ആഗോള ഇസ്ലാമിക ഫണ്ടമെന്റലിസത്തിന്റെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുഖമായ ജമാഅത്തെ ഇസ്ലാമി കടുത്ത പിന്തിരിപ്പന്‍ നിലപാടുകള്‍ക്കും തീവ്രവര്‍ഗീയതയ്ക്കും പേരുകേട്ട സംഘടനയാണ്. മതമൗലികവാദിയായിരുന്ന അബുള്‍ അല മൗദൂദി ഈ സംഘടന സ്ഥാപിച്ചത് മുതല്‍ ഇന്നുവരെ നിലപാടുകളില്‍ ആ സംഘടന പുലര്‍ത്തിപ്പോന്നിരുന്ന ഇരട്ടത്താപ്പുകള്‍ പലതവണ വെളിച്ചത്തു വരികയും സാമൂഹിക വിചാരണയ്ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കിലും ഭാരതം, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളില്‍ പ്രത്യക്ഷത്തില്‍ പരസ്പര ബന്ധമില്ലാത്ത യൂണിറ്റുകളായിട്ടാണ് ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാ രൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതില്‍ തന്നെ ഭാരതത്തില്‍ ജമ്മു കാശ്മീരില്‍ മറ്റൊരു സ്വതന്ത്ര യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
കടുത്ത ഇസ്ലാമിക മതരാഷ്ട്രവാദമുന്നയിച്ചുകൊണ്ട് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ജമാഅത്തെ ഇസ്ലാമി പിന്നീട് പലവട്ടം തങ്ങള്‍ ആ നിലപാടില്‍ നിന്ന് പിന്നാക്കം പോയി എന്ന പച്ചക്കള്ളം പൊതുമണ്ഡലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയാണ് അവര്‍ ഇസ്ലാമിക രാജ്യം എന്നത് ഹുക്കുമത്തെ ഇലാഹി എന്നാക്കി മാറ്റിയത്. ഇസ്ലാമിക രാജ്യം എന്ന് പറയാതെ ദൈവരാജ്യം എന്ന് പറയുന്ന ഒരു വ്യാജ നിര്‍മ്മിതിയാണ് അത്.
ഇസ്ലാമിക രാജ്യത്തില്‍ അല്ലാത്തതുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വോട്ട് ചെയ്യുന്നതും സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പങ്കെടുക്കുന്നതും രാഷ്ട്ര ശരീരത്തിന് വേണ്ടി എന്തെങ്കിലും കാതലായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും ഉള്‍പ്പെടെയുള്ളവ നിഷിദ്ധമായി ആദ്യകാലങ്ങളില്‍ കരുതിപ്പോന്നിരുന്നു. അവര്‍ ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുപോയി. എങ്കിലും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങളില്‍ ഒരു വിഭാഗം മാനസികമായി അവരോട് അനുഭാവം പുലര്‍ത്തിയിരുന്നു. അങ്ങനെ നന്നേ നഷ്ടപ്പെട്ടുപോയ പൊതുസ്വീകാര്യത വീണ്ടെടുക്കാനുള്ള കുതന്ത്രങ്ങളുടെ ഭാഗമായിട്ടാണ്, ഇസ്ലാമിക രാജ്യം എന്ന മൗദൂദിയുടെ നിലപാടില്‍ നിന്ന് അവര്‍ ആദ്യം പിന്നാക്കം പോയത്. ഭാരതവര്‍ഷത്തിന്റെ ഭാഗമായിരുന്ന പാകിസ്ഥാനിലും ബംഗ്ലാദേശിലും അത്യന്തം അപകടകരമായ രീതിയില്‍ ഈ വര്‍ഗീയ സംഘടന രാഷ്ട്രീയത്തില്‍ ഇടപെട്ടു വരുന്നു. ഭാരതത്തില്‍ പക്ഷേ ഇവരുടെ തന്ത്രങ്ങള്‍ ഒന്നും ഫലിച്ചിരുന്നില്ല. അങ്ങനെയാണ് 1980കള്‍ക്ക് ശേഷം അവര്‍ ആട്ടിന്‍തോലിട്ട ചെന്നായയെപ്പോലെ മതരാഷ്ട്രവാദം അട്ടത്തുവച്ച ശേഷം, ജനാധിപത്യത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ടത്.
നിലവില്‍ ജമാഅത്തെ ഇസ്ലാമി ഏറ്റവും സക്രിയമായ ഇടപെടലുകള്‍ നടത്തുന്നത് കേരളത്തിലാണ്. കേരളത്തെ ആവേശിച്ചിരിക്കുന്ന ഇടത് വലത് മുന്നണികള്‍ പല സാഹചര്യങ്ങളിലും ജമാഅത്തെ ഇസ്ലാമിയുടെ മുന്നില്‍ മുട്ടുകാലിലിഴയുന്ന കാഴ്ച നമ്മള്‍ കണ്ടിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ 2016ലെ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി തന്നെ സഹായിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവായ കെ. മുരളീധരന്‍ പരസ്യമായി സമ്മതിച്ചിരുന്നു. മറ്റ് പല സാഹചര്യങ്ങളിലും പല തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ തങ്ങള്‍ സഹായിച്ചിട്ടുണ്ട് എന്ന് ജമാഅത്തെ ഇസ്ലാമിയും അവരുടെ സഹായം തങ്ങള്‍ തേടിയിട്ടുണ്ട് എന്ന് ഇടതുപക്ഷവും സമ്മതിച്ചിട്ടുള്ളതുമാണ്. ജമാഅത്ത് ഇസ്ലാമിക്ക് ആഗോളതലത്തിലെ ഓരോ സംഭവവികാസങ്ങളെ കുറിച്ചും പ്രത്യേക നിലപാടുകള്‍ ഉണ്ടെന്നും അവ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ചില നിലപാടുകളോട് യോജിപ്പുണ്ടെന്നും ആ രീതിയില്‍ അവര്‍ സ്വീകാര്യമാണെന്നും ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് ഒരു പത്രസമ്മേളനത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയത് അന്ന് വിവാദമായിരുന്നു.
ഇതിന്റെയൊക്കെ ചുവടുപിടിച്ചാണ്, പരിസ്ഥിതി, ദളിത്, വികസനം, കൃഷി, സാമ്പത്തികം, മൈക്രോ ഫിനാന്‍സ് ഇങ്ങനെയൊക്കെയുള്ള ചില പ്രത്യേകവിഷയങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളിലും സാമൂഹികാസ്വസ്ഥതകളിലും നുഴഞ്ഞുകയറി മുതലെടുക്കുന്ന രീതി കേരളത്തിലെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. അത്തരത്തിലുള്ള ചില മുതലെടുപ്പുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അവരുടേതായി പുറത്തുവന്നിരുന്ന വാര്‍ത്താമാധ്യമങ്ങളില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ കൊടുക്കുകയും, ജമാഅത്തെ ഇസ്ലാമി എന്തോ പുരോഗമനപരമായ ഒന്നാണ് എന്ന ധാരണ പൊതുജനമധ്യത്തില്‍ പടര്‍ത്തുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. അതിനായി സോളിഡാരിറ്റി പോലെയുള്ള മൂടുപട സംഘടനകളെ അവര്‍ നന്നായി ഉപയോഗപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ അമീര്‍ ആയിരിക്കുന്ന മുജീബ് റഹ്മാന്‍ ജമാഅത്ത് ഇസ്ലാമിക് ഇപ്പോള്‍ മതരാഷ്ട്ര വാദമില്ല എന്ന് അവകാശപ്പെടുകയുമുണ്ടായി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുജീബ് റഹ്മാന്റെ ഈ കൈകഴുകലുണ്ടായത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്ലാമിക വര്‍ഗീയതയുടെ അപ്പോസ്തലനായ അബുള്‍ അല മൗദൂദി എന്ന മതഭ്രാന്തനായ അതിന്റെ സ്ഥാപകനെ ഒരു വേള മുജീബ് റഹ്മാന്‍ തള്ളിപ്പറയുക പോലുമുണ്ടായി. അതിനെ തുടര്‍ന്ന് രാഷ്ട്രീയ രംഗത്ത് ചില ചര്‍ച്ചകളും നടന്നു.
2015 നു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന പുതുക്കി എന്നും മതരാഷ്ട്രവാദത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നില്ല എന്നും അന്നത്തെ അമീര്‍ വ്യാജ അവകാശവാദം ഉന്നയിച്ചിരുന്നു. ആ തലത്തിലാണ് കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഇവരുമായുള്ള സഖ്യത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തപ്പെട്ട മറ്റൊരു പ്രസംഗത്തില്‍ അബുള്‍ അല മൗദൂദിയുടെ കടുത്ത നിലപാടില്‍ നിന്ന് തങ്ങള്‍ ഒരിഞ്ചുപോലും പിന്നോട്ട് പോയില്ല എന്ന് വ്യക്തമാക്കുകയാണ് ജമാഅത്തെ ഇസ്ലാമി. ആ സംഘടനയുടെ താത്വിക ആചാര്യനും ഇസ്ലാമിക വര്‍ഗീയതയുടെ പ്രയോക്താവുമായ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് നടത്തിയ ഏറെ പഴയത് അല്ലാത്ത ഒരു പ്രഭാഷണം ആണ് ജമാഅത്ത് ഇസ്ലാമിയുടെ ഇരട്ടത്താപ്പ് പൊളിച്ചുകാട്ടുന്നത്. ആരാധന പൂര്‍ത്തിയാക്കണമെങ്കില്‍ പോലും ഇസ്ലാമിക് രാഷ്ട്രം വരണമെന്നും മഹല്ലും ഹിലാല്‍ ഹിജ്‌റ കമ്മറ്റിയും ഒക്കെ ഇസ്ലാമിക രാഷ്ട്രം വരുന്നതുവരെയുള്ള താത്കാലിക സംവിധാനം മാത്രമെന്നും ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറയുന്നു.
അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. അവിടെ അവര്‍ മതേതര മേലങ്കി കൈകൊണ്ട് തൊടാറില്ല. പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അമുസ്ലീങ്ങളെ കൊന്നൊടുക്കുവാന്‍ ഈ രണ്ട് അയല്‍ രാജ്യങ്ങളിലെയും ജമാ അത്തെ ഇസ്ലാമികള്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. ഭാരതത്തില്‍ ഇസ്ലാമിക ഭൂരിപക്ഷം ഇല്ലാത്തത് കൊണ്ട് മാത്രമാണ് പതുങ്ങി നില്‍ക്കുന്നത് എന്ന് വ്യക്തം. ഇവരുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന സിമി അതീവ തീവ്രവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധിക്കപ്പെട്ടത്. സിമി നേതാക്കള്‍ ചേര്‍ന്ന് എന്‍.ഡിഎഫും പിന്നീട് പോപ്പുലര്‍ ഫ്രണ്ടും രൂപീകരിച്ചു. ഇവ രണ്ടും വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ടു.
വിശ്വാസം ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നുള്ള പൊതു വിശ്വാസത്തെ ജമാ അത്തെ ഇസ്ലാമി നിരാകരിക്കുന്നു. വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, സമൂഹങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലും അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കപ്പെടുക എന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ മൗലികമായ ലക്ഷ്യം. ജമാഅത്തിന്റെ പ്രഥമ ഭരണഘടന പ്രകാരം ഹുകൂമത്തെ ഇലാഹിയുടെ (ദൈവിക ഭരണം) സംസ്ഥാ പനത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. പരമാധികാരം ജനങ്ങള്‍ക്ക് നല്‍കുന്നത് അനിസ്ലാമികമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നു. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കാത്ത ഒരു ഭരണകൂടം ഇസ്ലാമിന്റെ നിഷേധമാണ്. അതുകൊണ്ടു തന്നെ അത്തരമൊരു ഭരണസംവിധാനം ഒരിക്കലും പൊറുപ്പിക്കാവതല്ലെന്ന് ജമാഅത്ത് സിദ്ധാന്തിക്കുന്നു. എന്നാല്‍ ഈ ഭരണഘടന മാറ്റിമറിച്ചു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇസ്ലാമിക രാജ്യ വാദത്തെ നിരാകരിച്ചുകൊണ്ട് ഇന്നേ വരെ ആ സംഘടനാ ഏതെങ്കിലും പ്രമേയമോ തീരുമാനമോ പുറത്തിറക്കിയിട്ടില്ല.
ഇത് പച്ചയായ മതമൗലികവാദവും അമുസ്ലീങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയുമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ള ഈ വര്‍ഗീയ സംഘടനയുമായി ഒളിവിലും തെളിവിലും സഖ്യമുണ്ടാക്കാനാണ് കേരളത്തിലെ ഇടതു വലത് മുന്നണികള്‍ ശ്രമിക്കുന്നത്. അങ്ങിനെ സഖ്യമുണ്ടാക്കുക വഴി ഈ മുന്നണികള്‍ ഇസ്ലാമിക വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണെന്നു ജനം മനസ്സിലാക്കുന്നുണ്ട്.