അടുത്തിടെ, ചന്ദന്‍ ഗുപ്ത വധക്കേസിലെ 28 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവില്‍, ഒരു വര്‍ഗീയ കലാപക്കേസിലെ ഏഴ് എന്‍ജിഒകളുടെ പങ്കാളിത്തത്തെക്കുറിച്ച് ഗുരുതരമായ ചില ആശങ്കകള്‍ ഉന്നയിക്കുകയുണ്ടായി.
2002 ലെ ഗോധ്ര സംഭവത്തിനുശേഷം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭാരതത്തിലെ വര്‍ഗീയ കലാപങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ എന്‍ജിഒകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ ഉത്തരവില്‍, കോടതി ഏഴ് എന്‍ജിഒകളെ പ്രത്യേകമായി പരാമര്‍ശിച്ചുകൊണ്ട് വര്‍ഗീയ കലാപത്തിന് ആക്കം കൂട്ടുന്ന തരത്തില്‍ ഹിന്ദു വിരുദ്ധ ആഖ്യാനങ്ങള്‍ പ്രചരിപ്പിക്കാനും നിയമസംവിധാനത്തില്‍ ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു. സിറ്റിസണ്‍സ് ഓഫ് ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍), സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് (എസ്എഎസ്ജി), യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് (യു.എ.എച്ച്), റിഹായ് മഞ്ച്, അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി (എജെഎ), ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് (ജെയുടി) എന്നിവയാണ് കോടതി പരാമര്‍ശിച്ച സംഘടനകള്‍.
പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ്
സിജെപി പോലുള്ള എന്‍ജിഒകള്‍ മറ്റ് ഘടകങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരില്‍ ഒരു വിഭാഗത്തെ മാത്രം തിരഞ്ഞെടുത്ത് കുറ്റപ്പെടുത്തി പക്ഷപാതപരമായ വിവരണങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപിക്കപ്പെടുന്നു. വിശ്വാസ്യതയുടെ അഭാവം, പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ വേണ്ടിയുള്ള ശ്രമം, കൃത്യമായ തെളിവുകള്‍ നല്‍കുന്നതിലുള്ള പരാജയം തുടങ്ങിയ കാരണങ്ങളാല്‍ സിജെപി പുറത്തിറക്കിയ ‘ട്രൂത്ത് ഓഫ് കാസ്ഗഞ്ച്’ റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞു.
അനാവശ്യ ഇടപെടല്‍
നിയമനടപടികളിലുള്ള ഈ എന്‍ജിഒകളുടെ പങ്കാളിത്തത്തെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിക്കുന്നു. വിദേശ സംഘടനകള്‍ ഉള്‍പ്പെടെയുള്ള എന്‍ജിഒകള്‍ ജുഡീഷ്യറിയില്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
സാമുദായിക ഐക്യം
സാമുദായിക ഐക്യവും നിയമ സ്വാതന്ത്ര്യവും തകിടം മറിക്കുന്ന തരത്തില്‍ ഇത്തരം സംഘടനകള്‍ നടത്തുന്ന ഇടപെടലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ നിയമസംവിധാനവും ബാര്‍ അസോസിയേഷനുകളും ഉള്‍പ്പെടെയുള്ളവരോട് കോടതി ആവശ്യപ്പെട്ടു. സാമുദായിക എന്‍ജിഒകളുടെ വാദങ്ങള്‍ നിയമ പ്രക്രിയകളിലുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഭരണകൂടത്തോടുള്ളതിനേക്കാള്‍ കൂറ് സംഘടനകളോടാവുന്ന തരത്തിലുള്ള അപകടസാധ്യതയിലേക്ക് നയിച്ചേക്കാമെന്നും കോടതി ഊന്നിപ്പറഞ്ഞു.
ധനസമാഹരണത്തെക്കുറിച്ചുള്ള ആശങ്കകള്‍
സാമുദായിക കേസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്‍ജിഒകളുടെ ധനസഹായ സ്രോതസ്സുകളെക്കുറിച്ചും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും കോടതി ആശങ്കയുന്നയിച്ചു. ഈ എന്‍ജിഒകളുടെ ധനസഹായവും പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തോടും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനോടും അഭ്യര്‍ത്ഥിച്ചു.
നിയമസഹായത്തിന്റെ ദുരുപയോഗത്തിനുള്ള സാധ്യത
ഒരു വര്‍ഗീയ എന്‍ജിഒയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു പ്രതി കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍, അവരുടെ കൂറ് ഭരണകൂടത്തേക്കാള്‍ എന്‍ജിഒയിലേക്ക് മാറുന്നു, ഇത് ജുഡീഷ്യറിയെക്കുറിച്ചുള്ള സങ്കുചിതവും അപകടകരവുമായ അവധാരണ വളര്‍ത്തുന്നു. പ്രത്യേകിച്ചും അവര്‍ക്ക് തീവ്രവാദവുമായോ അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകളുമായോ ബന്ധമുണ്ടെന്ന് വരുമ്പോള്‍. അതുകൊണ്ട് തന്നെ ഇത് അത്തരം എന്‍ജിഒകള്‍ നല്‍കുന്ന നിയമസഹായത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു,
എന്‍ജിഒകള്‍ക്ക് അവരുടെ റിപ്പോര്‍ട്ടുകള്‍, നിയമപരമായ ഇടപെടലുകള്‍, വാദങ്ങള്‍ എന്നിവയിലൂടെ വര്‍ഗീയ ആക്രമണത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തെ ഗണനീയമായി സ്വാധീനിക്കാന്‍ കഴിയുമെന്ന് ഈ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ ചിലത് പക്ഷപാതപരവും കൃത്രിമവും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്ക്കും സാമുദായിക ഐക്യത്തിനും ഹാനികരമാണെന്നും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ എന്‍ജിഒകള്‍ക്ക് തീവ്രവാദ ധനസഹായവുമായി ബന്ധമുണ്ട്, അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതികളായ വ്യക്തികള്‍ക്ക് ഇവര്‍ നിയമസഹായം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വര്‍ഗീയ കേസുകളില്‍ ഉള്‍പ്പെട്ട എന്‍ജിഒകളുടെ ധനസഹായ സ്രോതസ്സുകളും ലക്ഷ്യങ്ങളും കോടതി ചോദ്യം ചെയ്തു. ഈ ഗ്രൂപ്പുകളില്‍ ചിലതിന് തീവ്രവാദ സംഘടനകളുമായി നേരിട്ടുള്ള ബന്ധമുണ്ടെന്ന ആശങ്കയുമുണ്ട്.
എന്‍ജിഒകളുടെയും അവയുടെ പ്രവര്‍ത്തനങ്ങളുടെയും സൂക്ഷ്മപരിശോധന
സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി)
ടീസ്ത സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദ് ഉള്‍പ്പെടെയുള്ളവരും ചേര്‍ന്ന് സ്ഥാപിച്ച മുംബൈ ആസ്ഥാനമായുള്ള ഈ സംഘടന മനുഷ്യാവകാശ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്നു. പക്ഷപാതപരമായ സമീപനത്തിനും വര്‍ഗീയ കലാപത്തിന്റെ മറ്റ് വശങ്ങള്‍ അവഗണിച്ചുകൊണ്ട് ഹിന്ദു ഗ്രൂപ്പുകളെ ലക്ഷ്യമിട്ടതിനും ഈ സംഘടന വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ട്രൂത്ത് ഓഫ് കാസ്ഗഞ്ച്ഃ ഷാം പോലീസ് പ്രോബ് പ്രൊട്ടക്റ്റ്‌സ് ഹിന്ദൂസ് ഫ്രെയിംസ് മുസ്ലിംസ് എന്ന തലക്കെട്ടിലുള്ള ഒരു റിപ്പോര്‍ട്ടും സിജെപി പുറത്തിറക്കി, പക്ഷപാതപരമാണെന്ന കാരണത്താല്‍ ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സിജെപി കോടതിയില്‍ കേസ് ഫയല്‍ ചെയ്ത കേസുകള്‍
♠മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ് (ജിആര്‍) ‘മതാന്തര വിവാഹങ്ങള്‍ നിരീക്ഷിക്കാന്‍’ ഒരു സമിതി രൂപീകരിച്ചു.
♠ യു.പി. സന്യാസി വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തു
♠ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ക്ക് വെല്ലുവിളി
♠ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് നിയമ സഹായം.
സാക്കിയ ജാഫ്രി കേസ്
സിജെപിയും സബ്രംഗ് ഇന്ത്യയും അടുത്ത ബന്ധമുള്ള സംഘടനകളാണ്. ടീസ്റ്റ സെതല്‍വാദ് ആണ് ഇവ രണ്ടും സ്ഥാപിച്ചത്. സിജെപി നിയമപരമായ വാദത്തിലും മറ്റ് ആക്ടിവിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം സബ്രംഗ് ഇന്ത്യ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമ വേദിയാണ്. അതായത്, അരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ടീസ്റ്റ ഈ രണ്ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു, ഒന്ന് ആക്ടിവിസത്തിനും മറ്റൊന്ന് ആഖ്യാന ക്രമീകരണത്തിനും.
ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ഉള്‍പ്പെടെയുള്ള നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പാണിത്. ഇവര്‍ക്ക് ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തിയ ചരിത്രമുണ്ട്. ലഷ്‌കര്‍-ഇ-തൊയ്ബ, ജമാ അത്തെ ഇസ്ലാമി എന്നിവയുമായും ഈ സംഘടനയ്ക്ക് ബന്ധമുണ്ട്. ഐഎഎംസി സ്ഥാപകന്‍ ഷെയ്ഖ് ഉബൈദ്, അംഗം അബ്ദുള്‍ മാലിക് മുജാഹിദ് എന്നിവര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തായ്ബ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ച ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐസിഎന്‍എ) തലവന്മാരാണ്. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സുമായും (സിഎഐആര്‍) ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഐഎഎംസിയുടെ ധനസഹായ സ്രോതസ്സുകളും മറ്റ് സംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. വിവാദ പശ്ചാത്തലമുള്ള ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണവും ഇവര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. നിയമപരമായ നടപടികളുടെ അടിസ്ഥാനത്തില്‍ അതിന്റെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും കൗതുകകരമെന്നു പറയട്ടെ, അവരുടെ വെബ്‌സൈറ്റും മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യഥേഷ്ടം പ്രവര്‍ത്തിക്കുന്നു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍)
വിവിധ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ സഹകാരികളിലൊന്നായാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഇത് നിരവധി മുന്‍നിര സംഘടനകളുമായും അണ്ടര്‍ ഗ്രൗണ്ട്/നിരോധിത സംഘടനകളുമായും സഹകരിക്കുന്നു. പി.യു.സി.എല്ലിന് മാവോവാദികളുമായി ബന്ധമുണ്ട്, ഈ ബന്ധങ്ങളുടെ പേരില്‍ അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെമിനാറുകള്‍, പൊതുയോഗങ്ങള്‍, പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നത് പോലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിനും അവര്‍ക്ക് പരിച നല്‍കുന്നതിനും ഇത് വിവിധ മുന്നണികളില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിനെയും ഭൂരിപക്ഷ വിഭാഗത്തെയും ലക്ഷ്യമിട്ട് വിവിധ വിഷയങ്ങളില്‍ സംഘടന റിപ്പോര്‍ട്ടുകള്‍, പത്രക്കുറിപ്പുകള്‍, പി.യു.സി.എല്‍ ബുള്ളറ്റിന്‍ എന്നിവ പ്രസിദ്ധീകരിക്കുന്നു.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് (എസ്എഎസ്ജി)
സാമ്രാജ്യത്വ വിരുദ്ധവും വംശീയ വിരുദ്ധവുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒരു സംഘടനയാണിത്. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പേരുകേട്ട എസ്.എ.എസ്.ജി 2022ലെ ലെസ്റ്റര്‍ അക്രമത്തിന് ഹിന്ദുക്കളെ കുറ്റപ്പെടുത്തിയതിന്റെ പേരിലും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1987ല്‍ അമൃത് വില്‍സണും കല്‍പ്പന വില്‍സണും ചേര്‍ന്ന് സ്ഥാപിച്ച എസ്എഎസ്ജിയില്‍ ശ്രീലങ്കയില്‍ നിന്നുള്ള മുന്‍ എല്‍ടിടിഇ അംഗം നിര്‍മ്മല രാജസിംഗ്, കെവല്‍ ഭരദിയ, സൗന്‍വേദന്‍ അപരാന്തി, സംഗീത കാലിയ, ശ്രുതി അയ്യര്‍ തുടങ്ങിയവരും അംഗങ്ങളാണ്. ഇന്റര്‍നാഷണല്‍ സോളിഡാരിറ്റി ഫോര്‍ അക്കാദമിക് ഫ്രീഡം ഇന്‍ ഇന്ത്യ (ഇന്‍സാഫ്), ആവാസ് നെറ്റ്‌വര്‍ക്ക് എന്നിവയുടെ ഭാഗമാണ് എസ്.എ.എസ്.ജി. ഇന്ത്യയില്‍ അവര്‍ക്ക് സി.പി.ഐ.എം.എല്ലുമായി വളരെ അടുത്ത ബന്ധമുണ്ട്.
ഹിന്ദുക്കള്‍ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ച വീഡിയോകളിലും പ്രസംഗങ്ങളിലും ധാരാളം തെളിവുകള്‍ ഉണ്ടായിരുന്നിട്ടും 2022ല്‍ ലെസ്റ്ററിലെ ഹിന്ദുക്കള്‍ തങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതായി എസ്എഎസ്ജി കുറ്റപ്പെടുത്തി. മാജിദ് ഫ്രീമാനെപ്പോലുള്ള മുന്‍ ഐ.എസ്.ഐ. എസ്/എ. ക്യു റിക്രൂട്ടര്‍മാര്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ ഇന്‍സ്റ്റഗ്രാം വഴി ലെസ്റ്ററിന് പുറത്ത് നിന്ന് ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുകയും ആള്‍ക്കൂട്ട ആക്രമണത്തിന് ആഹ്വാനം നല്‍കുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ ഇന്ത്യാ വിരുദ്ധ അല്ലെങ്കില്‍ ഹിന്ദു വിരുദ്ധ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ് (UAH)
2020 ഫെബ്രുവരിയിലെ ഹിന്ദു വിരുദ്ധ ദല്‍ഹി കലാപത്തില്‍ ദല്‍ഹി ആസ്ഥാനമായുള്ള ഈ മുസ്ലീം സംഘടനയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഈ സംഘടന കര്‍ഷകരുടെ പ്രതിഷേധത്തിലും പങ്കെടുത്തിട്ടുണ്ട്, കൂടാതെ സിഎഎ വിരുദ്ധ പ്രചാരണങ്ങളുമായും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്.
വിദ്വേഷ കുറ്റകൃത്യങ്ങളെ ചെറുക്കാനും ആള്‍ക്കൂട്ട അക്രമത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കാനുമുള്ള പ്രഖ്യാപിത ഉദ്ദേശ്യത്തോടെയാണ് യുഎഎച്ച് സ്ഥാപിതമായത്. അവര്‍ ഹെല്‍പ്പ് ലൈനുകള്‍ സ്ഥാപിക്കുകയും അവബോധം വളര്‍ത്തുന്നതിനായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ ദല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) പ്രതിഷേധ സ്ഥലത്ത് നിന്ന് യുഎഎച്ച് അംഗം ഖാലിദ് സൈഫിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രമുഖ അംഗമായ ഉമര്‍ ഖാലിദും പരിശോധനയും നിയമനടപടികളും നേരിട്ടിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കുന്നതിലും ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മുസ്ലീങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഈ സംഘം സജീവമാണ്.
റിഹായ് മഞ്ച്
അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുഹമ്മദ് ഷോയിബ് 2012 ല്‍ ലഖ്‌നൗ ആസ്ഥാനമായുള്ള നിയമ-രാഷ്ട്രീയ അഭിഭാഷക ഗ്രൂപ്പായ റിഹായ് മഞ്ച് രൂപീകരിച്ചു. മുസ്ലീങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരായ പ്രതിഷേധങ്ങളെ റിഹായ് മഞ്ച് സജീവമായി പിന്തുണച്ചിട്ടുണ്ട്. ഇതിന്റെ സ്ഥാപകനായ മുഹമ്മദ് ഷോയിബിനെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തിരുന്നു. ചന്ദന്‍ ഗുപ്തയുടെ മരണത്തില്‍ കലാശിച്ച 2018ലെ കാസ്ഗഞ്ച് അക്രമത്തില്‍ പ്രതികളായ വ്യക്തികള്‍ക്ക് ഈ സംഘം നിയമസഹായം നല്‍കിയിട്ടുണ്ട്. ഈ കേസില്‍ കോടതി 28 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.
ജാമിയത്ത് ഉലമ-ഇ-ഹിന്ദ് (ജെ.യു.ഐ)
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെ നിയമപരമായി സഹായിക്കുന്നതില്‍ കുപ്രസിദ്ധമായ ട്രാക്ക് റെക്കോര്‍ഡുള്ള ജെയുഎച്ച്, ഐസിസ്, അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-തായ്ബ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട തീവ്രവാദികള്‍ക്ക് നിയമ സഹായം നല്‍കിയിട്ടുണ്ട്. 2007ല്‍ സ്ഥാപിതമായ ജെ.യു.ടിയുടെ ലീഗല്‍ സെല്‍ ഇത്തരം കേസുകള്‍ ഏറ്റെടുക്കുകയും രാജ്യത്തുടനീളമുള്ള ഭീകരവാദികളെ രക്ഷിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തുകയും ചെയ്തു. 2007 മുതല്‍ കുറഞ്ഞത് 192 പേരെയെങ്കിലും ഇത്തരത്തില്‍ കുറ്റവിമുക്തരാക്കപ്പെട്ടു. 700 ഓളം ഭീകരവാദികള്‍ക്ക് ജെ.യു.ടി നിയമസഹായം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 7/11 മുംബൈ ട്രെയിന്‍ സ്‌ഫോടനങ്ങള്‍, 2006 ലെ മാലേഗാവ് സ്‌ഫോടനങ്ങള്‍, ഔറംഗബാദ് ആയുധ കേസ്, 26/11 മുംബൈ ഭീകരാക്രമണം തുടങ്ങിയ പ്രമുഖ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ എന്‍ജിഒകളുടെയെല്ലാം പ്രവര്‍ത്തനരീതി വളരെ രസകരമാണ്. ഈ സംഘടനകള്‍ നേരിട്ടോ അല്ലാതെയോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഘടനകളില്‍ ചിലത് യുഎസ്എ അല്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എസ്എഎസ്ജി അല്ലെങ്കില്‍ ഐഎഎംസി പോലെ പ്രവര്‍ത്തിക്കുന്നു. അവര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ഭാരതത്തെയും അന്താരാഷ്ട്ര തലത്തില്‍ ഹിന്ദുക്കളെയും അപകീര്‍ത്തിപ്പെടുത്തി വാര്‍ത്തകളില്‍ ഇടം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ എന്‍ജിഒകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതും ഇവരാണ്. ഈ സംഘടനകള്‍ അവരുടെ ബന്ധം ഉപയോഗിക്കുന്നതിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പോലുള്ള ഏജന്‍സികള്‍ അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ എടുത്തുചാടി ഇടപെടാനും തയ്യാറാവുന്നു.
(ജനുവരി 26 ലെ ഓര്‍ഗനൈസര്‍ വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ വിവര്‍ത്തനം).