കൊടുംകുറ്റവാളികള്‍ കൊല്ലപ്പെട്ടാല്‍ സംഭവസ്ഥലത്ത് നടപടിക്രമത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യുന്നത് തലയിലെ തൊപ്പിയൂരി മൃതദേഹത്തോട് ആദരവ് പുലര്‍ത്തുകയാണ്. കൊടുംകുറ്റവാളിയാണെന്നോ സ്വഭാവം മോശമാണെന്നോ സംഘര്‍ഷത്തില്‍ മരിച്ചതാണെന്നോ ഒന്നും നോക്കാതെ മൃതദേഹത്തോട് ആദരവ് പുലര്‍ത്തുന്നത് ഒരു മര്യാദയാണ്, സംസ്‌കാരമാണ്, പെരുമാറ്റ രീതിയാണ്, കുലീനത്വമാണ്. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ നടത്തിയ മൂന്നാംകിട രാഷ്ട്രീയ പേക്കൂത്താണ് ഈ ചിന്തക്ക് കാരണം.
കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ഭക്തരെത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിയന്ത്രണത്തിനനുസരിച്ച് ഭക്തരുടെ എണ്ണം നിജപ്പെടുത്തുമ്പോള്‍ ഒരു നിമിഷമെങ്കിലും അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ വേണ്ടി പമ്പ വരെ കാത്തുനില്‍ക്കുന്ന പതിനായിരങ്ങളുണ്ട്. അവരുടെ വികാരമാണ് അയ്യപ്പസ്വാമി. ദീപാരാധന നടക്കുന്ന സമയത്ത് ഭക്തലക്ഷങ്ങള്‍ ധ്യാനനിമഗ്‌നരായി ഭക്തിപ്രഹര്‍ഷത്തില്‍ പതിനെട്ട് മലനിരകളും പ്രകമ്പനം കൊള്ളുന്ന ശരണംവിളികള്‍കൊണ്ട് മുഖരിതരാക്കുമ്പോള്‍ ഒരുതരം ഊളച്ചിരിയോടെ കൈകെട്ടി ക്ഷേത്രനടയിലേക്ക് ഒന്നു നോക്കാതെ മറ്റു വ്യവസായങ്ങള്‍ നടത്തുന്ന വാസവന്‍ മറന്നത് സ്വന്തം ചുമതലയാണ്. വാസവന്‍ സന്നിധാനത്ത് വന്നത് ദേവസ്വം മന്ത്രി എന്ന നിലയിലാണ്. ഭരണഘടനാപരമായ ബാധ്യതകള്‍ നിര്‍വഹിച്ചു കൊള്ളാമെന്ന സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എടുത്തശേഷം ദേവസ്വംമന്ത്രി എന്ന പദവിയില്‍ സന്നിധാനത്ത് എത്തുമ്പോള്‍ ശബരിമല അയ്യപ്പന്‍ എന്ന ക്ഷേത്രമൂര്‍ത്തിയെ ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിവാദ്യം ചെയ്യാനുള്ള ബാധ്യത മന്ത്രിക്കുണ്ട്.
ശബരിമലയില്‍ കാട്ടിയ ഈ ധാര്‍ഷ്ട്യവും ധിക്കാരവും മറ്റേതെങ്കിലും മതങ്ങളുടെ ആരാധനാകേന്ദ്രങ്ങളില്‍ വെച്ച് കാണിക്കാനുള്ള ധൈര്യം വാസവനോ മറ്റു മന്ത്രിമാര്‍ക്കോ ഉണ്ടോ? വിശ്വാസമില്ലെങ്കില്‍, ഔദ്യോഗിക പദവിയുടെ കര്‍ത്തവ്യനിഷ്ഠക്കാണ് സന്നിധാനത്ത് എത്തിയതെങ്കില്‍ ദേവസ്വം ഓഫീസിലോ ഗസ്റ്റ് ഹൗസിലോ കാത്തിരിക്കാനും നടപടിക്രമങ്ങള്‍ വീക്ഷിക്കാനും ഉള്ള സൗകര്യവും സംവിധാനങ്ങളും അവിടെയുണ്ട്. മന്ത്രി നിന്നിരുന്ന സ്ഥലത്ത് ഒന്നിനുപകരം പത്ത് ഉദ്യോഗസ്ഥര്‍ക്കും ഭക്തന്മാര്‍ക്കും നില്‍ക്കാനുള്ള അവസരം ഉണ്ടായിരുന്നു. സാധാരണക്കാരായ ഭക്തന്മാരുടെ ദര്‍ശനാവകാശത്തെ നിഷേധിച്ച്, മന്ത്രി അവരുടെ വഴിമുടക്കി ഒരു അപശകുനമായി മാറുമ്പോള്‍ അത് മുഴുവന്‍ ഭക്തസമൂഹത്തിനും ഹിന്ദുക്കള്‍ക്കും വേദനയും യാതനയുമായി മാറുകയാണ്.
മന്ത്രിസഭയിലും നിയമസഭയിലും ദൃഢപ്രതിജ്ഞ എടുക്കുന്ന ഇടതുപക്ഷ മന്ത്രിമാര്‍ ഹിന്ദുക്ഷേത്രങ്ങളിലും ഹിന്ദുക്കളുടെ കാര്യത്തിലും മാത്രമാണ് ഈ നിലപാടുകള്‍ സ്വീകരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കൂടി പൊതുസമൂഹം മനസ്സിലാക്കണം. സിപിഎമ്മിന്റെ നടന്നുവരുന്ന സമ്മേളനങ്ങളില്‍ പോലും പ്രത്യേകം നിസ്‌കാരപ്പുരയും നിസ്‌കാരപ്പായയും ഒരുക്കാന്‍ തയ്യാറുള്ളവരാണ് തങ്ങള്‍ എന്ന് പൊതുസമൂഹത്തെ കാട്ടി കൊടുക്കുമ്പോഴാണ് ഹിന്ദുസമൂഹത്തെ ഇങ്ങനെ അവഹേളിക്കുന്നത്. ഇതൊരു രോഗമാണ്. നേരത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും ഇതേ അപകര്‍ഷതാബോധവും അപക്വമായ പെരുമാറ്റവും പ്രദര്‍ശിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രി എന്ന നിലയില്‍ ഹൈന്ദവ ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും താന്‍ ഇരിക്കുന്ന പദവി പരിഗണിച്ച്അവിടെ അഭിവാദ്യമര്‍പ്പിക്കാനും തൊഴാനുമുള്ള പാകതയും പക്വതയും ഇവര്‍ പ്രകടിപ്പിക്കേണ്ടതല്ലേ? ശബരിമലക്ഷേത്രത്തില്‍ ഈ രീതിയില്‍ പെരുമാറിയ ഈ മൂന്നു മന്ത്രിമാരും പക്ഷേ, പൊതുസമ്മേളനത്തിനിടെ ബാങ്ക്‌വിളി കേട്ടാല്‍ പ്രസംഗം നിര്‍ത്തി കാത്തിരിക്കുന്നത് നമ്മള്‍ കാണുന്നു. ഇതേ നിലപാട് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതും. ഗുരുവായൂര്‍ ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുള്ള നടയില്‍നിന്നു നോക്കിയിട്ട് ആ വിളക്ക് കാണുന്നിടത്താണോ മൂപ്പര്‍ ഇരിക്കുന്നത് എന്നായിരുന്നു പിണറായിയുടെ ചോദ്യം. ‘മൂപ്പര്‍’ ഉണ്ടെന്നും ‘മൂപ്പര്‍’ അവിടെ ഇരിക്കുന്നുണ്ടെന്നും ഒക്കെയുള്ള പിണറായിയുടെ ഉറച്ച വിശ്വാസം ഒരുപക്ഷേ, ഏതു ഭക്തനെയും വെല്ലുന്നതായിരിക്കും. പക്ഷേ, തിരുവനന്തപുരത്ത് പ്രസംഗത്തിനിടെ ക്ഷേത്രത്തിലെ മൈക്കിന്റെ ശബ്ദം കേട്ടു എന്നുപറഞ്ഞ് മൈക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച പിണറായി കോടതി ഉത്തരവനുസരിച്ച് ബാങ്കുവിളി നിര്‍ത്താന്‍ തയ്യാറാകുമോ?
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനാണ് ഇത്തരത്തില്‍ പെരുമാറുന്നതെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ ദേവസ്വം വകുപ്പിന്റെ ചുമതലയില്‍നിന്ന് മാറിനില്‍ക്കാനുള്ള അന്തസ്സും ആര്‍ജ്ജവവുമാണ് ഇവര്‍ കാട്ടേണ്ടത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ ചക്കക്കൂട്ടാന്‍ കണ്ടാല്‍ പരാക്രമം നടത്തുന്നതുപോലെ ദേവസ്വം വകുപ്പ് എന്നുകേട്ടാല്‍ ആക്രാന്തം പ്രകടിപ്പിക്കുകയും അതേസമയം ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തള്ളിപ്പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രകാലം ഈ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാവും. കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തുകയും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളില്‍ മുഴുവന്‍ ശത്രുസംഹാരപൂജ നടത്തുകയും ഒക്കെ ചെയ്ത പാര്‍ട്ടി സെക്രട്ടറിമാര്‍ ഉള്ള കേരളത്തില്‍ ശബരിമലയുടെ ആത്മീയവിശുദ്ധി തകര്‍ക്കുന്ന രീതിയില്‍ ഒരു ജനാധിപത്യ മന്ത്രി പെരുമാറാന്‍ പാടില്ലായിരുന്നു. ഭക്തലക്ഷങ്ങള്‍ തലയില്‍ കൈ വെച്ച് തൊഴുത് നമിച്ച് നീങ്ങുന്ന അയ്യപ്പ സന്നിധിയില്‍ ഭഗവാനെ അവഹേളിക്കുന്ന രീതിയില്‍, അപ്രസക്തനാക്കുന്ന രീതിയില്‍ ഭഗവദ് ചൈതന്യത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറിയത് നിരീശ്വരവാദത്തിന്റെ പേരിലായാലും മതനിരപേക്ഷതയുടെ പേരിലായാലും അത് നീതീകരിക്കാവുന്നതല്ല. ക്രിസ്ത്യന്‍ പള്ളിയിലോ മുസ്ലിം പള്ളിയിലോ അവരുടെ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഈ രീതിയില്‍ മന്ത്രി വാസവനോ മറ്റു മന്ത്രിമാരോ പെരുമാറുമോ എന്ന കാര്യം ഹിന്ദു സമൂഹം ആലോചിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതാണ്.
പൂര്‍ണ്ണമായും മതനിരപേക്ഷ കാഴ്ചപ്പാടിലാണ് സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കട്ടെ. അങ്ങനെയാണെങ്കില്‍ എല്ലാവര്‍ഷവും റംസാന്‍ നോമ്പുകാലത്ത് മന്ത്രിമന്ദിരങ്ങളിലും പ്രതിപക്ഷ നേതാവിന്റെ വാസസ്ഥലത്തും മറ്റുമായി നോമ്പുതുറ സംഘടിപ്പിക്കുന്നത് എന്തിനാണ്? ഹിന്ദുധര്‍മ്മത്തെ അപഹസിക്കുകയും അവഹേളിക്കുകയും ഹിന്ദുസന്ന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതാണോ മതേതരത്വവും മതനിരപേക്ഷതയും? ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും അപമാനിക്കുന്ന രീതിയില്‍ യാതൊരുവിധ പഠനവും അറിവും ഇല്ലാതെ പൊതുവേദിയില്‍ പ്രസംഗിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് ഒരു പുതിയവാദം ഉയര്‍ന്നിരിക്കുന്നു. ഷര്‍ട്ട് ഇട്ടാലും ഇട്ടില്ലെങ്കിലും ഓരോ ഭക്തന്റെയും വിശ്വാസത്തിനനുസരിച്ച് ഏത് ക്ഷേത്രങ്ങളിലും കയറാനോ തൊഴാനോ ഉള്ള അവകാശം ഹൈന്ദവ സമൂഹത്തിനുണ്ട്. അതേസമയം കേരളത്തിലെ മുസ്ലിം സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം പള്ളിയില്‍ ആരാധന നടത്തണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തുല്യതയെക്കുറിച്ചും സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും ഒക്കെ വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രിക്കും ഹജ്ജ് അടക്കമുള്ള ഇസ്ലാമിക കാര്യങ്ങള്‍ നോക്കുന്ന മന്ത്രി അബ്ദുറഹ്മാനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്.
കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ മുസ്ലിം സ്ത്രീകളുടെ അത്ര യാതന അനുഭവിക്കുന്ന മറ്റൊരു സമൂഹമില്ല. അവര്‍ക്ക് പള്ളിയില്‍ ആരാധനയ്ക്കുള്ള അവകാശമില്ല. പാരമ്പര്യ സ്വത്തില്‍ തുല്യാവകാശമില്ല, വില്‍പ്പത്രമെഴുതാതെ പിതാവ് മരിച്ചാല്‍ പെണ്‍മക്കള്‍ക്ക് ഒന്നും കിട്ടാത്ത അവസ്ഥ. ഇതൊക്കെ ബി.പി.സുഹ്‌റ മുതല്‍ പല പ്രമുഖരായ മുസ്ലിം വനിതകളും ചൂണ്ടിക്കാണിക്കുകയും കേസ് കൊടുക്കുകയും ഒക്കെ ചെയ്തിട്ടും മൊല്ലാക്കമാരും മൗലവിമാരും പറയുന്ന കാര്യങ്ങള്‍ അതേപടി ചെയ്യാന്‍ മാത്രമാണ് മാറിമാറി വരുന്ന യുഡിഎഫ് -എല്‍ഡിഎഫ് രാഷ്ട്രീയനേതൃത്വം ശ്രമിക്കുന്നത്. പരിഷ്‌കരണം വേണ്ടാത്തത്ര നികൃഷ്ടജീവികളാണോ മുസ്ലിം വനിതകള്‍ എന്ന് ഭരണകൂടം വ്യക്തമാക്കണം. കഴിഞ്ഞില്ല, ഷഹബാനു കേസില്‍ വിവാഹമോചിതരായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കിയത് രാജീവ് ഗാന്ധി ആയിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി മുത്തലാഖ് തന്നെ അസാധുവാക്കിയിരിക്കുന്നു. ഇക്കാര്യത്തിലും പിണറായി വിജയന്റെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. മുസ്ലിം സ്ത്രീകളുടെ നിയമപരമായ പരിരക്ഷ മുത്തലാഖില്‍ നിന്നുള്ള മോചനം എന്നിവ മാത്രമല്ല, ജീവനാംശം നല്‍കാതെ ജീവിതം അന്യാധീനപ്പെടുത്തുന്ന രീതി എന്നിവയ്‌ക്കൊക്കെ പരിഹാരം വേണ്ടേ? ഒരു സമുദായത്തില്‍പ്പെട്ട വനിതകള്‍ക്ക് ഒന്നടങ്കം പള്ളിയില്‍ പ്രവേശനം നിഷേധിക്കുമ്പോള്‍ മറ്റൊരു മതത്തിന്റെ ഭക്തര്‍ ഷര്‍ട്ട് ഇടണോ വേണ്ടയോ എന്നതില്‍ ചര്‍ച്ച നടത്തുന്നതില്‍ എന്ത് പ്രസക്തിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും ആണുള്ളത്.
ഹിന്ദു സമൂഹത്തിലെ പരിഷ്‌കരണങ്ങള്‍ ഒന്നും നിയമം മൂലം വന്നതല്ല. ബഹുഭൂരിപക്ഷം പരിഷ്‌കരണങ്ങളും അതത് സമുദായങ്ങളും സമൂഹങ്ങളും സ്വമേധയാ തങ്ങളുടെ സമൂഹത്തില്‍ കൊണ്ടുവന്നതാണ്. ഘോഷാസമ്പ്രദായത്തിനെതിരെയും വിധവാവിവാഹത്തിന് അനുകൂലമായും അന്തര്‍ജനങ്ങളുടെയും ആത്തേമ്മാരുടെയും നരകജീവിതം തുറന്നുകാട്ടാനും ഒക്കെ പരിശ്രമിച്ചത് സ്വന്തം സമുദായാംഗങ്ങളും പരിഷ്‌കരണവാദികളും ആയിരുന്നു. പറഞ്ഞവയില്‍ പലതും നടപ്പിലാക്കാന്‍ ശ്രമിച്ചതില്‍ മറ്റു സമുദായ നേതാക്കളും ഉണ്ടായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം വരുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തം കുടുംബക്ഷേത്രം എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നുകൊടുത്തത് മന്നത്ത് പത്മനാഭന്‍ ആയിരുന്നു. മാത്രമല്ല, അയിത്തോച്ചാടന ദൗത്യങ്ങളിലും ജാതിനിര്‍മാര്‍ജ്ജനത്തിലും പന്തിഭോജനത്തിലും വൈക്കം സത്യഗ്രഹത്തിലുമടക്കം കീഴ്ജാതിക്കാര്‍ക്ക് ആരാധനാസ്വാതന്ത്ര്യം തേടിയുള്ള എല്ലാ സമരങ്ങളിലും ഹിന്ദുസമൂഹത്തിലെ മേല്‍ജാതിക്കാരും കീഴ്ജാതിക്കാരും ഒരേപോലെ അണിനിരന്നതും പ്രക്ഷോഭം നടത്തിയതും ഒക്കെ ഏതെങ്കിലും നിയമത്തിന്റെയോ രാഷ്ട്രീയകക്ഷികളുടെ പ്രേരണയുടെയോ ഫലമായിരുന്നില്ല. ഹിന്ദുസമൂഹത്തിന്റെ ആരാധനാരീതികളില്‍ പരിഷ്‌ക്കാരം വേണമെങ്കില്‍ അത് നടപ്പിലാക്കാന്‍ ത്രാണിയുള്ള ആചാര്യന്മാരും സന്യാസസമൂഹവും ഹൈന്ദവ ആശ്രമങ്ങളും ധര്‍മ്മാചാര്യന്മാരും ഒക്കെ കേരളത്തിലും ഭാരതത്തിലും ഉണ്ട്. അവരത് കൂടിയാലോചിച്ച് ചെയ്തുകൊള്ളും. ഒരു ജനാധിപത്യ ഭരണസംവിധാനം എന്ന നിലയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിക്കേണ്ടത് മതനിരപേക്ഷമായ നിലപാടാണ്. ഹൈന്ദവ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാനും ക്ഷേത്രങ്ങളെ തകര്‍ക്കാനും വിശ്വാസങ്ങളെ ചോദ്യം ചെയ്യാനുമുള്ള ശ്രമം ഉണ്ടായാല്‍ അതിനെ നേരിടാനും ചെറുക്കാനും ഹൈന്ദവസമൂഹം വീണ്ടും തെരുവില്‍ ഇറങ്ങേണ്ടി വരും.
ഇസ്ലാമിക ന്യൂനപക്ഷ വോട്ട് ബാങ്കിന് വേണ്ടി പിണറായി വിജയനും സിപിഎമ്മും അനുവര്‍ത്തിക്കുന്ന വര്‍ഗീയപ്രീണനവും ഹൈന്ദവ സമൂഹത്തോടുള്ള അവഗണനയും ഇന്ന് ഈ സമുദായത്തിലെ ആള്‍ക്കാരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന പാര്‍ട്ടി സമ്മേളനങ്ങളില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. ഇപ്പോള്‍ വാസവന്‍ പറയുന്നത് താന്‍ തൊഴാതിരുന്നതില്‍ തെറ്റില്ലെന്നും തീര്‍ത്ഥാടനം നന്നായി നടക്കുന്നതിലാണ് തന്റെ സംതൃപ്തി എന്നും ഒക്കെയാണ്. പക്ഷേ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനുമുമ്പ് കണ്ടപ്പോള്‍ത്തന്നെ ഇത്തവണ തീര്‍ത്ഥാടനം ഒരു പ്രശ്‌നവും ഇല്ലാതെ നടത്താനുള്ള രൂപരേഖ അദ്ദേഹം തയ്യാറാക്കിയിരുന്നു. അത് ഹൈന്ദവ സംഘടനകളെ ബോധ്യപ്പെടുത്തുകയും ചെയ്തതാണ്. അദ്ദേഹവും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും ശബരിമലയിലെ ജുഡീഷ്യല്‍ കമ്മീഷണറും എ.ഡി.ജി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഒക്കെ ഇക്കുറി നന്നായി പെരുമാറിയതുകൊണ്ടാണ് ശബരിമല തീര്‍ത്ഥാടനം അലോസരമില്ലാതെ പോയത്. അത് മന്ത്രിയുടെ നേട്ടമാണെന്ന് അവകാശപ്പെടുന്നത് കാണുമ്പോള്‍ പരമ പുച്ഛമാണ് തോന്നുന്നത്.
ശബരിമലയില്‍ മകരവിളക്ക് നടക്കുമ്പോള്‍ ദീപാരാധന തൊഴാന്‍ കഴിയില്ലെങ്കില്‍ നടയുടെ മുന്നില്‍ കൈകെട്ടി ധാര്‍ഷ്ട്യം കാട്ടാന്‍ മന്ത്രി അവിടേക്ക് വരരുത്. അങ്ങനെ പെരുമാറുന്നത് അയ്യപ്പനെ അപഹസിക്കലാണ്. അയ്യപ്പനെ അപഹസിക്കുകയും ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുമുള്ള ഏത് ശ്രമത്തെയും ഭക്തസമൂഹം നേരിടും. അതുകൊണ്ട് ഇക്കാര്യത്തിലും മന്ത്രി തീരുമാനമെടുത്തില്ലെങ്കില്‍ ഇനി അങ്ങനെ കൈകെട്ടി നില്‍ക്കാന്‍ മന്ത്രിയെ ഭക്തസമൂഹം, അയ്യപ്പന്മാര്‍, അനുവദിക്കില്ല. ഭയപ്പെടുത്താനല്ല; ശബരിമല അത്തരം ഒരു സംഘര്‍ഷത്തിന് വേദിയാകരുത്. ദര്‍ശനം ആവശ്യമില്ലാത്തവരെ തിരുനടയില്‍നിന്ന് ഒഴിച്ചു നിര്‍ത്താന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചും നിര്‍ദ്ദേശം നല്‍കണമെന്ന അപേക്ഷയാണ് അയ്യപ്പന്മാര്‍ക്ക് വേണ്ടി മുന്നോട്ടുവെക്കാനുള്ളത്. ഒരു ഷാപ്പ് ജീവനക്കാരനില്‍നിന്ന് മന്ത്രി പദവിയിലേക്കുള്ള വളര്‍ച്ച ഭാരതീയ ജനാധിപത്യത്തിന്റെ ശക്തിയാണ്. പക്ഷേ, പദവിയിലിരിക്കുമ്പോള്‍ മാന്യമായും അന്തസ്സായും കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അതിന് വിലയുണ്ടാകുന്നത്. അതല്ലാതെ ചിലരുടെ കൈയ്യടിക്കുവേണ്ടി തരംതാഴ്ന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വാസവന്‍ മാത്രമല്ല, പിണറായിയും ഈ സര്‍ക്കാരും അപമാനത്തിന് ചെളിക്കുണ്ടിലേക്കാണ് പോകുന്നതെന്ന് ഓര്‍മിക്കണം.