ഭാവഗായകന്റെ വലിയ ഒരു ആരാധകനാണ് ഈ ലേഖകന്‍. അദ്ദേഹം മണ്ണുവിട്ടു പോയെങ്കിലും ആ വിസ്മയനാദം ഒരുപക്ഷേ നൂറ്റാണ്ടുകള്‍ തന്നെ നിലനിന്നേയ്ക്കാം. എല്ലാ കലയും പോലെ സംഗീതവും പതുക്കെപ്പതുക്കെ മരണത്തിലേയ്ക്ക് നീങ്ങുകയാണെന്നു നിസ്സംശയം പറയാം. ഇനിയൊരു ചെമ്പൈയോ, മണി അയ്യരോ, ബാല മുരളീകൃഷ്ണയോ ഉണ്ടാകാനിടയില്ല. ജയചന്ദ്രന്റെ ശബ്ദമാധുര്യമുള്ള, പാട്ടുകാരും വരാനിടയില്ല. ചെമ്പൈ ജീവിച്ചിരുന്ന കാലത്തെ കേരള ജനസംഖ്യയുടെ ഇരട്ടിയോളമാണ് ഇന്നത്തെ ജനസംഖ്യ. എന്നിട്ടും അദ്ദേഹത്തിനുതുല്യം ശാസ്ത്രീയ സംഗീതപാണ്ഡിത്യം നേടിയവര്‍ ഈ ഇരട്ടി മനുഷ്യരിലില്ല. ത്യാഗരാജകൃതമായ കീര്‍ത്തനങ്ങളുടെ നിലവാരമുള്ള കൃതികള്‍ പിന്നെയാരും സൃഷ്ടിച്ചില്ല. ഡോ.ബാലമുരളീകൃഷ്ണയെപ്പോലുള്ളവരൊക്കെ സ്വന്തം നിലയില്‍ കൃതികള്‍ രചിച്ച് അവതരിപ്പിച്ചെങ്കിലും അതിനൊന്നിനും ത്യാഗരാജന്റെ കൃതികളുടെ സംഗീത ഗുണം പുലര്‍ത്താനായില്ല.
യേശുദാസിനെപ്പോലുള്ള ഒരു മഹാഗായകന്‍ സംഗീതലോകം അടക്കിവാഴുമ്പോഴാണ് ജയചന്ദ്രന്റെ വരവ്. അസാധാരണമായ ശബ്ദഭംഗികൊണ്ട് ഭാവഗായകന്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു. എങ്കിലും യേശുദാസിനെ മറികടക്കാനായില്ല. അതിന് കാരണം അദ്ദേഹത്തിന്റെ സഹജമായ അലസതയായിരുന്നു. ശാസ്ത്രീയ സംഗീതം വേണ്ടത്ര പഠിച്ചെടുക്കാത്തത് ഒരു വലിയ കുറവായിരുന്നു. യേശുദാസിന്റെ പരിശ്രമമോ സമര്‍പ്പണമോ ഭാവഗായകന് ഉണ്ടായിരുന്നില്ല. ജന്മസഹജമായ സിദ്ധികള്‍ മാത്രം പോര; നിരന്തര പരിശ്രമവും വേണം. ശാസ്ത്രീയസംഗീതത്തിലും ലളിതസംഗീതത്തിലും ഒരുപോലെ മികവു പുലര്‍ത്തിയ പിന്നണി ഗായകര്‍ യേശുദാസിനെപ്പോലെ വേറെയാരുമില്ല; ഹരിഹരനെപോലെ ചില വലിയ ഗസല്‍ഗായകര്‍ ചലച്ചിത്ര ഗാനരംഗത്തേക്കു വന്ന് കുറെ ഗാനങ്ങള്‍ ആലപിച്ചെങ്കിലും ദാസിനെപ്പോലെ രംഗം പിടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല.
ജയചന്ദ്രന്‍ വാര്‍ദ്ധക്യ കാലത്ത് കുറെ കീര്‍ത്തനങ്ങള്‍ പാടി യൂട്യൂബില്‍ അവതരിപ്പിച്ചെങ്കിലും രാഗവിസ്താരമോ മനോധര്‍മ്മസ്വരത്തിന്റെ ആലാപനമോ ഒന്നും അവയില്‍ ഉണ്ടായിരുന്നില്ല. വെറും സാഹിത്യമാത്രം പാടി അവതരിപ്പിച്ചു, അത്രതന്നെ. ശാസ്ത്രീയസംഗീതത്തിന്റെ രീതിയിലുള്ള സെമിക്ലാസിക്കല്‍ ഗാനങ്ങള്‍ സിനിമയില്‍ നന്നായി പാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു സംഗീതക്കച്ചേരി സ്വന്തമായി പാടുന്നതിനുള്ള പാണ്ഡിത്യം ഭാവഗായകന്‍ ആര്‍ജ്ജിച്ചെടുക്കാത്തതിന്റെ കുറവ് സംഗീത ജീവിതത്തില്‍ എന്നുമുണ്ടാകും. യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍ എന്നീ മൂന്നു ഗായകരും ഭാവം കൊണ്ട് അനുഗ്രഹിക്കപ്പട്ട ശബ്ദത്തിനുടമകളാണ്. ഇവര്‍ക്കുശേഷം അനേകം ഗായകര്‍ വന്നെങ്കിലും ആര്‍ക്കും ഇവരെപ്പോലെ ശാരീരസൗഭാഗ്യം ലഭിച്ചില്ല. അവശ്യം വേണ്ടുന്ന ശാസ്ത്രീയസംഗീത പാണ്ഡിത്യമൊക്കെ പുതിയ ഗായകനായ എം.ജിശ്രീകുമാറിനുണ്ടെങ്കിലും ശബ്ദസൗകുമാര്യം ഈ ത്രിമൂര്‍ത്തികളോളമില്ല എന്നു തന്നെ പറയാം. എന്നാല്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒരുവിധം അവഗാഹമുള്ളതുകൊണ്ട് മറ്റു ഗായകരെക്കാള്‍ മികവു പുലര്‍ത്താന്‍ എം.ജി. ശ്രീകുമാറിനു കഴിയുന്നുണ്ട്.
പാശ്ചാത്യരെ അനുകരിച്ച് നമ്മളും സിനിമയില്‍ നിന്ന് സംഗീതത്തെ ഏതാണ്ട് പടിയിറക്കിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ ബദലായി ഒരു ലളിതഗാനവഴി രൂപപ്പെടുന്നുമില്ല. യഥാര്‍ത്ഥ സംഗീതാസ്വാദകര്‍ യേശുദാസിന്റെയും ജയചന്ദ്രന്റെയും പഴയഗാനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.എസ്.ബാബുരാജ്, കെ.രാഘവന്‍, രവീന്ദ്രന്‍, എം.ജി.രാധാകൃഷ്ണന്‍, ജോണ്‍സണ്‍ തുടങ്ങി പ്രതിഭാധനന്മാരായ ഒരുപിടി സംഗീതസംവിധായകര്‍ നമുക്ക് ഉണ്ടായിരുന്നു. എന്നാലിന്നത്തെ സ്ഥിതി ഒട്ടും ആശാവഹമല്ല. എം.ജയചന്ദ്രനെപ്പോലെ ചിലര്‍ കുറച്ചൊക്കെ മികവു പുലര്‍ത്തുന്നുണ്ടെന്നതൊഴിച്ചാല്‍ പുതിയ തലമുറയില്‍ എടുത്തുപറയാവുന്ന സംഗീതസംവിധായകര്‍ ആരുമില്ല. സമര്‍പ്പണ ബുദ്ധിയോടെ സംഗീത കലയെ സമീപിക്കുന്നവര്‍ തന്നെയില്ല. ആരംഭശൂരത്വമാണ് പലര്‍ക്കും. കുട്ടിക്കാലത്ത് നന്നായി പാടി വരുന്നവര്‍ പലരും മുതിരുമ്പോള്‍ മറ്റു മേഖലകളിലേയ്ക്ക് തിരിഞ്ഞുപോകുകയോ പഠനഗവേഷണങ്ങള്‍ അവസാനിപ്പിക്കുകയോ ചെയ്യുന്നു. പഴയതുപോലെ ശാസ്ത്രീയ സംഗീതക്കച്ചേരികള്‍ക്ക് അവസരമില്ല എന്നതുതന്നെയാണ് പ്രധാന പ്രശ്‌നം. കലകൊണ്ടുമാത്രം ജീവിച്ചുപോവുക സാധ്യമല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നു. അതിനാല്‍ത്തന്നെ ആര്‍ക്കും ആ മേഖലയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ധൈര്യം വരുന്നില്ല.
ഗായകര്‍ക്ക് മാന്യമായ പ്രതിഫലമില്ല എന്നതിനാല്‍ സംഗീതത്തെ ജീവിതോപാധിയാക്കാനാവുന്നില്ല. എല്ലാ കലാകാരന്മാര്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ട്. എഴുത്തിനെയും ചിത്രം വരയെയുമൊക്കെ ഇതു ബാധിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ എഴുത്തുകൊണ്ടുമാത്രം ജീവിച്ച സാഹിത്യകാരന്മാരുണ്ട്. ഇന്നത് ചിന്തിക്കാന്‍ പോലുമാവില്ല. നാമമാത്ര പ്രതിഫലം പോലും ലഭിക്കാത്ത സ്ഥിതിയാണ്. ജീവിതം പുലര്‍ത്താന്‍ മറ്റു വഴികള്‍ നോക്കണമെന്നു വരുമ്പോള്‍ കലയ്ക്കുവേണ്ടി വിനിയോഗിക്കാനുള്ള സമയം കുറഞ്ഞു പോകുന്നു. അതു കലാപ്രകടനത്തിന്റെ ഗുണത്തെയും ബാധിക്കുന്നു. ആസ്വാദകരുടെ സമയക്കുറവും സമൂഹത്തിന്റെയും ഭരണാധികാരികളുടെയും ഉദാസീനതയും ഒരു കാരണമാണ്.
മനുഷ്യജീവിതത്തെ മോടിപിടിപ്പിക്കുന്നതില്‍ കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പങ്കുണ്ട്. മനുഷ്യന്റെ സഹജഭാവമായ തിന്മയില്‍ നിന്ന് അവനെ വിമോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കലാസ്വാദനത്തിന്റെ വേളയില്‍ മനുഷ്യര്‍ എല്ലാ വിഭാഗീയതകളും മറന്നുപോകുന്നു. രാജ്യം, മതം എന്നീ അതിരുകള്‍ പോലും അലിഞ്ഞുപോകുന്നു. ഇന്ത്യന്‍സംഗീതജ്ഞരുടെ പ്രകടനം പാകിസ്ഥാനികള്‍ പോലും ആസ്വദിക്കുന്നു. മൈക്കല്‍ജാക്‌സന്റെ സംഗീത പരിപാടികള്‍ക്കു ബോംബെ പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ പോലും ആസ്വാദകസഹസ്രങ്ങളുണ്ടാവുന്നു. ഇവിടെ അതിര്‍ത്തികള്‍ അലിഞ്ഞുപോകുന്നു. ജൂതന്മാരുടെ സംഗീതത്തെ നാസികള്‍ ഭയപ്പെട്ടിരുന്നു. കാരണം ജൂതരായിട്ടുള്ള മ്യൂസിക് കമ്പോസര്‍മാരോടുള്ള ആരാധനമൂലം ആര്യജനതയ്ക്ക് അവരോടുള്ള പക ഇല്ലതായിപ്പോകുമോ എന്ന് നാസികള്‍ സംശയിച്ചു. അതുകൊണ്ടുതന്നെ പ്രചരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സും (Joseph Goebbels) നാസി താത്വികനായിരുന്ന ആല്‍ഫ്രഡ് റോസന്‍ ബര്‍ഗും (Alfred Rosenberg) ജൂതരുടെ സംഗീത പ്രകടനങ്ങള്‍ നടത്താന്‍ അനുവദിച്ചില്ല. പകരമായി ജര്‍മന്‍ സംഗീതജ്ഞര്‍ക്ക് അവസരങ്ങള്‍ നല്‍കി. ‘നിങ്ങളെനിക്ക് ബ്രഷും ക്യാന്‍വാസും തന്നില്ലെങ്കില്‍ ഞാന്‍ നാവുകൊണ്ട് ജയിലിന്റെ തറയിലും ഭിത്തിയിലും വരയ്ക്കും’ എന്ന് പറഞ്ഞ പിക്കാസോ കലയുടെ മാന്ത്രികതയെക്കുറിച്ച് ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. കലാകാരന്മാര്‍ അധികാരികളുടെ ഔദാര്യം പ്രതീക്ഷിച്ച് അവരെ പ്രീണിപ്പിക്കുന്നവരായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നിര്‍ണ്ണായക സാമൂഹ്യ മാറ്റങ്ങള്‍ക്ക് അവര്‍ പ്രേരകശക്തികളായി എവിടെയും നിലയുറപ്പിച്ചിട്ടുണ്ട്. റഷ്യയില്‍ മയക്കോവ്‌സ്‌ക്കിയുടെയും (Vladimir mayakovsky) യെ സ്യാനിന്റെയും (Sergei Yesenin) ആത്മഹത്യകള്‍ അധികാരത്തിനെതിരായ വലിയ പ്രതിരോധങ്ങളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. കാളിദാസന്റെ ജീവിതത്തിലും അധികാരത്തിനെതിരായ കലാപത്തിന്റെ കഥകളുണ്ട്. ത്യാഗരാജനോട് തന്റെ സഭാവാസിയാകാനും തന്നെ സ്തുതിച്ച് കീര്‍ത്തനങ്ങള്‍ രചിക്കാനും പകരമായി വിലപിടിച്ച സമ്മാനങ്ങള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ട തഞ്ചാവൂര്‍ രാജാവിന്റെ ഔദാര്യങ്ങള്‍ നിരസിച്ചുകൊണ്ട് ”നിധി ചാല സുഖമാ” എന്ന് പാടിയ ആ മഹാഗായകന്റെ ജീവിതവും അധികാരത്തിനെതിരായ കലാപമായിരുന്നു.
സുല്‍ത്താന്റെ ക്ഷണം നിരസിച്ച് തെരുവില്‍ കഴിഞ്ഞ ഷേക് സാദി ഷിറാസിയെന്ന പേര്‍ഷ്യന്‍ കവിയുടെ കഥ പ്രസിദ്ധമാണ്. (മുഴുവന്‍ പേര് അബു മുഹമ്മദ് മുസ്ലീഹ് അദീന്‍ ബിന്‍ അബ്ദുളള ഷിറാസി എന്നായിരുന്നുവത്രേ!) ‘ഗുലിസ്താന്‍’ എന്ന പേര്‍ഷ്യന്‍ ഇതിഹാസം രചിക്കുക വഴി ലോകപ്രശസ്തനായിത്തീര്‍ന്ന കവിയും ദാര്‍ശനികനുമാണ് ഷേക്‌സാദി എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട ഈ വലിയ എഴുത്തുകാരന്‍. സൂഫി ചിന്തകനായിരുന്ന സാദിയുടെ ജീവിതം വളരെ പാടിപ്പുകഴ്ത്തപ്പെട്ടതാണ്. പല തവണ കൊട്ടാരത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടും അതൊക്കെ നിരസിച്ച് തെരുവില്‍ സാധാരണക്കാര്‍ക്ക് ഒപ്പമിരുന്ന് പാട്ടുപാടാനും സാരോപദേശകഥകള്‍ പറയാനുമൊക്കെയായിരുന്നു സാദിക്കിഷ്ടം. ഒരു ദിവസം വഴിയില്‍ കടല കൊറിച്ചുകൊണ്ടിരുന്ന സാദിയോട് സുല്‍ത്താന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന പൊട്ടക്കവി ചോദിച്ചത്രേ. ”എന്നെപ്പോലെ സുഖമായി കൊട്ടാരത്തില്‍ കഴിയാതെ ഈ തെരുവില്‍ കിടന്നു കഷ്ടപ്പെടണമായിരുന്നോ?” എന്ന്. അതിനു സാദിയുടെ മറുപടി ”തന്റെ കാര്യം ഓര്‍മ്മിക്കുമ്പോഴാണ് എനിക്ക് വിഷമം. എന്നെപ്പോലെ തെരുവിലിങ്ങനെ കടലയും കൊറിച്ച് സുഖിച്ചു കഴിയാതെ സുല്‍ത്താന്റെ പാദസേവചെയ്തു കഴിയുന്ന തന്റെ സ്ഥിതി കഷ്ടം തന്നെ.” എന്നായിരുന്നു. അന്തരിച്ചു പോയ മലയാളത്തിന്റെ മഹാകാഥികന്‍ എം.ടി. ഈ കഥ പലപ്പോഴും ആവര്‍ത്തിച്ചു പറയുന്നതു കേട്ടിട്ടുണ്ട്. നിര്‍ഭയമായി അധികാരത്തോട് കലഹിച്ച ഇത്തരം കലാകാരന്മാരാണ് സമൂഹത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത്. സമൂഹനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന അധികാരികളെ ബഹുമാനിക്കാനും കലാകാരന്മാര്‍ക്ക് ബാധ്യതയുണ്ട്, അഴിമതിയും അനീതിയും ചെയ്യുന്നവരെ എതിര്‍ക്കാനും.
വീണ്ടും ഭാവഗായകനിലേക്കു മടങ്ങിവരാം. കമുകറ പുരുഷോത്തമന്‍, എ.എം.രാജ, കെ.പി.ഉദയഭാനു തുടങ്ങിയ അനുഗൃഹീത ഗായകരെ നിഷ്പ്രഭരാക്കിയാണ് യേശുദാസ് കടന്നുവന്നത്. ഈ ഗായകരെ അതിശയിപ്പിക്കുന്ന ശബ്ദ ഭംഗിയായിരുന്നു ഗന്ധര്‍വ്വഗായകനെ സ്വീകാര്യനാക്കാന്‍ കാരണം. തുടര്‍ന്നുവന്ന ജയചന്ദ്രന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ശബ്ദത്തിനുടമയായിരുന്നു. അത് അദ്ദേഹത്തിനും സ്വീകാര്യത നല്‍കി. കേരളത്തിലുടനീളം ഗാനമേളകള്‍ ആസ്വാദകരെ ആകര്‍ഷിച്ച മുന്‍കാലങ്ങളില്‍ യേശുദാസ് തന്നെയാണോ പാടുന്നതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അദ്ദേഹത്തെ അനുകരിച്ച് പാടുന്നവരെ ധാരാളം കാണാമായിരുന്നു. പലപ്പോഴും ഒറിജിനല്‍ തന്നെയാണോ എന്നു തോന്നിപ്പിക്കുന്ന ബദലുകള്‍ കേള്‍ക്കാമായിരുന്നു. എന്നാല്‍ ഈ ഗാനമേളകളിലൊന്നും ജയചന്ദ്രന്റെ ശബ്ദം അതേപടി അനുകരിച്ച ഒരു ഗായകനേയും എവിടെയും കേട്ടിട്ടില്ല. ഇന്നും ആ ശബ്ദത്തിന് അനുകര്‍ത്താക്കളെ കിട്ടുന്നില്ല. അത്ഭുതപ്പെടുത്തുന്നതാണ് ആ ശൈലി. ജയചന്ദ്രനെപ്പോലെ പാടാന്‍ അദ്ദേഹം മാത്രം എന്നതാണ് അവസ്ഥ. അനുകരണത്തിനു വഴങ്ങാത്ത ആ ഗന്ധര്‍വ്വ ശാരീരം ഒരു സൗഭാഗ്യം തന്നെയാണ്. കാലം എല്ലാ നഷ്ടങ്ങളും നികത്തും എന്നു നമുക്കു പ്രത്യാശിക്കാം. നമ്മുടെ കലയ്ക്കും സാഹിത്യത്തിനുമുള്ള ഇന്നത്തെ അപചയം താല്‍ക്കാലികമാണെന്ന് ആശ്വസിക്കാം. വീണ്ടും ഒരു വസന്തകാലം വരാതിരിക്കില്ല. അവിടെ പുതിയ ജയചന്ദ്രനും പുതിയ യേശുദാസും മറ്റൊരു ഭാവത്തില്‍ ഉയര്‍ന്നുവരും എന്നു നമുക്കു പ്രത്യാശിക്കാം.
പുതിയകാലത്ത് ധാരാളം പേര്‍ തൂലിക എടുക്കുന്നുണ്ടെങ്കിലും തുടര്‍ച്ചയായി നല്ല കവിത എഴുതാന്‍ സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും മാത്രമേ കഴിയുന്നുള്ളൂ. അവര്‍ക്കൊപ്പം നല്ല ചില കവിതകള്‍ എഴുതി മലയാള കവിതയില്‍ സ്ഥാനമുറപ്പിച്ച കവിയാണ് കെ.ജി. ശങ്കരപ്പിള്ള. എന്നാലിന്ന് അദ്ദേഹത്തിന്റെ സ്ഥിതി ഒട്ടും ശോഭനമല്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശ്രദ്ധേയമായ ഒരു കവിതയും കെജിഎസില്‍ നിന്നും പുറത്തുവന്നിട്ടില്ല. എങ്കിലും അദ്ദേഹം തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്നു. ഈ ലക്കം മാതൃഭൂമിയില്‍ ‘ഒറ്റുകാരന്റെ പെട്രോള്‍പമ്പ്’ എന്ന പേരില്‍ ഒരു കവിത അദ്ദേഹത്തിന്റെ പേരിലുണ്ട് (മാതൃഭൂമി ജനുവരി 19-25). ബുദ്ധനും ആദിവാസിയും ചോരയും എല്ലാം കൂടിച്ചേര്‍ത്തു വച്ചാല്‍ കവിതയാകില്ല എന്നു പറയാതെ വയ്യ. ഈ കവിയുടെ സര്‍ഗ്ഗസിദ്ധികള്‍ ഏതാണ്ടു പൂര്‍ണ്ണമായും ഉറവ വറ്റിയ അവസ്ഥയിലാണ്. ആത്മാര്‍ത്ഥതയില്ലാത്ത എഴുത്ത് ആദ്യവരികള്‍ വായിക്കുമ്പോള്‍ തന്നെ മനസ്സിലാകും. വിപ്ലവത്തിനുവേണ്ടി തോക്കെടുക്കാന്‍ പറയുകയും അതേ വായില്‍ത്തന്നെ കൊല്ലരുതേ എന്ന് വിലക്കുകയും ചെയ്യാറുണ്ട് ഈ കവി. രണ്ടും കൂടി എങ്ങനെ ഒത്തുപോകും. കൊല്ലുന്നതു ശരിയല്ലെങ്കില്‍ വൈലോപ്പിള്ളി പറഞ്ഞതുപോലെ ”ആകുമോ ഭവാന്മാര്‍ക്കു നികത്താന്‍ ലോകസാമൂഹ്യ ദുര്‍ന്നിയമങ്ങള്‍ സ്‌നേഹ സുന്ദരപാതയിലൂടെ വേഗമാകട്ടെ വേഗമാവട്ടെ” എന്ന രീതിയില്‍ പോരെ. പിന്നെ കൂടെ കൂടെ തോക്കെടുക്കുന്നതെന്തിന്? ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. അതു തോക്കുകൊണ്ടു പരിഹരിക്കാനാവുന്നതല്ല. അതിന് ഇന്നു പലരും പ്രചരിപ്പിക്കുന്നതുപോലെ മറ്റുള്ളവരല്ല പ്രധാന കുറ്റക്കാര്‍. ഒരു വലിയ അളവോളം അവരുടെ അജ്ഞതയും വിദ്യാഭ്യാസമില്ലായ്മയുമാണ്. അതു പരിഹരിക്കപ്പെട്ടാല്‍ പ്രശ്‌നങ്ങളില്‍ നല്ലൊരു പങ്കും അവസാനിക്കും. അതിന് അവസരമൊരുക്കുകയാണ് വേണ്ടത്. അതിന് മുതലക്കണ്ണീരൊഴുക്കലും വനവാസികളായിരുന്ന അവരെ നാട്ടുകാര്‍ ചൂഷണം ചെയ്തു എന്ന കള്ളക്കഥ പ്രചരിപ്പിക്കലുമല്ല വേണ്ടത്. തോക്കും പരിഹാരമല്ല. അവരുടെ വിദ്യാഭ്യാസ, ദാരിദ്ര്യനിര്‍മാര്‍ജ്ജന പരിപാടികളില്‍ പങ്കാളിയാവുകയാണ് ആത്മാര്‍ത്ഥതയുള്ളവര്‍ ചെയ്യേണ്ടത്.