തിരുവനന്തപുരം : രാജ്യത്തെ നയിക്കുന്ന നാരീശക്തിയുടെ മകുടോദാഹരണമാണ് കവയിത്രി സുഗതകുമാരിയുടെ ജീവിതമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള സുഗതസൂക്ഷ്മവനം പരിപാടി കൊല്ലം ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണത്തിനും പ്രകൃതിസംരക്ഷണത്തിനും സമർപ്പിച്ച ജീവിതമായിരുന്നു സുഗതകുമാരിയുടേതെന്നും അദ്ദേഹം പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിനും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ പ്രധാന പങ്കുവഹിച്ചു. സാഹിത്യ രംഗത്തെ സുഗതകുമാരിയുടെ സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗതനവതിയുടെ ഭാഗമായി ആറന്മുള പൈതൃക ട്രസ്റ്റ് ഒരു തൈ നടാം പരിപാടിയിലൂടെ രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 12000 ത്തോളം വൃക്ഷത്തൈകൾ നട്ടു. ഇത് സുഗതകുമാരിയോടുള്ള ആദരവിന്റെ മികച്ച ഉദാഹരണമാണെന്നും കേന്ദ്രസഹമന്ത്രി പറഞ്ഞു. സുഗതനവതി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര സഹമന്ത്രി പ്രശംസിച്ചു. ലൈഫ് മിഷൻ, ഏക് പേട് മാ കെ നാം, ദേശീയ ശുദ്ധ വായു ദൗത്യം തുടങ്ങി പ്രകൃതിസംരക്ഷണത്തിനായുള്ള നിരവധി കേന്ദ്ര ഗവണ്മെൻ്റ് സംരംഭങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. 2021 നെ അപേക്ഷിച്ച് രാജ്യത്തിന്റെ വനവിസ്തൃതിയിൽ 1445 ച. കി. വർദ്ധനവുണ്ടായതായും കേന്ദ്രസഹമന്ത്രി വ്യക്തമാക്കി.
വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണ്. 2047 ൽ സ്വാതന്ത്രത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ എല്ലാ മേഖലകളിലും ലോകത്തിലെ പ്രബല ശക്തിയായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
സുഗതവനം സൂക്ഷ്മവനം ആശയത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ മന്ത്രി വൃക്ഷത്തൈ നട്ടു. വിദ്യാർത്ഥികൾ സുഗതകുമാരിയുടെ കവിത ആലപിക്കുകയും, കവിതയുടെ നൃത്താവിഷ്കാരം അവതരിപ്പിക്കുകയും ചെയ്തു.
മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, മുൻ എം.എൽ.എ. അഡ്വ കെ. പ്രകാശ് ബാബു, ആവണീശ്വരം പദ്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഡോ. മീര ആർ നായർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം അമൃതപുരി ക്യാമ്പസിലെ അമൃത വിശ്വ വിദ്യാപീഠത്തിൽ നടന്ന സുഗത നവതി പരിപാടിയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു.