”സാഹിത്യസൃഷ്ടി എല്ലാക്കാലത്തും എല്ലാ മനുഷ്യാത്മാക്കള്‍ക്കും ഉള്ള വിഭവ സമൃദ്ധമായ സദ്യയുടെ ക്ഷണക്കത്താണ്. ദൈവത്തിനും ലോകത്തിനും നല്‍കുന്ന ആത്മാരാധനയാണ്. വിശിഷ്ടമായ കലാസൃഷ്ടി മറ്റൊരു പൂന്തോട്ടം, മറ്റൊരു താരാപഥം, മറ്റൊരു നീലസമുദ്രം, പുതിയ ഹരിതഭൂഖണ്ഡസര്‍ഗം” ഈ വാക്യങ്ങള്‍ മഹാകവി പിയുടേതാണ്. ‘നിത്യകന്യകയെത്തേടി’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലുള്ളത്.
ഈ ലക്കം മാതൃഭൂമി വിവിധഭാഷകളിലുള്ള ഇന്ത്യന്‍ കഥകളുടെ പതിപ്പാണ്. നല്ല സംരംഭം. ബ്രസീലിയന്‍ എഴുത്തുകാരിയായിരുന്ന ക്ലാരിസ് ലിന്‍സ്‌പെക്ടറുടെ (Claris Linspector) കഥകളുടെ പി.ഡി.എഫുകള്‍ നെറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്തു വായിച്ചു നോക്കി. ഒരു കഥയും എന്നിലെ വായനക്കാരനെ തൃപ്തിപ്പെടുത്തിയില്ല. വലിയ എഴുത്തുകാരിയാണെന്ന് ഏവരും പറയുന്നു. എഴുത്തിനേക്കാള്‍ ഭീകരം അവരുടെ ജീവിതമാണ്. സ്വന്തം പേരുപോലും നഷ്ടപ്പെട്ട എഴുത്തുകാരിയാണ് ക്ലാരിസ്. അവരുടെ ജീവിതം ഒരു നോവലിനും ഉള്‍ക്കൊള്ളാനാവാത്തവിധം സങ്കീര്‍ണ്ണവും ഒരുതരത്തില്‍ ഭയാനകവുമാണെന്നു പറയാം. ക്ലാരിസ് ജനിച്ചത് ഉക്രൈനിലാണ്. യഥാര്‍ത്ഥ പേര് ചയ പിംഖസിവ്‌ന ലിന്‍സ്‌പെക്ടര്‍ എന്നായിരുന്നു (Chaya Pinkhasivna Linspector) എന്നാല്‍ റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് ബ്രസീലിലേയ്ക്കു കുടിയേറേണ്ടിവന്ന അവര്‍ക്ക് പേര് ബ്രസീലിയന്‍ രീതിയില്‍ പരിഷ്‌ക്കരിക്കേണ്ടിവന്നു. ജീവിതം മുഴുവന്‍ അവര്‍ക്ക് പ്രവാസമായിരുന്നു. ഉക്രൈനില്‍ നിന്നും ആദ്യം പോയത് റുമേനിയയിലേയ്ക്കാണ് തുടര്‍ന്ന് ബ്രസീലിലേയ്ക്കും. 1920ല്‍ ആയിരുന്നു ക്ലാരിസിന്റെ ജനനം. 1944ല്‍ 22 വയസ്സുമാത്രം പ്രായമുള്ളപ്പോള്‍ ബ്രസീല്‍ വിട്ടു. പിന്നെ യൂറോപ്പില്‍ ഇറ്റലിയിലും വിവിധയിടങ്ങളിലുമായി താമസം. അവിടെ നിന്നും യു.എസ്സിലേക്കു പോയി. 1959ല്‍ തിരിച്ചു ബ്രസീലിലെ റയോഡി ജനീറയിലേയ്ക്കും. 1977ല്‍ പരിഹരിക്കാനാവാത്തവിധം സങ്കീര്‍ണ്ണമായ ഒവേറിയന്‍ ക്യാന്‍സറിനെ തുടര്‍ന്ന് കഥാകാരി അന്തരിച്ചു. അപ്പോള്‍ 57 വയസ്സേ പ്രായമുണ്ടായിരുന്നുളളൂ.
മഹാകവി പിയ്ക്കും ക്ലാരിസിനും തമ്മില്‍ ഒരു സാദൃശ്യമുള്ളത് രണ്ടു പേര്‍ക്കും എഴുത്തിനെക്കാള്‍ വലിയ ജീവിതമുണ്ടായിരുന്നു എന്നതാണ്. പി. സ്വന്തം നാട്ടില്‍ത്തന്നെ പ്രവാസിയെപ്പോലെ ജീവിച്ചുവെങ്കില്‍ ക്ലാരിസ് യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും പ്രവാസിയായി ജീവിക്കാന്‍ നിര്‍ബ്ബന്ധിതരായി. രണ്ടുപേര്‍ക്കും പ്രകൃതിയെക്കുറിച്ചെഴുതുമ്പോള്‍ എന്തെന്നില്ലാത്ത ആവേശമാണ്. സ്വയം അതില്‍ മറന്നു പോകുന്നവരാണ്. പി. കവിതയിലൂടെയാണ് ആത്മസാക്ഷാത്കാരം നേടിയതെങ്കില്‍ ക്ലാരിസ് ചെറുകഥയിലൂടെയും നോവലുകളിലൂടെയും ആയിരുന്നുവെന്ന വ്യത്യാസമേയുള്ളൂ.
ആദ്യം എഴുതിയ പിയുടെ ഉദ്ധ രണി അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തോന്നിയത് മാതൃഭൂമിയിലെ ആദ്യകഥ സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘പ്രേതോച്ചാടനം’ വായിച്ചപ്പോഴാണ്. ഇന്ത്യയിലെ വിവിധഭാഷകളില്‍ നിന്നുള്ള കഥകളും കവിതകളും അവതരിപ്പിക്കുന്ന കൂട്ടത്തില്‍ മലയാളത്തെ പ്രതിനിധീകരിക്കാന്‍ ഏച്ചിക്കാനത്തെത്തന്നെ തിരഞ്ഞെടുത്ത മാതൃഭൂമിയുടെ ഔചിത്യത്തെ ആദരിക്കുന്നു. മലയാളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഉന്നതനായ ചെറുകഥാകൃത്ത് സന്തോഷ് തന്നെയാണെന്ന് നിസ്സംശയം പറയാവുന്നതേയുള്ളൂ. പുതിയ കഥ പറയുക എന്നത് ഇന്ന് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം നമ്മള്‍ പറയാനുദ്ദേശിക്കുന്ന കഥ ലോകത്തെവിടെയെങ്കിലും ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും. അതു പുതിയ രീതിയില്‍ പറയാനേ നമുക്കു കഴിയൂ.
കഥകളൊന്നും പറയുന്ന ആളിന്റെ സ്വന്തമല്ല. അതൊക്കെ ലോകത്തെവിടെയൊക്കെയോ സംഭവിച്ചവയാണ്. ആ കഥ പറയാനുപയോഗിക്കുന്ന തന്ത്രങ്ങളും ഭാഷാരീതിയും മാത്രമേ കഥാകൃത്തിന്റേതായിരിക്കാനിടയുള്ളൂ. ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കഥകളുമുണ്ട്. അത് മനുഷ്യഭാവനയില്‍ വിടര്‍ന്നസ്തമിക്കുന്നവയാവാം. അവയും ഒരു കഥാകൃത്തിന്റെ അനന്യമായ സംഭാവനയാവണമെന്നില്ല. അതൊക്കെ പല ഭാഷകളില്‍ പല രീതിയില്‍ പലരും അവതരിപ്പിച്ചുള്ളതായിരിക്കാം. എന്നാല്‍ പുതിയതായ ഒരാഖ്യാനരീതി സൃഷ്ടിച്ചെടുക്കാന്‍ കഥാകൃത്തിനു കഴിയും. ലോകത്തിലെ ആദ്യനോവലെന്നു കരുതപ്പെടുന്ന ജാപ്പനീസ് കൃതി ‘ഗഞ്ചിമോണോഗത്തിരി’ മുതലോ അതിനു മുന്‍പോ മനുഷ്യന്‍ പ്രണയം ഇതിവൃത്തമാക്കി കഥകളും കവിതകളും നോവലുകളും ഒക്കെ സൃഷ്ടിക്കാന്‍ തുടങ്ങി. കാദംബരിയിലും കാളിദാസകൃതികളിലുമൊക്കെ പ്രണയം ഉള്ളടക്കമായുണ്ടല്ലോ. കോടിക്കണക്കിന് കൃതികളില്‍ പ്രണയം പറഞ്ഞു കഴിഞ്ഞു എന്നിട്ടും പുതിയ രീതിയില്‍ അതേ ഉള്ളടക്കം തന്നെ ആവിഷ്‌കൃതമാവുന്നു. വായനക്കാര്‍ ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
ഭര്‍ത്താവിനുവിഷം കൊടുക്കുന്ന ഭാര്യമാര്‍, ഭാര്യമാര്‍ക്കുവിഷം കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ എന്നിങ്ങനെ എത്രയോ ലക്ഷം പേരെ സമൂഹം കണ്ടു കഴിഞ്ഞു. എന്നാലതുതന്നെ വളരെ പുതിയ രീതിയില്‍ ‘പ്രേതോച്ചാടനം’ എന്ന കഥയില്‍ സന്തോഷ് ഏച്ചിക്കാനം അവതരിപ്പിക്കുമ്പോള്‍ നമുക്ക് അത് നവ്യാനുഭവമാകുന്നു. ഒന്നിലധികം കഥയെ കൂട്ടിക്കെട്ടി വളരെ പുതിയ ചില ആവിഷ്‌ക്കാരതന്ത്രങ്ങള്‍ കഥാകൃത്ത് പ്രയോഗിക്കുമ്പോള്‍ കഥാകൃത്ത് തന്നെ അവതരിപ്പിക്കും പോലെ അതൊരു വെറും ‘കൂടത്തായി’ അനുഭവമല്ലാതെ മഹാകവി പി.പറയുന്നതുപോലെ ‘ലോകത്തിനു നല്‍കുന്ന ആത്മാരാധന’യായി മാറുന്നു. ഇന്നു നമ്മള്‍ കാണുന്നത്. cold blooded’ എന്ന ഇംഗ്ലീഷ് ശൈലിയെ അനുസ്മരിപ്പിക്കുന്നതരത്തില്‍ നിഷ്ഠൂരങ്ങളായ കൊലപാതകങ്ങളാണ്; ഒരു പാപബോധവുമില്ലാതെ പത്തിരുപതുവര്‍ഷം കൂടെകഴിഞ്ഞ നിരപരാധിയായ ഇണകളെ മറ്റൊരാളുമായുള്ള കാമസ്ഫൂര്‍ത്തിയ്ക്കുവേണ്ടി നിഷ്‌ക്കരുണം വധിച്ചുകളയുന്ന പെണ്‍ ചിലന്തികളെപ്പോലുള്ള സ്ത്രീകളെയും പുരുഷന്മാരേയുമാണ്. (ചിലന്തികളില്‍ പെണ്‍ ചിലന്തികള്‍ ഇണചേര്‍ന്നു കഴിഞ്ഞാലുടന്‍ ആണ്‍ചിലന്തികളെ ഭക്ഷിക്കുമത്രേ!Sexual Cannibalism എന്നാണ് ഈ പ്രതിഭാസത്തിനു പറയാറുള്ളത്) അത്തരം സ്ത്രീപുരുഷന്മാരെ അവതരിപ്പിച്ചാലും കഥകളുണ്ടാവും. എന്നാല്‍ അവര്‍ പശ്ചത്താപ വിവശരായെത്തുമ്പോഴാണ് മഹത്തായ കഥകളുണ്ടാവുന്നത് (ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പൊതുവെ പശ്ചാത്തപിക്കുന്ന പതിവ് അപൂര്‍വ്വമാണ്. ജീവിതത്തില്‍ അങ്ങനെയാണെങ്കില്‍ കഥയില്‍ ആ രീതിയില്‍ അവതരിപ്പിക്കുന്നത് വായനക്കാരന്റെ ആത്മീയവികാസത്തിനുതകില്ല).
ഏച്ചിക്കാനത്തിന്റെ കഥയില്‍ മറ്റൊരാളുമായുള്ള പ്രണയം സാക്ഷാത്കരിക്കാന്‍ വേണ്ടിയല്ല സോഫിയ ഭര്‍ത്താവിനു വിഷം കൊടുക്കുന്നത്. മറ്റൊരുവള്‍ക്കുവേണ്ടി തന്റെ കണ്ണ് അടിച്ചു പുറത്തു ചാടിച്ച ക്രൂരനായ ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനാണ് അവള്‍ അതു ചെയ്യുന്നത്. റോയി എബ്രഹാം എന്ന അവളുടെ പങ്കാളിക്കു ജോലി വാങ്ങിക്കൊടുത്തതും ആസ്‌ട്രേലിയയിലേയ്ക്കു കൊണ്ടുവന്നതും എല്ലാം സോഫിയയാണ്. എന്നിട്ടും അയാള്‍ അവളോടു നന്ദികേടുകാണിക്കുന്നു. ഒരു മിസിരി ഡോക്ടറോടൊപ്പം അയാള്‍ അവള്‍ കാണ്‍കെ ഇണചേരുന്നു. മാത്രവുമല്ല ഫ്രിഡ്ജില്‍ നിന്നും വീഞ്ഞുകുപ്പിയെടുത്ത് അവളുടെ മുഖത്തടിച്ച് കണ്ണു പുറത്തു ചാടിക്കുന്നു. പോലീസില്‍ പരാതി കൊടുക്കാതെ അയാള്‍ക്കുള്ള ശിക്ഷ സ്വയം വിധിക്കുകയാണു സോഫിയ. എന്നിട്ടും കൊലപാതകത്തെ അവള്‍ ന്യായീകരിക്കുന്നില്ല. കുമ്പസാരക്കൂട്ടില്‍ അച്ചനോട് കുറ്റസമ്മതം നടത്തുന്ന ഈ കഥയോടൊപ്പം അഗതയെന്ന പെണ്ണിനെ ബാധിച്ചിരിക്കുന്ന ഹര്‍ഷന്‍ എന്ന പ്രേതത്തെ അച്ഛന്‍ ഒഴിപ്പിക്കുന്ന കഥകൂടി ചേര്‍ത്തു വയ്ക്കുന്നു. അസാധാരണമായ ക്രാഫ്റ്റ് എന്നു പറയാം. വലിയ നിരീക്ഷണങ്ങളാല്‍ സമ്പന്നമാണ് കഥ. അതിലൊന്ന് ഇങ്ങനെയാണ്. ഈ ഐടി പാര്‍ക്കിലെ ജോലിയെന്നൊക്കെ പറഞ്ഞാല്‍ പോക്കറ്റില്‍ നിറയെ കാശിട്ടു തന്ന് ഒരു മാതിരി വെള്ളത്തില്‍ മുക്കിപ്പിടിക്കുന്ന ഏര്‍പ്പാടാണ്. മേലോട്ട് പൊങ്ങിവന്ന് ശ്വാസം വലിക്കണമെങ്കില്‍ ഒരാഴ്ച കഴിയണം. എത്ര യാഥാര്‍ത്ഥ്യമാണ് ഈ നിഗമനം.
എനിക്കു പരിചയമുണ്ടായിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. കാഴ്ചയ്ക്കു തീരെ ഭംഗിയില്ല. ഉയരം കഷ്ടിച്ച് നാലടിയോളമേ വരൂ! എല്ലാവരോടും സ്‌നേഹത്തോടെയാണ് പെരുമാറുന്നത്. സ്വന്തം വൈരൂപ്യത്തെക്കുറിച്ച് അവര്‍ ക്കു നല്ല ബോധ്യമുണ്ടായിരുന്നു. കൂട്ടികളോടുള്ള വലിയ സ്‌നേഹം കൊണ്ട്, നിറഞ്ഞ പുഞ്ചിരികൊണ്ട് അവര്‍ തന്റെ ശാരീരിക പരിമിതികള്‍ മറന്നു. താരതമ്യേന സമ്പന്നരായ സഹോദരങ്ങളും ഭൂസ്വത്തുക്കളുമുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് നല്ലൊരു വിവാഹബന്ധം ലഭിച്ചു. ഭര്‍ത്താവ് നല്ല സുന്ദരനാണ്. എല്ലാവരേയും പോലെ ഞാനും അത്ഭുതപ്പെട്ടു. കാഴ്ചയില്‍ ഒരു കുള്ളത്തിയെപ്പോലെ തോന്നിപ്പിക്കുന്ന ഈ ചേച്ചിക്ക് ഇത്രസുന്ദരനായ ഭര്‍ത്താവിനെ എങ്ങനെ ലഭിച്ചു? പുറമെ അവരുടെ ദാമ്പത്യത്തില്‍ പ്രശ്‌നമൊന്നുമുള്ളതായി ആര്‍ക്കും തോന്നിയില്ല. പക്ഷേ കുട്ടികളൊന്നുമുണ്ടായില്ല. ഒരു ദിവസം ആ സ്ത്രീ സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കുശേഷമാണ് കഥകള്‍ ആളുകള്‍ പറയാന്‍ തുടങ്ങിയത്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യാതൊരു വിധത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല. ശാരീരിക മാനസിക ബന്ധങ്ങളൊന്നും. ബുദ്ധിമാനും സുന്ദരനുമായ ആ ഭര്‍ത്താവ് വിവാഹത്തോടൊപ്പം തന്നെ അവരുടെ മരണവും പ്ലാന്‍ ചെയ്തിരുന്നുവത്രേ! അവരുടെ സ്വത്തിലും ആഭരണത്തിലും മാത്രമായിരുന്നു അയാള്‍ക്കു കമ്പം. ആ സാധുസ്ത്രീയെ ഒരു കൊലപാതകം വഴി ഒഴിവാക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. കാരണം പോലീസ് നടപടിയെ ആ മനുഷ്യന്‍ ഭയന്നിരുന്നു. പകരം ചെയ്തത് കോളേജില്‍