2025 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരത സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയാണ് ‘ഒരു രാജ്യം ഒരു സബ്‌സ്‌ക്രിപ്ഷന്‍’. രാജ്യാന്തര ഗവേഷണ ജേര്‍ണലുകള്‍ ഭാരതമൊട്ടാകെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണിത്. രാജ്യത്തെ ഒന്നരക്കോടിയിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2024 നവംബര്‍ 24ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ഈ പദ്ധതി, ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ ഗവേഷണമേഖലക്ക് ഗുണമേന്മയുള്ള വിജ്ഞാനം കുറഞ്ഞ ചെലവില്‍, അഥവാ സൗജന്യമായി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിലെ അധ്യാപകരെയും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും അന്താരാഷ്ട്രതലത്തിലുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്കും, പ്രബന്ധങ്ങളിലേക്കും വഴിതെളിക്കാന്‍ ഇതിലൂടെ സാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള 6300 ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് 30 പ്രമുഖ രാജ്യാന്തര പ്രസാധകരുടെ ഏതാണ്ട് 13000 ഇ-ജേര്‍ണലുകള്‍ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
2019 ലാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി ആദ്യമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പ്രധാനപ്പെട്ട പല അന്താരാഷ്ട്ര ജേര്‍ണലുകളുടെയും വരിസംഖ്യ ഭീമമായതിനാല്‍ ഭാരതത്തിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഗവേഷകര്‍ക്കും അതു ലഭ്യമായിരുന്നില്ല. ഈ ന്യൂനത എങ്ങനെ പരിഹരിക്കപ്പെടും എന്ന ചിന്തയിലാണ് ഇത്തരത്തിലുള്ള ഒരു സംരംഭത്തിന്റെ തുടക്കം. ഗവേഷകര്‍ക്കാവശ്യമായ ജേര്‍ണലുകളും പ്രസിദ്ധീകരണങ്ങളും പ്രസാധകരില്‍ നിന്നു സര്‍ക്കാര്‍ തന്നെ നേരിട്ടുവാങ്ങി സൗജന്യമായി ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. അതായത് ഓരോ സ്ഥാപനങ്ങളും പ്രത്യേകമായി ഇത്തരം പ്രസിദ്ധീകരണങ്ങളുടെ വരിക്കാരാവുന്നതിനുപകരം, ദേശീയ തലത്തില്‍ കേന്ദ്രീകൃതമായി ജേര്‍ണലുകള്‍ ഒന്നിച്ചു വാങ്ങി സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന രീതി.
പ്രധാനമന്ത്രി നരേന്ദ്രമോദി, 2022 ആഗസ്റ്റ് 15ന് ചെങ്കോട്ടയിലെ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘അമൃത് കാലത്തി’ലെ ഭാരതത്തിലെ വികസനത്തെയും ഗവേഷണ രംഗത്തെ പ്രാധാന്യത്തെപ്പറ്റിയും വിശദമായി പ്രതിപാദിക്കുകയുണ്ടായി. രാജ്യത്തെയും, ഇവിടത്തെ ജനങ്ങളുടെ ക്ഷേമ ഐശ്വര്യത്തെയും ഉയരങ്ങളിലെത്തിക്കുക എന്നതാണ് ‘അമൃത് കാലം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത ഇരുപത്തഞ്ചുവര്‍ഷത്തേക്കുള്ള ലക്ഷ്യമാണിത്. ഇതിനായി രാജ്യമൊന്നായി പരിശ്രമിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. സ്വയംപര്യാപ്തത കൈവരിച്ച ഒരു ജനത അവരുടെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു കാലഘട്ടമായിരിക്കും ഇതെന്ന സൂചനയും ഈ പ്രഖ്യാപനത്തിനു പിന്നിലുണ്ട്. വിജ്ഞാനാധിഷ്ഠിതമായ, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം ‘അമൃതകാലം’ മുന്നോട്ടുവയ്ക്കുന്നു. ഇതോടനുബന്ധിച്ച് ‘ജയ് അനുസന്ധാന്‍’ (ഗവേഷണം ജയിക്കട്ടെ) എന്ന ആഹ്വാനവും അദ്ദേഹം നടത്തുകയുണ്ടായി.
ദേശീയ വിദ്യാഭ്യാസനയത്തില്‍ (NEP 2020) രാജ്യത്തെ വിദ്യാഭ്യാസത്തിനും വികസനത്തിനും നല്‍കുന്ന പ്രാധാന്യത്തോടൊപ്പം ഗവേഷണത്തിന്റെ ആവശ്യകതയും അടിവരയിട്ടു പറയുന്നുണ്ട്. സ്വാശ്രയഭാരതമെന്ന (ആത്മനിര്‍ഭര്‍ ഭാരതം) ലക്ഷ്യം നേടാനും അതുവഴി ‘വികസിതഭാരതം @ 2047’എന്ന ഉദ്ദേശ്യം സാക്ഷാത്കരിക്കാനും ഉതകുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അനുസന്ധാന്‍ ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ ബില്ലിന് 2023 ആഗസ്റ്റ് 4നാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് 2008 ലെ സയന്‍സ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് (എസ്.ഇ.ആര്‍.ബി) ആക്ടിനു പകരമായി കൊണ്ടുവന്ന നിയമമാണ്. ഇതനുസരിച്ച് രാജ്യത്ത് ഒരു നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍ആര്‍എഫ്) രൂപീകരിക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു പ്രധാനപ്പെട്ട സംരംഭങ്ങളുടെ ലക്ഷ്യപ്രാപ്തിക്കനുസരിച്ചാണ് ഒ.എന്‍.ഒ.എസ് (ONOS) ) പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് – ദേശീയ വിദ്യാഭ്യാസനയം (2020), വികസിതഭാരതം @ 2047, ദേശീയ അനുസന്ധാന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ANRF). സാമ്പത്തിക ലാഭത്തിലുപരി, രാജ്യം ശാസ്ത്രസാങ്കേതിക ഗവേഷണരംഗത്ത് സ്വയംപര്യാപ്തത (ആത്മനിര്‍ഭര്‍ഭാരതം) നേടുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മെഡിസിന്‍ (STEM), ഗണിതശാസ്ത്രം, മാനേജ്‌മെന്റ്, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിലെ 30 രാജ്യാന്തര പ്രസാധകരുടെ 13000ല്‍ ഏറെ ഇലക്ട്രോണിക് ജേര്‍ണലുകള്‍ (ഓണ്‍ലൈന്‍) രാജ്യത്താകെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സംരംഭം വഴി ലഭ്യമാക്കും. രാജ്യത്ത് നിലവില്‍ ഇവ എല്ലാവര്‍ക്കും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ആറായിരം കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സംസ്ഥാന സര്‍വകലാശാലകള്‍, ഐ.ഐ.ടികള്‍ തുടങ്ങി സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.8 കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ലോകമെമ്പാടുമുള്ള മുന്‍നിര ജേര്‍ണലുകളിലെ ഗവേഷണ ലേഖനങ്ങളും പ്രബന്ധങ്ങളും പഠനഗവേഷണത്തിന് ഉപയോഗപ്പെടുത്താം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍, സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം വഴി, രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പിന്നീട് രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രിയുടെ മുഖ്യശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ്കുമാര്‍ സൂദ് വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യുജിസി) സ്വയംഭരണ അന്തര്‍സര്‍വകലാശാല കേന്ദ്രമായ ‘ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി നെറ്റ്‌വര്‍ക്ക്’ (INFLIBNET) ആണ് ഈ പദ്ധതി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ആദ്യപടിയായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ഉന്നത വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങള്‍ onos.gov. in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അതുവഴി ഈ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ജേര്‍ണലുകള്‍ സൗജന്യമായി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. രജിസ്റ്റര്‍ ചെയ്യാനായി ഈ സ്ഥാപനങ്ങള്‍ക്ക് ആള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യുക്കേഷന്‍ കോഡ് (AISHE) നിര്‍ബന്ധമായും ഉണ്ടാകണം. കൂടാതെ ഒരു നോഡല്‍ ഓഫീസറും. ആഭ്യന്തര വൈഫൈയുടെ സഹായത്തോടെ, സ്ഥാപനങ്ങളുടെ സ്റ്റാറ്റിക് ഐ.പി. വിലാസം ഉപയോഗിച്ച് ജേര്‍ണലുകള്‍ ഉപയോഗിക്കാന്‍ കഴിയും. നിയന്ത്രിതമായി, സ്ഥാപനങ്ങള്‍ അനുവദിക്കുന്നവര്‍ക്ക് ക്യാമ്പസിനുപുറത്തും ഇതുപയോഗിക്കാവുന്നതാണ്.
ആദ്യഘട്ടത്തില്‍ രാജ്യമാകെ 6500 സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് 69 വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ ഈ സംരംഭത്തിന്റെ ഭാഗമാണ്. നിലവില്‍ ഗവേഷണ ജേര്‍ണലുകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുള്ള പദ്ധതിയാണിത്. വരുംകാലങ്ങളില്‍ ജേര്‍ണലുകള്‍ക്ക് പുറമെ ഗവേഷണ പ്രബന്ധങ്ങള്‍ (തീസിസുകള്‍), ഇലക്ട്രോണിക് ബുക്കുകള്‍, പേറ്റന്റുകള്‍, സെമിനാര്‍/കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടുകള്‍, ഡേറ്റ, ടെക്‌നിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്താനാണ് നീക്കം. ഒപ്പം, സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൂടി ഉപകാരപ്പെടത്തക്കവിധം, ഈ പദ്ധതിയുടെ വ്യാപ്തി കൂട്ടുകയും ചെയ്യും.
വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളുടെ പ്രശസ്തിയോ, സാമ്പത്തികഭദ്രതയോ കണക്കാക്കാതെ, വിജ്ഞാനത്തിന്റെ തുല്യലഭ്യത ഉറപ്പുവരുത്തുകയും, അതുവഴി കൂടുതല്‍ സുതാര്യമായ വിജ്ഞാനവിതരണത്തിന്റെ ജനാധിപത്യവല്‍ക്കരണം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും. ഇത്തരത്തില്‍ അതിരുകളില്ലാത്ത ഒരു ഗവേഷണ ലോകം സൃഷ്ടിക്കുകയും, രാജ്യത്തെ ഗവേഷകര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ഗവേഷണലേഖനങ്ങളും പ്രബന്ധങ്ങളും പരിധിയില്ലാതെ ലഭ്യമാക്കുകയും ചെയ്യാം. ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ ഗവേഷണരംഗം കൂടുതല്‍ മികച്ചതാക്കാനും, ഗവേഷണമേഖലക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനും, അധ്യയനമികവ് വര്‍ദ്ധിപ്പിക്കാനും, അതുവഴി രാജ്യാന്തരതലത്തില്‍ കൂടുതല്‍ മികച്ച വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനും ഒ.എന്‍.ഒ.എസ് (ഛചഛട) പദ്ധതിയിലൂടെ സാധ്യമാകുമെന്ന് പ്രത്യാശിക്കാം.
(തമിഴ്‌നാട് കേന്ദ്രസര്‍വ്വകലാശാലയിലെ (തിരുവാരൂര്‍) അധ്യാപകനാണ് ലേഖകന്‍)