ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ പണമിടപാട് രീതിയായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) മാറിയിരിക്കുന്നു. ചരിത്രപരമായ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ടുകൊണ്ടാണ് ഭാരതം ഈ മേഖലയില്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 2024 ഒക്ടോബറിലെ എന്‍പിസിഐയുടെ കണക്കുകള്‍ പ്രകാരം യുപിഐ ഒരു മാസത്തിനുള്ളില്‍ 16.58 ബില്യണ്‍ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. അതായത് 16.58 ബില്യണ്‍ സാമ്പത്തിക ഇടപാടുകളിലൂടെ യുപിഐ 23.49 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. 2024 ജൂലായ് മാസത്തില്‍ 20.24 ലക്ഷം കോടി രൂപയും ജൂണ്‍ മാസത്തില്‍ 20.07 ലക്ഷം കോടി രൂപയും കൈമാറ്റം ചെയ്യപ്പെട്ടു. ഇത് ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ നിര്‍ണായക നേട്ടമായി വിലയിരുത്തപ്പെടുന്നു.
യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ)
യുപിഐ എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാനുള്ള സംവിധാനമാണ്. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വികസിപ്പിച്ചെടുത്ത യുപിഐ ഇമ്മീഡിയറ്റ് പേയ്‌മെന്റ് സര്‍വീസിനെ (ഐപിഎസ്) അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലാണ് യുപിഐ പ്രവര്‍ത്തിക്കുന്നത്. എന്‍പിസിഐ 21 അംഗ ബാങ്കുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2016 ഏപ്രില്‍ 11ന് മുംബൈയില്‍ വെച്ച് യുപിഐയുടെ പൈലറ്റ് ലോഞ്ച് നടത്തി. ആര്‍ബിഐ ഗവര്‍ണര്‍ ഡോ.രഘുറാം ജി.രാജനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ലോഞ്ച് നടത്തിയത്. 2016 ആഗസ്റ്റ് 25 മുതല്‍ വിവിധ ബാങ്കുകള്‍ അവരുടെ യുപിഐ പ്രവര്‍ത്തനക്ഷമമാക്കിയ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. 2016 ഏപ്രിലില്‍ 21 അംഗ ബാങ്കുകളില്‍ തുടങ്ങിയ ഡിജിറ്റല്‍ ഇടപാടുകള്‍ ഇന്ന് 2024 നവംബറില്‍ 637 ബാങ്കുകളില്‍ എത്തിനില്‍ക്കുന്നു. ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ പോക്കറ്റ് (Pockets) ആപ്ലിക്കേഷനും ഐഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെ ഫസ്റ്റ് രൂപ യുപിഐ (@idfcpay) ആപ്ലിക്കേഷനും ഉദാഹരണങ്ങളാണ്.
2023 ല്‍ സെക്കന്റില്‍ 3729.1 ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തി ലോകത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യയുടെ യുപിഐ കൈവരിച്ചു. 2022ല്‍ ഓരോ സെക്കന്റിലും 2348 ഇടപാടുകള്‍ നടത്തിയിരുന്നു. സെക്കന്റില്‍ 1553.8 പണമിടപാടുകളുമായി ബ്രിട്ടന്റെ സ്‌ക്രില്‍ (Skrill) ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ബ്രസീലിന്റെ പിക്‌സ് (PIx) സെക്കന്റില്‍ 1331.8 ഇടപാടുകള്‍ നടത്തിക്കൊണ്ട് മൂന്നാം സ്ഥാനത്തും ചൈനയുടെ ആലിപേയ് (Alipay) സെക്കന്റില്‍ 1157.4 ഇടപാടുകള്‍ നടത്തിക്കൊണ്ട് നാലാം സ്ഥാനത്തുമാണ്.
യുപിഐ സാമ്പത്തിക ഇടപാടുകള്‍ വേഗമേറിയതും സുരക്ഷിതവും ആയാസരഹിതവും മാത്രമല്ല തടസ്സമില്ലാത്ത ഫണ്ട് കൈമാറ്റം, പിയര്‍ -ടു-പിയര്‍ (P2P) ഇടപാടുകള്‍, മര്‍ച്ചന്റ് പേയ്‌മെന്റുകള്‍, പേഴ്‌സണ്‍ ടു മര്‍ച്ചന്റ് (P2M) ഇടപാടുകള്‍ എന്നിവ വേഗത്തില്‍ സാധ്യമാക്കുന്നു. ചെറുകിട ബിസിനസുകള്‍, വഴിയോര കച്ചവടക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍ എന്നിവരില്‍ യുപിഐ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. യുപിഐ ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യക്തികളെയും ചെറുകിട ബിസിനസ്സുകളെയും വ്യാപാരികളെയും ശാക്തീകരിക്കുക മാത്രമല്ല ചെയ്തത് രാജ്യത്തെ പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു. സമഗ്രമായ വളര്‍ച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ഇന്ത്യയുടെ ദീര്‍ഘവീക്ഷണമാണ് ഈ ശ്രദ്ധേയമായ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
2015 ജൂലായ് ഒന്നാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുകയും വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കു മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പ്രോഗ്രാം ആരംഭിച്ചത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഡിജിറ്റല്‍ സംവിധാനം എത്രത്തോളം വിജയിക്കുമെന്ന് അന്ന് പല ലോകരാജ്യങ്ങളും രാഷ്ട്രീയ പ്രതിയോഗികളും അഭിപ്രായപ്പെട്ടു. അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധി ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ചു. ജമ്യാേ എന്നാല്‍ ‘ജമ്യ ീേ ങീറശ’ എന്നാണെന്നും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇത് സാധ്യമാകില്ല എന്നും ഇന്ത്യയെ പണരഹിത സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയല്ല പകരം ഇത് പാവപ്പെട്ടവരെ പണമില്ലാത്തവരാക്കിമാറ്റുമെന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യം ഡിജിറ്റല്‍ ഇടപാടുകളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത് ഈ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണ്.
QR കോഡും UPI യും
യുപിഎയില്‍ ക്യു ആര്‍ കോഡ് സംയോജിപ്പിച്ചതിലൂടെ ഇന്ത്യയിലെ ചെറുകിട വന്‍കിട വ്യാപാര ശൃംഖലയില്‍ വിപ്ലവകരമായ മാറ്റമാണ് കാണാന്‍ സാധിച്ചത്. മുന്‍പ് വന്‍കിട വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെല്ലുമ്പോള്‍ ബില്ലിംഗ് കൗണ്ടറുകളില്‍ ഒന്നുകില്‍ പണം അല്ലെങ്കില്‍ നമ്മുടെ ബാങ്ക് ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ് മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ക്യു ആര്‍ കോഡ് സംവിധാനത്തിലൂടെ യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്നു. വന്‍കിട വ്യാപാര സ്ഥാപനള്‍ക്ക് ക്യു ആര്‍-യുപിഐ പേയ്‌മെന്റുകള്‍ നടത്താനുള്ള സൗകര്യം ഉണ്ടായിരിക്കും. എന്നാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് എങ്ങനെ സാധ്യമാകും എന്ന് ആദ്യകാലങ്ങളില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്ന് ചെറുകിട കച്ചവടക്കാരും ഉന്തുവണ്ടിയില്‍ കച്ചവടം ചെയ്യുന്നവരും വഴിയോരക്കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും യുപിഐ ഇടപാടുകള്‍ നടത്തുന്നു. കച്ചവട സ്ഥാപനത്തിന് മുന്നിലും ഉന്തുവണ്ടികളിലും വഴിയോരങ്ങളില്‍ പച്ചക്കറിയും മത്സ്യവും പഴങ്ങളും വില്‍ക്കുന്നവരുടെ മുന്നിലും ഒരു ക്യുആര്‍ കോഡിന്റെ ചെറിയ ബോര്‍ഡ് കാണാം. പ്രായഭേദമെന്യേ എല്ലാവരും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു. 10 രൂപയുടെ ഒരു സാധനം വാങ്ങിയാല്‍ പോലും QR കോഡ് മൊബൈല്‍ ഫോണിലൂടെ സ്‌കാന്‍ ചെയ്ത് പണമടയ്ക്കുന്നു. വഴിയോരക്കച്ചവടം നടത്തുന്ന പ്രായമായ സ്ത്രീകളും പുരുഷന്മാരും വരെ അവരുടെ വില്പന സാധനങ്ങള്‍ക്കിടയില്‍ ക്യു ആര്‍ കോഡ് വെച്ചിട്ടുണ്ടാകും. വിദ്യാഭ്യാസത്തിന്റെയോ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെയോ സമ്പൂര്‍ണ്ണ സാക്ഷരതയുടെയോ മാനദണ്ഡമില്ലാതെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഇന്ന് ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ നിരവധി പേയ്‌മെന്റ് ആപ്പുകളാണ് കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്കുള്ള പണമിടപാടുകളേക്കാള്‍ കൂടുതല്‍ ഇന്ന് വ്യക്തിയില്‍ നിന്ന് കച്ചവടക്കാരിലേക്ക് പണമിടപാടുകള്‍ നടക്കുന്നു. കച്ചവട സ്ഥാപനങ്ങളില്‍ പെയ്‌മെന്റ് അപ്പുകളുടെ വോയിസ് ബോക്‌സുകളുടെ ഉപയോഗമാണ് ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പണമിടപാടിന് സഹായകമായ ചെറുതും എന്നാല്‍ പ്രാധാന്യമുള്ളതുമായ സംവിധാനങ്ങളില്‍ മറ്റൊന്ന്. ഉന്തുവണ്ടികളിലും വഴിയോര കച്ചവടക്കാരിലും ചായക്കടകളിലും കാണുന്ന ഈ ഉപകരണങ്ങള്‍ ഓരോ ക്യൂആര്‍ കോഡ് പണമിടപാടുകള്‍ക്കും ലഭിക്കുന്ന പണത്തിന്റെ അളവ് ഉറക്കെ പറയുന്നു. ഫോണില്‍ തുക വരുന്ന നോട്ടിഫിക്കേഷന്‍ എടുത്തു നോക്കാന്‍ പറ്റാത്ത തിരക്കുള്ള സമയങ്ങളില്‍ കച്ചവടക്കാര്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച തുക അക്കൗണ്ടില്‍ വന്നു എന്ന് ഉറപ്പുവരുത്താനാകും. ഈ ലളിതമായ സംവിധാനം ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ പണം ഇടപാടുകള്‍ കൂടുതല്‍ ജാഗ്രതയോടെ നടത്താനുള്ള വിശ്വാസം നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
യുപിഐയെ മറ്റ് പെയ്‌മെന്റ് ആപ്പുകള്‍ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഫീച്ചറുകള്‍ ഉണ്ട്. ഒരു മൊബൈലിലൂടെ വര്‍ഷത്തില്‍ 365 ദിവസവും 24ഃ7 എന്ന നിലയില്‍ ഉടനടി പണം കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നു. അക്കൗണ്ട് നമ്പറോ, ഐഎഫ്എസ്‌സി കോഡോ പോലുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ നല്‍കാതെ ഒരു വെര്‍ച്ച്വല്‍ വിലാസം ഉപയോഗിച്ചുകൊണ്ട് പണമിടപാട് നടത്താം. കൂടാതെ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. യുപിഐയുടെ മറ്റൊരു പ്രധാനപ്പെട്ട ഡിസൈന്‍ ഫീച്ചര്‍ എന്നത് ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് നിലനില്‍ക്കുന്ന ബാങ്കിന്റെ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ പരിഗണിക്കാതെ തന്നെ ഇഷ്ടപ്പെട്ട മറ്റു പെയ്‌മെന്റ് ആപ്പുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവം അന്താരാഷ്ട്ര തലത്തില്‍ കുതിച്ചു പായുകയാണ്. നിലവില്‍ യുഎഇ, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, മൗറീഷ്യസ് തുടങ്ങിയ പ്രധാന വിപണികള്‍ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ യുപിഐ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള വ്യാപനത്തിന്റെ ഭാഗമായി ഇപ്പോള്‍ 6 പുതിയ അംഗരാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പിനുള്ളില്‍ യുപിഐയുടെ വിപുലീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സജീവമായി രംഗത്തുണ്ട്. ഇത് ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു.
എസി ഐ വേള്‍ഡ് വൈഡ് റിപ്പോര്‍ട്ട് 2024 അനുസരിച്ച് 2023ലെ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തിലുള്ള പേയ്‌മെന്റ് ഇടപാടുകളുടെ ഏകദേശം 49% ഇന്ത്യയിലാണ്. ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് നവീകരണത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന പൊന്‍തൂവല്‍ കൂടിയാണ്. യുപിഐയുടെ വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സാന്നിധ്യവും ഡിജിറ്റല്‍ ഇടപാടുകളുടെ വര്‍ദ്ധനയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യയുടെ ഡിജിറ്റല്‍ ഇടപാടുകളുടെയും അടിസ്ഥാനം ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഭരണകൂടത്തിന്റെയും ദീര്‍ഘവീക്ഷണമാണ്.
എടിഎമ്മുകളുടെ എണ്ണം കുറയുന്നു
രാജ്യത്ത് എടിഎമ്മുകളുടെ എണ്ണം കുറയുന്നതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന് പ്രധാനകാരണം യുപിഐ ഡിജിറ്റല്‍ പണമിടപാടുകളാണെന്ന് പറയാന്‍ സാധിക്കും. 2019 മുതല്‍ 2023 വരെ എടിഎമ്മുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2023ന് ശേഷം എണ്ണം കുറയുന്നതാണ് വ്യക്തമാകുന്നത്. മെട്രോ നഗരങ്ങളിലും ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും എല്ലാം ഈ കുറവ് പ്രകടമാണ്. 2019 സപ്തംബറില്‍ 227886 എ.ടി.എമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്, 2024 സപ്തംബര്‍ ആകുമ്പോള്‍ ഇത് 255078 ആണ്. അഞ്ചുവര്‍ഷം കൊണ്ട് 11.9% വര്‍ദ്ധനവ്. അതേസമയം 2023 സപ്തംബറിലെ 257940 എണ്ണത്തെ അപേക്ഷിച്ച് 2024 ല്‍ എടിഎമ്മുകളുടെ എണ്ണത്തില്‍ 2862 കുറവുണ്ടായി.