മുസ്ലിം ലീഗിനെ ബാധിച്ച വര്‍ഗ്ഗീയ ദൂഷ്യം മാറ്റി മതേതരകക്ഷിയാക്കിയെടുക്കാന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന് അടങ്ങാത്ത ആഗ്രഹമുണ്ട്. ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്ന് ഗോവിന്ദന്‍ സഖാവ് പലവട്ടം സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്. അന്ന് ലീഗ് യുഡിഎഫില്‍ നിന്ന് ചാഞ്ചാടി നില്ക്കുന്ന സമയമായിരുന്നു. ലീഗിന്റെ വര്‍ഗ്ഗീയ രക്തം ശുദ്ധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് ഡയാലിസിസ് പ്രക്രിയക്ക് പാര്‍ട്ടി തിയറ്റര്‍ തയ്യാറാക്കി വെച്ചപ്പോഴേക്കും ലീഗ് കോണ്‍ഗ്രസ്സിന്റെ തണലില്‍ ഉറച്ചു നില്‍ക്കുക മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകെട്ടിലേക്കും പോയി. ഏറെ നിരാശനായ വിജയന്‍ സഖാവ് അന്ന് താന്‍ ലീഗുകാര്‍ക്ക് നല്‍കാന്‍ തയ്യാറാക്കി വെച്ച സ്റ്റഡിക്ലാസ് പാഴാക്കിക്കളയണ്ട എന്ന് തീരുമാനിച്ചാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാസമ്മേളനത്തിന് വടകരയില്‍ തമ്പടിച്ചത്. രണ്ടും കല്പിച്ച് സമ്മേളന സമാപന റാലിയില്‍ വെച്ച് പരസ്യമായിത്തന്നെ ലീഗുകാര്‍ക്ക് ഈ ക്ലാസ് കൊടുക്കുകയും ചെയ്തു. നിങ്ങള്‍ക്ക് നിങ്ങളുടെ ദൗര്‍ബല്യമുണ്ടാകും, അത് പരിഹരിക്കാന്‍ വര്‍ഗ്ഗീയതയുടെ സംഘടനാശേഷി ഉപയോഗിക്കരുത്, വര്‍ഗ്ഗീയ ശക്തികളുടെ സംഘടനാശേഷിയല്ല മാതൃകയാക്കേണ്ടത്, വര്‍ഗ്ഗീയതയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കേണ്ടത്, തങ്ങളുടെ ശ്രമങ്ങള്‍ അങ്ങനെയാവുന്നുണ്ടോ എന്ന് പരിശോധിക്കണം, ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പിഐക്കും മാന്യത നല്കുന്നത് ആപത്കരമാണ് തുടങ്ങി എന്തൊക്കെ സാരോപദേശങ്ങള്‍. പാണക്കാട് തങ്ങളുടെ ഏതെങ്കിലും മദ്രസക്ലാസില്‍ കിട്ടുമോ ഇത്ര നല്ല സാരോപദേശം? എന്നിട്ടും ലീഗ് നേതൃത്വം ഇത് തിരിച്ചറിയുന്നില്ലല്ലോ മാര്‍ക്‌സ് മുത്തപ്പാ !
തന്റെ സ്റ്റഡിക്ലാസിന്റെ മേന്മയായി വിജയന്‍ സഖാവ് പറയുന്നത് അത് കേട്ട മുസ്ലിം ബഹുഭൂരിപക്ഷമായ സുന്നികള്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞു എന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഈ വിജയന്‍ സഖാവ് തങ്ങളുമായി ധാരണയുണ്ടാക്കിയിരുന്നു എന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ പറയുന്നത്. വടകര മൈതാനിയില്‍ കേട്ട കൗണ്‍സിലിങ് ക്ലാസിന്റെ തുടര്‍ സ്റ്റഡി ക്ലാസിനായി ലീഗിന്റെ നേതാക്കള്‍ തീച്ചയായും ഏ.കെ.ജി. സെന്ററിനെ സമീപിക്കും എന്ന് ശുഭ പ്രതീക്ഷ വെക്കാം, അല്ലേ പുതിയ ജില്ലാസെക്രട്ടറി മെഹബൂബ് സഖാവേ ! മുസ്ലിം ലീഗിന് വിജയന്‍ സഖാവിന്റെ സ്റ്റഡിക്ലാസ് !