കളഭ ഗന്ധം! അര മണി-
ക്കിലുക്കങ്ങള്‍! ചിതറും
ചിരിച്ചാര്‍ത്തുകള്‍ തിളച്ചു
മറിയും പാല്‍ക്കുടം! കള്ള
നോടി വന്നിടും കാലമായ്
മണ്ണു വാരിയുണ്ടോ കണ്ണാ
വായ് തുറന്നു കാണേണ്ട!
മായാ മന്നിടത്തിന്നോരോ
തരി മണ്ണും നിന്‍ ജിഹ്വാഗ്രത്തില്‍
തയിര്‍ കടയും താളമേ
ളത്തിലോ കണ്ണനുണ്ണി,
ഉയിര്‍ കടഞ്ഞാ ഗോപികാ
ഹൃദയം കൈവെണ്ണയാക്കി നീ!
ഇലഞ്ഞിപ്പൂവിന്‍ ഗന്ധമേ
നിന്നോര്‍മ്മകള്‍ക്കെന്നോ രാധേ!
നാണത്തിന്‍ നാരില്‍ കൊരുത്താ
മാലകളെന്നുമെന്‍ കൈത്ത-
ണ്ടയിലോ കുളിര്‍ സൗരഭം!
കര്‍പ്പൂരത്തിരിയണയ-
വേ, പൊങ്ങുമാത്മ സുഗന്ധമേ
കണ്ണനെന്നു ചൊല്ലി കണ്‍-
നിറഞ്ഞൊഴുകിയോ രാധേ
യീ നീല നിലാവലയില്‍!
മഞ്ഞുരുകുമീ കാളിന്ദീ
തീരെ രാമുല്ല പൂക്കുന്നേന്‍!
രാധേ, ജ്ഞാനാനന്ദത്തിന്‍
മന്ദ മാരുതന്‍ പാടുന്നോ
മധുരം മാധവ ഗീതങ്ങള്‍!