മകരസംക്രമം ജനുവരി 14
മണ്ണിലും മനസ്സിലും പരിവര്‍ത്തനത്തിന്റെ കുളിര്കാറ്റു വീശുന്ന ഉത്തരായണകാലം സമാഗതമായിരിക്കുകയാണ്. കൊയ്ത്തൊഴിഞ്ഞ നെല്‍പ്പാടങ്ങളും ഇലപൊഴിഞ്ഞ നാട്ടുവഴികളും പുരുഷാരങ്ങളുടെ പൂരാവേശത്തിനു സാക്ഷിയാകുന്ന ഗ്രാമതട്ടകങ്ങളുടെ ഉത്സവ നാളുകള്‍ കൂടിയാണിത്. മകരസംക്രമം മുതല്‍ കര്‍ക്കടക സംക്രമം വരെയുള്ള ആറുമാസക്കാലം പ്രകൃത്യോപാസനയുടെ പുണ്യകാലമാണ്. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികളില് ധനുവില്‍ നിന്ന് സൂര്യന് മകരം രാശിയിലേക്ക് മാറുന്ന ദിവസമാണ് മകരസംക്രമം. ഉത്തരായണത്തിന്റെ പ്രവേശന സമയമാണ് മകരസംക്രമം അഥവാ സംക്രാന്തി. ഭൂമിയുടെ സ്വാഭാവികമായ ചരിവ് കൊണ്ട് സൂര്യന് ഭൂമദ്ധ്യരേഖയുടെ നേരെ മുകളില്‍ നിന്ന് തെക്കോട്ടും വടക്കോട്ടും നീങ്ങി ഉദിക്കുന്നതാണ് അയനമായി കണക്കാക്കപ്പെടുന്നത്. ഉത്തരായണകാലത്ത് ഭൂമദ്ധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍ സൂര്യാംശു കൂടുതലായി പതിക്കുന്നതിനാല്‍ പകലിരവുകള്ക്കിടയിലെ അകലം കുറഞ്ഞ് പകല്‍ ദൈര്‍ഘ്യം കൂടുതലായി അനുഭവപ്പെടുന്നു. സ്നാനഘട്ടങ്ങളും യജ്ഞവേദികളും ആത്മീയതയുടെ സംഗമവേദിയായിത്തീരുന്നതും ഉത്തരായണകാലത്താണ്.
പൗരാണിക പ്രമാണമനുസരിച്ച് ദേവന്മാരുടെ ഒരു പകലാണ് ഉത്തരായനം. അതിനാല്‍ ദേവപ്രതിഷ്ഠ പോലുള്ള ശുഭകര്‍മ്മങ്ങള്‍ ഉത്തരായണത്തിലാണ് നടത്താറുള്ളത്. കര്മ്മത്തിന് പ്രാധാന്യമുള്ള കാലമായതിനാല്‍, കര്‍മ്മസാക്ഷിയായ സൂര്യദേവനെ മാതൃകയാക്കി കുടുതല്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ ഉത്തരായണകാലം പ്രേരണ നല്കുന്നു.
മധുവിദ്യയുടെ ആചാര്യനായ പ്രവാഹണ മഹര്‍ഷി ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തതായി ഛാന്ദോഗ്യോപനിഷത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശംഖാസുരനെ വധിച്ച ശേഷം മഹാവിഷ്ണു ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തതിനാല്‍ മകരസംക്രാന്തി ദിനം ഭാരതീയര്‍ക്ക് സ്നാന പുണ്യദിനമായി മാറി.
പിതൃമോക്ഷത്തിനായി ഭഗീരഥന് തന്റെ ഉജ്ജ്വല തപോബലത്താല്‍ ദേവഗംഗയെ ഭൂമിയിലേക്ക് ആനയിച്ചതും, മഹാവിഷ്ണു കൂര്‍മാവതാരം പൂണ്ടതും മകരസംക്രമദിനത്തിലാണ്. ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ സ്വച്ഛന്ദ മൃത്യു വരിക്കാന്‍ തിരഞ്ഞെടുത്തതും ഈ ഉത്തരായന കാലത്തെയാണ്. ബ്രഹ്മപ്രാപ്തിക്കായി മോക്ഷകാംക്ഷികള്‍ ആഗ്രഹിക്കുന്ന മോക്ഷകാലം കൂടിയാണിത്.
മകരസംക്രമ മഹോത്സവം ഭാരതം മുഴുവന്‍ വിവിധരീതികളിലായി ഉത്സാഹപൂര്‍വ്വം ആഘോഷിച്ചു വരുന്നു. ഉത്തരഭാരതത്തില്‍ ‘കിച്ചരി’, മാഘമേള എന്നീ പേരുകളില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു. ബംഗാളില്‍ ഭഗീരഥസ്മരണകളുണര്ത്തി ഗംഗാസാഗരത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ക്ക് പിതൃതര്‍പ്പണവും സ്നാനവും ചെയ്തുവരുന്നു. ലോകം മുഴുവനുള്ള തമിഴ് ജനത പൊങ്കല്‍ എന്ന മഹോത്സവത്തിലൂടെ പശുവിലും പ്രകൃതിയിലും ഈശ്വരനെ ദര്‍ശിച്ച് തങ്ങളുടെ മഹത്തായ പൈതൃകത്തെ സ്ഫുടം ചെയ്തുയര്ത്തുന്നതും ഈ ദിനത്തിലാണ്. ആന്ധ്രയില്‍ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവമാണിത്. പഞ്ചാബിലെ ലോഹ്രി മഹോത്സവം ചാണകവരളികള്‍ ജ്വലിപ്പിച്ച അഗ്നിയാല്‍ സൂര്യദേവനെ ആരാധന ചെയ്യുന്ന പവിത്ര സുദിനമാണ്. മഹാരാഷ്ട്രയില്‍ എള്ളും ശര്‍ക്കരയും ചേര്‍ന്ന മധുര പലഹാരങ്ങള്‍ പങ്കുവെച്ച് തിലസംക്രാന്തി ആഘോഷിക്കപ്പെടുന്നു. ഗുജറാത്തില്‍ സൂര്യഭഗവാന്റെ സന്നിധിയിലേക്ക് ഉയരാനുള്ള മോഹങ്ങളുമായി പട്ടം പറപ്പിക്കുന്ന ഉത്തരായന്‍ ഉത്സവങ്ങളും, ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളില്‍ മാഗ്ഗി, ഖിച്ഡി, പൗഷ് പര്ബോണ് എന്നീ വ്യത്യസ്ത പേരുകളിലായി മകരസംക്രമം ആഘോഷിച്ചു വരുന്നുണ്ട്.
മലയാളനാടിനെ സംബന്ധിച്ച് ദക്ഷിണഭാരതത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയിലെ ശ്രീധര്‍മ്മശാസ്താവ് തപസ്സില്‍ നിന്നുണരുന്ന പുണ്യദിനം കൂടിയാണിത്. അന്നേദിവസം തിരുവാഭരണങ്ങള്‍ ചാര്‍ത്തി ഭഗവാന് ദീപാരാധന നടത്തിയും പൊന്നമ്പല മേട്ടില്‍ മകര വിളക്ക് ദര്‍ശിച്ചും ഭക്തര്‍ സായൂജ്യം നേടുന്നു. മകരസംക്രമ സമയത്ത് ആകാശത്ത് മകരജ്യോതി തെളിയുന്നതോടു കൂടി അയ്യന്റെ പൂങ്കാവനം ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുന്നു.
പ്രകൃതിയിലും പുരുഷനിലും ഒരുപോലെയുള്ള സകാരാത്മക പരിവര്‍ത്തനമാണ് മകരസംക്രമം മുന്നോട്ടു വെക്കുന്ന മഹത്തായ ആശയം. നാടിന്റെ വൈവിദ്ധ്യതകള്ക്കിടയിലെ ഏകതയുടെ നേരടയാളം കൂടിയാണ് മകരസംക്രമം. ചുറ്റുപാടുകളുടെ മാറ്റം മനുഷ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തിന്റെ ഉത്തമോദാഹരണമാണ് ഇത്തരം ഉത്സവങ്ങള്‍.
വ്യക്തിനിര്‍മ്മാണത്തിലൂടെ സമാജപരിവര്ത്തനമെന്ന ശ്രേഷ്ഠപദ്ധതിയെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘവും മകരസംക്രമ മഹോത്സവത്തെ ശാഖകളില്‍ ആഘോഷിച്ചുവരുന്നു. നിശബ്ദവും നിതാന്തവുമായ പ്രവര്‍ത്തനത്തിലൂടെ സംഭവിക്കുന്ന സ്വാഭാവികവും ക്രമബദ്ധിതവുമായ പരിവര്‍ത്തനത്തിലൂടെ മാത്രമേ രാഷ്ട്രവൈഭവം സാദ്ധ്യമാവുകയുള്ളൂ എന്ന അടിസ്ഥാന തത്വത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഇക്കാലമത്രയുമുള്ള സംഘത്തിന്റെ ഓരോ കാല്വെയ്പ്പുമെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടു കൂടിയാണ് സംഘത്തിന്റെ ശാഖകളില്‍ വര്‍ഷം തോറും ആഘോഷിക്കുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നായി മകരസംക്രമം ഉള്‍പ്പെട്ടത്.
ശതാബ്ദിയിലേക്കു നീങ്ങുന്ന ദേശീയതയുടെ ഈ പ്രയാണം കാലാതിവര്‍ത്തിയും കാലാനുസൃത പരിവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ സുസജ്ജവുമാണ്. സാമാജിക പരിവര്‍ത്തന കാഴ്ചപ്പാടില്‍ പഞ്ചപരിവര്‍ത്തനമെന്ന മഹത്തായ ആശയത്തിനും അത് മുന്നോട്ടു വെക്കുന്ന കാലിക മൂല്യങ്ങള്‍ക്കും ഏറ്റവും അനുഗുണമായ ഈ കാലം, മകരസംക്രമ മഹോത്സവവും പരിവര്‍ത്തനത്തിന്റെ പുണ്യകാലമായ ഉത്തരായണ നാളുകളും സാമൂഹികമായി ഭാവാത്മക സ്വാധീനം ചെലുത്തുമെന്ന് പ്രത്യാശിക്കാം.