അലകളൊഴിഞ്ഞൊരഖണ്ഡസത്തയാം
അറിവിലുണര്‍ന്നുതെളിഞ്ഞുമാഞ്ഞുപോം
തിരനുരപോലൊരു തോന്നല്‍ മാത്രമീ
വിധിവിരിയിച്ചൊരുവിശ്വമോര്‍ത്തിടില്‍
ഗുരുചരണാംബുജതീര്‍ത്ഥസേവയാല്‍
മതിയെ മറച്ചൊരു മായ നീങ്ങിടും
ഗുരുവരുളുളളില്‍ നിനച്ചിടൂ സദാ
പരവെളിവായിടുമിന്നു നിശ്ചയം
അഹമുടലെന്നുധരിച്ചുറങ്ങുമീ
ചെറിയൊരഹന്തയകത്തടത്തിലെ
പരയുടെ നിഴലെന്നോര്‍ത്തറിഞ്ഞിടില്‍
ദുരിതമൊഴിഞ്ഞു മനം കുളിര്‍ന്നിടും
മൊഴികളടങ്ങിയ ചിത്തഭൂവതില്‍
പരവെളിവാകുമനന്തശബ്ദമായ്
ചിണിചിഞ്ചിണിവേണുമൃദംഗവീണാ
ദ്യനേകരവതരംഗമുണര്‍ന്നിടും
അതിലൊരുനാദമതിങ്കലീമനം
ഇടമുറിയാതെ ലയിച്ചു ചേരണം
പുനരവിടെത്തെളിയുമൊരേകമാം
ധ്വനിയുമടങ്ങി നിശബ്ദമാകണം
അവിടെയുണര്‍ന്നുതെളിഞ്ഞുനിന്നിടും
ഒലികളടങ്ങിയ ചിന്നഭസിനെ
അവനവനായറിയുന്ന പുണ്യവാന്‍
അമരപദത്തിലമര്‍ന്നു വാണിടും
അവനിലുണര്‍ന്നൊരു ദൃശ്യജാലകം
അവനുടെ രൂപമതോപരംസുഖം
അവനിതിവനെന്നോതിടുന്നതെല്ലാം
അവനറിവാല്‍ ചമച്ച ലീലയല്ലോ
അതറിവതിനായഹന്തയൊഴിഞ്ഞാ-
മനമതുപരനുടെ രൂപമാക്കില്‍
അഖിലവുമഹമെന്നബോധമുദി-
ച്ചവനിയിലാത്മസുഖം ഭുജിച്ചിടാം.