല്‍, ഒപ്പം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വോട്ടുറപ്പിക്കല്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധവയ്ക്കുന്നത്.
വര്‍ദ്ധിക്കുന്ന വന്യജീവി ആക്രമണങ്ങള്‍
വന്യജീവികള്‍ നാട്ടിലിറങ്ങി നടത്തുന്ന ആക്രമണങ്ങള്‍ വയനാട്ടിലാണ് അധികമെങ്കിലും സംസ്ഥാനത്താകെയുണ്ട്. 43 വര്‍ഷത്തിനിടെ വയനാട്ടില്‍മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 160 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരിക്കേറ്റവര്‍ അതിന്റെ പലമടങ്ങാണ്. വന്യജീവികള്‍ നശിപ്പിച്ച സ്വത്ത് ബഹുകോടികള്‍ വരും. ആനയും കടുവയും കാട്ടുപന്നിയും ഉള്‍പ്പെടുന്ന വന്യമൃഗങ്ങള്‍ ദിവസേന ജനവാസ കേന്ദ്രങ്ങളിലെത്തി കാര്‍ഷികോല്‍പ്പങ്ങള്‍ നശിപ്പിക്കുന്നതും, ജനങ്ങളെ പരിക്കേല്‍പ്പിക്കുന്നതും പതിവാണ്.
വന്യജീവികളെ തടയാനെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ കിടങ്ങുകളും ഫെന്‍സിങ്ങുകളും തകര്‍ന്നിട്ട് പല നാളായി. കാട്ടാനശല്യം തടയാന്‍ ജില്ലയിലാദ്യമായി നടപ്പാക്കുന്ന ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ് സംവിധാനം ഇനിയും പൂര്‍ത്തിയായിട്ടില്ല.
വനംമന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്കു പ്രകാരം 1993 ലെ സെന്‍സസില്‍ 4300 ആനകളാണ് കേരള വനങ്ങളില്‍ ഉണ്ടായിരുന്നത്. 2011ല്‍ ഇത് 7400 ആയി. ഈ രീതിയില്‍ ആനകള്‍ പെരുകുമ്പോള്‍ വനത്തിന് ഇവയെ ഉള്‍കൊള്ളാനുള്ള വാഹകശേഷി ഇല്ല.