പത്തൊമ്പതാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താന്‍ മുള്‍ട്ടാനിലെ ജുമാ മസ്ജിദിനായി രണ്ടു ഗ്രാമങ്ങള്‍ കൈമാറി. ഇതാണ് ഭാരതത്തിലെ വഖഫിന്റെ തുടക്കം. പിന്നീട് മുസ്ലീം ഭരണം വികസിച്ചതനുസരിച്ച് വഖഫ് വസ്തുക്കളും വര്‍ദ്ധിച്ചു. മുസ്ലീങ്ങളുടെ മതപരവും സേവനപരവുമായ ആവശ്യത്തിലേയ്ക്കായി ഇസ്ലാം മതവിശ്വാസികള്‍ തങ്ങളുടെ സ്വത്ത് നീക്കിവെയ്ക്കുന്നതാണ് വഖഫ്. ഇസ്ലാമിക വിശ്വാസപ്രകാരം വഖഫിന്റെ ഉടമസ്ഥത അള്ളാഹുവിനാണ്. അതിനാല്‍ വഖഫ് സ്വത്ത് കൈമാറാന്‍ പാടുള്ളതല്ല. മാത്രമല്ല ഒരിക്കല്‍ വഖഫ് ആയാല്‍ അത് എക്കാലത്തേയ്ക്കും വഖഫ് വകയായിരിക്കും.
1954 ലെ വഖഫ് നിയമം
1954 ല്‍ സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് രൂപീകരിച്ചു. 1947 ല്‍ ഇന്ത്യ വിട്ടു പാകിസ്ഥാനിലേയ്ക്ക് കുടിയേറിയ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കള്‍ വഖഫ് വകയാക്കി പ്രഖ്യാപിച്ച് അതിന്റെ മേല്‍നോട്ടത്തിന് വഖഫ് ബോര്‍ഡ് രൂപീകരിച്ചു. തുടര്‍ന്ന് 2013 ല്‍ വഖഫിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ടുള്ള ബില്ല് പാസ്സാക്കി.
ഈ നിയമങ്ങള്‍ വഴി വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുന്നികള്‍ക്കും ഷിയകള്‍ക്കും പ്രത്യേകമാണ്. ഇസ്ലാമികനിയമപ്രകാരം വ്യക്തികള്‍ക്ക് മാത്രമേ വഖഫിന് അധികാരമുള്ളൂ. സര്‍ക്കാരിന് അതില്ല. അതുകൊണ്ട് 1954ലെ നിയമം അടിസ്ഥാനപരമായി തെറ്റാണ്. എങ്കിലും സര്‍ക്കാര്‍ ആ നിയമത്തെ അംഗീകരിച്ചു.
നെഹ്‌റുവിന്റെ ചതി
പണ്ഡിറ്റ് നെഹ്‌റു 1954 ലാണ് വഖഫ് നിയമം പാര്‍ലമെന്റില്‍ പാസ്സാക്കുന്നത്. മറ്റ് മതസ്ഥര്‍ക്ക് നല്‍കാത്ത ആനുകൂല്യങ്ങള്‍ ഈ നിയമം വഴി മുസ്ലീങ്ങള്‍ക്ക് അനുവദിച്ചുകൊടുത്തു. പാകിസ്ഥാനിലേയ്ക്ക് കുടിയേറിയ മുസ്ലീങ്ങളുടെ സ്വത്ത് ചേര്‍ത്താണ് വഖഫ് രൂപീകരിച്ചത്. വാസ്തവത്തില്‍ ഇതിന്റെ ഒരാവശ്യവുമില്ലായിരുന്നു. പാകിസ്ഥാനില്‍ കുടിയേറിയ മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ സ്വാഭാവികമായും ഭാരത സര്‍ക്കാരിന്റേതാണ്. അതില്‍ പിന്നീട് ആര്‍ക്കും അവകാശമില്ല. യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനിലേയ്ക്ക് കുടിയേറിയ മുസ്ലീങ്ങളുടെ സ്വത്ത് ആരും അവകാശപ്പെട്ടിരുന്നില്ല. എന്നാല്‍ മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി നെഹ്‌റു വഖഫ് രൂപീകരിച്ചു. അങ്ങനെയുള്ള നിയമം ആവശ്യമെങ്കില്‍ ഭാരതഭരണഘടനാ സമിതി ചര്‍ച്ച ചെയ്യുമായിരുന്നു. ഭരണഘടനാ സമിതിയില്‍ നിയമവിദഗ്ദ്ധരാണ് ഉണ്ടായിരുന്നത്. അവരാരും ഇക്കാര്യം ചര്‍ച്ചയ്ക്കായി ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമാണ്. 1954 ലാണ് വഖഫ് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ നെഹ്‌റുവിന്റെ ചതി ഒളിഞ്ഞിരിപ്പുണ്ട്. നെഹ്‌റു ഭരണഘടനാസമിതിയില്‍ അംഗമായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഇക്കാര്യം അദ്ദേഹം അവിടെ ഉന്നയിച്ചില്ല. എന്തിന് 1954 വരെ കാത്തുനിന്നു? 1950ല്‍ ഭരണഘടന അംഗീകരിക്കുന്ന സമയത്ത് ഇത് ചര്‍ച്ചാ വിഷയമാക്കാഞ്ഞത് എന്തുകൊണ്ട്? 1950ല്‍ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ അന്തരിച്ചു. അതിനുശേഷം മാത്രമാണ് വഖഫ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത് എന്നത് ദുരുദ്ദേശ്യപരമാണ്. നെഹ്രുവിന്റെ നടപടികളെ എതിര്‍ക്കാന്‍ കെല്‍പ്പുള്ള പട്ടേല്‍ മരിച്ചതിനുമാത്രം പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചതിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പോയ മുസ്ലീങ്ങള്‍ അവിടത്തെ പൗരന്മാരായി മാറി. മറ്റൊരു രാജ്യത്ത് പോയ പൗരന്മാരുടെ സ്വത്ത് കാത്തുസൂക്ഷിക്കുന്ന ചുമതലയാണ് വഖഫിലൂടെ നടപ്പിലാക്കിയത്. അതുവഴി ഭാരതസര്‍ക്കാരിന് വലിയൊരു പ്രദേശം ഭൂമിയും അതില്‍നിന്ന് ലഭിക്കേണ്ട വരുമാനവും ഇല്ലാതായി.
1954 ല്‍ അംഗീകരിച്ച വഖഫ് നിയമം വിവിധ കാരണങ്ങളാല്‍ അപാകതകള്‍ നിറഞ്ഞതായിരുന്നു. നിലവില്‍ ഏതെങ്കിലും ഒരു വസ്തു വഖഫ് ഭൂമിയായി പ്രഖ്യാപിക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണ്. ഇത് ചോദ്യം ചെയ്യാനോ കോടതിയില്‍ പോകാനോ നിയമം അനുവദിക്കുന്നില്ല. വഖഫ് അവകാശപ്പെട്ട ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ വഖഫ് ട്രിബ്യൂണലില്‍ ആണ് പരാതിപ്പെടേണ്ടത്. ട്രിബ്യുണലിന് സിവില്‍ കോടതിക്ക് തുല്യമായ അധികാരങ്ങള്‍ നല്‍കി. അങ്ങനെ ട്രിബ്യൂണലി ന്റെ നടപടി അവസാനവാക്കായി. ഇങ്ങനെ പ്രതിതന്നെ വിധികര്‍ത്താവാകുന്ന സ്ഥിതിവന്നു. പൗരന്മാര്‍ക്ക് വഖഫ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉന്നയിക്കാന്‍ വേദി നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് ഈ നിയമം മതവിദ്വേഷത്തിന് കാരണമാകും. ഭരണഘടനാപരമായി തന്നെ ഈ നിയമം തെറ്റാണ്.
വഖഫ് അഴിമതിയും തര്‍ക്കങ്ങളും
ഇന്ത്യയിലെ പ്രതിരോധവകുപ്പും ഇന്ത്യന്‍ റെയില്‍വെയും കഴിഞ്ഞാല്‍ ഇന്ന് ഏറ്റവും അധികം ഭൂമി വഖഫിനാണ്. 924000 (ഒമ്പത് ലക്ഷത്തി ഇരുപത്തിനാലായിരം) രജിസ്‌ട്രേഡ് വസ്തുക്കള്‍ വഖഫിന്റേതായിട്ടുണ്ട്. ഇതിന്റെ മതിപ്പു വില 1.2 ലക്ഷം കോടി രൂപ വരും. ഇതില്‍നിന്നു പ്രതിവര്‍ഷം 20000 കോടി രൂപ വരുമാനം ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ കേവലം 300 കോടി രൂപ മാത്രമേയുള്ളൂ. ഇത് വഖഫ് സ്വത്തില്‍ നടക്കുന്ന അഴിമതിയുടെ വ്യാപ്തി വെളിവാക്കുന്നു.
വഖഫ് ഭൂമി നിര്‍ണ്ണയിക്കുന്നത് വഖഫ് തന്നെയാണ് എന്നതിനാല്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ചിട്ടുണ്ട്. ഭാരതത്തില്‍ 40000 ല്‍ അധികം കേസുകള്‍ നിലവിലുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ വളരെയധികമുണ്ട്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിലെ ഒരു ഗ്രാമം മുഴുവന്‍ വഖഫ് ഭൂമി ആണെന്ന് അവകാശവാദമുണ്ട്. ദ്വാരകയ്ക്ക് സമീപം ബെറ്റി ദ്വാരകയില്‍ രണ്ട് ദ്വീപുകള്‍ വഖഫിന്റേതാണ് എന്ന തര്‍ക്കം നില്‍ക്കുന്നു. തിരിച്ചെന്തൂരില്‍ത്തന്നെ 1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രവും ക്ഷേത്രഭൂമിയും വഖഫിന്റേതാണെന്ന് അവകാശവാദം ഉന്നിയിച്ചിരിക്കുന്നു. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ശിവാനി സൊസൈറ്റി എന്നിവയിലും വഖഫ് അവകാശവാദം ഉണ്ട്. കാശി വിശ്വനാഥ ക്ഷേത്ര ഭൂമി, ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം നില്‍ക്കുന്ന ഭൂമി എന്നിവയിലും വഖഫ് അവകാശം ഉന്നയിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ഈദ്ഗാഹ് ഗ്രൗണ്ട് സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. കേരളത്തില്‍ മുനമ്പത്ത് 600 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വഖഫ് കുടിയൊഴിക്കല്‍ ഭീഷണിയിലാണ്. ഇങ്ങനെ വഖഫ് നിയമങ്ങള്‍ വളച്ചൊടിച്ച് ഭാരതത്തില്‍ ഭൂമി കയ്യേറ്റം നടത്തുന്നു. ഇതിനെ ചോദ്യം ചെയ്യല്‍ വളരെ പ്രയാസകരമാണ്. ഒരര്‍ത്ഥത്തില്‍ ഭൂമി കയ്യേറ്റത്തിന് നിയമപരിരക്ഷ നല്‍കുകയാണ് വഖഫ്.
വഖഫ് ഭേദഗതി നിയമം – 2024
2024 ലെ വഖഫ് ഭേദഗതി ബില്ലില്‍ എല്ലാ വഖഫ് സ്വത്തുക്കളും രജിസ്റ്റര്‍ ചെയ്യണം എന്ന് വകുപ്പുണ്ട്. അതിന്റെ നിയമസാധുതയും ജില്ലാ കളക്ടര്‍ പരിശോധിക്കേണ്ടതാണ്. വഖഫിന് 52000 വസ്തുക്കള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തതായിട്ടുള്ളൂ. 2009 ല്‍ അത് 3 ലക്ഷമായി. ഇത് പ്രകാരം 4 ലക്ഷം ഏക്കര്‍ ഭൂമിയും 72292 വഖഫ് സ്വത്തുക്കളും ഉണ്ട്.
പ്രധാന മാറ്റങ്ങള്‍
1. 1995 ലെ ‘യൂണൈറ്റഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലെപ്പ്‌മെന്റ് ആക്ട് 1995’ എന്ന പേര് ഉപേക്ഷിക്കുന്നു.
2. ബില്ലില്‍ മുസ്ലീം സ്ത്രീകള്‍ക്കും അമുസ്ലീങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നുണ്ട്.
3. വഖഫ് ആക്ട് 40-ാം പ്രകാരമുള്ള വഖഫ് സ്വത്ത് തീരുമാനിക്കാനുള്ള അധികാരം എടുത്തുകളയുന്നു.
4. വഖഫിന്റെ നിര്‍വ്വചനം വ്യക്തമാക്കുന്നു.
താഴെക്കൊടുക്കുന്ന അപാകതകള്‍ പരിഹരിക്കാനുള്ള വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്.
1. കോടതികള്‍ക്ക് അധികാരമില്ല: വഖഫ് നിയമമനുസരിച്ച് ട്രിബ്യൂണലിന്റെ ഉത്തരവ് തര്‍ക്കങ്ങളില്‍ അവസാനവാക്കാണ്. ഇതിനെതിരായി കോടതിയെ സമീപിക്കാനുള്ള അവകാശം പൗരന് നിഷേധിച്ചിരിക്കുന്നു. ഇതുമൂലം വഖഫ് നിയമങ്ങള്‍ വളച്ചൊടിച്ച് വ്യാപകമായി ഭൂമി കയ്യേറുന്നു. ഇങ്ങനെ അനധികൃതമായി വഖഫ് ഭൂമി അവകാശവാദം നിലവിലുണ്ട്. ഒരു വസ്തു വഖഫിന്റേതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും വഖഫില്‍ നിക്ഷിപ്തമാണ്. ഒരിക്കല്‍ വഖഫ് ആയാല്‍ പിന്നീടത് എന്നന്നേയ്ക്കുമായി വഖഫിന്റേതായിരിക്കും എന്ന നിലപാട് ധാരാളം ഭൂമി കയ്യേറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2024 ലെ വഖഫ് ഭേദഗതി ബില്‍ ഈ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ അവകാശം നല്‍കുന്നു. അവിടെ സാധാരണപോലെ നിയമനടപടി നടക്കും. ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകള്‍ നല്‍കേണ്ട ചുമതല മറ്റ് നിയമനടപടികള്‍ പോലെ വഖഫിനാണ്. 1995 ലെ നിയമപ്രകാരം ഇത് പരാതിക്കാരനായിരുന്നു, അതായത് സ്വത്തുനഷ്‌പ്പെട്ട ആള്‍തന്നെ അതിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം. വഖഫിന് സ്വത്തില്‍ അവകാശവാദം ഉന്നയിച്ചാല്‍ മാത്രം മതിയായിരുന്നു. ഇങ്ങനെ സ്വാഭാവികനീതിക്ക് വിരുദ്ധമായ ഈ വകുപ്പ് നീക്കുക വഴി അനേകം വ്യക്തികള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം ഒരുക്കുന്നു.
2. സര്‍വ്വേകളിലെ അപാകതകള്‍:- വഖഫ് സ്വത്ത് സംബന്ധിച്ച സര്‍വ്വേ നടത്തി തിട്ടപ്പെടുത്തേണ്ട ചുമതല വഖഫിനാണ്. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കപ്പെട്ടില്ല. കാരണം സര്‍വ്വേ നടത്താന്‍ പ്രാഗത്ഭ്യമുള്ള വ്യക്തികള്‍ വഖഫില്‍ ഇല്ലായിരുന്നു. ഇത് പരിഹരിക്കാന്‍ അമുസ്ലീം വിദഗ്ദ്ധരെ നിയോഗിക്കാന്‍ ഈ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
3. വകുപ്പുകളുടെ ദുരുപയോഗം:- വഖഫ് നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് അനേകം വസ്തുക്കള്‍ വഖഫിന്റേതാക്കിയിട്ടുണ്ട്. ഇത് തടയാന്‍ പുതിയ ബില്ലില്‍ വകുപ്പുണ്ട്.
വഖഫ് ഭേദഗതി ബില്‍ (2024) അവതരിപ്പിക്കുന്നതിനുമുമ്പ് നടത്തിയ പരിശ്രമങ്ങള്‍
1. ലഖ്‌നൗ, ദല്‍ഹി എന്നിവിടങ്ങളില്‍ വഖഫ് നിയമം ബാധകമാകുന്നവരുടെ യോഗം നടത്തി.
2. കേന്ദ്ര-സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തി. ഇതിനായി മുസ്ലീം സ്ത്രീകള്‍, മുസ്ലീം മൈനോരിറ്റി എന്നിവര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തി.
3. രജിസ്‌ട്രേഷന്‍ രീതി കുറ്റമറ്റതാക്കി.
4. വാര്‍ഷിക അറ്റാദായം സംബന്ധിച്ച ഓഡിറ്റിംഗ് നിര്‍ബന്ധമാക്കി. ഇങ്ങനെ വഖഫ് നിയമത്തെ സുതാര്യവും നീതിപൂര്‍വ്വകവും പ്രാതിനിധ്യസ്വഭാവമുള്ളതുമാക്കി. കൂടാതെ ലോകത്ത് മറ്റ് രാജ്യങ്ങള്‍ സൗദി അറേബ്യ, ഈജിപ്റ്റ്, കുവൈറ്റ്, ഒമാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ വഖഫ് നിയമങ്ങള്‍ പഠിച്ചു.
സച്ചാര്‍ കമ്മറ്റിയും വഖഫ് നിയമത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം മുസ്ലീംസ്ത്രീകളുടെ പ്രതിനിധ്യം വഖഫ് ബോര്‍ഡില്‍ ഉറപ്പുവരുത്തുക, വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കുറ്റമറ്റതാക്കാന്‍ അമുസ്ലീം വിദഗ്ദ്ധരെയടക്കം നിയോഗിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു. സച്ചാര്‍ കമ്മറ്റി പ്രകാരം വഖഫ് സ്വത്തുക്കളില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് പ്രതിവര്‍ഷം 20000 (ഇരുപതിനായിരം) കോടി രൂപ ലഭിക്കേണ്ടതാണ്. വളരെ തുച്ഛമായ വരുമാനം മാത്രമേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. വ്യാപകമായ അഴിമതി, കെടുകാര്യസ്ഥത ഇവ മൂലമാണ് ഇത് സംഭവിക്കുന്നത്. അഴിമതി, കെടുകാര്യസ്ഥത ഇവയ്ക്ക് അറുതി വരുത്തേണ്ടത് ആവശ്യമാണ്.
ഇങ്ങനെ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ അടക്കം വഖഫ് നിയമത്തിലെ മാറ്റങ്ങളും കൂടുതല്‍ വ്യക്തതയും സുതാര്യതയും ജനാധിപത്യവും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വഖഫ് നിയമഭേദഗതി 2024 അവതരിപ്പിച്ചിട്ടുള്ളത്. ആധുനിക ജനാധിപത്യരാഷ്ട്രത്തില്‍ നടക്കേണ്ട നിയമവാഴ്ച, സ്ത്രീകള്‍ക്ക് തുല്യാവകാശം തുടങ്ങിയവ ഉറപ്പുവരുത്താന്‍ ഇതാവശ്യമാണ്.
1995 മുതല്‍ 2024 വരെയുള്ള വഖഫ് ഭൂമിയുടെ വളര്‍ച്ച അത്ഭുതാവഹമാണ്. ഈ വളര്‍ച്ചയ്ക്ക് നയാപൈസ ചിലവില്ലാതെയാണ് ഈ ഭൂമിയെല്ലാം കൈവശപ്പെടുത്തിയത്. വഖഫ് ഭൂമി നിശ്ചയിക്കാനുള്ള അവകാശം വഖഫിനാണ് എന്ന നിയമത്തിന്റെ മറവില്‍ ഭൂമികയ്യേറ്റം നടത്തിയാണ് ഇത് നേടിയത്. എന്നാല്‍ നഷ്ടപരിഹാരമായി ഒരു പൈസ പോലും നല്‍കാതെയാണ് വഖഫ് ഈ ഭൂമി സ്വന്തമാക്കിയത്. റോഡ് നിര്‍മ്മാണം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാറുണ്ട്. എന്നാല്‍ വഖഫിന് അത് ചെയ്യാന്‍ ബാദ്ധ്യതയില്ല.
ഭേദഗതിക്കെതിരായ തടസ്സവാദം
വഖഫ് നിയമഭേദഗതിക്കെതിരായ തടസ്സവാദങ്ങള്‍ പലതാണ്. ഒന്നാമതായി വഖഫ് നിയമഭേദഗതി മുസ്ലീംവിരുദ്ധമാണെന്ന പ്രചാരണം നടക്കുന്നു. ഇതില്‍ സാധാരണ മുസ്ലീങ്ങളുടെ മതപരമായ ഒരാചാരവും നിഷേധിക്കപ്പെടുന്നില്ല. മുസ്ലീങ്ങള്‍ക്ക് അവരുടെ സ്വത്ത് വഖഫിന് നല്‍കുന്നതിനും വിലക്കില്ല. അങ്ങനെ വഖഫ് നിലനില്‍ക്കും. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയോ മറ്റ് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ വഖഫാക്കുന്നത് തടയുന്നതാണ് നിയമം.
നിയമവാഴ്ച ഉറപ്പുവരുത്തുന്നു
വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ നിയമവാഴ്ചക്കെതിരാണ്. ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സിവില്‍കോടതികളാണ്. എന്നാല്‍ വഖഫില്‍ സിവില്‍കോടതികള്‍ക്ക് അധികാരമില്ല. ട്രിബ്യൂണലിനാണ് അധികാരം. ട്രിബ്യൂണലില്‍ ഉടമസ്ഥാവകാശം സംബന്ധിച്ച യാതൊരു രേഖയും ഹാജരാക്കേണ്ടതില്ല. വഖഫിന്റെ പേരില്‍ വ്യക്തികളുടെ സ്വത്തു തട്ടിയെടുക്കുന്ന ഈ നടപടി അവസാനിപ്പിക്കേണ്ടതാണ്. മാത്രമല്ല വഖഫ് ഭൂമി ആരെങ്കിലും സ്വമനസ്സാലെ നല്‍കുന്നതാണ്. എല്ലാ വഖഫ് ഭൂമിക്കും അത് നല്‍കിയ ഇസ്ലാംമതവിശ്വാസിയുടെ സമ്മതപത്രം ഉണ്ടായിരിക്കണം. ഇന്ന് അതിന്റെ ആവശ്യമില്ല. ഭൂമി വഖഫിന്റേതാണെന്ന് വഖഫ് ബോര്‍ഡില്‍ അവകാശം ഉന്നയിച്ചാല്‍ മാത്രം മതി. വഖഫ് സ്വത്തിന്റെ ഓഡിറ്റിംഗ്, രജിസ്‌ട്രേഷന്‍ രേഖകള്‍ ഇവ കൃത്യമായി പരിശോധിക്കാനുള്ള വ്യവസ്ഥ ആവശ്യമാണ്. ഇങ്ങനെ എല്ലാ രേഖകളും പരിശോധിച്ച് ബോദ്ധ്യംവന്നാല്‍ മാത്രമേ ആ സ്വത്ത് വഖഫിന് കൈമാറാവൂ. സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് നീതിന്യായക്കോടതി മുഖാന്തിരം തീര്‍പ്പാക്കണം.
വഖഫ് ഭീകരത
ഇന്ന് ഭാരതത്തിന്റെ എല്ലാ ഭാഗത്തും വഖഫ് ഭൂമി കയ്യേറ്റം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഭീകരാക്രമണംപോലെ തന്നെയാണ് വഖഫ് ആക്രമണവും. ഗ്രാമങ്ങള്‍ അപ്പാടെ വഖഫ് വകയാക്കും.
കേരളത്തില്‍ 33000 ഏക്കര്‍ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ അരങ്ങിനുപിന്നില്‍ നടക്കുന്നതായി പറയപ്പെടുന്നു. ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സാമുദായികസൗഹാര്‍ദ്ദം തകര്‍ക്കും. ഭാരതഭരണഘടന ഉറപ്പുനല്‍കുന്ന ജീവനും സ്വത്തിനുമുള്ള സംരക്ഷണം നിഷേധിക്കുന്നതിനിടവരുത്തും.
ഇന്ത്യന്‍ ഭരണഘടന നിയമത്തിനുമുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണെന്നും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും ഉറപ്പുനല്‍കുന്നു. എന്നാല്‍ വഖഫ് നിയമത്തില്‍ പൗരന്മാരുടെ തുല്യത, സ്വത്തിന്റെ സംരക്ഷണം ഇവ നടക്കുന്നില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന നിയമവാഴ്ച വഖഫ് നിയമം വഴി ഇല്ലാതാകുന്നു. അനീതി ചോദ്യം ചെയ്യാന്‍ സാധിക്കാത്തവിധം ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ് വഖഫ് നിയമം.
നിലവിലുള്ള വഖഫ് നിയമഭേഗദതി ചെയ്യണമെന്ന് വിവിധകോണുകളില്‍നിന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. 1947ല്‍ പാകിസ്ഥാനിലേയ്ക്ക് പോയ മുസ്ലീങ്ങളുടെ സ്വത്ത് ചേര്‍ത്താണ് 1954 ല്‍ വഖഫ് രൂപീകരിച്ചത്. എന്നാല്‍ അതിനുശേഷം വരുത്തിയ ഭേദഗതികള്‍ മൂലം ധാരാളം ഭൂമി വഖഫ് കയ്യടക്കുകയുണ്ടായി. ഇത്തരത്തില്‍ കയ്യടക്കിയ ഭൂമിയുടെ അവകാശം തെളിയിക്കാന്‍ യാതൊരു രേഖയും വഖഫിന്റെ പക്കലില്ല. അതുകൊണ്ട് 1947 മുതല്‍ 1954 വരെയുള്ള കാലപരിധിവച്ച് 1954നുശേഷം വഖഫ് ഭൂമിയായി സ്വീകരിച്ച എല്ലാം ഭൂമിക്കും നിഷ്പക്ഷവും വിശദവുമായ പരിശോധന നടത്തേണ്ടതാണ്. വഖഫ് നിയമത്തിലുള്ള അപാകതകള്‍ മുതലെടുത്ത് ധാരാളം ഭൂമികയ്യേറ്റം നടന്നിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ വഖഫിന്റെ ജനാധിപത്യവത്ക്കരണം, സ്വത്തുകളുടെ രജിസ്‌ട്രേഷന്‍, വരവുചെലവുകളുടെ ഓഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങള്‍ നടത്തുവാന്‍ ‘വഖഫ് (ഭേദഗതി) 2024’ല്‍ വകുപ്പുകളുണ്ട്.
യഥാര്‍ത്ഥത്തില്‍ വഖഫിന്റെ നടത്തിപ്പ് കൂടുതല്‍ ഫലപ്രദവും പ്രയോജനപ്രദവുമാക്കലാണ് വഖഫിന്റെ ഭേദഗതി മൂലം നടക്കുക. ഭാരതത്തില്‍ എല്ലാ നിയമങ്ങളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അവകാശമുണ്ട്. മുസ്ലീങ്ങളുടെ നിയമങ്ങള്‍ (മുത്തലാഖ് മുതലായവ) ആധുനിക ലോകത്തിന് അനുസരിച്ച് മാറ്റുമ്പോള്‍ അത് മതേതരത്വത്തിന് എതിരാണെന്ന വാദം ഉയരുന്നു. മദ്ധ്യകാലഘട്ടത്തില്‍ രൂപംകൊണ്ട മതനിയമങ്ങള്‍ ആധുനികകാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാക്കണം. അല്ലെങ്കില്‍ മനുഷ്യപുരോഗതി ഗതിമുട്ടും. മനുഷ്യന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ജീവിതത്തിന്റെ എല്ലാ തുറകളിലും മാറ്റങ്ങള്‍ ആവശ്യമാണ്. വഖഫ് നിയമഭേദഗതി ഒരു ജനാധിപത്യ-മതേതരജനതയ്ക്ക് ആവശ്യമാണ്. കാലഘട്ടത്തിനനുസരിച്ച് നിയമവാഴ്ച ഉറപ്പുവരുത്താനും ഈ നിയമഭേദഗതി കാരണമാകും.