ഇക്കൊല്ലത്തെ വിജയദശമി സന്ദേശത്തില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ആനുകാലികങ്ങളായ ചില സമസ്യകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഈ വിഷയങ്ങളെ (വോക്കിസം, ഡീപ്പ് സ്റ്റേറ്റ്, സിറ്റി നക്‌സലിസം, കള്‍ച്ചറല്‍ മാര്‍ക്‌സിസം തുടങ്ങിയവ) പ്രതിരോധിക്കുന്നതിനായി ‘പഞ്ചപരിവര്‍ത്തന്‍’ എന്ന ശീര്‍ഷകത്തോടെ ചില ഉപായങ്ങളും മുന്നോട്ട് വെച്ചു. (പൗരധര്‍മ്മം, പര്യാവരണ്‍/പരിസ്ഥിതി, സ്വദേശി, കുടുംബപ്രബോധന്‍, സാമൂഹിക സമരസത). ആധുനിക സമൂഹത്തില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്നായ ‘വോക്കിസം’ എന്ന ‘ഇസം’ ഏത് അര്‍ത്ഥത്തിലും, സാഹചര്യത്തിലുമാണ് ആഫ്രോ-അമേരിക്കന്‍ നാടുകളില്‍ ഉയര്‍ന്നുവന്നതെന്ന സത്യവും, ഏതൊക്കെത്തരം മിഥ്യാധാരണകളിലാണ് ഭാരതത്തില്‍ ഇത് ചെലവാവുന്നതെന്നും പരിശോധിക്കുന്നത് സംഗതമായിരിക്കും.
‘വോക്കിസം’ എന്നത് ഒരു ആശയപരമായ മുന്നേറ്റമാണ്. പ്രത്യയശാസ്ത്രപരമായ നിര്‍വ്വചനം ഇല്ലെങ്കിലും, ഉണര്‍ന്നിരിക്കുന്ന സംസ്‌കാരമാണ്. സാമൂഹിക അനീതി, ലിംഗ അസമത്വം, വംശീയ വിവേചനം, പാര്‍ശ്വവല്‍ക്കരണം മുതലായ സാമൂഹ്യ അനീതികള്‍ക്കെതിരെ, ന്യായത്തിന്റെ കൂടെ നില്‍ക്കുന്നതിനും, അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുമുള്ള ഒരു കൂട്ടായ ഉദ്യമം എന്ന നിലയില്‍ ‘വോക്കിസ’ത്തെ കണക്കാക്കാം. കൂടാതെ, സഹാനുഭൂതി, സാമൂഹ്യവും രാഷ്ട്രീയവുമായ ഉള്‍ക്കൊള്ളല്‍ (inclusiveness),, വിവിധ വീക്ഷണങ്ങളെകുറിച്ചുള്ള അവബോധം ഇതെല്ലാം ഇവരാല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുമ്പ് സൂചിപ്പിച്ച, സാമൂഹികപ്രശ്‌ന പരിഹാരാര്‍ത്ഥമുള്ള പോരാട്ടങ്ങള്‍, ആനുകാലിക വ്യവസ്ഥിതികളിലെ പോരായ്മകള്‍ ഇവ മനസ്സിലാക്കി, സമൂഹത്തിന്റെ നല്ല ഭാവിക്കായി പ്രവര്‍ത്തിക്കുക കൂടിയാണ് ലക്ഷ്യമെന്ന് ഇതിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വോക്കിസത്തിന്റെ പ്രവര്‍ത്തനശൈലി, എപ്പോഴും ഒളിഞ്ഞതരത്തിലെങ്കിലും, വളരെ ശക്തവും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമാണ്. ഈ ആശയം വളരെ പുരോഗമനപരവും സ്വതന്ത്രവുമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ, മുന്‍വിധിയോടെ വൈകാരികമായി വീക്ഷിക്കുന്ന ഒരു ആശയമായോ, മുന്നേറ്റമായോ, ഇതിനെ മനസ്സിലാക്കുന്നു (ഈ വരികളിലൂടെയാണ്, ഇതിന്റെ പ്രവര്‍ത്തനത്തെ, ഭാരതത്തിന്റെ പരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കേണ്ടത്).
വോക്കിസം ഉരുത്തിരിഞ്ഞത്, ആഫ്രിക്കന്‍-അമേരിക്കന്‍ വെര്‍ണാക്കുലര്‍ ഇംഗ്ലീഷില്‍ നിന്നാണ്. മേല്‍ സൂചിപ്പിച്ച രീതിയിലുള്ള സാമൂഹ്യപ്രശ്‌നപരിഹാര മുന്നേറ്റമായി അവര്‍ അവിടെ ഉപയോഗിച്ചുതുടങ്ങി. 2017ല്‍ മാത്രമാണ് ഈ വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ ഇടംപിടിച്ചത്.(Woke (adj) originally Well informed, up to date, Non chiefly alert to racial or social discrimination and injustice, frequently stay woke). Collins Dictionary പറയുന്നത്: people use the terms wokeism and wokery when they think that people who are very concerned with social and political unfairness are too extreme and have too much influence in society. Encyclopedia Britannica പറയുന്നത് – ‘”the promotion of liberal progressive ideology and politics as a way to address systemic injustices and prejudices. It is usually used in a disparaging way. Oxford ഇംഗ്ലീഷ് നിഘണ്ടു തന്നെ, വോക്കിസത്തെ വീണ്ടും വീശദീകരിക്കുന്നത് -“”Wokeism is a noun that means progressive or left wing attitudes or practices that are viewed as self-righteous, doctrinaire, insincere or pernicious. If is often used in a depreciative way.” ‘ ചുരുക്കത്തില്‍, ഈ മൂന്ന് നിഘണ്ടുവിലും, വോക്കിസത്തിന്റെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുകയും, കാലക്രമേണ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനരീതികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായും കാണാം. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഏറെയാണ്.
അമേരിക്കന്‍ ചരിത്രകാരന്‍ വോക്കിസത്തിനെ വിമര്‍ശിച്ചിരിക്കുന്നത് as the modern day equivalent of ‘Jacobinism’ referring to the bloodiest, most radical period of the French Revolution known as the “Reign of Terror” എന്നാണ്. കൂടാതെ ഇത് കടുത്ത ഇടതുപക്ഷ ആശയത്തില്‍ ഉന്നിയ ആള്‍ക്കൂട്ട ഭരണമാണ്….; വേറെ ചില വിമര്‍ശകര്‍ ഈ നീക്കത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതായി കാണുന്നു. അവരില്‍ ഒന്ന് അമേരിക്കയിലെ ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ ആയ Ron Desantis, 2021 ല്‍ ഒരു നിയമം പാസ്സാക്കി, വോക്കിസത്തെ എതിര്‍ത്തു (Stop W.O.K.E. Law). കൂടാതെ Elon Musk എന്ന പേരുകേട്ട ബിസിനസ്സുകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്,”Woke is an advancing foe to be stain or rampant virus to be wiped out.”
വാസ്തവത്തില്‍ വോക്കിസത്തിന്റെ പ്രചുരപ്രചാരത്തിന് വഴിയൊരുക്കിയ കാരണങ്ങളും സംഭവങ്ങളും പലതാണ്. 2013ല്‍ അമേരിക്കയില്‍ ആരംഭിച്ച മുന്നേറ്റം (Black Lives Matter), വംശീയത, വിവേചനം, അസമത്വം ഇവയ്‌ക്കെതിരെ കറുത്ത വര്‍ഗ്ഗക്കാര്‍ നടത്തിയ പ്രകടനം അക്രമാസക്തമാവുകയും, പോലീസ് ക്രൂരത അതിരുകവിയുകയുമുണ്ടായി. 2017ല്‍ തുടങ്ങിയ മീടൂ (MeToo) ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള ആക്ഷേപങ്ങള്‍, കാലാവസ്ഥാവ്യതിയാനവും ബന്ധപ്പെട്ട നയരൂപീകരണത്തിനായി, 2019-ല്‍ സംഘടിപ്പിച്ച “Global Climate strike”’ മറ്റൊരു സംരംഭമാണ്. ഏകദേശം 150 രാഷ്ട്രങ്ങള്‍ പങ്കെടുത്ത ഈ സമ്മേളനത്തിലും ‘വോക്കിസ’ ത്തിന്റെ സ്വാധീനമുണ്ടായി എന്ന് അവകാശപ്പെടുന്നു. ഏകദേശം 2020 ഓടെ അമേരിക്കയില്‍ നടന്ന പല നയമാറ്റങ്ങള്‍ക്കും പിന്നില്‍ വോക്കിസമാണെന്ന് കൂടി പറയപ്പെടുന്നുണ്ട്.
വോക്കിസം മുന്നോട്ട് വെക്കുന്ന പ്രവര്‍ത്തനരീതികളും വ്യത്യസ്തമാണ്. കറുത്ത വര്‍ഗ്ഗക്കാരെ ഒപ്പം നിര്‍ത്തി, അവര്‍ക്കെതിരെയുള്ള അനീതി, അക്രമം, അടിമത്തം മുതലായവ ചൂണ്ടിക്കാണിക്കുക; അവരോടൊപ്പം സാന്നിധ്യം ഉറപ്പുവരുത്തുക; പോരാടുന്നത് ശരിക്ക് വേണ്ടിയാണെന്ന ബോധവും, സത്യസന്ധതയും, യുക്തിയും നമ്മുടെ ഭാഗത്തുണ്ട് എന്ന് ബോധ്യപ്പെടുത്തുക, സാമൂഹിക അവബോധത്തിന് വേണ്ടി, എല്ലാ വിഭാഗത്തേയും ഒരുമിച്ച് നിര്‍ത്തേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യം കൊടുക്കുക ((Inter sectionality),, അതിന് വേണ്ടി, സാമൂഹ്യശാസ്ത്ര വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തുക; തുടങ്ങിയ രീതികളാണ് ഇക്കൂട്ടര്‍ക്ക് ഉള്ളത്. ഇതിന്റെ പ്രവര്‍ത്തന മേഖല, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയിലാണ്. അതായത് സ്ത്രീകള്‍, കറുത്തവര്‍ഗ്ഗക്കാര്‍, LGBTQ+ തുടങ്ങിയവരാണ് ഇവരുടെ ശ്രദ്ധാകേന്ദ്രം.
ഏകദേശം 2019ഓടെ ഈ വാക്കിനെ ഒരു പരിഹാസപദമായി ഉപയോഗിക്കാന്‍ തുടങ്ങി. കാരണം, ഏതൊക്കെ അര്‍ത്ഥവത്തായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ് ഈ മുന്നേറ്റം തുടങ്ങിയത് എന്നതിന് വിപരീതമായി വികലമായ ചിന്തയും, പ്രവര്‍ത്തനവും, ലക്ഷ്യങ്ങളും ഇക്കൂട്ടര്‍ പിന്തുടര്‍ന്നു. മനുഷ്യന്റെ അന്തസ്സുള്ള ദൈനംദിന ജീവിതത്തിന് ഒരു തരത്തിലും യോജിക്കാത്ത രീതിയിലുള്ള അവകാശങ്ങളും, അമിതസ്വാതന്ത്ര്യബോധവും ഓരോ അണുവിലും പ്രകടമാവാന്‍ തുടങ്ങി. തുടര്‍ന്ന് സാമൂഹ്യ-രാഷ്ട്രീയ-അന്താരാഷ്ട്ര സമാധാനത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് അധഃപതിച്ചു. ഇന്ന് യുവതീ-യുവാക്കളില്‍ കാണുന്ന വികലമായ ചിന്ത, ചോദ്യംചെയ്യല്‍, ജീവിത യാഥാര്‍ത്ഥ്യത്തോടുള്ള ധാര്‍ഷ്ട്യവും സമീപനവും, എന്തിനോടും വിമര്‍ശനബുദ്ധിയോടെയും സംശയരീതിയിലുമുള്ള സമീപനം, സ്‌നേഹം, ബഹുമാനം, എന്നീ ഗുണങ്ങളോടുള്ള നിരാകരണം എല്ലാം ഈ പ്രതിഭാസത്തിന്റെ ഭാഗമായേ കാണാന്‍ സാധിക്കൂ.