രാവിലെ ഉമ്മറത്തിരുന്ന് പത്രം മറിച്ചു നോക്കുകയായിരുന്നു ഞാന്‍. ഗേറ്റില്‍ ഒരു ശബ്ദം കേട്ട് നോക്കി. കൊമ്മേരി സോമനാണ്. കൂടെ പാളയത്ത് ഡി.ടി.പി സെന്റര്‍ നടത്തുന്ന ശിവനും ഉണ്ട്. തിരുവാതിരക്കാലത്താണ് പതിവായി സോമന്റെ വരവ്. പുള്ളി എസ്.എന്‍.ഡി.പി. പ്രവര്‍ത്തകനാണ്. രാവിലെ തന്നെ കുളിച്ചു കുറി തൊടും. അതിനാല്‍ മുഖത്ത് ഒരു ഐശ്വര്യമൊക്കെ ഉണ്ട്. തിരുവാതിരയ്ക്ക് പുള്ളിക്കാരന്റെ പ്രദേശത്ത് വിശേഷാല്‍ ഉത്സവം, സ്റ്റേജ്
പരിപാടികള്‍ ഉണ്ട്. അതിലേക്കുള്ള സംഭാവനയ്ക്കാണ് വരവ്.
‘ങാ സോമാ വരൂ. രണ്ടാളും ഇരിക്കൂ’ എന്ന് പറഞ്ഞു ഞാന്‍ ഉള്ളിലേയ്ക്ക് ക്ഷണിച്ചു. റെസീപ്റ്റ് ബുക്ക് ഒളിച്ചു പിടിച്ചു സോമന് ഇരുന്നു.
‘എന്തൊക്കെയുണ്ട് വിശേഷം? ശിവഗിരിയില്‍ സര്‍വ്വ മത പ്രാര്‍ത്ഥനാലയം വരുന്നു എന്ന് കേട്ടു.’
സോമന് ചിരിച്ചു.
‘ങാ ശിവഗിരി സ്വാമിമാര്‍ വത്തിക്കാനില്‍ പോയി പോപ്പിനെ കണ്ടു എന്ന വാര്‍ത്ത വായിച്ചു.’
‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നിന്ന് ‘ദൈവത്തിന്റെ നാട്ടി’ലേയ്ക്ക് ഒരു യാത്ര അല്ലേ?’
‘അതെന്താ?’
‘വത്തിക്കാന്‍ ഒരു തിയോക്രറ്റിക്ക് സ്റ്റേറ്റാണ്, ദിവ്യാധിപത്യ സ്റ്റേറ്റ്. ദൈവത്തിന്റെ അധീനതയിലുള്ള നാട് തന്നെ.’
‘ഹ..ഹ.. ഇവിടെ’ ‘ദൈവത്തിന്റെ സ്വന്തം നാട്’ പരസ്യവാചകമാണ്. ആളുകള്‍ അധികവും ദൈവനിഷേധികളും. അവിടെ അങ്ങനെയല്ല ഇത്ര കപടതയില്ല.’
സോമന് പ്രതിവചിച്ചു.
‘ശരിയാണ്. അവിടത്തെ നിവാസികളെ ക്ലെര്‍ജി, ഹോളിമെന് എന്നൊക്കെ പറയുമെങ്കിലും നമ്മുടെ സന്യാസിമാരെ എന്ത് വിളിച്ചുവോ എന്തോ? പാശ്ചാത്യര്‍ പൊതുവെ നമ്മുടെ സന്യാസിമാരെ ‘ഹോളിമെന്’ പുണ്യപുരുഷന്മാര് എന്ന് പറയില്ല. ഏറിയാല്‍ ഹെര്‍മിറ്റ്, മെന്ഡിക്കന്ഡ് (ഭിക്ഷാംദേഹി) എന്നേ പറയൂ.
മാര്‍ക്സ് മതത്തിന്റെ പുണ്യാളച്ചന് കാള്‍ മാര്‍ക്സ് കാഷായ വസ്ത്രധാരികളെ ‘പിച്ചക്കാര്’ എന്നേ വിളിച്ചിട്ടുള്ളു. അത് പോട്ടെ. ഇപ്പൊ സന്യാസി എന്ന് എല്ലാവരും പറയും. എന്നാലും നമ്മുടെ പുണ്യാത്മാക്കളെ അവര്‍ ഗോഡ്മെന്‍ – ആള്ദൈവമെന്നേ പറയൂ. അതിലൊരു കുത്തലുമുണ്ട്.’
‘എന്തായാലും നല്ലത്. പോയി വത്തിക്കാന്‍ കണ്ടുവല്ലോ’ ശിവന് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ഒന്നും അറിയാന്‍ താല്‍പ്പര്യമില്ലാത്ത പോലെ സോമന് പറഞ്ഞു.
‘ആരോ ആവട്ടെ.. മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്നല്ലേ ഗുരുദേവന് പറഞ്ഞത്.’
‘അത് മതപരിവര്‍ത്തനം തകൃതിയില്‍ നടക്കുമ്പോഴായിരിക്കണം. ഇതിപ്പോള്‍ മനുഷ്യന് ചീത്തയായാലും വേണ്ടില്ല മതങ്ങള്‍ ഒന്നായാല്‍ മതി എന്ന പോലെയായി. സര്‍വ്വമത പ്രാര്‍ത്ഥനാലയം.’
‘അത് ശരിയാ. സനാതനധര്‍മ്മത്തെ ഏതോ കീടബാധ പോലെ കണക്കാക്കി ഉന്മൂലനം ചെയ്യണം എന്നൊക്കെ ഓരോരുത്തര് വാദിച്ച സമയത്ത് ‘അങ്ങനെയൊന്നും പറയരുതേ’ എന്ന് പറയാന്‍ ആരെയും കണ്ടില്ല. എല്ലാ അന്യമതസ്ഥരും സന്തോഷിക്കുകയായിരുന്നു.’ ശിവന് തന്റെ അപ്രിയം വ്യക്തമാക്കി.
‘അല്ലെങ്കിലും വിഗ്രഹാരാധന ഘോര പാപം എന്ന് പ്രചരിപ്പിക്കുകയും കാഫിറുകളെ കണ്ടിടത്ത് വെച്ച് വധിക്കുകയും അവരോടു ക്രൂരമായി പെരുമാറുകയും വേണമെന്ന് പറയുന്ന ഒരു വാക്കെങ്കിലും മാറ്റാതെ തിരുത്താതെ എങ്ങനെ സര്‍വ്വ ധര്‍മ്മ പ്രാര്‍ത്ഥനാലയം സാധ്യമാവും?’
‘അങ്ങനെയൊക്കെ ഗ്രന്ഥത്തില്‍ ഉണ്ടോ?’ സോമന് സംശയം.
‘വായിച്ച് നോക്കണം മിസ്റ്റര്‍. ഇപ്പോള്‍ വിവരങ്ങള്‍ വിരല്‍ത്തുമ്പിലാണ്. നെറ്റ് വഴി എല്ലാവരും വായിക്കുന്നുണ്ട് അത് മനസ്സിലാക്കി ഈയിടെയായി തര്‍ജ്ജമയില്‍ കാര്യമായ മാറ്റം കാണുന്നുണ്ട്. എങ്കിലും ഒറിജിനലില്‍ മാറ്റം സാധ്യമല്ലല്ലോ. വിഗ്രഹാരാധന ക്രിസ്ത്യാനികള്‍ക്കും നിഷിദ്ധമാണ്. അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ച ഗുരുദേവനോട് ഇപ്പോള്‍ പ്രത്യേകിച്ച് മമതയും സ്നേഹവും കൂടാന്‍ കാരണം എന്താ? ഗൂഢോദ്ദേശ്യം വല്ലതുമുണ്ടോ അറിയില്ല.’
‘പണ്ട് അവര്‍ക്ക് അങ്ങനെ മമത ഉണ്ടായിരുന്നില്ലേ?’
‘ഘര്‍ വാപസി നടത്തിയ ഗുരുദേവനെ അവര്‍ ഇഷ്ടപ്പെടുമെന്നു കരുതുന്നുണ്ടോ?’
‘അതെപ്പോഴാ നടന്നത്?’
‘കണ്ടോ വായന ഇല്ലാത്തവരാണ് ഹിന്ദുക്കളില്‍ ഭൂരിപക്ഷവും. സ്വന്തം ഗ്രന്ഥങ്ങള്‍ വായിക്കുകയില്ല. അന്യന്റെ ഗ്രന്ഥങ്ങള്‍ ഒട്ടും വായിച്ചു നോക്കില്ല. നമ്മുടെ സ്വാമിമാര്‍ക്ക് പോലും പൂര്‍വ്വപക്ഷ പഠനം തീരെ ഇല്ല. അതുകൊണ്ടു പല അബദ്ധത്തിലും ചെന്ന് ചാടും. എം.കെ.സാനുമാഷ് എഴുതിയ ഗുരുദേവന്റെ ജീവചരിത്രം എല്ലാവരും വായിക്കേണ്ടതാണ്.’
‘അതില്‍ ഈ ഘര്‍ വാപസി ഉണ്ടോ?’
‘തീര്‍ച്ചയായും. കണ്ണൂര്ക്കാരന് ഒരാള്‍ ക്രിസ്തുമതം സ്വീകരിച്ചു. കുറെ കഴിഞ്ഞു അയാള്‍ക്ക് മടുത്തു. മടങ്ങി വരണം എന്ന് തോന്നി. പക്ഷെ സ്വന്തം വീട്ടുകാര്‍ സ്വീകരിച്ചില്ല. അദ്ദേഹം ഗുരുവിനെ സമീപിച്ചപ്പോള്‍ ഗുരു വീട്ടുകാരെ വിളിച്ച് വരുത്തി അനുനയിപ്പിച്ചു, സ്വീകരിപ്പിച്ചു. മതം മാറ്റി. അതുപോലെ നെയ്യാറ്റിന്‍കരയില്‍ ക്രിസ്ത്യാനികളായി മാറിയ കുറച്ച് കുടുംബങ്ങള്‍ ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന പരിഷ്ക്കാരം കൊണ്ട് സമുദായത്തിന് പുരോഗതി ഉണ്ട് എന്ന് കണ്ട് തിരികെ വരാന്‍ ആഗ്രഹിച്ചു, ഗുരു അവരെയും ഹിന്ദുമതത്തില്‍ തിരികെ കൊണ്ടുവന്നു. ഗുരുവിന് വേണമെങ്കില്‍ മതമേതായാലെന്താ? എന്ന് പറയാമായിരുന്നു. പറഞ്ഞില്ല.’
‘ഉം..’
സോമനും ശിവനും കാര്യങ്ങള്‍ ഗ്രഹിച്ചെന്നു തോന്നി. അപ്പോള്‍ ഞാന്‍ ചോദിച്ചു.
‘അല്ലാ.. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ഒന്ന് തന്നെയാണോ? എന്താ സോമന്റെ അഭിപ്രായം?’
‘നന്മ എല്ലാറ്റിലും ഉണ്ടല്ലോ. പിന്നെ ചീത്ത ആളുകളും എല്ലാറ്റിലും ഉണ്ട്.’
‘അതുകൊണ്ട് ഒരു പോലെയാവുമോ? ആളുകളെപ്പറ്റിയല്ല ചോദിച്ചത്. മതദര്‍ശനങ്ങള്‍, അത് ഒരു പോലെയാണോ?’
അതിനു ശിവനാണ് മറുപടി പറഞ്ഞത്.
‘അല്ലേയല്ല. ദിവസത്തില്‍ അഞ്ചു പ്രാവശ്യം എന്റെ ദൈവമല്ലാതെ വേറെ ദൈവമില്ലെന്ന് പറയുന്നതും എല്ലാറ്റിലും ദൈവമുണ്ട്, സര്‍വ്വേ ഭവന്തു സുഖിനഃ എന്ന് പറയുന്നതും ഒരു പോലെയല്ലല്ലോ.’ ശിവന് തറപ്പിച്ച് പറഞ്ഞു.
‘ശരിയാണ്. ഈ വ്യത്യാസത്തെ അംഗീകരിക്കുന്നവരോടൊപ്പം മാത്രമേ സത്യത്തില്‍ ഒന്നിച്ചിരുന്ന് പ്രാര്ത്ഥനപാടൂ. അല്ലെങ്കില്‍ പാമ്പും തവളയും കഥ പോലെയാവും.’
‘അതെന്താ?’
‘പഞ്ചതന്ത്ര കഥ. ഒരിക്കല്‍ ഒരു പാമ്പിന് വയസ്സായി. ഇര തേടി ഇറങ്ങാന്‍ വയ്യാതായി. അപ്പോള്‍ അതിന് ഒരാശയം തോന്നി. ധാരാളം തവളകളുള്ള ഒരു കുളത്തിന് കരയില്‍ ചെന്ന് അനങ്ങാതെ ഇരിപ്പായി. ആദ്യമാദ്യം തവളകള്‍ പേടിച്ച് മാറി നിന്നെങ്കിലും ഈ പാമ്പ് ഉപദ്രവകാരിയല്ലെന്ന് തോന്നിയതിനാല്‍ പതിയെ അടുത്ത് ചെന്ന് എന്താ ഇത്ര ദുഃഖിച്ചിരിക്കുന്നത് എന്ന് തിരക്കി. പാമ്പ് ഉടനെ ഒരു കഥ പറഞ്ഞു. ഞാന്‍ ഒരിക്കല്‍ ഒരു ബ്രാഹ്മണന്റെ കുട്ടിയെ കടിച്ചു. ബ്രാഹ്മണന് എന്നെ ‘ഭസ്മമായി പോകട്ടെ’ എന്ന് ശപിച്ചു. ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചു. ബ്രാഹ്മണന് ഇങ്ങനെ ഉപദേശിച്ചു: നീ ധാരാളം തവളകള്‍ക്ക് സേവനം ചെയ്താല്‍, അവരെ സേവിച്ചാല്‍ ശാപത്തില്‍ നിന്ന് രക്ഷപ്പെടും. അതിനാല്‍ ഞാന്‍ തവളകളുടെ സേവകനായി ജീവിച്ച് പോരുകയാണ്. ഇവിടെയും നിങ്ങളെ ഞാന്‍ സേവിക്കാന്‍ വന്നതാണ്. തവളകള്‍ രാജാവിനോട് പോയി കാര്യം പറഞ്ഞു. രാജാവ് വന്നു പാമ്പിനെ കണ്ടു ഏതുവിധത്തിലാണ് ഞങ്ങളെ നിനക്ക് സേവിക്കാന്‍ സാധിക്കുക എന്ന് ചോദിച്ചു. തവള പറഞ്ഞു, എന്റെ പുറത്ത് കയറി യാത്ര ചെയ്യൂ, ഞാന്‍ രസിപ്പിക്കാം. തവളരാജാവ് ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് കരുതി പാമ്പിന്റെ പുറത്ത് കയറി. പാമ്പ് തവളയുമായി വെള്ളത്തിലേക്ക് ഊളിയിട്ട് പോയി പല അഭ്യാസങ്ങളും കാട്ടി. രാജാവിനു നന്നായി രസിച്ചു. മറ്റു തവളകളും ആ രസം അനുഭവിക്കാന്‍ വരിവരിയായി നിന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പാമ്പ് ക്ഷീണിതനായി കിടന്നു. രാജാവ് വന്ന് അന്വേഷിച്ചപ്പോള്‍ പാമ്പ് പറഞ്ഞു ഞാന്‍ ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായി. അതിനു എന്തെങ്കിലും പരിഹാരം കണ്ടാലേ ഇനി സേവനം തുടരാനാവൂ. അത് കേട്ട് രാജാവ് കല്പ്പിച്ചു ദിവസവും ഒരു തവള പാമ്പിന്റെ ഭക്ഷണമാവണം എന്ന്. അങ്ങനെ പാമ്പിന് കുശാലായി. താമസിയാതെ കുളത്തിലെ തവളകള്‍ ഇല്ലാതെയായി.’
‘നല്ല കഥ. ചുരുക്കത്തില്‍ സര്‍വ്വ മത പ്രാര്‍ത്ഥനാലയം ഇവിടെയാവാം, അതുപോലെ അവിടെയും ആവാം അല്ലെ? എന്ന് ചോദിച്ചു നോക്കണം. അല്ലെ’
‘ശിവാ യു ഗോട്ട് ഇറ്റ്’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ രണ്ടാളും കുലുങ്ങി ചിരിച്ചു. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച നീലച്ചായ കുടിച്ച് രണ്ടാളും എഴുന്നേറ്റു. അപ്പോള്‍ ഇത്രയും കൂടി ഞാന്‍ പറഞ്ഞു.
ഗുരുദേവന്റെ ‘ബ്രഹ്മൈവാഹം തദ് ഇദം ബ്രഹ്മൈവാഹം അസ്മി’ എന്ന വേദാന്ത സൂത്രത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയവരുണ്ടെങ്കില് അവര്‍ ആരായാലും അവിടെയിരുന്ന് പ്രാര്‍ത്ഥിച്ചോട്ടെ. അല്ലാത്ത സര്‍പ്പ സമാന സൂത്രക്കാരെ സൂക്ഷിക്കണം.