”ജയിലറകാട്ടി പേടിപ്പിക്കേണ്ട” എന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരുടെ മുദ്രാവാക്യമായിരുന്നു ജനുവരി 6-ലെ മലയാള പത്രങ്ങളിലെ ഒരു വാര്‍ത്ത. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു മുമ്പില്‍ സിപിഎം നേതാക്കളായ ജയരാജന്മാരുടെ സാന്നിദ്ധ്യത്തില്‍ പെരിയ ഇരട്ടക്കൊലക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ അവിടെ എത്തിച്ചപ്പോഴായിരുന്നു പാര്‍ട്ടിക്കാരുടെ ഈ പ്രകടനം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഈ മുദ്രാവാക്യത്തിലൂടെ വെല്ലുവിളിക്കുന്നത് ആരെയാണ്? ഭാരത ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി നീതിന്യായം നിര്‍വ്വഹിക്കാന്‍ നിയോഗിക്കപ്പെട്ട കോടതിയെയല്ലേ? പ്രതികളില്‍ മുന്‍ എം.എല്‍.എ. ഉള്‍പ്പെടെ നാലു പേരെ ഹൈക്കോടതിയുടെ സ്റ്റേ വാങ്ങി രണ്ടാം ദിവസം ജയിലില്‍ നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന സമയത്തും സി.പി.എം സ്വീകരിച്ചത് ഇതേ നിലപാടാണ്. പെരിയ കൊലക്കേസ് പ്രതികളെ പോലീസ് സ്റ്റേഷനില്‍ നിന്ന് പാര്‍ട്ടിയുടെ ഹുങ്കിന്റെ ബലത്തില്‍ പുറത്തിറക്കി കൊണ്ടുപോയതിനാണ് ഈ നാലു പേര്‍ക്ക് ശിക്ഷ കിട്ടിയത്. സംസ്ഥാനത്തെ നിയമവും ക്രമസമാധാനവും തങ്ങളാണ് തീരുമാനിക്കുന്നത് എന്ന കമ്മ്യൂണിസ്റ്റ് ഹുങ്കിന് കിട്ടിയ പ്രഹരമായിരുന്നു സി.ബി. ഐ കോടതി നല്‍കിയ ഈ ശിക്ഷ. ജനാധിപത്യത്തിന്റെ അടിസ്ഥാന സ്തംഭങ്ങളായ ഭരണനിര്‍വ്വഹണവും ജുഡീഷ്യറിയും മാധ്യമങ്ങളും ജനവിധിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ തങ്ങളുടെ ഏറാന്മൂളികളാവണം എന്ന സ്റ്റാലിനിസ്റ്റ് വരട്ടുവാദമാണ് പാര്‍ട്ടി നടപ്പാക്കുന്നത്. ഇതിന്റെ പച്ചയായ പ്രകടനമാണ് കണ്ണൂര്‍ ജയിലിനു മുമ്പില്‍ കണ്ടത്.
കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കുന്നത് തടയാന്‍ പോലീസ് സംവിധാനത്തെ ഉപയോഗിച്ച് കളിച്ച കളികളും അതിലൂടെ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി.ദിവ്യയടക്കമുള്ള പാര്‍ട്ടിക്കാരെ രക്ഷിക്കാനും വലിയൊരു അഴിമതി ശൃംഖല മറച്ചുവെക്കാനും പാര്‍ട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് ഏതാനും മാസങ്ങള്‍ മുമ്പാണ്. മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍ അംഗമായ, അഴിമതിക്കറ പുരളാത്ത ഒരു ഉദ്യോഗസ്ഥനെ പാര്‍ട്ടിനേതാക്കളുടെ താല്പര്യമനുസരിച്ച് പ്രവര്‍ത്തിച്ചില്ല എന്ന പേരില്‍ മരണത്തിലേക്ക് തള്ളിവിട്ട സംഭവം എക്‌സിക്യൂട്ടീവ് സംവിധാനത്തെ പാര്‍ട്ടി എങ്ങനെ കാണുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ എല്ലാ മാനദണ്ഡവും തീരുമാനിക്കുന്നത് ഏ.കെ.ജി സെന്ററില്‍ നിന്നാണ്. ടി.പി.വധക്കേസ് ഉള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ കൊടി സുനിയെ അമ്മയുടെ ആവലാതി എന്ന കച്ചിത്തുരുമ്പിന്റെ ബലത്തില്‍ 30 ദിവസത്തേക്ക് പരോളില്‍ വിട്ടത് പോലീസ് വകുപ്പ് തന്നെ നല്‍കിയ റിപ്പോര്‍ട്ടിനെ ചവറ്റു കൊട്ടയിലിട്ടുകൊണ്ടാണ്. കൊടിസുനി ഉള്‍പ്പെടെ മുമ്പ് പരോള്‍ ലഭിച്ച പാര്‍ട്ടിഗുണ്ടകളായ നാലുപേര്‍ പരോള്‍ കാലത്ത് ക്രിമിനല്‍ നടപടികളിലേര്‍പ്പെട്ടു എന്നും പരോള്‍ അനുവദിച്ചാല്‍ പൊതുജനത്തെ ബാധിക്കുമെന്നുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ് തള്ളിക്കളഞ്ഞത്. കണ്ണൂരില്‍ നിഖില്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ശ്രീജിത്ത് എന്ന പാര്‍ട്ടി ഗുണ്ടയുടെ വീടിന്റെ ഗൃഹപ്രവേശനത്തിന് പി.ജയരാജനും എം.വി. ജയരാജനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തത് നല്‍കുന്ന സൂചനയും ക്രമസമാധാനമല്ല ഗുണ്ടായിസമാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയമെന്നാണ്.
ടി.പി. വധക്കേസില്‍ ജയിലില്‍ കിടന്നിരുന്ന കുഞ്ഞനന്തനെ പാര്‍ട്ടി ഏരിയ കമ്മറ്റി അംഗമാക്കി സിപിഎം ഈ നിലപാട് മുമ്പ് തന്നെ വ്യക്തമാക്കിയതാണ്. കുഞ്ഞനന്തന്‍ ജയിലില്‍ കിടന്നതിലധികം കാലം പരോളിലായിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ രക്തസാക്ഷി പരിവേഷം നല്‍കി ശവസംസ്‌കാരം പാര്‍ട്ടി പരിപാടിയാക്കി. അനുശോചിച്ചവരില്‍ മുഖ്യമന്ത്രി വിജയന്‍ വരെ ഉണ്ടായിരുന്നു. ഒന്നാം ചരമ വാര്‍ഷികത്തില്‍ സ്മാരക നിര്‍മ്മാണം തുടങ്ങിയ പരിപാടികളുടെ നേതൃസ്ഥാനത്ത് ജയരാജന്മാരാണ് ഉണ്ടായിരുന്നത്. ജയിലര്‍മാരെ വരെ മര്‍ദ്ദിച്ച് ജയിലില്‍ സൈ്വരവിഹാരം നടത്തുന്ന പാര്‍ട്ടി ഗുണ്ടകളുടെ ഗോഡ്ഫാദര്‍ ജയില്‍ വികസന സമിതിയംഗം പി.ജയരാജനാണ് എന്ന ആരോപണമാണ് പൊതുവില്‍ ഉള്ളത്. രണ്ടു കൊലക്കേസുകളില്‍ പ്രതിയായ ആള്‍ തന്നെ ജയില്‍ വികസന സമിതി അംഗമാകണമെന്ന പാര്‍ട്ടി തീരുമാനം പോലീസ് സംവിധാനത്തെ പുച്ഛിക്കുന്ന നയമാണ്. ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസിലെ പ്രതികള്‍ക്ക് അദ്ദേഹത്തെ കൊലപ്പെടുത്തിയ അതേ സ്‌കൂള്‍ മൈതാനത്ത് സ്വീകരണമൊരുക്കുകയും അതിലൊരാളെ അതേ സ്‌കൂളിന്റെ പി.ടി.എ. പ്രസിഡന്റാക്കുകയും ചെയ്തത് ഇതേ മനോരോഗത്തിന്റെ ലക്ഷണമാണ്. പിണറായി വിജയന്‍ ഇടയ്ക്കിടക്ക് മറ്റുള്ളവരുടെ മനോനില പരിശോധിക്കണമെന്നു പറയാറില്ലേ. ആരുടെ മനോനിലയാണ് ആദ്യം പരിശോധിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്.
ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ പോലീസിനെ ഷണ്ഡീകരിച്ച് ആ വകുപ്പില്‍ സെല്‍ഭരണം നടത്തുന്നതാണ് ഒരു വശത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് കൈപ്പിടിയിലൊതുക്കാനാവാത്ത ജനാധിപത്യ സംവിധാനങ്ങളായ കോടതിയേയും ഗവര്‍ണറെയും വിരട്ടിയും അധിക്ഷേപിച്ചും കയ്യേറ്റം ചെയ്തും വരുതിയില്‍ കൊണ്ടുവരാനും വായടപ്പിക്കാനും തങ്ങളുടെ ഇംഗിതത്തിന്റെ ഏറാന്മൂളികളാക്കാനുമുള്ള രാഷ്ട്രീയ തന്ത്രത്തിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി സെക്രട്ടറിയും തന്നെയാണ്. ഭരണഘടനയെ കുന്തവും കൊടച്ചക്രവും എന്ന് അധിക്ഷേപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സമ്മര്‍ദ്ദം ഏറിയപ്പോള്‍ രാജി വെക്കേണ്ടിവന്നു. എന്നാല്‍ വൈകാതെ അതേ മന്ത്രിക്കസേരയിലേക്ക് തന്നെ മുഖ്യമന്ത്രി തിരിച്ചെടുത്തു. ജഡ്ജിയെ അധിക്ഷേപിച്ച എം.വി. ജയരാജന്‍ ഒടുവില്‍ മാപ്പു പറഞ്ഞത് നിലപാട് തെറ്റാണെന്ന ബോധം കൊണ്ടല്ല, മറിച്ച് കോടതി നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ്. പെരിയ കൊലക്കേസില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകളില്‍ പ്രകടമാകുന്നതും ഇതേ സമീപനമാണ്.
പൂക്കോട് വെറ്ററിനറി കോളേജില്‍ എസ്.എഫ്.ഐയുടെ യൂനിറ്റ് നേതാക്കള്‍ പട്ടിണിക്കിട്ട് ക്രൂരമായ പീഡനമേല്പിച്ച് കൊന്ന സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് എന്ത് നീതി കിട്ടി? മാര്‍ക്‌സിസ്റ്റ് കുടുംബത്തിലെ അംഗമായ നവീന്‍ ബാബുവിന്റെ ദുരൂഹമരണം കോടതിയിലെത്തിയപ്പോള്‍ സി.ബി.ഐ അന്വേഷണത്തിന് പാരവെച്ചത് പാര്‍ട്ടി തന്നെയല്ലേ? ആ കുടുംബത്തിന്റെ സംശയങ്ങളും ആശങ്കകളും തീര്‍ക്കുന്നതിനു പകരം കൊല്ലപ്പെട്ടയാളെ ക്രൂശിക്കുന്ന പാര്‍ട്ടി പ്രതികള്‍ക്കുവേണ്ടി പണിയെടുക്കുകയും അതേസമയം തങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്നതിലേ മനസ്സാക്ഷിയില്ലായ്മ കേരളത്തിനുതന്നെ നാണക്കേടാണ് ഇതുപോലെ നീതിനിഷേധിക്കപ്പെട്ട് സി.പി.എമ്മിന്റെ കബോര്‍ഡില്‍ കിടക്കുന്ന പാര്‍ട്ടി അനുഭാവികളുടെ ഫയലുകള്‍ എത്രയാണ്? കരുവന്നൂര്‍ ബാങ്കിലെയും കട്ടപ്പന ബാങ്കിലെയും ഭരണക്കാരായ പാര്‍ട്ടിനേതാക്കളെ രക്ഷിക്കാന്‍ എത്ര പാവങ്ങളുടെ ജീവിതമാണ് തകര്‍ത്തത്? നൂറുകോടിയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. മുളങ്ങാശ്ശേരില്‍ സാബു എന്ന പാര്‍ട്ടി പ്രവര്‍ത്തകന് കട്ടപ്പന ബാങ്കിലിട്ട 25 ലക്ഷത്തിന്റെ നിക്ഷേപം തിരിച്ചു നല്‍കാതെ ഭീഷണിപ്പെടുത്തി ജീവിതം വഴിമുട്ടിയപ്പോള്‍ ബാങ്കിന് മുമ്പില്‍ തൂങ്ങിമരിക്കേണ്ടിവന്നു. സഹകരണമേഖലയെ തകര്‍ക്കുന്ന വിധം അതിന്റെ വിശ്വാസ്യത തകര്‍ത്തത് പാര്‍ട്ടി നേതാക്കളല്ലേ? ഈ ഇടപാടില്‍ പാര്‍ട്ടിക്കുള്ള പങ്കാളിത്തം പുറത്തുവരാത്ത വിധം കേസിന് തുമ്പില്ലാതാക്കിയതും പാര്‍ട്ടിയാണ്.
1957-ല്‍ അധികാരത്തിലേറിയ ഇ.എം.എസ് സര്‍ക്കാര്‍ ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ച് പാര്‍ട്ടി സെല്‍ ഉണ്ടാക്കി ബദല്‍ കോടതിയായതും പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതും അരി കുംഭകോണം പോലുള്ള അഴിമതികള്‍ നടത്തിയതും പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടുതവണ അധികാരത്തിലെത്തിയതിന്റെ വിശാല ക്യാന്‍വാസില്‍ പരിഷ്‌ക്കരിച്ച പതിപ്പായി നടപ്പാക്കുകയാണ് (ഇ.എം.എസ്. ഭരണത്തിന്റെ വിശദമായ വിവരങ്ങള്‍ എ. ജയശങ്കറിന്റെ ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’ എന്ന പുസ്തകത്തില്‍ വായിക്കാം). പാര്‍ട്ടിക്ക് സ്വന്തം കോടതിയും പോലീസും ഉണ്ടെന്ന് പറഞ്ഞത് ഇപ്പോഴത്തെ മാര്‍ക്‌സിസ്റ്റ് നേതാക്കളാണ്.
യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഭരണത്തെ വിലയിരുത്തിക്കൊണ്ട് രചിച്ച ‘ദി ന്യൂക്ലാസ്’ എന്ന പുസ്തകത്തില്‍ മിലോവന്‍ ജിലാസ് പറയുന്നു: ‘വിപ്ലവത്തിനു മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എന്നു പറഞ്ഞാല്‍ ത്യാഗം എന്നായിരുന്നു അര്‍ത്ഥം. ഇപ്പോള്‍ പാര്‍ട്ടി അധികാരത്തില്‍ ആധിപത്യം സ്ഥാപിച്ച സാഹചര്യത്തില്‍ അംഗത്വം എന്നു പറഞ്ഞാല്‍ വിശേഷാധികാരം കയ്യാളുന്ന വര്‍ഗ്ഗത്തിലെ അംഗം എന്നാണര്‍ത്ഥം. സോഷ്യലിസ്റ്റ് ഉടമസ്ഥാവകാശം എന്ന കാപട്യം രാഷ്ട്രീയ ഉദ്യോഗസ്ഥാധിപതികളുടെ ഉടമസ്ഥാവകാശം എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനാണ്’ പേജ്: 47). ദേശത്തിന്റെ സമ്പത്ത് തങ്ങളുടെ സമ്പത്താണ് എന്നവകാശപ്പെടുന്ന പുതിയ വര്‍ഗ്ഗത്തെക്കുറിച്ചാണ് മിലോവന്‍ ജിലാസ് ആ പുസ്തകത്തില്‍ എഴുതിയത്. ആ പുതിയ വര്‍ഗ്ഗത്തിന്റെ മറുപതിപ്പാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍.
1977 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ ഭരിച്ച മാര്‍ക്‌സിസ്റ്റു മുഖ്യമന്ത്രിമാരുടെ ഭരണത്തിലും ഇതിന്റെ തനി പകര്‍പ്പ് കാണാം. വിദ്യാലയ നിയമനം തുടങ്ങി ബില്‍ഡിംഗ് മെറ്റീരിയല്‍ കച്ചവടം വരെ പാര്‍ട്ടി നിയന്ത്രണത്തിലായിരുന്നു. ഇതിന്റെ പകര്‍പ്പാണ് കിഫ്ബിയും ഊരാളുങ്കലും വഴി വിജയന്‍ സഖാവ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്റ്റു പ്രവര്‍ത്തകന്‍ ഗര്‍ഭിണിയാക്കിയ ദളിത് പെണ്‍കുട്ടിയുമായി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഓഫീസിലെത്തിയ മമത ബാനര്‍ജിയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി. കുടുംബകാര്യങ്ങളില്‍ വരെ പാര്‍ട്ടിയുടെ കങ്കാരു കോടതി ഇടപെട്ടു. ഇതിനൊക്കെ സമാനമായ സംഭവങ്ങള്‍ ഇന്നത്തെ കേരളത്തിലും കാണാം. നാലര പതിറ്റാണ്ടോളം സഹിച്ച ബംഗാള്‍ ജനത മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിഞ്ഞു. കേരളത്തിലെ സാക്ഷരതയേറിയ ജനങ്ങള്‍ അതേ ഭരണം ഇപ്പോഴും തലയിലേറ്റി നടക്കാന്‍ വിധിക്കപ്പെട്ടു കഴിയുന്നു.
കമ്മ്യൂണിസ്റ്റു പാര്‍ട്ടി അടിച്ചമര്‍ത്തപ്പെട്ടവന്റെ പാര്‍ട്ടിയാണെന്നും തങ്ങളുടെ ഭരണം ശൂദ്രരാജ് ആണെന്നും സഖാക്കള്‍ അവകാശപ്പെടാറുണ്ട്. ശൂദ്രരാജിനെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ‘ശൂദ്ര മനസ്സ് ഹീനമായ ദാസ്യഭാവത്തോടെ ഉപരിവര്‍ഗ്ഗത്തിന്റെ കാലടികള്‍ നായയെപ്പോലെ നക്കുവാനോ അല്ലെങ്കില്‍ മനുഷ്യത്വരഹിതമായ ക്രൂരത പ്രകടിപ്പിക്കാനോ ഉള്ള പ്രേരണ ഉള്‍ക്കൊള്ളുന്നതാണ്’ (മോഡേണ്‍ ഇന്ത്യ – സ്വാമിവിവേകാനന്ദന്‍ – ഉദ്ധരണി മാര്‍ക്‌സും വിവേകാനന്ദനും പേജ്: 67) എന്നാണ്. മാര്‍ക്‌സിസ്റ്റു ഭരണത്തില്‍ നടക്കുന്ന ക്രൂരതകളും പിണറായി വിജയനോടു പാര്‍ട്ടി കാണിക്കുന്ന ദാസ്യഭാവവും ശൂദ്രരാജിന്റെ ലക്ഷണമായി പരിഗണിക്കേണ്ടിവരും.