ഹിന്ദുസംസ്‌കാരത്തിന്റെ ഔന്നത്യവും, തത്വശാസ്ത്രത്തിന്റെ മികവും സര്‍വ്വോപരി രാഗരഹിത, അനാഡംബര ജീവിതരീതിയും യൂറോപ്പിലേയും അമേരിക്കയിലേയും ചിന്തകര്‍, ചുരുങ്ങിയപക്ഷം പതിനെട്ടാം നൂറ്റാണ്ടുമുതലെങ്കിലും, പ്രകീര്‍ത്തിക്കുന്നുണ്ട്. ചര്‍ച്ചിലിന് അതറിയില്ലായിരിക്കും. കാരണം, പ്രഭുകുടുംബത്തില്‍നിന്നായതുകൊണ്ടുമാത്രം അധികാരം കയ്യാളിയ ഇദ്ദേഹത്തിന്റെ പൈതൃകം അനിയന്ത്രിത ലൈംഗികബന്ധംകൊണ്ട് മാറാരോഗം ബാധിച്ചു മരണപ്പെട്ട പിതാവിന്റേതാണ്. റാന്‍ഡോള്‍ഫ് ചര്‍ച്ചില്‍പ്രഭു സിഫിലസ് ഗുഹ്യരോഗം ബാധിച്ച് അതിന് മെര്‍ക്കുറി (രസം) ഉപയോഗിച്ച് ചികിത്സിച്ചപ്പോള്‍ ഹൃദയാഘാതം വന്ന് മരിക്കുകയാണുണ്ടായത്. ഗുഹ്യരോഗം അനിയന്ത്രിത ലൈംഗിക വേഴ്ചയുടെ ഫലമാണല്ലോ. ആ പൈതൃകം പേറുന്ന ചര്‍ച്ചില്‍ അകാരണമായി ഹിന്ദുക്കളെ അപമാനിച്ച് തന്റെ സംസ്‌കാരശൂന്യത വെളിപ്പെടുത്തുന്നു.
കാതറിന്‍മേയോ എന്ന അമേരിക്കന്‍ ഗ്രന്ഥകാരി മദര്‍ഇന്ത്യ എന്ന 1927ല്‍ പ്രസിദ്ധീകരിച്ച യാത്രാവിവരണത്തില്‍ ഹിന്ദുക്കള്‍ അനിയന്ത്രിതമായി ലൈംഗികവേഴ്ച ചെയ്യുന്നതു കൊണ്ട് ചെറുപ്പകാലത്തുതന്നെ പൗരുഷം നഷ്ടപ്പെട്ടുകഴിയുന്നവരാണ് എന്നൊക്കെ എഴുതിയിരുന്നു.
സിസ്റ്റര്‍ നിവേദിത ഇതിനു മറുപടിയായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ബുദ്ധിജീവികള്‍ സിസ്റ്റര്‍ നിവേദിതയുടെ കൃതിയില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ മതംമാറ്റം തൊഴിലായി സ്വീകരിച്ച പാതിരിമാരും മിഷനറിപ്രവര്‍ത്തകരും കാതറിന്‍മേയോയുടെ പുസ്തകത്തിന് പ്രചാരം നല്‍കി. ഒരുപക്ഷെ ചര്‍ച്ചിലിന,് കൊളോണിയല്‍ സര്‍ക്കാരിനു വിപ്ലവകാരികളില്‍നിന്നും നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങള്‍മൂലം അസഹനീയമാം വിധം ഭാരതീയ ദേശീയതയോടു ശത്രുത ഉണ്ടായിരുന്നിരിക്കണം. കിഴക്കന്‍ബംഗാളിലെ വിപ്ലവകാരികള്‍ ബ്രിട്ടീഷ് പോലീസ് സൈന്യത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. 1912ല്‍ വൈസ്രോയി ആനപ്പുറത്ത് ദില്ലിയില്‍ പ്രവേശിച്ചപ്പോള്‍ ബോംബെറിഞ്ഞതു മുതല്‍ കൊളോണിയല്‍ സര്‍ക്കാര്‍ ബംഗാളികളോട് ശത്രുത പുലര്‍ത്തിയിരുന്നു.
ഏറ്റവും രസകരമായ വസ്തുത, ഇവര്‍ അവകാശപ്പെടുന്നത് ധീരരായ പോരാളികളാണ് മുസ്ലീങ്ങളെന്നും അവരുടെ പരിശ്രമത്തില്‍ ഹിന്ദുക്കള്‍ പങ്കുപറ്റുകയാണെന്നും മറ്റുമാണ്. എന്നാല്‍ അനുഭവം തിരിച്ചാണ്. 200 കൊല്ലത്തോളം മുഗള്‍ഭരണത്തെ താങ്ങിനിര്‍ത്തിയത് രജപുത്രരായിരുന്നു. അവരോടു പിണങ്ങി ഔറംഗസേബ് മറാഠകളെ ഒറ്റക്ക് നേരിട്ടപ്പോള്‍ തലയൂരാനാവാതെ കുടുങ്ങിപ്പോയി. അവിടെവെച്ചുതന്നെ മരണപ്പെട്ടു. അതിനുശേഷം മുഗള്‍ഭരണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഒടുവില്‍ മറാഠകളുടെ സംരക്ഷണത്തിലായി മുഗള്‍ചക്രവര്‍ത്തി. ഈ ചരിത്രമൊക്കെ എല്ലാവര്‍ക്കും അറിയാം. ചര്‍ച്ചിലിനും അറിയാമായിരുന്നിരിക്കണം. പക്ഷെ, ഒരു പ്രത്യേക മുസ്ലീംരാജ്യം സൃഷ്ടിച്ച് ഇന്ത്യയെ വെട്ടിനുറുക്കി ബ്രിട്ടീഷ ്‌സ്വാധീനം, അഫ്ഗാന്‍ കുന്നുകളടക്കമുള്ള ഭൂമിയില്‍ നിലനിര്‍ത്തുക എന്നൊരു പദ്ധതിക്കുവേണ്ടി ഏതറ്റംവരെ പോകുവാനും ചര്‍ച്ചിലും അദ്ദേഹത്തിന്റെ ടോറിപാര്‍ട്ടിയും തയ്യാറായിരുന്നു. ആ രാഷ്ട്രീയത്തിന് വ്യക്തമായ മറുപടി നല്‍കുവാന്‍ ഇവിടുത്തെ നേതാക്കള്‍ പ്രാപ്തരായിരുന്നില്ല.
ചര്‍ച്ചിലിന്റെ ഭരണം അവസാനിച്ച് ആറ്റ്‌ലിപ്രഭുവിന്റെ ഭരണം തുടങ്ങി. ഇന്ത്യന്‍ നേതാക്കളുടെ ആത്മാഭിമാനം അതിനകം തീരെ നശിച്ചിരുന്നു. 1953ല്‍ എലിസബത്ത ്‌രാജ്ഞിയുടെ കിരീടധാരണചടങ്ങില്‍ പങ്കെടുത്ത്, കാറിനുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഇന്ദിരാഗാന്ധിക്ക് ചര്‍ച്ചിലുമായി സംവദിക്കേണ്ടിവന്നു. അകാരണമായി ഇന്ത്യക്കാരെ വെറുത്തതില്‍ പശ്ചാത്താപം തോന്നിയ ചര്‍ച്ചില്‍ ഇന്ദിരാഗാന്ധിയോട്, തന്റെ നിലപാടുകള്‍മൂലം നിങ്ങളുടെ അച്ഛന് നേരിടേണ്ടിവന്ന വൈഷമ്യങ്ങള്‍ കാരണം നിങ്ങള്‍ എന്നെ വെറുക്കുന്നുണ്ടായിരിക്കും എന്ന് ഏറ്റുപറഞ്ഞു. ഒരു മടിയുമില്ലാതെ ഇന്ദിരാഗാന്ധി പ്രതികരിച്ചു.””
”ഞങ്ങള്‍ താങ്കളെ ഒരിക്കലും വെറുത്തില്ല.” ഇതു സത്യസന്ധമായ പ്രതികരണമാണെങ്കില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സ് നേതൃത്വവും എങ്ങനെ, ജനനംകൊണ്ട് കുലീനനെങ്കിലും പ്രവൃത്തികൊണ്ടും വാക്കുകൊണ്ടും നീചനായ ഈ വ്യക്തിയുടെ ഗര്‍വ്വും അമാനവും സഹിച്ചുവെന്ന് സാധാരണക്കാരായ ഭാരതീയരോട് വിശദീകരിക്കേണ്ടതുണ്ട്.
വേവല്‍, മൗണ്ട്്ബാറ്റണ്‍ പ്രഭുക്കന്മാരുടെ ഇടപെടലുകള്‍
ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി, ഐ.എന്‍.എ ഗറില്ലകളുടേയും ജപ്പാന്‍ ആര്‍മിയുടേയും വലയിലകപ്പെട്ടതു പോലെയായിരുന്നു ഇംഫാല്‍ സമതലത്തിലെ സ്ഥിതി. ഇന്ത്യന്‍ ഡിവിഷനും ആസാദ് ഹിന്ദ് ഫോഴ്‌സും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ സിംഗപ്പൂര്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന് തെക്ക് കിഴക്കന്‍ ഏഷ്യാ കമാണ്ടറായ മൗണ്ട് ബാറ്റണ്‍ ഭയന്നിരുന്നു. അതൊഴിവാക്കുവാന്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങളെ ഉപയോഗിച്ച് ബോംബുവര്‍ഷം തുടങ്ങി. അതുംപോരാഞ്ഞ് കമാണ്ടോകളെ പാരച്യൂട്ടില്‍ ഗറില്ലകളെ നേരിടുവാന്‍ ഇറക്കി. ഇത്രയും പാരച്യൂട്ടുകള്‍ ഇല്ലായിരുന്നു. മൗണ്ട്ബാറ്റണ്‍ അങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ ആവശ്യാനുസരണം പാരച്യൂട്ട് ഉണ്ടാക്കിക്കൊടുക്കുവാന്‍ വേവല്‍ ഉത്തരവിട്ടു. ഏകദേശം മുപ്പത്തിയഞ്ചുകോടിവരുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ 20ശതമാനത്തിന്റെ ഉടുതുണിയാണ് ഈ ആര്‍ഭാടത്തിനുവേണ്ടി ഉപയോഗിച്ചത്. അതുകൊണ്ട് ഭക്ഷ്യധാന്യങ്ങളുടെ മാത്രമല്ല, ഉടുതുണിയുടേയും റേഷനിംഗ് ആരംഭിച്ചു. അലൈയ്ഡ് ശക്തികളുടെ മൊത്തം ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍ നിന്നുമാത്രം ശേഖരിച്ചതു പോരാതെ, കടകളില്‍ അവശേഷിച്ച ധാന്യശേഖരം കടലില്‍തള്ളി, കൃത്രിമക്ഷാമം സൃഷ്ടിച്ചു. 30ലക്ഷംപേരെ ബംഗാളില്‍ മാത്രം പട്ടിണിക്കിട്ടു കൊന്നു.
ബര്‍മ്മയില്‍നിന്നും ആവശ്യത്തിനു അരി എത്തിക്കുവാന്‍ നേതാജി തയ്യാറായിരുന്നു. പക്ഷെ മൗണ്ട്ബാറ്റണ്‍പ്രഭു തടഞ്ഞു. മറിച്ച് തുര്‍ക്കിയും ഗ്രീസ്സും തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുന്നതിനുവേണ്ടി ഇംഗ്ലണ്ട് യുദ്ധം തല്‍ക്കാലം നിര്‍ത്തിവെക്കുവാന്‍ തയ്യാറായി. കാരണം അവിടെ ആവശ്യം വെളുത്ത വര്‍ഗ്ഗക്കാരായ ഗ്രീക്കുകാരുടെയായിരുന്നു. ജനങ്ങളെ പട്ടിണിക്കിട്ടുകൊല്ലുന്ന ഈ പ്രഭുക്കന്മാര്‍, ഇന്ത്യക്കാര്‍ക്ക് ഹിറ്റ്‌ലറേക്കാളും നികൃഷ്ടരായ സ്വേച്ഛാധിപതികള്‍ തന്നെയായിരുന്നു. കറുത്തവര്‍ഗ്ഗക്കാരായ ഭാരതീയര്‍ക്ക് മാനുഷികമായ പരിഗണനകൂടി അനുവദനീയമായിരുന്നില്ല. മറ്റൊരു പ്രധാന കാരണം ബംഗാളിലോ, മറ്റെവിടെയെങ്കിലുമോ നേതാജി കരതൊട്ടാല്‍ ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തിന്റെ പക്ഷത്താകുമെന്നും ഗാന്ധിയോ കോണ്‍ഗ്രസ്സ് നേതൃത്വമോ എത്രകണ്ടു ശ്രമിച്ചാലും, പിന്തുണച്ച് പ്രചാരണം നടത്തിയാലും, സര്‍ക്കാരിനു നേതാജിയെ തടയാനാ കില്ല എന്നും ഈ പ്രഭുക്കന്മാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. വളരെ ചുരുക്കി പറയുകയാണെങ്കില്‍ ഈ പ്രഭുക്കന്മാര്‍ ഇന്ത്യയുടെ വിഭവശേഷി, പരമാവധി ഇന്ത്യക്കാരെതന്നെ അടിച്ചമര്‍ത്തുവാനും ദേശീയശക്തികളെ പരാജയപ്പെടുത്തുവാനും ഉപയോഗിച്ചു.
ഐ.എന്‍.എയും നേതാജിയും: ഇന്ത്യന്‍ മന:സ്സാക്ഷിയില്‍
രണ്ടു പ്രഭുക്കന്മാരുടെ നിതാന്തജാഗ്രത ഉണ്ടായിട്ടും, നെഹ്രു അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കളുടേയും കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടേയും പ്രചാരണമഹാമഹംതന്നെ ഉണ്ടായിട്ടും, ഐ.എന്‍.എയും ആ സംഘടനയുടെ ശില്‍പ്പി നേതാജിയും ഭാരതീയരുടെ ആവേശമായി. ജനങ്ങള്‍ക്ക് അറിയാത്ത ഐ.എന്‍.എയുടെ ത്യാഗോജ്ജ്വലമായ പരാക്രമങ്ങള്‍ ലാല്‍കിലയിലെ വിചാരണയിലൂടെ പൊതുജനങ്ങള്‍ക്കു മാത്രമല്ല, സൈനികര്‍ക്കും ബോധ്യപ്പെട്ടു.
ബ്രിട്ടീഷുകാരെക്കാളും രാജഭക്തരായ ജനറല്‍ കരിയപ്പയെപ്പോലുള്ള അധികാരികളുടെ അഭിപ്രായം, വിചാരണനേരിടുന്ന ഐ.എന്‍.എക്കാരെ വെടിവെച്ചുകൊല്ലുകയാണ് വേണ്ടത് എന്നായിരുന്നു. ഇതു ഇന്ത്യന്‍ സൈനികരെ പ്രകോപിപ്പിക്കുകയാണുണ്ടായത്.
ജനറല്‍ കരിയപ്പ ജൂറിയായിരുന്ന വിചാരണയില്‍ ദില്ലോവും കോടതിഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി നടന്നു. ‘ധൈര്യമുണ്ടെങ്കില്‍ എന്നെ വെടിവെച്ചുകൊല്ലടാ’ എന്ന് ദില്ലോ വെല്ലുവിളിച്ചു. കരിയപ്പ തയ്യാറായിരുന്നു. പക്ഷേ ബ്രിട്ടീഷ്‌സര്‍ക്കാരിനു ധൈര്യം നഷ്ടപ്പെട്ടിരുന്നു.
പിറ്റെദിവസം ലാല്‍കിലക്ക് പുറത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘ലാല്‍കിലെസെ ആയാ ആവാസ് (ലാല്‍കിലയില്‍നിന്നും ശബ്ദം ഉയര്‍ന്നു)’. സൈഗാള്‍, ദില്ലോ, ഷാനവാസ് – ആദ്യത്തെ വിചാരണ ഈ മൂന്നു ഐ.എന്‍.എ മേധാവികള്‍ക്കെതിരെയായിരുന്നു. ഇവരെ വിചാരണ ചെയ്യുവാനുള്ള കമാണ്ടര്‍-ഇന്‍-ചീഫ് ഓചിന്‍ലെക്കിന്റെ ആവശ്യത്തിനെ പിന്താങ്ങിയാണ് അസംബ്ലിയില്‍ നെഹ്രു പ്രസംഗിച്ചത്. ”ഐ.എന്‍.എക്കാരില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടവരാണ്. എല്ലാവരും രാജ്യസ്‌നേഹികളല്ല. അവരെ റെഗുലര്‍ ആര്‍മിയില്‍ തിരിച്ചെടുക്കുന്നതും ശരിയല്ല. അവര്‍ വിചാരണ നേരിടട്ടെ.”പക്ഷെ സാധാരണക്കാരായ ഇന്ത്യന്‍സൈനികര്‍ക്ക് ഐ.എന്‍.എക്കാരുടെ നിസ്വാര്‍ത്ഥസേവനത്തില്‍ മതിപ്പുണ്ടായിരുന്നു.
ഇത്രയൊക്കെ വാദിച്ച നെഹ്രു പൊതുജനവികാരം ഭയന്ന്, ഉടനെ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യുന്നതിനുവേണ്ടി പ്രതികളായ ഈ ഓഫീസേഴ്‌സിന്റെ ഭാഗംവാദിക്കുവാന്‍ ഭൂലാഭായി ദേശായിക്കൊപ്പം വക്കീല്‍ കുപ്പായമിട്ട് ഹാജരായി. പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും നേതാജിയുടെ സഹനത്തിന്റെ പങ്കുപറ്റുവാന്‍ ശ്രമിച്ചു. പൊതുജനാഭിപ്രായത്തെ ഭയന്ന് കോണ്‍ഗ്രസ്സ് ജയ്ഹിന്ദ് എന്ന മുദ്രാവാക്യം അടിച്ചുമാറ്റി. നേതാജിയെ എല്ലാ സംവാദങ്ങളില്‍നിന്നും ഒഴിവാക്കി. രണ്ടാംനിര ഇന്ത്യന്‍ഓഫീസര്‍മാര്‍, നേതാജിയുടെ ചിത്രമോ, പോസ്റ്ററോ, ആര്‍മിയുടെ ബാരക്കുകളിലോ കാന്റീനുകളിലോ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി. എന്നിരുന്നാലും സൈനികര്‍ക്ക് ബഹുമാനം വെള്ളക്കാരന്റെ ധാര്‍ഷ്ട്യത്തിനു വഴങ്ങാത്ത നേതാജിയോടായിരുന്നു.
1946 ഫെബ്രുവരിയില്‍ നേവല്‍കലാപം ആരംഭിച്ചു. അവരുടെ സ്‌ട്രൈക്ക് കമ്മറ്റിക്ക് ആസാദ് ഹിന്ദി (ആസാദ് ഹിന്ദ് ഫോഴ്‌സിന്റെ സ്മരണാര്‍ത്ഥം) എന്നു പേരിട്ടു. കല്‍ക്കത്തയിലും ബോംബെയിലും കറാച്ചിയിലും അവര്‍ യൂണിയന്‍ ജാക്ക് താഴെയിറക്കി. വെറും അഞ്ചുദിവസമേ കലാപം നീണ്ടുനിന്നുള്ളുവെങ്കിലും ആ കലാപം ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരുന്നു. കറാച്ചി ഹാര്‍ബറില്‍ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുവാന്‍ ഗൂര്‍ഖാ റെജിമെന്റും ബലൂച് റെജിമെന്റും വിസമ്മതിച്ചു.
രണ്ടു പതിറ്റാണ്ടുമുന്‍പ് ഇതേ ഗൂര്‍ഖകളായിരുന്നു ജനറല്‍ഡയറിന്റെ കമാണ്ടില്‍ നിരായുധരായ പൊതുജനങ്ങളെ ജാലിയാവാലാബാഗില്‍ വളഞ്ഞിട്ട് വെടിവെച്ചുകൊന്നത്. സൈനികര്‍ ജനവികാരം മനസ്സിലാക്കി ഇപ്പോള്‍ വെള്ളക്കാരനെ ധിക്കരിക്കുവാന്‍ തയ്യാറായി. ഒടുവില്‍ മറാഠകളെ ഐ.എന്‍.എസ് തല്‍വാറിലെ കലാപകാരികളെ നേരിടാന്‍ കൊണ്ടുപോയി. അവര്‍ മനഃപൂര്‍വ്വം കലാപകാരികളെ ഉന്നംവെക്കാതെ വെടിയുതിര്‍ക്കുകയായിരുന്നു. റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സും ബോംബാക്രമണത്തിനു വിസമ്മതിച്ചു. സമാനമായ കലാപം ജബല്‍പൂര്‍ സൈനികത്താവളത്തില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
ഇങ്ങനെയൊരു പരിണാമമാണ് സചീന്ദ്രസന്യാലും തുടര്‍ന്ന് നേതാജിയും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അവരുടെ തിരോധാനത്തിനുമുമ്പേ അത്, ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ദുഷ്പ്രചാരണം മൂലം നടന്നില്ല എന്നുമാത്രം. ഐ.എന്‍.എസ് തല്‍വാറിലെ സ്‌ട്രൈക്ക്കമ്മറ്റി അവര്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനു മുന്നില്‍ മാത്രമേ കീഴടങ്ങുകയുള്ളൂ എന്നു ശഠിച്ചു. പക്ഷേ രാഷ്ട്രീയനേതാക്കള്‍, ഇടതുപക്ഷക്കാരിയായ അരുണ അസഫലിയടക്കം, അവരുടെ സേവനവ്യവസ്ഥ മെച്ചപ്പെടുത്തുവാനുള്ള ആവശ്യം മാത്രമേ പിന്താങ്ങിയുള്ളൂ. രാഷ്ട്രീയ ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടു വെക്കരുതായിരുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ശഠിച്ചു. അവരോട് നേവല്‍ കമാണ്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങുവാന്‍ ഉപദേശിച്ചു. ജിന്ന ഒരുപടികൂടി മുന്നോട്ടുപോയി. പാകിസ്ഥാന്‍ നേവിയില്‍ അച്ചടക്കം നിലനില്‍ക്കേണ്ടതുകൊണ്ട് അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നില്ല, മുസ്ലീംസൈനികര്‍ സംയമനം പാലിക്കണം എന്നുകൂടി ഉപദേശിച്ചു.
നേവല്‍ കമാണ്ടര്‍ക്കു മുമ്പില്‍ നിങ്ങള്‍ കീഴടങ്ങണം, പക്ഷെ ആര്‍ക്കെതിരെയും പ്രതികാര നടപടികളുണ്ടാവില്ല; ശിക്ഷ കഴിഞ്ഞാല്‍ നേവിയില്‍ തിരിച്ചെടുക്കുന്ന കാര്യവും പരിഗണിക്കും എന്നൊക്കെപറഞ്ഞ് ഒടുവില്‍ സര്‍ദാര്‍ പട്ടേല്‍ ഈ സൈനികരെ നേവല്‍ കമാണ്ടര്‍ക്കു മുന്നില്‍ അടിയറവു പറയിപ്പിച്ചു. സൈനികര്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ച് അടിയറവു പറഞ്ഞപ്പോള്‍ രാഷ്ട്രീയ നേതൃത്വം അറച്ചു പിന്‍വാങ്ങി. അവര്‍ക്കു ബ്രിട്ടീഷ ്ഭരണം നിലനിര്‍ത്തിയ ദേശീയ വികാരമില്ലാത്ത പട്ടാളം മതിയായിരുന്നു.
പണ്ട് നാടുവാഴികള്‍, തങ്ങളുടെ തര്‍ക്കങ്ങള്‍ തീര്‍ത്തിരുന്നത് ചേകവന്മാരെക്കൊണ്ട് അങ്കംവെട്ടിച്ചായിരുന്നു. ബ്രീട്ടീഷുകാര്‍ക്ക് ഇന്ത്യന്‍ സായുധസേന അത്തരം ഉപകരണമാണ്. വിദേശികളായതുകൊണ്ട് അവരില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ എന്തുകൊണ്ട് കോണ്‍ഗ്രസും ലീഗും ദേശീയവികാരം വ്രണപ്പെടുത്തി, നാവികരെ നിരാശപ്പെടുത്തി എന്നു മനസ്സിലാവുന്നില്ല. അവരവരുടെ സ്വാധീനവും വിലപേശാനുള്ള കഴിവും അനുസരിച്ചു മുസ്ലീംലീഗും കോണ്‍ഗ്രസ്സും ബ്രിട്ടീഷുകാരോടു വിലപേശി അവരവരുടെ ഭരണം ഉറപ്പിക്കുകയായിരുന്നു. അധികാരകൈമാറ്റത്തിന് ദേശീയവികാരമുള്ള സൈന്യത്തിന്റെ ആവശ്യമില്ലായിരുന്നു.
എന്തുകൊണ്ട് നേതാജി ഒരു സന്ന്യാസിവേഷത്തില്‍ കാലംകഴിച്ചുകൂട്ടി എന്ന ചോദ്യത്തിന് ഉത്തരം കാണേണ്ടതുണ്ട്. ഭാരതത്തിലെ ജനവികാരം നേതാജിക്ക് അനുകൂലമായിരുന്നു. നെഹ്രു ആഗ്രഹിച്ചാല്‍പോലും നേതാജിയെ തടയുകയോ, ഏതെങ്കിലും ഉടമ്പടിക്കു വിധേയനായി സഖ്യകക്ഷികള്‍ക്ക് കൈമാറുകയോ സാധ്യമായിരുന്നില്ല. അത്രയും വലിയ ഒരു ഏറ്റുമുട്ടല്‍ സഖ്യകക്ഷികളും ആഗ്രഹിച്ചിരുന്നില്ല എന്നുവേണം 1945ലെ അവരുടെ തീരുമാനത്തില്‍നിന്നും വ്യക്തമാകുന്നത്. ലളിതമായ ഉത്തരം ഇതാണ്: നേതാജിക്ക് രാഷ്ട്രീയം ദേശസേവനമെന്ന, ചിത്തശുദ്ധി നേടുവാനുള്ള അനുഷ്ഠാനം മാത്രമായിരുന്നു. രാഷ്ട്രീയക്കാരന്റെ മറവില്‍ അദ്ദേഹം ആദ്ധ്യാത്മികതയില്‍ ലീനനായിരുന്നു. 1947ലെ സംഭവങ്ങള്‍ക്കു ശേഷം ആഗ്രഹിച്ച വിധത്തിലായിരുന്നില്ല പരിണാമമെങ്കിലും, രാഷ്ട്രീയക്കാരന്റെ വേഷത്തിനു പ്രസക്തിയില്ലാതെവന്നു. അതിനാല്‍ സന്യാസിവൃത്തിയിലേക്കു മടങ്ങി. അതാണ് ഈ മൊഴിയില്‍നിന്നും വ്യക്തമാവുന്നത്.
മറ്റൊരവസരത്തില്‍ ഒരാള്‍ക്കെഴുതിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു: ഈ മഹാകാല്‍ (കാളിയുടെ പുത്രന്‍) രൂപത്തിലും ഭാവത്തിലും പൂര്‍ണ്ണമായും മാറിയിരിക്കുന്നു. അതുകൊണ്ട് എന്റെ ഈ ജീവിതത്തെ ഭൂതകാലത്തിന്റെ വെളിച്ചത്തില്‍ വായിക്കാനാവില്ല. ഞാന്‍ യോദ്ധാസന്യാസിയായിരുന്നു. എന്റെ ഗുരുവായ വിവേകാനന്ദസ്വാമികളോ, സന്യാസിയോദ്ധാവും. രണ്ടുപേരും സര്‍വസംഗപരിത്യാഗികളാണ്. പഷേ യോദ്ധാക്കളുമാണ്.”കല്‍ക്കത്തയില്‍നിന്നുംവന്ന ഒരു കത്തില്‍ ഭഗവന്‍ജിയെ ഭീഷ്മപിതാമഹനായി വാഴ്ത്തിയിരുന്നു. ഭഗവന്‍ സ്വന്തം നിലക്ക് അതേവാദം മുന്നോട്ടുവെച്ചു. ‘ഈ രാജ്യത്തിന്റെ ഭരണം നിയമപരമായി എനിക്ക് അവകാശപ്പെട്ടതാണ്. ഞാന്‍ മറ്റുള്ളവര്‍ക്ക് വഴിമാറികൊടുക്കുന്നു’(DDP/254). മുഖര്‍ജി തെളിവുസഹിതം, യുക്തിയുക്തമായി, 1945 ആഗസ്റ്റ് 18-ന് തായ്‌ഹോക്കില്‍ ഒരു വിമാനാപകടം നടന്നിട്ടില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. വിമാനാപകടത്തില്‍ മരണപ്പെട്ടിട്ടില്ലാ എങ്കില്‍ രക്ഷപ്പെട്ടിരിക്കാം. അഥവാ എവിടെയെങ്കിലും തടവുകാരനായി കഴിഞ്ഞിരിക്കാം. പക്ഷേ ജീവിതത്തോടു വിരക്തി വന്ന ഒരു സന്ന്യാസിയെ ഒരു രാഷ്ട്രീയക്കാരനും ഒരുപരിധിവിട്ടു വെറുക്കുകയില്ല.
നേതാജി ഭഗവന്‍ജിയായി അയോദ്ധ്യയില്‍ കഴിയുമ്പോള്‍ ഒരു സന്ന്യാസി ശ്രേഷ്ഠന്റെ പക്വതയും ആത്മീയചൈതന്യവും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരുന്നു. തന്റെ അനുയായികള്‍ക്ക് മുന്‍കൂട്ടി അദ്ദേഹം അപകടസൂചനകള്‍ കൊടുക്കുമായിരുന്നു. മാത്രമല്ല, തന്റെ താന്ത്രികസിദ്ധിയിലൂടെ അവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിച്ചുകൊടുക്കുമായിരുന്നു. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ബാനര്‍ജിയും, ഭാര്യയും മകളും ഒരു കാറില്‍ വരുമ്പോള്‍ അപകടമുണ്ടായി. കാര്‍ തകര്‍ന്നു. ഭാര്യയും മകളും ഓട്ടോറിക്ഷയില്‍ ഭഗവന്‍ജിയുടെ സ്ഥലത്തെത്തി. ഉടനെ ചോദിക്കുന്നത,് അവര്‍ക്ക് പരിക്കൊന്നും പറ്റിയില്ലല്ലോ എന്നായിരുന്നു. അപകടം നടന്നിട്ട് ഒരുമണിക്കൂര്‍കൂടി ആയിട്ടുണ്ടായിരുന്നില്ല.
ഡോക്ടര്‍ ബാനര്‍ജിയുടെ ഭാര്യ നന്നായി ശാസ്ത്രീയ സംഗീതം ആലപിക്കുമായിരുന്നു. ഭഗവന്‍ജി പ്രശസ്തസംഗീതജ്ഞനായിരുന്ന ദിലീപ്കുമാര്‍ റോയിയുടെ സുഹൃത്തായിരുന്നു. ശാസ്ത്രീയ സംഗീതമായിരുന്നു നേതാജിയുടെ താല്‍പര്യം. ശ്രീമതിബാനര്‍ജി നസ്‌റുള്‍ ഇസ്ലാമിന്റേയും ടാഗൂറിന്റേയും രചനകള്‍ ആലപിക്കുമ്പോള്‍, അതില്‍ മുഴുകി. കണ്ണുനീരൊഴുക്കുമായിരുന്നു എന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. അത്രത്തോളം ഔന്നത്യം നേടിയ ഒരു യോഗിതന്നെയായിരുന്നു നേതാജി.
വിവേകാനന്ദസ്വാമികളുടെ അനുയായി- ഭാരതാംബയുടെ നിര്‍ണ്ണായക ആയുധം
സുഭാഷ്ചന്ദ്രബോസ് 1897ല്‍ ജനിക്കുമ്പോള്‍ വിവേകാനന്ദസ്വാമികള്‍ അമേരിക്കന്‍ ജൈത്രയാത്ര കഴിഞ്ഞ് ഭാരതത്തില്‍ തിരിച്ചെത്തിയിട്ടേ ഉള്ളൂ. സ്വാമികള്‍ 1902 ജൂലായ് 4-ാം തീയതി സമാധിയായി. അതുകൊണ്ട് സ്വാമിയെ നേരില്‍ കണ്ടിട്ടില്ല. പക്ഷെ ബെനി മാധവ് ദാസ് എന്ന ദേശീയവാദിയായ ഹെഡ്മാസ്റ്ററില്‍നിന്നും സ്വാമികളുടെയും രാമകൃഷ്ണപരമഹംസരുടേയും ഉപദേശങ്ങള്‍ ഗ്രഹിച്ചു. സ്വാമികളുടെ സാഹിത്യസര്‍വ്വസ്വം വായിച്ചു. രാജ്യസ്‌നേഹിയായ സന്ന്യാസിയുടെ ആദര്‍ശങ്ങളും വ്യഷ്ടികളില്‍ സമഷ്ടി ദര്‍ശിക്കുവാനുള്ള ഹൃദയവിശാലതയും ഉള്‍ക്കൊണ്ടു പ്രചോദിതനായി സന്ന്യസിക്കുവാന്‍ വീടുവിട്ടിറങ്ങിപ്പോയി. ഗുരുവിനെ കിട്ടാതെ തിരിച്ചുവന്ന സുഭാഷ്ചന്ദ്രബോസ്, വിവേകാനന്ദസ്വാമികളെ മനസ്സാ ഗുരുവായി വരിച്ചു. ഒരു സന്ന്യാസിയുടെ ആഹാരവിഹാരങ്ങളിലെ ചിട്ടയും ധ്യാനവും, സ്വാമികളുടെ ആഹ്വാനം അനുസരിച്ച് പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. കഷ്ടിച്ചു നാല്പതുവയസ്സായപ്പോഴേക്കും കോണ്‍ഗ്രസ്സ്പാര്‍ട്ടിയുടെ നേതൃനിരയില്‍ ഗാന്ധിജിക്കു തൊട്ടുതാഴെ ഇടംപിടിച്ചു. 1939ലെ ത്രിപുര കോണ്‍ഗ്രസ്സില്‍ ഗാന്ധിജിയുടേയും മറ്റു പ്രവര്‍ത്തകസമിതിയംഗങ്ങളുടേയും എതിര്‍പ്പിനെ മറികടന്ന് നല്ല ഭൂരിപക്ഷത്തോടെ, ഗാന്ധിജിയുടെ സ്വന്തം സ്ഥാനാര്‍ത്ഥി പട്ടാഭിസീതാരാമയ്യയെ തോല്‍പ്പിച്ച്, രണ്ടാംവട്ടം കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായി. പക്ഷെ ഗാന്ധിജിയും വര്‍ക്കിംഗ്കമ്മറ്റി അംഗങ്ങളും സഹകരിച്ചില്ല. നേതാജി പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഇടതുചായ്‌വുള്ള നേതാക്കന്മാരും നേതാജിയെ പിന്തുണച്ചില്ല. അദ്ദേഹം കോണ്‍ഗ്രസ്സില്‍നിന്നും പുറത്തായി. തന്റെ അഭിപ്രായങ്ങളോട് യോജിപ്പുള്ള യുഗന്ധര്‍ (അനുശീലന്‍ സമിതി) ഗ്രൂപ്പുകളേയും ഇടതു ചിന്താഗതിക്കാരെയും സംഘടിപ്പിച്ച് ഫോര്‍വേഡ്‌ബ്ലോക്ക് എന്ന സംഘടനയുണ്ടാക്കി. നേതാജിയുടെ അഭിപ്രായം ഇതായിരുന്നു:
രണ്ടാംലോകമഹായുദ്ധം ആരംഭിച്ച ഈ സമയത്ത് ബ്രിട്ടന്റെ ശത്രുക്കളുമായി സഹകരിച്ച് നമ്മള്‍ സ്വാതന്ത്ര്യം നേടണം. ജര്‍മ്മനിയും ജപ്പാനും നമ്മളെ സഹായിക്കുവാന്‍ തയ്യാറാണ്. അവരുടെ ആഭ്യന്തര രാഷ്ട്രീയം നമ്മള്‍ കണക്കിലെടുക്കേണ്ട. ബ്രിട്ടന്‍ ഇന്ത്യയുടെ ധനവും മാനവശേഷിയും കവര്‍ന്ന് അവരുടെ ധനം ചിലവഴിക്കാതെ, അവരുടെ ശത്രുക്കളെ നേരിടുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് പ്രധാനമന്ത്രി, ഹിറ്റ്‌ലറെക്കാളും വലിയ സ്വേച്ഛാധിപതിതന്നെയാണ്. ബ്രിട്ടീഷുകാരന്റെ ജനാധിപത്യവും നിയമവാഴ്ചയും കേവലം വെളുത്തവര്‍ഗ്ഗക്കാര്‍ക്കു മാത്രമാണ്. ഇന്ത്യക്കാരെകൊണ്ട് യുദ്ധം ജയിച്ച് ഇന്ത്യക്കാരെതന്നെ അടിച്ചമര്‍ത്തിയ ചരിത്രമാണ് ബ്രിട്ടന്റേത്.
വിവേകാനന്ദസ്വാമികളുടെ കാലടികള്‍ പിന്തുടര്‍ന്ന് അതുവരെ രംഗപ്രവേശം ചെയ്തവരില്‍ അതീവ സാഹസികരും ത്യാഗികളും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട അക്രമങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടതുകൊണ്ട് ശക്തി സമാഹരിച്ച് ഒരു നിര്‍ണ്ണായക ഏറ്റുമുട്ടല്‍ ഉണ്ടായില്ല. രണ്ടുതവണ എല്ലാവരും യോജിച്ച് ഒരു പോര്‍മുഖം തുറക്കുവാന്‍ നോക്കിയെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞ് ഈ വിപ്ലവകാരികളുടെ പദ്ധതികള്‍ പൊളിച്ചു. മൂന്നാംതവണ അതീവ ബുദ്ധിശാലിയും ചിന്തകനും, സര്‍വ്വോപരി സാഹസികനുമായിരുന്ന സുഭാഷ്ചന്ദ്രബോസിന്റെ ഊഴമായിരുന്നു.
സുഭാഷ് ചന്ദ്രബോസ് തന്റെ മുഴുമിക്കാത്ത ആത്മകഥയില്‍ ഒരു അദ്ധ്യായം താന്‍ വിശ്വസിക്കുന്ന തത്വശാസ്ത്രം, അതായത് വിശിഷ്ടാദ്വൈതം, എന്തെന്നും ആ വാദം എന്തുകൊണ്ട് പിന്തുടരുന്നു എന്നും വ്യക്തമാക്കുന്നുണ്ട് (Essential Writings of NSC Bose P/-193). വിവേകാനന്ദസ്വാമികള്‍, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവ വേദാന്തത്തിന്റെ ആദ്യത്തെ കാല്‍വെപ്പുകളാണെന്നും അദ്വൈതം ഒരു സാധകന്റെ ആത്മീയ പുരോഗതിയുടെ പാരമ്യമാണെന്നും വ്യക്തമാക്കുന്നുണ്ട്. അതായത് അദ്വൈതി ബ്രഹ്മംതന്നെയാണ്. കാരണം ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്നാണ് ആചാര്യമതം. നേതാജി, സ്വാമികളെ പിന്തുടര്‍ന്ന് ഈ വാദം വളരെ വ്യക്തതയോടെ, വിവരിക്കുന്നുണ്ട്. ഒരു രാഷ്ട്രീയക്കാരനും എളുപ്പം വഴങ്ങുന്ന ഒരു വിഷയമല്ല വേദാന്തം. അതിനര്‍ത്ഥം നേതാജിക്ക്, സ്വാമികളുടെ ഒരനുയായിക്ക് യോജിച്ചവിധം ബൗദ്ധികവും ആത്മീയവുമായ മേന്മയുണ്ടായിരുന്നു എന്നുതന്നെ. അദ്ദേഹത്തിന്റെ ഐച്ഛികവിഷയം ഫിലോസഫിയായിരുന്നു. നേതാജിയുടെ രാഷ്ട്രീയ തത്വസംഹിതക്ക് പിറന്നമണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ സാധ്യത തള്ളിക്കളഞ്ഞു. കാരണം ഈ തത്വസംഹിതക്ക് ദേശീയതയോട് പ്രതിപത്തിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ദേശീയതയിലൂന്നിയതാണ് താനും (SC BO-SE P/40).
സാഹസികതയുടെ കാര്യത്തില്‍ നേതാജി ഒട്ടും പിന്നിലല്ലായിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ കണ്ണുവെട്ടിച്ച് അതിസാഹസികമായി വീട്ടുതടങ്കല്‍ചാടി, അഫ്ഗാനിസ്ഥാനിലെത്തി, അവിടെനിന്നും ഇറ്റാലിയന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് റഷ്യയിലും പിന്നീട് ജര്‍മ്മനിയിലും എത്തി, തന്റെ ദൗത്യം നിര്‍വ്വഹിക്കുവാന്‍ ആകാവുന്നതൊക്കെ ചെയ്ത്, ഇദ്ദേഹം സിംഗപ്പൂരിലേക്കു യാത്രതിരിച്ചു. സിംഗപ്പൂരിലായിരുന്നു നേതാജിയുടെ അഭാവം കൂടുതല്‍ അനുഭവപ്പെട്ടത.് കാരണം മാര്‍ച്ച് 1942ല്‍ റാഷ് ബിഹാരി ബോസും ഗ്യാനി പ്രീതം സിംഗും സ്വാമി സത്യാനന്ദപുരിയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് രൂപീകരിച്ചു. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഗ്യാനിയും സ്വാമിയും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. റാഷ്ബിഹാരി ബോസ് വളരെ പ്രായാധിക്യവും, ശാരീരിക അസ്വാസ്ഥ്യങ്ങളും നേരിടുന്ന വ്യക്തിയായിരുന്നു. എന്നിരുന്നാലും ജൂണ്‍ 1942ല്‍ ജപ്പാന്‍കാരുടെ സഹായത്തോടെ, ഇന്ത്യന്‍ തടവുകാരെക്കണ്ട്, ജന്മനാടിനുവേണ്ടി യുദ്ധംചെയ്യുവാന്‍ പ്രേരിപ്പിച്ച് 40000പേരെ ചേര്‍ത്ത് ഐ.എന്‍.എ രൂപീകരിച്ചു. മലയ,് സിംഗപ്പൂര്‍ പ്രദേശങ്ങളിലെ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് തമിഴന്മാര്‍, കൂട്ടംകൂട്ടമായി ഐ.എന്‍.എയില്‍ ചേര്‍ന്നു.
പക്ഷെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗുകാര്‍ക്ക് മിലിട്ടറി പരിചയമില്ലായിരുന്നു. മോഹന്‍സിംഗ് എന്ന ഒരു ഓഫീസറെ കമാണ്ടറായി നിയമിച്ചുവെങ്കിലും ഇയാള്‍ I.I.L.ന്റെ അധീശത്വത്തിനു വഴങ്ങുവാന്‍ തയ്യാറല്ലായിരുന്നു. മോഹന്‍സിംഗിനുശേഷം വളരെ സീനിയര്‍ ഓഫീസര്‍മാര്‍ ഐ.എന്‍.എ.യില്‍ ചേര്‍ന്നിരുന്നു. അവര്‍ക്ക് മോഹന്‍സിംഗിന്റെ കമാന്റും അസഹ്യമായി. മോഹന്‍സിംഗിനെ അതുകൊണ്ട് പിരിച്ചുവിട്ടു. കോളേജില്‍ പഠിക്കുന്നകാലത്ത് മിലിട്ടറി പരിശീലനം നേടിയ വ്യക്തിയായിരുന്നു നേതാജി. അതുകൊണ്ട് കമാന്റ് നേതാജിയെ ഏല്‍പ്പിക്കുവാന്‍ വളരെ വ്യഗ്രതയോടെ കാത്തിരിക്കുകയായിരുന്നു റാഷ് ബിഹാരി ബോസ്.
നേതാജി 8-2-43ന് മുങ്ങിക്കപ്പലില്‍ സഖ്യശക്തികളുടെ കണ്ണുവെട്ടിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ, ആഫ്രിക്കന്‍ വന്‍കരചുറ്റി 1943 ഏപ്രില്‍ 26ന് മഡഗാസ്‌കര്‍ തീരത്തെത്തി. അതിനുമുമ്പുതന്നെ ജപ്പാന്റെ മുങ്ങിക്കപ്പല്‍ ആ തീരത്ത് കാത്തുകിടന്നിരുന്നു. ജാപ്പനീസ് മുങ്ങിക്കപ്പലില്‍ സുമാത്രയിലും അവിടെനിന്ന് ടോക്കിയോവിലും എത്തി. 1943 ജൂലായ് 2ന് നേതാജി ആസാദ് ഹിന്ദ് ഫോഴ്‌സ് (I.N.A) കമാണ്ട് ഏറ്റെടുത്തു. താല്‍ക്കാലിക ഭരണകൂടം രൂപീകരിച്ചു. 8 രാജ്യങ്ങള്‍ (അതില്‍ ഐറിഷ് റിപ്പബ്ലിക്കും ഉള്‍പ്പെടും) ഈ സര്‍ക്കാരിനെ അംഗീകരിച്ചു.
ആസാദ് ഹിന്ദ് ഫോഴ്‌സ് കൊഹിമവരെ എത്തിയിരുന്നു. വേറൊരു റെജിമെന്റ് മൊയ്‌റാംഗ് വഴി ഇംഫാലില്‍ പ്രവേശിച്ചു. കാലംതെറ്റി വന്ന കാലവര്‍ഷവും അമേരിക്കക്കാരന്റെ ബോംബുവര്‍ഷവും I.N.Aക്കാരെ പിന്മാറുവാന്‍ പ്രേരിപ്പിച്ചു.
കൃഷ്ണഭഗവാന്‍ ഭഗവദ്ഗീതയില്‍(4-22) അരുള്‍ചെയ്തപ്രകാരം,
യദൃച്ഛാ ലാഭസന്തുഷ്ടോ, ദ്വന്ദാതീതോ വിമത്‌സര:
സമഃ സിദ്ധാവസിദ്ധോച കൃത്വാപി നിബധ്യതേ.
കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട്, ദ്വന്ദങ്ങള്‍ (ജയവും പരാജയവും ലാഭവും നഷ്ടവും) ഒന്നും പരിഗണിക്കാതെ മത്സരബുദ്ധിയില്ലാതെ സമചിത്തതയോടെ പ്രവര്‍ത്തിക്കുമ്പോള്‍, ആ വ്യക്തി കര്‍മ്മഫലത്താല്‍ ബന്ധിക്കപ്പെടുന്നില്ല. അതായത് സര്‍വസംഗപരിത്യാഗി എന്നര്‍ത്ഥം.
നേതാജിക്ക് നെഹ്രുവിനോടും ആസാദിനോടും മറ്റും കടുത്ത അഭിപ്രായഭിന്നതയുണ്ടായിരുന്നു. അവരും ഗാന്ധിജിയും ചേര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എങ്കിലും നേതാജിക്ക് ആരോടും പകയുണ്ടായിരുന്നില്ല. ഇവരുടെ പേരില്‍ ഐ.എന്‍എയില്‍ ബ്രിഗേഡുകളുണ്ടായിരുന്നു. അതാണ് ഒരു യഥാര്‍ത്ഥസന്ന്യാസിയുടെ ഹൃദയവിശാലത.
പക്ഷേ ഒരുകാര്യം ബ്രിട്ടീഷുകാര്‍ക്ക് ബോദ്ധ്യമായി. ഇന്ത്യക്കാരായ പട്ടാളക്കാരില്‍ ദേശീയവികാരം ഉണര്‍ന്നിരിക്കുന്നു. അവര്‍ വെള്ളക്കാരനെ അനുസരിക്കുകയില്ല. തടവുകാരായി പിടിച്ച മൂന്നു ജനറല്‍മാരെ വിചാരണ ചെയ്യാന്‍ തുനിഞ്ഞതില്‍ പ്രതിഷേധിച്ച് റോയല്‍ ഇന്ത്യന്‍ നേവിയുടെ കലാപം, ബ്രിട്ടീഷുകാരെ ഉടന്‍തന്നെ ഇന്ത്യവിടാന്‍ പ്രേരിപ്പിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍, വിവേകാനന്ദസ്വാമികളുടെ അനുയായികളില്‍ ഉത്തമനായിരുന്നു സുഭാഷ്ചന്ദ്രബോസ് എന്ന സന്യാസിയോദ്ധാവ്. ആ അവസാനത്തെ ആയുധം അതിജീവിക്കുവാന്‍ അമേരിക്കക്കാരന്റെ വ്യോമശക്തികൊണ്ടും അഹിംസാവാദികളുടെ സഹായംകൊണ്ടും തല്‍ക്കാലം സര്‍ക്കാരിനു കഴിഞ്ഞുവെങ്കിലും, ആസാദ് ഹിന്ദ് ഫോഴ്‌സിന്റെ വിപ്ലവത്തിന്റെ പ്രകമ്പനം, ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളത്തില്‍ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് അവര്‍ ഇന്ത്യ വിടാന്‍തന്നെ തീരുമാനിച്ചു.
നേതാജിയുടെ നേതൃത്വത്തില്‍ എല്ലാ വിശ്വാസികളും ഒരുപോലെ തൃപ്തരായിരുന്നുവെന്നും, വിഭജനം ഒഴിവാക്കാമായിരുന്നുവെന്നും ഇന്നു നാം മനസ്സിലാക്കുന്നു. ഇതു വെറും വാക്കല്ല. തെളിവുകള്‍ നമുക്കു മുന്നിലുണ്ട്. ജിന്ന, വിചാരണ നേരിടുന്ന ഷാനവാസ്ഖാനെ സമീപിച്ച്, മറ്റു രണ്ടുപേരില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ നിനക്കുവേണ്ടി ഞാന്‍ വാദിക്കാം എന്നുപറഞ്ഞു. ഷാനവാസ്ഖാന്‍ അതു തള്ളി. ‘ഞങ്ങള്‍ ഒന്നിച്ചായിരുന്നുവെങ്കില്‍ ഒന്നിച്ചുതന്നെ എന്തും നേരിടും’ എന്നായിരുന്നു ഷാനവാസ്ഖാന്റെ പ്രതികരണം.
ഒരു യുഗപ്രവാചകനായിരുന്നു വിവേകാനന്ദസ്വാമികള്‍. പ്രവാചകന്റെ അനുയായിക്കു യോജിച്ചവിധം മറ്റൊരു യുഗപുരുഷന്‍ തന്നെയായിരുന്നു നേതാജി. അദ്ദേഹം ഭാവിതലമുറക്കു കൈമാറിയ മുദ്രാവാക്യങ്ങളാണ് “ജയ്ഹിന്ദും” ‘ചലോദില്ലിയും’.
കടപ്പാട്
1) Durga Das, India From Curzon to Nehru and after,1981 p/247
2) Anuj Dhar,India’s Biggest Cover up 2012,P/255
3) Tapan Bandyopadhyaya- Netaji Subash,A life illumined by Sw.Vivekananda,Vol.12023,P/315
4) The Essential Writings of Netaji Subash Chandra BOSE ,P/3
5) Sanjeev Sanyal , Revolutionaries 2023 (P/241)
6) Alan Campbell Johnson Mission Ninth Mountbatten P/28
7) Anuj Dhar, India`s Biggest Cover up, 2012, P/321
8) P/254 ibid
9) S.C.Bose, Indian struggle P/40
10) Anuj Dhar, India`s Biggest Cover up, 2012, P/46
(അവസാനിച്ചു)