കഴിഞ്ഞവാരത്തിലെ പ്രധാന പ്രസിദ്ധീകരണങ്ങളെല്ലാം എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള ലേഖനങ്ങളും അനുഭവക്കുറിപ്പുകളുമായാണ് പുറത്തിറങ്ങിയത്. എം.ടി ഏകദേശം 60 വര്‍ഷക്കാലം മലയാളസാഹിത്യം അടക്കിവാണ മഹാപ്രതിഭയാണ്. അദ്ദേഹത്തോളം ആരാധകര്‍ വാഴ്ത്തിയ മറ്റൊരു എഴുത്തുകാരനും മലയാളത്തിലില്ല. എന്നാല്‍ വളരെ വിഭജിക്കപ്പെട്ടുപോയ ഇന്നത്തെ കേരള സമൂഹത്തില്‍ എത്ര മഹത്വമുള്ള വ്യക്തിയായാലും സാര്‍വ്വത്രികമായ അംഗീകാരം നേടുക പ്രയാസമാണ്. ഈ ലേഖകന്റെ കുട്ടിക്കാലത്തും ചെറുപ്പത്തിലും എം.ടിയോട് ആരാധനമൂത്തു ഭ്രാന്തു പുലമ്പി നടന്ന പലരേയും കണ്ടിട്ടുണ്ട്. ഇന്ന് അത്തരക്കാരെ കാണാനേയില്ല.
ഞാന്‍ പ്രീഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തിരുവനന്തപുരം നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റില്‍ എവിടേയ്‌ക്കോ യാത്രപോകാനായി ഒരു സുഹൃത്തിനോടൊപ്പം നില്ക്കുന്ന സന്ദര്‍ഭം. പലതും സംസാരിച്ചകൂട്ടത്തില്‍ സാഹിത്യത്തെക്കുറിച്ചും ഞങ്ങള്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അക്കാലത്ത് ചില വിദേശ നോവലുകള്‍ വായിച്ച് അവയില്‍ വലിയ ആസ്വാദനം നേടുന്ന ആളായിരുന്നതിനാല്‍ മലയാള നോവലുകളോട് എനിക്ക് വലിയ മതിപ്പുണ്ടായിരുന്നില്ല. പോരാത്തതിന് ഞാന്‍ വലിയ എം. മുകുന്ദന്‍ പക്ഷപാതിയുമായിരുന്നു. എന്റെ സുഹൃത്ത് വലിയ വായനക്കാരനായിരുന്നില്ലെങ്കിലും എം.ടിയോട് ഭ്രമമുള്ളയാളായിരുന്നു. സുഹൃത്തിനെ ഒന്നു കളിയാക്കാനായി ഞാന്‍ ”ങഠ ശ െഋാു്യേ” എന്നിങ്ങനെ കുറച്ച് ഉച്ചത്തില്‍ പറഞ്ഞു. പെട്ടെന്നുതന്നെ ബസ് സ്റ്റാന്റില്‍ കുറച്ചു മാറിനിന്നിരുന്ന ഒരു താടിക്കാരന്‍ എന്റെ അടുത്തേക്കു പാഞ്ഞുവന്നു. അയാള്‍ വലിയ ദേഷ്യത്തോടെ ”നീ എന്റെ എംടിയെ എന്താ പറഞ്ഞത് നിന്നെ ഞാന്‍” എന്നൊക്കെ അക്രോശിച്ചുകൊണ്ട് എന്നെ കൈയേറ്റം ചെയ്യാനൊരുങ്ങി. മറ്റുള്ളവര്‍ ഇടപെട്ട് അയാളെ പിടിച്ചു മാറ്റിയതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു. സുഹൃത്തും ഞാനും ഉടന്‍ തന്നെ മുന്നില്‍ കണ്ട വണ്ടിയില്‍ കയറി സ്ഥലം വിടുകയും ചെയ്തു. നിരന്തരം എംടിക്കുവേണ്ടി മറ്റുള്ളവരോടും വഴക്കുകൂടുന്ന ദേവന്‍ എന്ന ഒരു സഹൃദയനായ കച്ചവടക്കാരന്‍ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. അങ്ങനെ എംടി ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെ കേരളത്തിലുടനീളം കാണാമായിരുന്നു.
എം.ടിയുടെ തന്നെ ‘കാഥികന്റെ പണിപ്പുര’യില്‍ പറയുന്നതുപോലെ ‘ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും ബോക്‌സ് ഓഫീസ് തകര്‍ത്ത് ജനക്കൂട്ടം ബുക്സ്റ്റാളുകള്‍ കൈയേറാറില്ല’ ഒരു ഫുട്ബാള്‍ താരത്തിനോ ക്രിക്കറ്റ് താരത്തിനോ സിനിമാതാരത്തിനോ ലഭിക്കുന്ന ആരാധകശ്രദ്ധയോ വരുമാനമോ ഒന്നും എഴുത്തുകാരനു ലഭിക്കാറില്ല. എംടി വിട വാങ്ങിയപ്പോള്‍ ജീവിച്ചിരുന്നപ്പോള്‍ ലഭിച്ചതുപോലുള്ള വലിയ ആരാധക വിലാപമോ തള്ളിക്കയറ്റമോ ഒന്നുമുണ്ടായില്ല. പതിവിനു വിപരീതമായി യൂട്യൂബര്‍മാര്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പോരായ്മകള്‍ എടുത്തു കാണിച്ച് ആക്ഷേപിക്കുകയാണ് ചെയ്തത്. അത് പലരേയും അത്ഭുതപ്പെടുത്തി. സാധാരണഗതിയില്‍ മോശം വ്യക്തിജീവിതമുള്ളവരേയും മരണമുഹൂര്‍ത്തത്തില്‍ ആരും ആക്ഷേപിക്കാറില്ല. വൈലോപ്പിള്ളിയുടെ അരിയില്ലാഞ്ഞിട്ട് എന്ന കവിതയിലെ വരികള്‍ സൂചിപ്പിക്കുന്ന തരത്തില്‍ ”പെരിയോര്‍കളെപ്പോലെ ചെറിയോര്‍കളും മന്നില്‍ മരണത്തിനുശേഷം മാലോകര്‍ക്കിഷ്ടം ചേര്‍പ്പൂ” എന്നതാണ് പതിവ്. എംടിയ്ക്ക് ഈ പതിവ് വാഴ്ത്തിപ്പാടലുകള്‍ എന്തുകൊണ്ട് കിട്ടിയില്ല?
മഹത്തായ ധാരാളം രചനകള്‍ സമൂഹത്തിനു സമര്‍പ്പിച്ച എം.ടി. വാസുദേവന്‍ നായര്‍ ഒരെഴുത്തുകാരന് കിട്ടാവുന്ന അംഗീകാരങ്ങള്‍ മുഴുവന്‍ നേടിയ ആളാണ്. എല്ലാ മനുഷ്യരുടേയും സ്വപ്‌നഭൂമിക എന്നു പറയാവുന്ന സിനിമാമേഖലയിലും അദ്ദേഹം വെന്നിക്കൊടി പാറിച്ചു. നടന്മാരെ വളര്‍ത്താനും തളര്‍ത്താനും കഴിവുള്ള നിലയില്‍ ചലച്ചിത്രരംഗത്തെ അതികായനായി മാറി. മമ്മൂട്ടിയെപ്പോലെയുള്ളവരെ സിനിമയിലേക്കു കൊണ്ടുവന്നുവെന്നുമാത്രമല്ല പുരസ്‌കാരങ്ങള്‍ വരെ നേടിക്കൊടുക്കുകയും ചെയ്തു. ഇതൊക്കെ ധാരാളം അസൂയാലുക്കളെ ഉണ്ടാക്കിയെന്നു പറയാം. നടനകലയിലെ സകലകലാവല്ലഭനായ മോഹന്‍ലാല്‍ ഉണ്ടായിരുന്നിട്ടും എം.ടി. എപ്പോഴും മമ്മൂട്ടിക്കുവേണ്ടിയാണ് ചരടുകള്‍ വലിച്ചിരുന്നത്. അതൊക്കെ പലരും അദ്ദേഹത്തെ അവജ്ഞയോടെ നോക്കാന്‍ കാരണമായി. ഈശ്വരവിശ്വാസിയായിരുന്നിട്ടും കൃതികളില്‍ അവതരിപ്പിച്ച പലതും ഈശ്വരനിന്ദയായി പലര്‍ക്കും തോന്നി.
നിര്‍മാല്യത്തില്‍ ദേവീവിഗ്രഹത്തിലേക്ക് തുപ്പുന്ന വെളിച്ചപ്പാടിന്റെ രംഗം ഹൈന്ദവവിശ്വാസികളെ കണക്കറ്റ് വേദനിപ്പിച്ചു. എന്നാല്‍ അതില്‍ ഈശ്വരനിന്ദയല്ല മറിച്ച് ദേവിയോട് എല്ലാ അര്‍ത്ഥത്തിലും താദാത്മ്യം പ്രാപിച്ച ആ വെളിച്ചപ്പാടിന്റെ മനസ്സാണ് എം.ടി പ്രകാശിപ്പിക്കാന്‍ ശ്രമിച്ചത്. ആരാധനയുടെ പരമകാഷ്ഠയില്‍ ഈശ്വരനെ ‘നീ’ എന്നാണ് ഭക്തന്‍ സംബോധന ചെയ്യാറ്. ചലച്ചിത്രം പുറത്തുവന്ന കാലത്തൊന്നും വിമര്‍ശനങ്ങളുണ്ടാവാത്തതിനാല്‍ എംടി അതിന് വിശദീകരണമൊന്നും നല്‍കിയില്ല. പില്‍ക്കാലത്ത് അത് വലിയ ആക്ഷേപമായിത്തന്നെ ആ നോവലിസ്റ്റിന്റെ പേരില്‍ നിലനിന്നു. മഹാഭാരതത്തെ എം.ടി തോന്നിയപോലെ വ്യാഖ്യാനിച്ചുവെന്ന് പലരും വിമര്‍ശിച്ചു. ‘രണ്ടാമൂഴം’ പുറത്തുവന്നപ്പോള്‍ പൂച്ചെണ്ടും കല്ലേറും ഒരേസമയം ലഭിക്കുകയുണ്ടായി.
വിദുരരുടെ ജനനത്തെ കുറിച്ചും ഘടോല്‍ക്കചന്റെ മരണ സമയത്തെ കൃഷ്ണന്റെ അഭിപ്രായപ്രകടനത്തെക്കുറിച്ചും ‘പാഞ്ചാലിയുടെ അര്‍ജ്ജുന പ്രതിപത്തിയെക്കുറിച്ചുമൊക്കെ നോവലില്‍ കടത്തിപ്പറഞ്ഞില്ലേ എന്ന് എനിക്കും അന്നു തോന്നിയിരുന്നു. എന്നാല്‍ രണ്ടാമൂഴം വായിച്ചതിനുശേഷമാണ് ഞാന്‍ ‘ഇരാവതി കാര്‍വേ’യുടെ ‘ഭാരതപഠനങ്ങള്‍’ വായിച്ചത്. അതില്‍ നിന്നും തിരിച്ചറിഞ്ഞ ഒരു വസ്തുത എംടി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിട്ടുള്ളത് ഈ കൃതിയെയാണ്. തന്റെ തന്നെ കണ്ടെത്തലായി ‘വ്യാസമൗനത്തില്‍ നിന്നൊരേട്’ എന്ന പേരില്‍ കഥാകൃത്ത് അവതരിപ്പിക്കുന്നതൊക്കെ ഇരാവതി കാര്‍വേയുടെ നിഗമനങ്ങളായിരുന്നു. അതില്‍ എംടിയെയല്ല കാര്‍വെയെയാണ് കുറ്റക്കാരിയാക്കേണ്ടത്. എന്നാലക്കാര്യമൊന്നും എംടി പറയുന്നില്ല എന്നയിടത്ത് അദ്ദേഹം സംശയത്തിന്റെ നിഴലിലാകുന്നു.
എം.ടി അനുസ്മരണ പ്രഭാഷണങ്ങള്‍ക്കായി എന്തെങ്കിലും പുതിയ വിവരങ്ങള്‍ ലഭിക്കുമോ എന്നറിയാന്‍ വിക്കിപീഡിയയില്‍ നോക്കിയപ്പോള്‍ കണ്ടത് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന കൃതിയായി കരുതപ്പെടുന്ന മഞ്ഞിനെ അവമതിക്കാനുള്ള ശ്രമമാണ്. മഞ്ഞ് ഹിന്ദി എഴുത്തുകാരനായിരുന്ന (2005ല്‍ അന്തരിച്ച) നിര്‍മല്‍ വര്‍മയുടെ ‘പരന്ദേ’ എന്ന കൃതിയുടെ അനുകരണമാണെന്ന ഒരു ശതമാനം പോലും വാസ്തവമില്ലാത്ത കാര്യം നെറ്റില്‍ ചേര്‍ത്തുവച്ചിരിക്കുന്നു. എംടിയുടെ അടുത്ത മിത്രമായിരുന്ന നിര്‍മ്മല്‍ വര്‍മ ആ ആക്ഷേപത്തെ എതിര്‍ത്ത വസ്തുതയും ഇന്റര്‍നെറ്റിലുണ്ട്. പരന്ദേ എന്ന കൃതിയുടെ ഇംഗ്ലീഷ് തര്‍ജ്ജമ “Birds’ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതു വായിച്ചാല്‍ രണ്ടു കൃതികളും തമ്മില്‍ ഒരു സാദൃശ്യവുമില്ല എന്നു നമുക്ക് മനസ്സിലാകും.
പരന്ദേയിലെ നായിക ലതികയും എം.ടിയുടെ മഞ്ഞിലെ നായിക വിമലാദേവിയും ബോര്‍ഡിങ് സ്‌കൂളിലെ ജീവനക്കാരാണെന്നതാണ് ഒരേയൊരു സാദൃശ്യം. ലതിക വാര്‍ഡനാണെങ്കില്‍ വിമല വാര്‍ഡന്റെ ജോലി ചെയ്യുന്ന അധ്യാപികയാണ്. രണ്ടുപേരും ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ച് വിദ്യാര്‍ത്ഥിനികളോടൊപ്പം കഴിയുന്നവരാണ്. കാമുകനായ സുധീര്‍കുമാര്‍ മിശ്ര അകാരണമായി ഉപേക്ഷിച്ചുപോയതിന്റെ വേദനയിലാണ് വിമല ജീവിതം തള്ളിനീക്കുന്നത്. എന്നാല്‍ ലതിക മരിച്ചുപോയ തന്റെ ഭര്‍ത്തവായ ഗിരീഷിന്റെ ഓര്‍മകളിലാണ്. ലതികയ്ക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. എന്നാല്‍ വിമല അങ്ങനെയല്ല അവര്‍ നീണ്ട കാത്തിരിപ്പിലാണ്. സുധീര്‍കുമാര്‍ മിശ്ര ഒരു ദിവസം തന്നെത്തേടി വരുമെന്ന് അവള്‍ ഉറച്ചുവിശ്വസിക്കുന്നു.
പരന്ദേയില്‍ ലതികയ്ക്ക് രണ്ടു സുഹൃത്തുക്കളുണ്ട്. ഒരു വൃദ്ധനായ ഡോക്ടര്‍ മുഖര്‍ജിയും പിന്നെ ഹ്യൂബര്‍ട്ടും. ഡോക്ടര്‍ മുഖര്‍ജിക്കുമുണ്ട് ഒരു ദുരന്തകഥ. അദ്ദേഹം മ്യാന്‍മാറില്‍ (കഥയില്‍ ബര്‍മ) നിന്നും ഓടിയെത്തിയ അഭയാര്‍ത്ഥിയാണ്. യുദ്ധത്തില്‍ അദ്ദേഹത്തിന്റെ കുടുംബമൊന്നടങ്കം മരണപ്പെട്ടുപോയി. ഗിരീഷും ലതികയും തമ്മിലുള്ള അടുപ്പത്തിന് ഇടനിലക്കാരനായി നിന്നത് ഡോക്ടര്‍ മുഖര്‍ജിയായിരുന്നു. മുഖര്‍ജിക്ക് ലതികയോടു പ്രണയമൊന്നുമില്ല. ഭര്‍ത്താവിന്റെ മരണം മൂലം ആകെ തകര്‍ന്ന ലതിക വീണ്ടും സന്തോഷിച്ചുകാണണമെന്നേ മുഖര്‍ജി ആഗ്രഹിക്കുന്നുള്ളൂ. ലതികയുടെ രണ്ടാമത്തെ സുഹൃത്തായ ഹ്യൂബര്‍ട്ട് അവള്‍ വര്‍ക്കു ചെയ്യുന്ന സ്‌കൂളിലെ ഓര്‍ഗന്‍ പ്ലയര്‍ ആണ്. ലതിക വിധവയാണെന്ന വസ്തുതയറിയാതെ അയാള്‍ അവള്‍ക്ക് ഒരു പ്രണയലേഖനം നല്‍കുന്നു. ഒടുവില്‍ വസ്തുത മനസ്സിലാക്കിയ ഹ്യൂബര്‍ട്ട് ക്ഷമചോദിക്കുകയും ചെയ്യുന്നു. രണ്ടു സുഹൃത്തുകളും ലതികയുടെ സന്തോഷമാണ് ആഗ്രഹിക്കുന്നത്.
മഞ്ഞിലെ സര്‍ദാജിയും ഡോക്ടര്‍ മുഖര്‍ജിയും വൃദ്ധരാണെങ്കിലും സര്‍ദാജി തന്റെ വാര്‍ദ്ധക്യം വകവയ്ക്കാതെ വിമലയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നുണ്ട്. മുഖര്‍ജിക്ക് വാര്‍ദ്ധക്യത്തിന്റെ പക്വതയുണ്ട്. അച്ഛനെന്ന അജ്ഞാതനെ കാത്തിരിക്കുന്ന ബുദ്ദു പക്ഷേ ഹ്യൂബര്‍ട്ടിനു പകരമാകുന്നില്ല. ഗിരീഷിന്റെ ഓര്‍മകളില്‍ നിന്നു രക്ഷപ്പെടാന്‍ അവളെ ഉപദേശിക്കുന്ന മുഖര്‍ജി പക്ഷേ ആ ഓര്‍മകളില്ലെങ്കില്‍ ലതികയ്ക്കു ജീവിക്കാനാവില്ലെന്ന് തിരിച്ചറിയുന്നു. ഓര്‍മയാണ് നിര്‍മ്മല്‍ വര്‍മയുടെ കഥയിലെ മുഖ്യവിഷയം. എം.ടിയാകട്ടെ മഞ്ഞില്‍ കാത്തിരിപ്പിനെ ഒരു ക്ലാസിക് തലത്തിലേയ്ക്ക് വികസിപ്പിക്കുന്നു. പരന്ദേയില്‍ ഒടുവില്‍ തന്റെ വേദനകളില്‍ നിന്നും വിമോചിതയാകുന്ന ലതികയെ അവതരിപ്പിക്കുക വഴി വര്‍മ അതിനെ ഒരു സാധാരണ കഥയാക്കി മാറ്റുന്നു. എന്നാല്‍ ‘വരും വരാതിരിക്കില്ല’ എന്ന പ്രതീക്ഷയില്‍ തന്നെ നിലനില്‍ക്കുന്ന വിമലയെ അവതരിപ്പിച്ച് അര്‍ദ്ധോക്തിയില്‍ അവസാനിക്കുന്ന മഞ്ഞ് ഒരു ലോകോത്തരകൃതിയായി മാറുന്നു.
1959-ലാണ് നിര്‍മല്‍ വര്‍മ ‘പരന്ദേ’ ഹിന്ദിയില്‍ എഴുതുന്നത്. മഞ്ഞ് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത് 1964-ലാണ്. മഞ്ഞ് പ്രസിദ്ധീകരിച്ച് വീണ്ടും ഏതാനും വര്‍ഷം കഴിഞ്ഞശേഷമാണ് പരന്ദേയുടെ ഇംഗ്ലീഷ് ഭാഷാന്തരം പുറത്തുവരുന്നത്. ഹിന്ദിയില്‍ നിന്നും കഥ നേരിട്ട് വായിച്ച് മനസ്സിലാക്കത്തക്ക ഭാഷാ പരിജ്ഞാനം എം.ടിയ്ക്കില്ലെന്നും തന്റെ ഹിന്ദിക്കഥ അദ്ദേഹം വായിച്ചിരിക്കാനിടയില്ലെന്നും നിര്‍മല്‍ വര്‍മ പറയുന്നുണ്ടെങ്കിലും അതത്ര വിശ്വസനീയമാണെന്ന് തോന്നുന്നില്ല. തീര്‍ച്ചയായും എം.ടി മഞ്ഞ് എഴുതുന്നതിനു മുന്‍പ് നിര്‍മല്‍ വര്‍മയുടെ കൃതി വായിച്ചിരുന്നു എന്നത് വ്യക്തം. ഒരുപക്ഷേ കഥ ആരെങ്കിലും വായിച്ചു പറഞ്ഞു കൊടുത്തതാവാം. അല്ലെങ്കില്‍ ഹിന്ദിയില്‍ നിന്നു തന്നെ നേരിട്ട് വായിച്ചിരിക്കാം. അതുമല്ലെങ്കില്‍ സുഹൃത്തായ നിര്‍മല്‍ വര്‍മ തന്നെ സംഭാഷണത്തിനിടയില്‍ പറഞ്ഞിട്ടുണ്ടാവാം. അങ്ങനെയൊരു ത്രെഡ് ലഭിച്ചപ്പോള്‍ നിര്‍മാണകുശലമായ എം.ടിയുടെ തൂലിക അതിനെ ഇന്നു നമ്മള്‍ വായിക്കുന്ന തരത്തിലുള്ള ഒരസാധാരണ കൃതിയായി വികസിപ്പിച്ചെടുത്തതാവാം. എല്ലാ മഹത്തായ കൃതികളും മറ്റേതെങ്കിലും കൃതി വായിച്ചതില്‍ നിന്നുള്ള അനുഭവത്തെ വികസിപ്പിച്ചെടുത്തവ തന്നെയാണ്. ശൂന്യതയില്‍ നിന്നും ആര്‍ക്കും ഒന്നും സൃഷ്ടിക്കാനാവില്ല.