Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

സാര്‍ത്ഥകമാകുന്ന സ്വാതന്ത്ര്യം

സായന്ത് അമ്പലത്തില്‍

Print Edition: 31 January 2025

2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭാരതത്തിന്റെ ഭരണസാരഥ്യമേറ്റെടുത്തപ്പോള്‍ ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ ദിനപത്രം ‘India: another tryst with destiny’ ‘ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. ‘ഇന്ന് 2014 മെയ് 18, ബ്രിട്ടന്‍ അവസാനമായി ഇന്ത്യ വിട്ട ദിനം എന്ന നിലയിലാകും ചരിത്രം രേഖപ്പെടുത്തുക. ഈ ഉപഭൂഖണ്ഡത്തെ ബ്രിട്ടന്‍ ഭരിച്ച കാലത്തേതില്‍ നിന്ന് കാര്യമായ വ്യത്യാസമില്ലാത്ത അധികാര ഘടന നിലനിന്നിരുന്ന ഒരു നീണ്ട കാലഘട്ടത്തിന് തിരശ്ശീലയിടുകയാണ് നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പുവിജയം ചെയ്തത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ ഇന്ത്യ പല തരത്തിലും ബ്രിട്ടീഷ് ഭരണസംവിധാനത്തിന്റെ തുടര്‍ച്ചയായിരുന്നു’. ഈ വിലയിരുത്തല്‍ ഒരേസമയം വിശകലനാത്മകവും അതുപോലെ പ്രവചനാത്മകവുമായിരുന്നു.

സ്വാതന്ത്ര്യം സാര്‍ത്ഥകമാകുന്നത് രാഷ്ട്രത്തിന്റെ വിചാരങ്ങളിലും വ്യവഹാരങ്ങളിലും സ്വത്വവും സ്വധര്‍മ്മവും സന്നിവേശിക്കപ്പെടുമ്പോഴാണ്. 1947 ആഗസ്റ്റ് 15 ന് ഭരണതലത്തില്‍ സ്വാതന്ത്ര്യം നേടിയെങ്കിലും അധികാരമേറ്റെടുത്ത കോണ്‍ഗ്രസ്, കൊളോണിയലിസ്റ്റുകളുടെ പാരമ്പര്യവും പിന്തുടര്‍ച്ചയും അഭിമാനപൂര്‍വ്വം ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ സ്വതന്ത്ര ഭാരതത്തിന്റെ ഭരണരംഗങ്ങളില്‍ അടിമത്തത്തിന്റെ അടയാളങ്ങള്‍ക്കും അവശേഷിപ്പുകള്‍ക്കും വലിയൊരളവോളം ആദരവും അംഗീകാരവും ലഭിച്ചു. കോണ്‍ഗ്രസ് പിന്തുടര്‍ന്നുവന്ന ഈ കൊളോണിയല്‍ ചിന്താഗതിയെ വിശകലനം ചെയ്തുകൊണ്ട് ഓപ്പണ്‍ മാഗസിനില്‍ മിന്‍ഹാസ് മര്‍ച്ചന്റ് എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു ‘ജാതി, മതം, പ്രദേശം, ഭാഷ എന്നിവ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പിടിയില്‍ നിര്‍ത്താന്‍ ഉപയോഗിച്ചു. ബ്രിട്ടീഷുകാര്‍ അവശേഷിപ്പിച്ച കൊളോണിയല്‍ ജീന്‍ പിന്നീട് കോണ്‍ഗ്രസിന്റെ ചര്‍മ്മത്തിലേക്ക് വ്യാപിച്ചു’. അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്ന ദിനത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യം സാര്‍ത്ഥകമായെന്ന ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചചെയ്യേണ്ടത്. ഇന്‍ഡോറില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.

കോണ്‍ഗ്രസും കൊളോണിയലിസവും
1857 -ല്‍ ഭാരതത്തില്‍ നടന്ന സംഘടിതവും വ്യാപകവുമായ സ്വാതന്ത്ര്യസമരത്തിന്റെ തീക്കനലുകളെ ആന്തരികമായി അടിച്ചമര്‍ത്താനുള്ള ഒരു ‘സേഫ്റ്റി വാല്‍വ്’ എന്ന നിലയിലാണ് 1885 ല്‍ ബ്രിട്ടീഷ് ബുദ്ധിയില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന സംഘടന രൂപമെടുത്തത്. പിന്നീട് ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളാണ് അതിന് ദേശീയ പ്രസ്ഥാനത്തിന്റെ ഭാവവും ഭാവനയും നല്‍കിയത്. അപ്പോഴും കൊളോണിയലിസത്തിന്റെ ജനിതക കണങ്ങള്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശരീരത്തില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിരുന്നില്ല. ഒരിക്കല്‍, അമേരിക്കന്‍ അംബാസിഡറായ ഗാല്‍ബ്രെയ്ത്തിനോടുള്ള സംഭാഷണത്തിനിടെ ‘ഭാരതത്തിലെ അവസാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി’യാണ് താനെന്ന് ജവഹര്‍ലാല്‍ നെഹ്റു സ്വയം സാക്ഷ്യപ്പെടുത്തുകയുണ്ടായി. മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതിയുടെ അനുധാവകരായി കോണ്‍ഗ്രസ് ഭരണകൂടം വളരെവേഗം മാറി. ‘വിഭജിച്ചു ഭരിക്കുക’യെന്ന കൊളോണിയല്‍ പദ്ധതിയെ സ്വാതന്ത്ര്യാനന്തരം രാജ്യത്ത് പ്രയോഗവല്‍ക്കരിക്കാന്‍ അവര്‍ പരിശ്രമിച്ചു. കാശ്മീരിന് പ്രത്യേക പദവിയും പതാകയും അനുവദിച്ചുകൊടുത്തു. ഹിന്ദു- മുസ്ലിം വ്യക്തിനിയമങ്ങളില്‍ ഇരട്ടനീതി നടപ്പില്‍ വരുത്തി. ബാബാസാഹേബ് അംബേദ്കര്‍ താല്‍ക്കാലികമായ ഉപാധികളോടെ ഏര്‍പ്പെടുത്തിയ സംവരണതത്വത്തെ സ്ഥിരപ്പെടുത്തുകവഴി മതവിവേചനങ്ങള്‍ക്ക് ജനമസ്സുകളില്‍ വെടിമരുന്നിട്ടു കൊടുത്തു. 1919- ല്‍ ബ്രിട്ടീഷ് ഭരണകൂടം വിചാരണ കൂടാതെ ഏത് പൗരനെയും തടവിലിടാന്‍ അവകാശം നല്‍കുന്ന റൗലത്ത് ആക്ട് നടപ്പിലാക്കിയിരുന്നു. ഇതിന്റെ അനുകരണമായിരുന്നു 1975- ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് നടപ്പിലാക്കിയത്. 1946- ല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ വിനാശകരമായ പ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ചില്‍ മുന്നോട്ടുവെച്ച ‘ജാതിയുടെ അടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിക്കുക’ എന്ന ആവശ്യം കോണ്‍ഗ്രസ് ഇന്നും ആവര്‍ത്തിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ കോളനിവല്‍ക്കരിക്കപ്പെട്ട ഭാരതീയ മനസ്സുകളെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിരുന്നു. 1,200 വര്‍ഷത്തെ അടിമത്തത്തിന്റെ ഭാഗമായി രൂപപ്പെട്ട മാനസികാവസ്ഥ ഇന്നും രാജ്യത്തെ അസ്വസ്ഥമാക്കുന്നുവെന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംപ്രിതോദയും രാഹുലും

ഭാരതം ഏകരാഷ്ട്രമല്ലെന്ന ആഖ്യാനം കൊളോണിയല്‍ മസ്തിഷ്‌കത്തില്‍ നിന്ന് രൂപപ്പെട്ടതാണ്. ഇതിനെ സാധൂകരിക്കാനും സമര്‍ത്ഥിക്കാനും കോണ്‍ഗ്രസ് എക്കാലവും മുന്നിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണമാണ് ഭാരതത്തെ രാഷ്ട്രീയമായി ഒരുമിപ്പിച്ചതെന്നും 1947 ന് മുന്‍പ് ഏകരാഷ്ട്ര സങ്കല്പം നിലനിന്നിരുന്നില്ലെന്നും അവര്‍ പ്രചരിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് നേതാവായിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ A Nation in the making’ എന്നായിരുന്നു. ബ്രിട്ടീഷ് പദ്ധതിയുടെ ഭാഗമായി ഭാരത വിഭജനത്തിന് സമ്മതം മൂളിയ കോണ്‍ഗ്രസ് ഇപ്പോഴും അവരുടെ വിഭജനവാദ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ നടത്തിയ പ്രസ്താവന ഭാരതം സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് എന്നായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് സോണിയ കുടുംബത്തിന്റെ ബുദ്ധി ഉപദേശകന്മാരിലൊരാളും ഓവര്‍സീസ് കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനുമായിരുന്ന സാം പിത്രോദ നടത്തിയ പരാമര്‍ശം രാജ്യശിഥിലീകരണമെന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. ദി സ്റ്റേറ്റ്മാന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാരതീയരെല്ലാം പുറത്തു നിന്ന് ഇവിടേയ്ക്ക് കുടിയേറിയവരാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. കോണ്‍ഗ്രസ് ഇപ്പോഴും കൊളോണിയല്‍ ചിന്താഗതികള്‍ പേറുന്നുവെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കാന്‍ വേണ്ടി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏകപക്ഷീയമായ വര്‍ഗീയ കലാപ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ നടത്തിയ ആദ്യപ്രസംഗത്തില്‍ ഹിന്ദുക്കളെ അക്രമകാരികളായി അവതരിപ്പിച്ചു. ഏറ്റവുമൊടുവില്‍ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ മാത്രമല്ല ഇന്ത്യന്‍ സ്റ്റേറ്റിനെതിരെയും പോരാടണമെന്ന് രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തിരിക്കുന്നു.

2014-ല്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ കൊളോണിയല്‍ ചിന്താഗതിയില്‍ നിന്നുമാറി സ്വാതന്ത്ര്യത്തിന്റെയും സ്വത്വത്തിന്റെയും സാഫല്യത്തിലേക്ക് രാജ്യം നടന്നുനീങ്ങി. കോണ്‍ഗ്രസ് തുടര്‍ന്നുവന്ന കൊളോണിയല്‍ സമീപനരീതികളില്‍ കാതലായ മാറ്റം ഭരണതലത്തില്‍ തന്നെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങി. 2014-ല്‍ തന്നെ അന്താരാഷ്ട്ര വേദികളില്‍ ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന നടപ്പുശൈലി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തിക്കുറിച്ചു. പിന്നീട് മന്ത്രിമാരുടെയും ഉന്നത സര്‍ക്കാരുദ്യോഗസ്ഥരുടെയും കാറുകളില്‍ കൊളോണിയല്‍ കാലഘട്ടത്തിലെ ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്ന രീതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. റെയില്‍വേ ബജറ്റിനെ കേന്ദ്ര ബജറ്റില്‍ ലയിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് കാലം മുതല്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായത്തിന് വിരാമമിട്ടു. ബ്രിട്ടീഷ് മാതൃകയില്‍ ധനമന്ത്രിമാര്‍ വാര്‍ഷിക ബജറ്റ് ബ്രീഫ്കേസില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകുന്ന രീതി ഒഴിവാക്കി. പകരം പകരം ദേശീയ ചിഹ്നം പതിച്ച ഒരു ചെമ്പട്ട് ഇതിനായി ഉപയോഗിച്ചു തുടങ്ങി. 2020-ല്‍ പുതിയ ദേശീയ വിദ്യാഭ്യാസനയം കൊണ്ടുവന്നു. നിയമസംവിധാനത്തിലെ കൊളോണിയല്‍ സ്വാധീനം ഒഴിവാക്കാനും നീതിന്യായ രംഗത്തെ ഭാരതവല്‍ക്കരിക്കാനും വേണ്ടി ഭാരതീയ ന്യായസംഹിത ആവിഷ്‌കരിച്ചു. 2023 മെയ് മാസത്തില്‍, ബ്രിട്ടീഷ് കാലഘട്ടത്തിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് പകരം വിശാലമായ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന തരത്തില്‍ പട്ടേല്‍ പ്രതിമ പണികഴിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ത്യാ ഗേറ്റിന് സമീപം വര്‍ഷങ്ങളോളം നിന്നിരുന്ന കിങ് ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമ മാറ്റി അവിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. രാജ്പഥിനെ കര്‍ത്തവ്യ പഥ് എന്ന് പുനര്‍നാമകരണം ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് 2018 ഡിസംബര്‍ 30-ന്, ആന്റമാനിലെ റോസ് ദ്വീപിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും, നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും, ഹാവ്ലോക്ക് ദ്വീപിന്റെ പേര് സ്വരാജ് ദ്വീപ് എന്നും പുനര്‍നാമകരണം ചെയ്തു. അടുത്തകാലത്ത് പോര്‍ട്ട് ബ്ലെയര്‍ എന്ന ആന്റമാന്‍ ദ്വീപുകളുടെ തലസ്ഥാനത്തിന്റെ പേര് ‘ശ്രീവിജയ നഗരം’ എന്നാക്കി മാറ്റി. ഉത്തര്‍പ്രദേശിലെ അലഹബാദും ഫൈസാബാദും ഇപ്പോള്‍ പ്രയാഗ്രാജും അയോദ്ധ്യയുമായി മാറിയിരിക്കുന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനാബാദും ഇപ്പോള്‍ ഛത്രപതി സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ അറിയപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഏറ്റവുമൊടുവില്‍, ഇസ്ലാമിക അധിനിവേശ ശക്തികള്‍ നാമാവശേഷമാക്കിയ പ്രാചീന ഭാരതത്തിന്റെ വിദ്യാകേന്ദ്രമായിരുന്ന നളന്ദ സര്‍വകലാശാല പുനര്‍നിര്‍മ്മിച്ച് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. രാഷ്ട്രസ്വത്വത്തിന്റെ പുന:പ്രതിഷ്ഠ തന്നെയായിരുന്നു അത്.

2020 ആഗസ്റ്റ് 5 ന് നടന്ന അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രശിലാസ്ഥാപനത്തിന്റെ ചരിത്രമുഹൂര്‍ത്തത്തെ സാംസ്‌കാരിക സ്വാതന്ത്ര്യദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശേഷിപ്പിച്ചിരുന്നു. സ്വതന്ത്ര ഭാരതം സ്വത്വാവിഷ്‌കാരത്തിലേക്ക് സുധീരമായി നീങ്ങിത്തുടങ്ങിയതിന്റെ സാക്ഷ്യപത്രമായിരുന്നു അത്. ഈ വസ്തുത തന്നെയാണ് ആര്‍എസ്എസ് സര്‍സംഘചാലക് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അതിനെ വളച്ചൊടിച്ച് വിവാദമാക്കിയവരുടെ ഉദ്ദേശ്യം തികച്ചും ദുരൂഹവും ദുരുപദിഷ്ടവുമാണ്.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്‌

വ്യാജവാര്‍ത്തകളും വക്രദൃഷ്ടികളും
ആര്‍എസ്എസ് സര്‍സംഘചാലകന്റെ പേരില്‍ വ്യാജവാര്‍ത്തകള്‍ വിനിമയം ചെയ്യാന്‍ ഭാരതത്തിലെ ചില മാദ്ധ്യമങ്ങള്‍ ഏറെക്കാലമായി ശ്രമിക്കുകയാണ്. ഡോ. മോഹന്‍ ഭാഗവത് സര്‍സംഘചാലകനായി നിയോഗിക്കപ്പെട്ടതു മുതല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വികലമായി അവതരിപ്പിക്കാനുള്ള മാദ്ധ്യമശ്രമങ്ങളും ആരംഭിച്ചിരുന്നു. 2012 ഫെബ്രുവരിയില്‍ ഹേമന്ത് കാര്‍ക്കറെയെക്കുറിച്ചുള്ള പരാമര്‍ശത്തിന് സുപ്രീംകോടതി ആര്‍.എസ്.എസ്. സര്‍സംഘചാലകനെ വിമര്‍ശിച്ചു എന്നു ചില മാദ്ധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. സര്‍സംഘചാലകന്റെ പേര് കോടതി പരാമര്‍ശിച്ചതേയില്ല. തൊട്ടടുത്ത വര്‍ഷം, 2013 ജനുവരി അഞ്ചിന് ഡോ. മോഹന്‍ ഭാഗവത് ഇന്‍ഡോറില്‍ വെച്ച് നടത്തിയ ഒരു പ്രസംഗത്തില്‍ പാശ്ചാത്യ സംസ്‌കാരവും ഭാരതീയസംസ്‌കാരവും തമ്മിലുള്ള അന്തരം സൂചിപ്പിക്കാന്‍ വേണ്ടി നടത്തിയ പരാമര്‍ശത്തിലെ നിന്ന് ചില വരികള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ആര്‍.എസ്. എസ് സ്ത്രീയെ അടിമയായി കാണാന്‍ ആഹ്വാനം ചെയ്തു എന്ന വ്യാഖ്യാനത്തോടെ മാദ്ധ്യമങ്ങള്‍ വാര്‍ത്ത ചമച്ചു. പിന്നീട് വസ്തുത ബോധ്യമായപ്പോള്‍ എ.എന്‍.ഐ തങ്ങളുടെ ലേഖകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. സി.എന്‍. എന്‍.ഐ.ബി. എന്‍. അസോസിയേറ്റ് എഡിറ്റര്‍ സാഗരിക ഘോഷ് തന്റെ ട്വിറ്ററിലൂടെ മോഹന്‍ ഭാഗവതിനോട് മാപ്പു പറഞ്ഞു. അന്ന് മുഖപ്രസംഗത്തിലൂടെ മോഹന്‍ജി ഭാഗവതിനെ വിമര്‍ശിച്ച രാജസ്ഥാന്‍ പത്രികയ്‌ക്കെതിരെ പ്രസ് കൗണ്‍സിലിന് പരാതി നല്‍കുകയും 2015 ജൂലായ് 8 ന് ശിക്ഷാനടപടി എന്ന നിലയില്‍ പത്രത്തെ പ്രസ് കൗണ്‍സില്‍ ശാസിക്കുകയും വളരെ പ്രാധാന്യത്തോടെ ക്ഷമാപണ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പത്രം നിരുപാധികം മാപ്പപേക്ഷിച്ചു. 2014 -ല്‍ സര്‍സംഘചാലകന്റെ വിജയദശമി പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ മറ്റൊരു രാഷ്ട്രീയ വിവാദവും സൃഷ്ടിക്കപ്പെട്ടു. ജനാധിപത്യത്തെക്കുറിച്ചും പ്രതിപക്ഷ ബഹുമാനത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ആണയിടുന്നവര്‍ തന്നെ ദൂരദര്‍ശന്റെ നടപടി അക്ഷന്തവ്യമായ അപരാധമാണെന്ന് വിധികല്പിച്ചു. 2018 ഫെബ്രുവരിയില്‍ ബീഹാറിലെ മുസഫര്‍പൂരില്‍ നടന്ന സംഘപരിപാടിയില്‍ സംഘാദര്‍ശത്തെയും കാര്യപദ്ധതിയെയും കുറിച്ച് വിശദീകരിക്കവെ സര്‍സംഘചാലക് പറഞ്ഞ വാക്കുകള്‍ പുര്‍വ്വാപരബന്ധമില്ലാതെയാണ് മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനിച്ചത്. ‘നമ്മുടേത് പട്ടാള സംഘടനയോ പാരാമിലിട്ടറി സംഘടനയോ അല്ല. എന്നാല്‍ പട്ടാളത്തിന്റെതു പോലുള്ള അച്ചടക്കം നമുക്കുണ്ട്. ദേശത്ത് ആവശ്യം വരുകയും ഭരണഘടനയും നിയമവ്യവസ്ഥയും ആവശ്യപ്പെടുകയും ചെയ്താല്‍ സൈന്യത്തിന് സമൂഹത്തെ തയ്യാറാക്കാന്‍ ആറേഴ് മാസങ്ങള്‍ വേണ്ടിവരും. എന്നാല്‍ സംഘസ്വയംസേവകര്‍ക്ക് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാകാന്‍ കഴിയും. അതാണ് നമ്മുടെ ക്ഷമത’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന് പെട്ടെന്ന് യുദ്ധത്തിനൊരുങ്ങാന്‍ ശേഷിയില്ലെന്നും ആര്‍.എസ്.എസ്സിനു രണ്ടു മൂന്നു ദിവസം കൊണ്ട് യുദ്ധസന്നദ്ധരാകാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് മാദ്ധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തെ ആര്‍എസ്എസ് സര്‍സംഘചാലക് അപമാനിച്ചു എന്നാണ് ഇപ്പോള്‍ ചില മാദ്ധ്യമങ്ങളും അവരുടെ യജമാനന്മാരായ രാഷ്ട്രീയക്കാരും ആരോപിക്കുന്നത്. 2018- ലെ റിപ്പബ്ലിക് ദിനത്തില്‍ കേരള സന്ദര്‍ശനത്തിനിടെ പാലക്കാട് വേദവ്യാസ വിദ്യാലയത്തില്‍ മോഹന്‍ജി ദേശീയപതാക ഉയര്‍ത്തിയത് വിവാദമാക്കിയവരാണ് ഇപ്പോള്‍ സര്‍സംഘചാലക് സ്വാതന്ത്ര്യദിനത്തെ അവഹേളിച്ചു എന്ന് ആരോപിക്കുന്നത്. ഇതില്‍ നിന്നുതന്നെ ഇവരുടെ കാപട്യം വ്യക്തമാണ്. ഇക്കഴിഞ്ഞ വിജയദശമി ബൗദ്ധികില്‍ ഡീപ് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള വിപത്തുകള്‍ക്കെതിരെ സര്‍സംഘചാലക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ഭാരതത്തിന് അകത്തും പുറത്തുമുള്ള രാജ്യവിരുദ്ധ ശക്തികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഭാരതം എന്നും വിദേശ രാജ്യങ്ങളുടെ സാമന്തരാജ്യമായി കഴിയണമെന്നും കൊളോണിയലിസത്തിന്റെ അടിമഭാവം മനസ്സില്‍ സൂക്ഷിക്കണമെന്നും ശഠിക്കുന്നവര്‍ സ്വാവലംബിയും സ്വാഭിമാനബോധവുമുള്ള ഒരു സുശക്തരാഷ്ട്രമായി ഭാരതം മുന്നേറുന്നതില്‍ അസ്വസ്ഥരാകുന്നതില്‍ അത്ഭുതപ്പെടാനില്ല. 2047 -ല്‍ വികസിതവും വൈഭവശാലിയുമായ നവഭാരതം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യം സാഫല്യത്തിലേക്ക് നീങ്ങുന്നതിന്റെ ദിശാസൂചനകളാണ് ഇപ്പോള്‍ രാഷ്ട്രജീവിതത്തിലെമ്പാടും കാണുന്നത്.

 

Tags: അയോദ്ധ്യരാമക്ഷേത്രം
ShareTweetSendShare

Related Posts

യോഗയില്‍ ഒന്നിക്കുന്ന ലോകം

എതിര്‍പ്പ് ടാറ്റയോടെങ്കിലും ലക്ഷ്യം രാജ്യസമ്പദ് വ്യവസ്ഥ

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

സുശക്ത ഭാരതത്തിന്റെ സൂചികകൾ

ഭാരതമാതാവിനെ നിന്ദിക്കുന്നവര്‍

ദേവറസ്ജി -സാധാരണക്കാരിലെ അസാധാരണ വ്യക്തിത്വം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies