ജുവാന്‍ റൂള്‍ഫോ(Juan Rulfo) എന്ന മെക്‌സിക്കന്‍ എഴുത്തുകാരന്‍ കേരളത്തില്‍ അത്രപ്രശസ്തനല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ‘പെഡ്രോ പരാമോ’ മലയാളികള്‍ക്ക് പരിചിതമാണ്. 1955ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ലാറ്റിനമേരിക്കന്‍ സാഹിത്യത്തിന്റെ മുഖമുദ്രകളില്‍ ഒന്നാണ്. കേരളത്തിലെ കര്‍ഷക ആത്മഹത്യകളെ പ്രതിപാദ്യമാക്കിക്കൊണ്ട് സന്തോഷ് ഏച്ചിക്കാനം എഴുതിയ ചെറുകഥ, കൊമാലയുടെ പേര്, കഥാകൃത്ത് കടം കൊണ്ടത് പെഡ്രോ പരാമയില്‍ നിന്നാണ്. വെള്ളൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലോണെടുത്ത സുഹൃത്തിന് ജാമ്യം നിന്ന കുണ്ടൂര്‍ വിശ്വന്‍ എന്ന മനുഷ്യനെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന സമൂഹത്തെ, അതിന്റെ മനുഷ്യത്വരാഹിത്യത്തെ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ സന്തോഷ് തിരഞ്ഞെടുത്ത പേര് കഥ പ്രസിദ്ധീകരിച്ച കാലത്ത് (2008) വലിയ ചര്‍ച്ചാവിഷയമായിരുന്നു.
പെഡ്രോ പരാമ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് പ്രശസ്ത നോവലിസ്റ്റായിരുന്ന വിലാസിനിയാണ്. അദ്ദേഹം പേര്‍ഷ്യന്‍ എഴുത്തുകാരനായ സാദിക് ഹിദായത്തിന്റെ കുരുടന്‍ മൂങ്ങയും ജാപ്പനീസ് എഴുത്തുകാരനായ യാസുനാരികവാബത്തയുടെ ഉറങ്ങുന്ന സുന്ദരികളും (സഹശയനം) മലയാളത്തിലേയ്ക്ക് ഭാഷാന്തരം നടത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിനെ വലിയ എഴുത്തുകാരെന്നു വാഴ്ത്തുന്ന മലയാളിയുടെ ആസ്വാദനനിലവാരത്തിന്റെ ദയനീയത കണ്ട് മഹത്തായ കൃതികള്‍ കേരളീയര്‍ വായിച്ചു മനസ്സിലാക്കട്ടേ എന്ന ഉദ്ദേശ്യത്തോടെ തന്നെ അദ്ദേഹം നടത്തിയ വിവര്‍ത്തനങ്ങളാണിവ. ഭൂമിയുടെ മൂന്നറ്റത്തുനിന്നും മൂന്നു മഹത്തായ രചനകള്‍ കണ്ടെടുത്തു ഭാഷാന്തരം നടത്തുകയായിരുന്നു; കിഴക്കുനിന്നും മധ്യത്തുനിന്നും പടിഞ്ഞാറേ അറ്റത്തുനിന്നും. ഇതൊക്കെ വായിച്ചിട്ടും മലയാളി ഒന്നും പഠിച്ചില്ല എന്നതു വാസ്തവം. കിണറ്റിലെ തവളകളെപ്പോലെ അവരിന്നും ബഷീറിനെത്തന്നെ കെട്ടിപ്പിടിച്ച് ഇരിക്കുകയാണ്. കേരളീയരായ വലിയ എഴുത്തുകാരെയൊക്കെ വിസ്മരിച്ച് ‘പാത്തുമ്മയുടെ ആടാ’ണ് മഹാഭാരതത്തേക്കാള്‍ മഹത്തായ കൃതി എന്നിങ്ങനെ ഉരുവിട്ടു നടക്കുകയാണ്.
മലയാളസാഹിത്യത്തെ ഉദ്ധരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച വലിയ ഒരെഴുത്തുകാരനായിരുന്നു വിലാസിനി. ജെയിംസ് ജോയിസിനേയും വെര്‍ജീനിയ വുള്‍ഫിനേയുമൊക്കെ വായിച്ചതില്‍ നിന്നും കിട്ടിയ അവബോധം നമ്മുടെ നോവലിന്റെ വളര്‍ച്ചയ്ക്കു വഴിവയ്ക്കട്ടേ എന്ന് വിലാസിനി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. ലോകത്തിലേയ്ക്കും വലിയ നോവല്‍ നമ്മുടേത് ആകണമെന്നും ആഗ്രഹിച്ചു. അതിനുള്ള ശ്രമമായിരുന്നു ‘അവകാശികള്‍’. വിലാസിനിയെന്ന എം.കെ. മേനോനെ മലയാളി മനസ്സിലാക്കിയിട്ടേയില്ല. വൈകാതെ നമ്മള്‍ മഹത്തായ കൃതികളേയും എഴുത്തുകാരേയും തിരിച്ചറിയും എന്നുതന്നെയാണ് എന്റെ വിശ്വാസം.
പെഡ്രോ പരാമോ മലയാളത്തിലേയ്ക്ക് രണ്ടുപേര്‍ വിവര്‍ത്തനം ചെയ്തിട്ടുള്ളതിനാല്‍ ഏവര്‍ക്കും പരിചിതമാണ്. ഇംഗ്ലീഷില്‍ നിന്ന് നേരിട്ടു വായിക്കുന്ന ഒരു വലിയ വായനാസമൂഹത്തിനും ഈ കൃതി പരിചിതമാണ്. എന്നാല്‍”Tell them not to kill me’ എന്ന റൂള്‍ഫോയുടെ ചെറുകഥ എത്രപേര്‍ വായിച്ചിട്ടുണ്ടെന്നറിയില്ല””The Burning plain and other stories” എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കഥ അതിന്റെ ആവിഷ്‌കാരരീതികൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ”എന്നെ കൊല്ലെരുതെന്ന് അവരോടുപറയൂ” എന്ന് ജൂവെന്‍ഷ്യോ നവ (Juvencio Nava) തന്റെ പുത്രനായ ജസ്റ്റിനോയോട് (Justino) പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. അയാളെ വധിക്കാനായി കെട്ടിയിട്ടിരിക്കുന്ന സര്‍ജന്റിനോട് തന്നെ കൊല്ലരുതെന്ന് പറയാന്‍ മകനോട് യാചിക്കുകയാണ് ജൂവെന്‍ഷ്യോ. മകന്‍ പക്ഷേ തയ്യാറാകുന്നില്ല. കാരണം താന്‍ മകനാണെന്നറിഞ്ഞാല്‍ ചിലപ്പോള്‍ തന്നെയും അവര്‍ വധിച്ചേക്കുമെന്നാണ് അയാളുടെ ഭയം. അങ്ങനെ സംഭവിച്ചാല്‍ തന്റെ ഭാര്യയ്ക്കും മകനും പിന്നെ ആരുണ്ടെന്നാണ് മകനായ ജസ്റ്റിനോ ചോദിക്കുന്നത്. അവര്‍ക്ക് ദൈവകൃപയുണ്ടാകുമെന്നാണ് വൃദ്ധനായ അച്ഛന്റെ പക്ഷം. ജൂവെന്‍ഷ്യോയുടെ ഓര്‍മകളില്‍ മറ്റൊരു സംഭവമെത്തുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ട്. അയാളുടെ കന്നുകാലികള്‍ ഒരു വേനലില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞപ്പോള്‍ അപ്പുറത്തെ പറമ്പിലേയ്ക്ക് മേയാന്‍ പോകുന്നു. പറമ്പിന്റെ ഉടമയായ ഡോണ്‍ ലൂപ് (Don Lupe) അതിഷ്ടപ്പെടുന്നില്ല. അയാള്‍ പറമ്പില്‍ വേലി വയ്ക്കുന്നു. രാത്രി കാലങ്ങളില്‍ ജൂവന്‍ഷ്യോ വേലിതകര്‍ത്ത് കന്നുകാലികളെ തീറ്റുന്നത് പതിവാക്കി. തുടര്‍ന്നുണ്ടായ വാഗ്വാദത്തിനൊടുവില്‍ ഡോണ്‍ ലൂപ് കൊല്ലപ്പെടുന്നു. അയാളുടെ മകനാണ് ഇപ്പോഴത്തെ സര്‍ജന്റ്. 35 കൊല്ലം ഒളിവില്‍ കഴിഞ്ഞതിനു ശേഷമാണ് ജൂവന്‍ഷ്യോ ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. അച്ഛന്റെ കൊലയാളിയോട് സര്‍ജന്റ് ഒരു കരുണയും കാട്ടുന്നില്ല. അയാള്‍ കൊല്ലപ്പെടുന്നു.
കൊല്ലപ്പെട്ട അച്ഛനുവേണ്ടി ഒരു മകന്‍ നടത്തുന്ന പ്രതികാരമല്ല ഈ കഥയുടെ പ്രത്യേകത. ഒരുപാട് നൈതിക പ്രശ്‌നങ്ങള്‍ കഥയിലൂടെ കഥാകൃത്ത് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നുണ്ട്. ഒരു മകന്‍ അച്ഛന്റെ കൊലപാതകത്തിന് പകരം തീര്‍ത്തു. അതേസമയം മറ്റൊരു മകന് അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. തന്റെ കൃഷിഭൂമിയിലേയ്ക്ക് അധികാരികള്‍ ആവശ്യത്തിനു വെള്ളമെത്തിച്ചിരുന്നെങ്കില്‍ ഒരിക്കലും ലൂപുമായി ഒരു സംഘര്‍ഷമുണ്ടാകുമായിരുന്നില്ല എന്ന് വരികള്‍ക്കിടയിലൂടെ നമുക്ക് വായിക്കാനാവും. വെറും ഒരു പ്രതികാര കഥയെന്നതല്ല ഇതിന്റെ പ്രസക്തി. ആവിഷ്‌കാരത്തില്‍ റൂള്‍ഫോ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് കഥയെ മനോഹരമാക്കുന്നത്. മെക്‌സിക്കന്‍ ജീവിതത്തിന്റെ ഒരു പരിച്ഛേദം എന്നു പറയാവുന്നതാണ് ഈ കഥ. മാതൃഭൂമിയില്‍ (ഡിസം. 22-28) ഡോ.വി.മോഹനകൃഷ്ണന്‍ പെഡ്രോ പരാമയുടെ ചലച്ചിത്രാവിഷ്‌ക്കാരത്തെക്കുറിച്ച് ഒരു ലേഖനം എഴുതിയിരിക്കുന്നത് വായിച്ചപ്പോഴാണ് ആ കൃതിയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും അന്വേഷിക്കാനിടയായത്.
എ.ഒ.ഹ്യൂം എന്ന ബ്രിട്ടീഷുകാരനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ജന്മം നല്‍കിയത്. 1857ല്‍ ഇന്ത്യയില്‍ ആദ്യ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ ഹ്യൂം ഇറ്റാവയിലെ ഒരു അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു. കലാപത്തില്‍ ബ്രിട്ടീഷുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു. ലോഡ് മയോയുടെ(Lord Mayo) കീഴില്‍ ഹ്യൂം പ്രവര്‍ത്തിക്കവേയാണ് പോര്‍ട്ട്‌ബ്ലെയറിലെ തടങ്കല്‍ പാളയത്തില്‍ വച്ച് (1872ല്‍) മയോ ഒരു അഫ്ഗാനിയായിരുന്ന ഷേര്‍ അലി അഫ്രിപായുടെ കൈകൊണ്ടു കൊല്ലപ്പെടുന്നത്. ഒരു പക്ഷിഗവേഷകന്‍ കൂടിയായിരുന്ന ആ ബ്രിട്ടീഷുദ്യോഗസ്ഥനെ ഈ സംഭവങ്ങള്‍ ഇരുത്തിച്ചിന്തിപ്പിച്ചു. ഇന്ത്യക്കാരെ കൂടുതല്‍ പിണക്കുന്നത് അപകടമാണെന്ന് കൂര്‍മബുദ്ധിയായ ഹ്യൂമിന് മനസ്സിലായി. അതാണ് കൂടുതല്‍ ജനാധിപത്യാവകാശങ്ങള്‍ ഇന്ത്യക്കാര്‍ക്കു നല്‍കാനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങാന്‍ അയാളെ പ്രേരിപ്പിച്ചത്. അന്നത്തെ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭുവിന്റെ അനുഗ്രഹാശിസ്സുകളും ഹ്യൂമിനുണ്ടായിരുന്നു. ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ച മീരാബെനും Madeleine Slade എന്ന ബ്രിട്ടീഷുകാരിയായിരുന്നു. George Yule എന്ന സ്‌കോട്ടിഷ് വ്യാപാരിയും (1888) William Wedderburn ബ്രിട്ടീഷ് സിവില്‍ സര്‍വന്റും (1889, 1910) ) Alfred Webb ഐറിഷ്‌കാരനും Henry John Cotton എന്ന മറ്റൊരു സിവില്‍സര്‍വന്റും ആനിബസന്റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. ഇവരെ കൂടാതെ പല ബ്രിട്ടീഷുകാരും ഇന്ത്യയുടെ അഭ്യുദയകാക്ഷികളായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ ബ്രിട്ടീഷുകാരില്‍ ബഹുഭൂരിപക്ഷവും ബ്രിട്ടീഷ് താല്പര്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചുവന്നവരാണ്. ആത്മാര്‍ത്ഥമായി നമ്മളോട് ഒപ്പം നിന്ന അപൂര്‍വ്വം ചിലരും ഉണ്ടാവാം. പക്ഷേ നമുക്കത്തരക്കാരെ കള്ളനാണയങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ മാര്‍ഗ്ഗമൊന്നുമില്ല. നമ്മുടെ സ്വാതന്ത്ര്യ സമരനേതാക്കന്മാരുടെ സ്ഥിതിയും അതുതന്നെ. പലര്‍ക്കും ബ്രിട്ടനോട് സന്ധിചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നു കരുതി അവരൊക്കെ രാജ്യദ്രോഹികളാണെന്ന് അര്‍ത്ഥമില്ല. ആദര്‍ശത്തിന്റെ പേരില്‍ ബ്രിട്ടനോട് ഏറ്റുമുട്ടി ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴുന്നതുകൊണ്ട് രാജ്യത്തിനു പ്രയോജനമൊന്നുമില്ല. ചില സന്ദര്‍ഭങ്ങളില്‍ സന്ധി ചെയ്തും ചിലപ്പോള്‍ ശക്തമായി എതിര്‍ത്തും മുന്നോട്ടുനീങ്ങുന്നതാണ് ബുദ്ധിപൂര്‍വ്വമായ രീതി.
മഹാത്മാഗാന്ധിയുടെ രീതി രണ്ടാമതു പറഞ്ഞതായിരുന്നു. ലോകം മുഴുവന്‍ അടക്കി ഭരിക്കുന്ന അതിശക്തന്മാരായ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു വിജയിക്കുക സുസാധ്യമല്ല എന്നു തിരിച്ചറിഞ്ഞതു കൊണ്ടാവണം അദ്ദേഹം പലപ്പോഴും അവരോടു സന്ധിചെയ്തത്. അതു തിരിച്ചറിയാതെ പലരും അദ്ദേഹത്തെ ബ്രിട്ടീഷ് ചാരനെന്നു വിളിച്ചു. കൂടുതല്‍ വിളിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. വീര്‍ സാവര്‍ക്കര്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം സാധാരണ ചെയ്യാറുണ്ടായിരുന്നതുപോലെ പൊതുമാപ്പിന് അപേക്ഷ കൊടുത്തപ്പോള്‍ അദ്ദേഹത്തെ ചിലര്‍ ബ്രിട്ടന്റെ ചെരുപ്പുനക്കി എന്നു വിളിച്ചാക്ഷേപിച്ചു. ഒരു ജനതയെ ഒരു ലക്ഷ്യത്തിലേയ്ക്കു നയിക്കുക തീരെ ചെറിയ ഒരു പ്രവര്‍ത്തനമല്ല. അതിന് പലതരം അടവുകളും തന്ത്രങ്ങളും അനിവാര്യമാണ്. ശത്രു ശക്തനായിരിക്കുമ്പോള്‍ അനുനയത്തിന്റെ ഭാഷയും ദുര്‍ബലനായിരിക്കുമ്പോള്‍ അക്രമത്തിന്റെ വഴിയും തിരഞ്ഞെടുക്കേണ്ടിവരും. ഇതൊന്നും തിരിച്ചറിയാതെ അവരുടെ സേവനങ്ങളെ അവമതിക്കുന്നതിലര്‍ത്ഥമില്ല.
മാതൃഭൂമിയില്‍ ‘പദ്മദാസ്’ എന്നയാള്‍ എഴുതിയിരിക്കുന്ന കവിത എന്നതു പോലെ തോന്നിപ്പിക്കുന്ന ഗദ്യഖണ്ഡം ഗാന്ധിജിയെ കണക്കറ്റ് വാഴ്ത്തുന്നു. ഗാന്ധിയെ ‘ബ്രിട്ടീഷ് ചാരന്‍’ എന്നു വിളിച്ചു നടന്ന കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ അങ്ങനെ പറയുന്നില്ല. അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് അബദ്ധമായിപ്പോയി എന്നവര്‍ കരുതുന്നു. ദളിത് ആക്ടിവിസ്റ്റുകള്‍ എല്ലാത്തരം സംവരണങ്ങള്‍ക്കും ഗാന്ധിജി എതിരായിരുന്നതിനാല്‍ അദ്ദേഹത്തെ ദളിത് വിരുദ്ധനെന്ന് ആക്ഷേപിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഈയടുത്തകാലത്ത് ഗാന്ധി പ്രതിമ തകര്‍ത്തത്രേ! അതിന് അവര്‍ പറയുന്ന കാരണം ഗാന്ധിജി ഒരു വംശീയവാദിയായിരുന്നുവെന്നാണ്. ഗാന്ധിജി ഒരിക്കല്‍ ഒരു കത്തിലോ മറ്റോ ആഫ്രിക്കക്കാരേക്കാള്‍ മെച്ചപ്പെട്ട ഒരു ജനതയാണ് ഇന്ത്യക്കാരെന്നു പറഞ്ഞു പോലും. അന്നത്തെ ആഫ്രിക്കന്‍ ജീവിതം ഇന്ത്യയിലേതിനേക്കാള്‍ വളരെ ദയനീയമായിരുന്നല്ലോ! അതായിരിക്കണം ഗാന്ധിജി ഉദ്ദേശിച്ചത്.
സ്വാതന്ത്ര്യത്തോടനുബന്ധിച്ചു മുസ്ലീങ്ങള്‍ നടത്തിയ കലാപങ്ങളില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നപ്പോള്‍ ഒരിക്കലും തിരിച്ചടിക്കരുതെന്ന് ഗാന്ധിജി ഹിന്ദുക്കളെ ഉപദേശിച്ചു. മുസ്ലീങ്ങള്‍ നമ്മളെ കൊന്നാലും ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചാലും തിരിച്ചടിക്കാനേ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ ഹിന്ദുക്കളില്‍ ചിലര്‍ ഗാന്ധിയെ മുസ്ലിം പക്ഷവാദിയായി കണക്കാക്കി. അത് അദ്ദേഹത്തിന്റെ മരണത്തിലേയ്ക്കു തന്നെ നയിച്ചു. മുഹമ്മദാലി ജിന്ന ആദ്യകാലങ്ങളില്‍ ഗാന്ധിയെ ഒരു ‘ഹിന്ദു ഫനാറ്റിക്’ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ അദ്ദേഹം നിലപാടുമാറ്റി. അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ് പറഞ്ഞത് “”Christ showed us the way and Gandhi in India showed it could work” എന്നായിരുന്നു. ഐന്‍സ്റ്റീന്‍ പറഞ്ഞത് “”Generations to come will scarce believe that such a one as this ever in flesh and blood walked upon this earth” (രക്തവും മാംസവുമുള്ള ഇത്തരമൊരു മനുഷ്യന്‍ ഭൂമിയിലൂടെ നടന്നിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കാനിടയില്ല) എന്നിങ്ങനെയായിരുന്നു. വളരെക്കാലം മഹാത്മജിയുടെ പ്രൈവറ്റ് സെക്രട്ടറിയും സന്തതസഹചാരിയുമായിരുന്ന നിര്‍മ്മല്‍കുമാര്‍ ബോസ് അദ്ദേഹത്തിന്റെ ബ്രഹ്മചര്യാപരീക്ഷണങ്ങളെക്കുറിച്ച് പറഞ്ഞ വസ്തുതകള്‍ പലരേയും അത്ഭുതപ്പെടുത്തി.
ചുരുക്കത്തില്‍ മറ്റു ചരിത്രപുരുഷന്മാരെപ്പോലെ ഗാന്ധിജിയെക്കുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ അറിയാന്‍ നമുക്ക് നിര്‍വ്വാഹമില്ല. മഹത്വത്തിനും വിവാദങ്ങള്‍ക്കുമിടയിലാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അതിന്റെ സത്യസ്ഥിതി അറിയാന്‍ നമുക്കൊരിക്കലും കഴിയില്ല. ഭൂതകാലത്തോട് ഒരിക്കലും തലമുറകള്‍ നീതിപുലര്‍ത്താറില്ല. പ്രസിദ്ധന്മാരുടെ ജീവിതത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കഥകള്‍ മെനയുന്നത് സമൂഹത്തിന്റെ പൊതുരീതിയാണ്. രണ്ടുതരം കഥകളിലും സത്യത്തിന്റെ അംശം വളരെ കുറച്ചേ ഉണ്ടാവൂ. എന്തിനേയും പെരുപ്പിച്ചു പറയാന്‍ മനുഷ്യന് പൊതുവായ ഒരു വാസനയുണ്ട്. എല്ലാ ചരിത്രപുരുഷന്മാരും ഈ വാസനയുടെ ഇരകളാണ്. കവി കാണുന്നത് സ്മര്യപുരുഷന്റെ ഗുണവശം മാത്രം. ചിലര്‍ ദോഷവശങ്ങളും കാണും രണ്ടും കൂടിചേര്‍ന്നാലേ മനുഷ്യനാവൂ. ഗാന്ധിജിയും മനുഷ്യനായിരുന്നു.