ഗുംനാമിബാബ അഥവാ ഭഗവന്‍ജി മരണപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ശേഷിപ്പുകള്‍ ലേലം ചെയ്യുവാനാണ് തീരുമാനിച്ചത്. ഈ തീരുമാനത്തെ രണ്ടു പത്രപ്രതിനിധികള്‍ എതിര്‍ത്തു. അവ ഫൈസാബാദ് ട്രഷറിയില്‍ സൂക്ഷിക്കുവാന്‍ തീരുമാനിച്ചു. വിവരം അറിഞ്ഞ് നേതാജിയുടെ ജ്യേഷ്ഠന്‍ സുരേഷ്‌ബോസിന്റെ മകള്‍ ലീലാബോസ് ഫൈസാബാദിലെത്തി ഈ കേസില്‍ കക്ഷിചേര്‍ന്നു. ഈ ശേഷിപ്പുകളുടെ പട്ടിക തയ്യാറാക്കി കേസ് നിര്‍ണ്ണയിക്കുന്നതുവരെ സൂക്ഷിക്കുക എന്ന അവരുടെ ആവശ്യം കോടതി അംഗീകരിച്ചു. പട്ടികയുടെ ഒരുകോപ്പി അവര്‍ക്കും ലഭ്യമായി. ഇവ നേതാജിയുടെ തിരുശേഷിപ്പുകളാണെന്നു തെളിയിക്കപ്പെട്ടാല്‍ ജ്യേഷ്ഠന്റെ മകളായ തനിക്ക് അവകാശപ്പെട്ടതാണെന്ന് അവര്‍ക്ക് കോടതിയെ ബോദ്ധ്യപ്പെടുത്തുവാന്‍ കഴിയും.
അവര്‍ക്ക് കിട്ടിയ തെളിവുകളില്‍ നേതാജിയുടെ കുടുംബഫോട്ടോ, മാതാപിതാക്കളുടെ ഫോട്ടോ, പ്രത്യേകം സില്‍ക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെതന്നെ ഫോട്ടോ എന്നിവ ഉള്‍പ്പെടുന്നു. നേതാജിയല്ലാത്ത ഒരാളുടെ ശേഖരത്തില്‍ ഇവ ഉള്‍പ്പെടാനുള്ള സാധ്യത വളരെ വിരളമാണ്.
നേതാജിയുടെ സഹോദരന്‍ സുരേഷ്‌ബോസ്, കുടുംബപ്രതിനിധി എന്നനിലക്ക് ഷാനവാസ് കമ്മീഷനില്‍ അംഗമായിരുന്നു. 1945 ആഗസ്റ്റ് 18ന് സംഭവിച്ചു എന്നവകാശപ്പെടുന്ന വിമാനാപകടവും നേതാജിയുടെ മരണവും, സ്വയം രക്ഷപ്പെടാന്‍ നേതാജി ജപ്പാന്‍കാരുമായി ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണെന്നും, എന്റെ അനുജന്‍ മരണപ്പെട്ടിട്ടില്ല എന്ന് തനിക്ക് നിശ്ചയമാണെന്നും വാദിച്ച് ഒരു വിയോജനക്കുറിപ്പ് സമര്‍പ്പിച്ചിരുന്നു.
ഖോസ്‌ലാ കമ്മീഷനു സമര്‍പ്പിച്ച വളരെ സുദീര്‍ഘമായ പ്രസ്താവനയും അതോടൊപ്പം തന്റെ അമ്മ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും ലീലാബോസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അടച്ചിട്ട മുറിയില്‍ തന്റെ അച്ഛന്‍ മണിക്കൂറുകളോളം ഒരു അപരിചിതനുമായി സംസാരിക്കുന്ന രംഗങ്ങളൊക്കെ അവര്‍ക്ക് ഓര്‍മ്മവന്നു. നേതാജിയല്ലായിരുന്നുവെങ്കില്‍ ഈ പ്രസ്താവനയും അനുബന്ധരേഖകളും അവിടെ കാണുമായിരുന്നില്ല. ഒരു കാര്യം നിശ്ചയമാണ്. തന്റെ അനുജന്‍ മരണപ്പെട്ടിട്ടില്ല എന്ന് സുരേഷ് ബോസ് ദൃഢതയോടെ വാദിക്കുവാനുള്ള കാരണം, അവര്‍ തമ്മില്‍ വിശ്വസ്തര്‍ മുഖേന നടന്നിരുന്ന ഈ കൈമാറ്റങ്ങളാണ്.
ജ്യേഷ്ഠത്തിയമ്മ ഭര്‍തൃസഹോദരന് എഴുതുന്നത്, പരമപൂജ്യനായ ദേവര്‍ജി എന്നാണ്. തീര്‍ച്ചയായും ഭര്‍തൃസഹോദരന്റെ ആത്മീയപുരോഗതി ബോധ്യപ്പെട്ട വ്യക്തിയായിരുന്നു ജ്യേഷ്ഠത്തിയമ്മ. നൈമിശാരണ്യത്തിലും പരിസരത്തുമായി കഴിയുമ്പോള്‍ ഗുംനാമിബാബ കുറച്ചു കാര്‍ക്കശ്യത്തോടെയാണെങ്കിലും വളരെ പ്രധാനപ്പെട്ട പല വ്യക്തികള്‍ക്കും ദര്‍ശനംകൊടുത്തിരുന്നു. അവരില്‍ മാആനന്ദമയിയും ഉള്‍പ്പെടുന്നുണ്ട്. ആനന്ദമയിയുടെ ദര്‍ശനത്തിന് ഇന്ദിരാഗാന്ധികൂടി കൊതിക്കുമായിരുന്നു. ഗുംനാമിബാബ വളരെ കരുതലോടെയാണ് അവര്‍ക്ക് ദര്‍ശനം അനുവദിച്ചത്. അതില്‍നിന്നും വ്യക്തമാകുന്നത് മാആനന്ദമയിക്ക് ഈ ബാബയുടെ ആത്മീയപുരോഗതിയിലും ഔന്നത്യത്തിലും വിശ്വാസമുണ്ടായിരുന്നു എന്നുതന്നെയാണ്.
നൈമിശാരണ്യത്തില്‍ ബാബ ദര്‍ശനം അനുവദിച്ച വളരെ പ്രധാനപ്പെട്ട വ്യക്തി ലീലാറോയ് അഥവാ ലീലാനാഗ് ആയിരുന്നു. കിഴക്കന്‍ബംഗാളിലെ അനുശീലന്‍ സമിതിക്കാരിയായിരുന്നു ലീലാനാഗ്. ഇവരുടെ പ്രത്യേകസംഘം ശ്രീസംഘം എന്നറിയപ്പെട്ടിരുന്നു. ഒരു കാരണവശാലും ഇവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കുന്ന കല്‍ക്കത്ത അനുശീലന്‍ സമിതിയുമായി ചേരുവാന്‍ കൂട്ടാക്കിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ഒരു സഹകരണവും വേണ്ട എന്നും ഇവര്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്ക,് കല്‍ക്കത്തക്കാരനാണെങ്കിലും ഏറ്റവും പ്രിയപ്പെട്ട നേതാവ് നേതാജിയായിരുന്നു.
നേതാജിയെ തടവിലാക്കി ബര്‍മ്മയിലേക്ക് നാടുകടത്തി ജയിലിലടക്കുവാന്‍ താല്‍പ്പര്യമെടുത്ത ഇന്‍സ്‌പെക്ടര്‍ ജനറലിനെ റൈറ്റേര്‍സ് ബില്‍ഡിംഗിലുള്ള ഓഫീസില്‍ അതിക്രമിച്ചുകയറി വെടിവെച്ചുകൊന്നത് ഇവരുടെ ശ്രീസംഘമായിരുന്നു. ബാറ്റില്‍ ഓഫ് ദ കോറിഡോര്‍ എന്നറിയപ്പെടുന്ന ആ പരാക്രമം ചെയ്ത മൂവര്‍സംഘം, ബാദല്‍, ബിനോയ്, ദിനേഷ് എന്നിവര്‍ കൊല്ലപ്പെടുകയോ, തൂക്കിലേറ്റപ്പെടുകയോ ചെയ്തു. പക്ഷെ അവര്‍ കൊളോണിയല്‍ ഭരണകൂടത്തെ നടുക്കിക്കളഞ്ഞു. ലീലാറോയ് അവരുടെ നേതാവായിരുന്നു. ധനികനായ റായ്ബഹദൂറിന്റെ മകളായിരുന്നു ലീലാ റോയ്. ഡാക്കാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭാശാലിയായ അവര്‍ അനുശീലന്‍ സമിതിയുടെ തലപ്പത്തേക്ക് എത്തി. പ്രീതിലത വഡ്ഡേദാര്‍ തുടങ്ങിയ നിരവധി പേരടങ്ങുന്ന സ്ത്രീകള്‍ക്കും തുല്യപ്രാധാന്യമുള്ള സംഘമായിരുന്നു അനുശീലന്‍ സമിതി. ഇവരുടെ സംഘം എതിര്‍ത്തതുകൊണ്ടു മാത്രമാണ് ഭഗത്‌സിംഗ് നേതൃത്വം കൊടുക്കുന്ന ഹിന്ദുസ്ഥാന്‍ റവല്യൂഷനറി സോഷ്യലിസ്റ്റ് ആര്‍മ്മിയുമായും അസോസിയേഷനുമായും സചീന്ദ്രസന്യാല്‍ നേതൃത്വം കൊടുക്കുന്ന അനുശീലന്‍സമിതി സഹകരിക്കുവാന്‍ വിസമ്മതിച്ചത്. അതിന്റെ ഫലമാണ് ശ്രീസംഘം അവസാനംവരെ കമ്മ്യൂണിസ്റ്റ് പ്രലോഭനങ്ങള്‍ക്കൊന്നും വഴങ്ങാതെ പിടിച്ചുനിന്നത്.
ലീലാറോയ് നേതാജിയോട് വളരെ അടുപ്പമുള്ള വ്യക്തി തന്നെയായിരുന്നു. എന്നിരുന്നാലും അവരെ പരീക്ഷണവിധേയമാക്കിയതിനു ശേഷമാണ് ദര്‍ശനം അനുവദിച്ചത്. ഒരുപക്ഷെ ബാബക്ക് 1941ല്‍ രാജ്യംവിട്ടതിനുശേഷം, ഇവരുടെ പ്രവര്‍ത്തനത്തെപറ്റി നേരിട്ട് ഒരറിവുമില്ലായിരുന്നതുകൊണ്ട് പരീക്ഷിച്ചതായിരിക്കും. ബാബയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹത്തിന് വൈദ്യസഹായം എത്തിച്ചതും ലീലാറോയ് തന്നെയായിരുന്നു. ബാബ തന്റെ പഴയസുഹൃത്തുക്കളെ വിവരമറിയിക്കുവാന്‍ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പലരും കിഴക്കന്‍ പാകിസ്ഥാനിലായിരുന്നതിനാല്‍ അതിര്‍ത്തി കടക്കുക പ്രയാസമായിരുന്നു. പക്ഷെ ഐ.എന്‍.എ രഹസ്യാന്വേഷണവിഭാഗക്കാരും മറ്റു വിപ്ലവകാരികളും ബാബയുമായി ബന്ധം നിലനിര്‍ത്തി. അതിലൊരാളായിരുന്നു സുനില്‍ കൃഷ്ണ ഗുപ്ത. സെക്രട്ടേറിയേറ്റില്‍ അതിക്രമിച്ചുകയറി ഐ.ജിയെ വെടിവെച്ചു കൊന്ന മൂവര്‍സംഘത്തിലെ ദിനേഷ്ഗുപ്തയുടെ ഇളയസഹോദരനായിരുന്നു സുനില്‍കൃഷ്ണഗുപ്ത. സുരേഷ്‌ബോസിന്റെ (നേതാജിയുടെ ജ്യേഷ്ഠന്‍) വിയോജനക്കുറിപ്പടക്കമുള്ള വിവരങ്ങള്‍ നേതാജിക്കും മറ്റ് അനുയായികള്‍ക്കും കൈമാറിയിരുന്നു എന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സുനില്‍കൃഷ്ണഗുപ്ത ബസ്തിയിലെത്തി ബാബയെ കാണുന്നത്. ഈ രഹസ്യബന്ധം കാരണമാണ് സുരേഷ്‌ബോസ് ഖോസ്‌ലാ കമ്മീഷനു മുമ്പാകെ തന്റെ സഹോദരന്‍ മരിച്ചിട്ടില്ല എന്ന് തറപ്പിച്ചുപറഞ്ഞതും. ആ രഹസ്യബന്ധത്തിന്റെ തെളിവാണ് രാംഭവനില്‍നിന്നും ഈ രേഖകള്‍ കണ്ടെടുക്കപ്പെട്ടത്. മനുഭായ്ബിമാനി എന്നൊരു രാഷ്ട്രീയക്കാരന് ഗാന്ധിജിയുമായും നേതാജിയുമായും മുന്‍കാലങ്ങളില്‍ ബന്ധമുണ്ടായിരുന്നു. ഭഗവന്‍ജി നേതാജി തന്നെയായിരിക്കാമെന്നതുകൊണ്ട് എങ്ങനെയെങ്കിലും ദര്‍ശനത്തിനുവേണ്ടി അദ്ദേഹം ശ്രമിച്ചു. നേതാജിക്കു ബന്ധമുണ്ടായിരുന്ന എ.സി.ദാസ് എന്ന ഐ.എന്‍.എക്കാരന്‍വശം ഒരുകുറിപ്പ് എത്തിച്ചു. ആ കുറിപ്പില്‍ ബിമാനി, താന്‍ ശരത്‌ബോസിനെ മരണംവരെ സഹായിച്ചിരുന്നു എന്നും നേതാജി കല്‍ക്കട്ടയില്‍നിന്നും രക്ഷപ്പെട്ടപ്പോള്‍ കാബൂള്‍വരെ താന്‍ സഹായിച്ചിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ഈ രണ്ടുകാര്യങ്ങളും തെറ്റാണെന്നും മറിച്ച് മേജദാ (ശരത്‌ബോസ്) ഇയാളെ സഹായിക്കുകയായിരുന്നുവെന്നും അത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണെന്നും വിഡ്ഢിയായ നിങ്ങള്‍ക്കു മാത്രമേ അറിയാതെയുള്ളൂ എന്നും വ്യക്തത വരുത്തിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പിലെ കയ്യക്ഷരം നേതാജിയുടേതുതന്നെയെന്ന് ഇന്ത്യയിലെ കയ്യക്ഷരവിദഗ്ധരില്‍ ഏറ്റവും ഉന്നതനായ വ്യക്തിതന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാരത ദേശീയതയെ പുനരുജ്ജീവിപ്പിച്ചത് വിവേകാനന്ദസ്വാമികളായിരുന്നു. കൊളംബോ മുതല്‍ അല്‍മോറ വരെയുള്ള പ്രഭാഷണപരമ്പര, ബേത്തണിയിലെ ലാസരസിനെ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതുപോലെ, അണഞ്ഞുകിടന്നിരുന്ന ഭാരത ദേശീയതയെ പുനരുദ്ധരിച്ചു. ദേശീയതയെ പുനരുദ്ധരിച്ചാല്‍ മാത്രംപോരാ, തന്റെ നാട്ടുകാരില്‍ പൗരുഷം നിറക്കുക എന്നൊരു ലക്ഷ്യംകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം ദേശീയത, ആത്മാഭിമാനവും പൗരുഷവുമുള്ള ജനതകളിലേ നിലനില്‍ക്കുകയുള്ളു. സ്വാമികളുടെ സ്വാധീനം ഭാരതമാസകലം, പ്രത്യേകിച്ച് ബംഗാളിലെ വിപ്ലവകാരികളായ അനുശീലന്‍സമിതിക്കാരില്‍, പ്രകടമായിരുന്നു. അനുശീലന്‍സമിതിക്കാര്‍ ഗുസ്തിയും മറ്റു കായികമുറകളും അഭ്യസിച്ച് മാംസപേശികള്‍ക്ക് ബലംനേടി, ധീരതയോടെ പൊരുതുവാന്‍ അരയും തലയും മുറുക്കി വിദേശി സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന പോരാളികളായിരുന്നു. അനുശീലന്‍സമിതി പൂനെയില്‍ (സാവര്‍ക്കറുടെ അഭിനവഭാരത്) എന്നപേരിലും നാഗ്പൂരില്‍ ഹെഡ്‌ഗെവാറിന്റെ ക്രാന്തിദള്‍ എന്നപേരിലും സജീവമായിരുന്നു.
അനുശീലന്‍സമിതിക്കാര്‍ക്ക് ഗദര്‍വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ സാധിച്ചില്ല. കാരണം, അമേരിക്കന്‍ തീരങ്ങളില്‍നിന്നും തിരിച്ചുവന്ന വിപ്ലവകാരികള്‍ക്ക് പഞ്ചാബിലെ പൊതുജനങ്ങളില്‍ സ്വാധീനമില്ലായിരുന്നു. സര്‍ക്കാറിനെ സഹായിക്കുന്ന പ്രഭുക്കള്‍ അവരെ ഒരു മടിയും കൂടാതെ ഒറ്റിക്കൊടുത്തു. കാശിയില്‍നിന്നും സചീന്ദ്രസന്യാലും റാഷ്ബിഹാരിബോസും ലാഹോറില്‍ പ്രവര്‍ത്തിച്ചുവെങ്കിലും ഗദര്‍പ്രസ്ഥാനക്കാരുടെ എഴുത്തുകുത്തുകളും ജര്‍മ്മനിയില്‍നിന്നും കടത്തിയിരുന്ന ആയുധശേഖരവും ബ്രിട്ടീഷ്പട്ടാളത്തിന്റെ കൈവശമായി. അതോടെ, അവരുടെ വിപ്ലവം പരാജയപ്പെട്ടു. 400ല്‍ അധികം വിപ്ലവകാരികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷെ ഇവരുടെ ദൗത്യം ഏറ്റെടുക്കുവാന്‍ അടുത്തതലമുറ ഭഗത്‌സിംഗിന്റെ നേതൃത്വത്തില്‍ തയ്യാറായി. സോഷ്യലിസം ഒരു ആദര്‍ശമായി കരുതിയിരുന്ന ഭഗത്‌സിംഗ് തന്റെ സംഘടനയുടെ പേര് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മി എന്നാക്കുവാന്‍ തീരുമാനിച്ചു. പക്ഷെ സചീന്ദ്രസന്യാലും മറ്റു ബംഗാള്‍ വിപ്ലവകാരികളും (അനുശീലന്‍ സമിതിക്കാര്‍) വഴങ്ങിയില്ല. പഞ്ചാബിലെ വിപ്ലവകാരികളുമായി സഹകരിക്കുമെങ്കിലും അനുശീലന്‍സമിതിക്കാര്‍ തങ്ങളുടെ സംഘടനയെ ഒരു ഇസത്തിന്റെയും പ്രേരണയില്ലാത്ത വിപ്ലവസംഘടനയായി നിലനിര്‍ത്തി. ബ്രിട്ടീഷുകാരുടെ പേടിസ്വപ്‌നം ഇവരായിരുന്നു. ചിറ്റഗാവ് ആര്‍മ്മറി റൈഡും സെക്രട്ടറിയേറ്റിലെ വരാന്തയുദ്ധവും ഇവര്‍ ആസൂത്രണം ചെയ്തതായിരുന്നു. അതില്‍ ഒടുവിലത്തെ കണ്ണി സുഭാഷ്ചന്ദ്രബോസായിരുന്നു. സുഭാഷ് ചന്ദ്രബോസ് പാര്‍ട്ടിയില്‍നിന്നു പുറത്തുപോയതോടെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായ ഒരു നേതാവ് കോണ്‍ഗ്രസ്സില്‍ ഇല്ലാതായി.
നേതാജി തടവുചാടി ഇന്ത്യ വിട്ടത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗുണം ചെയ്തു. ഗാന്ധിജിയുടെ അഹിംസയോടുള്ള അമിതാവേശം മൂലം ഒട്ടും ആത്മാഭിമാനവും പൗരുഷവും ഇല്ലാത്തവരായി കോണ്‍ഗ്രസ്സുകാര്‍. 1942ല്‍ ക്വിറ്റ്ഇന്ത്യസമരം പ്രഖ്യാപിച്ചുവെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെ യുദ്ധസന്നാഹങ്ങള്‍ക്ക് എതിരായിട്ടൊന്നും കോണ്‍ഗ്രസ് ചെയ്തില്ല. മറിച്ച്, ഫാസിസ്റ്റുകാരെ എതിരിടാനെന്ന പേരില്‍ ബ്രിട്ടീഷുകാരെ സഹായിക്കുവാനും, ഐ.എന്‍.എ അടക്കമുള്ള ദേശീയശക്തികളെ എതിര്‍ക്കാനും മടിച്ചില്ല. മുസ്ലീംലീഗ് ബ്രിട്ടീഷുകാരെ ശരിക്കും സഹായിച്ചു എന്നു മാത്രമല്ല അവരുടെ സഹായത്തോടെ മൂന്നുപ്രവിശ്യകള്‍ ഭരിക്കുന്നതിനും പാകിസ്ഥാന്‍ പ്രശ്‌നം വഷളാക്കുന്നതിനും വഴിയൊരുക്കി. കല്ലേറ് ദേശീയവാദികള്‍ക്കുമാത്രം.
ഇന്ത്യയിലെ തത്സമയ രാഷ്ട്രീയം
ഭാരതീയരുടെ സമ്മതമില്ലാതെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്് മന്ത്രിസഭകള്‍ രാജിവെച്ചു. യുദ്ധസന്നാഹത്തില്‍ സര്‍ക്കാരിനെ സഹായിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഗാന്ധിജിക്കുതന്നെ ഒരു തീരുമാനമെടുക്കാനായില്ല. പക്ഷെ നെഹ്രു, മന്ത്രിസഭകളുടെ രാജി അപ്രസക്തമാക്കിയ നിലപാടു സ്വീകരിച്ചു. നമ്മള്‍ പ്രശ്‌നത്തെ ബ്രിട്ടീഷുകാരുടെ പ്രതിസന്ധി മുതലെടുക്കുന്ന വിധത്തിലല്ല പരിഗണിക്കേണ്ടത്, ജനാധിപത്യവും സ്വാതന്ത്ര്യവും ഒരുവശത്തും സ്വേച്ഛാധിപത്യവും അക്രമവും മറുവശത്തും നില്‍ക്കുമ്പോള്‍ നമ്മുടെ അനുകമ്പ ജനാധിപത്യത്തോടായിരിക്കും എന്നായിരുന്നു നെഹ്രുവിന്റെ അഭിപ്രായം. (Tr.P. 24 SANJEEV SANYAL )..
ഈ ഉദാരനിലപാട് സത്യസന്ധമാണോ?
ബ്രിട്ടന്‍ ജനാധിപത്യരീതിയില്‍ കോളണികളില്‍ ഭരണം നടത്തുന്നു എന്ന് കോണ്‍ഗ്രസ്് അവകാശപ്പെട്ടിട്ടില്ല. 1919-ലെ റൗലത്ത്ആക്ട് മുതല്‍ ഇന്ത്യക്കാരെ അവര്‍ ശക്തമായി അടിച്ചൊതുക്കിയിരുന്നു. ഈ നിലപാടിനുകാരണം യുദ്ധകാല പ്രധാനമന്ത്രിയുടെ കര്‍ക്കശ നിലപാട് ഭയന്നായിരിക്കണം. ചര്‍ച്ചില്‍, ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞത് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇന്ത്യയെ വിഭജിക്കുക മാത്രമല്ല വെട്ടിമുറിച്ച് യുക്തിരഹിതമായി തുണ്ടം തുണ്ടമാക്കണം. ഈ രാഷ്ട്രീയക്കാര്‍ ഇന്ത്യക്കാരുടെ പ്രതിനിധികളാണെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല. അവരെ ഭരണം ഏല്‍പ്പിക്കുന്നത് പുല്‍ക്കൊടിക്കു സമാനമായവരെ ഭരണം ഏല്‍പ്പിക്കുന്നതുപോലെയാണ്.’’(Alan Canpell JohnsonP/28). ഈ അഹങ്കാരിയും പിടിവാശിക്കാരനുമായിരുന്ന പ്രധാനമന്ത്രിയുടെ ഹുങ്കിനു മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന നെഹ്രുവിന്റെ ദുര്യോഗമാണ് ആ ഉദാരമനോഭാവത്തില്‍നിന്നും മനസ്സിലാവുന്നത്.
അന്നത്തെ രാഷ്ട്രീയക്കാരും ഇന്നത്തെ ചരിത്രകാരന്മാരും, ബ്രിട്ടീഷ് സ്റ്റേറ്റ്‌സ്മാന്‍ (ബഹുമാന്യനായ രാഷ്ട്രീയ വക്താവ്), പ്രധാനമന്ത്രി, പത്രപ്രവര്‍ത്തകന്‍ എന്നൊക്കെ വാനോളം പുകഴ്ത്തുന്ന ചര്‍ച്ചില്‍, അധികാരത്തിന്റെ ലഹരിയില്‍ എന്തും വിളിച്ചു പറയുന്ന, തെരുവുകളില്‍ പീഞ്ഞപ്പെട്ടി പ്രസംഗം നടത്തുന്ന നാലാംകിട രാഷ്ട്രീയക്കാരനേക്കാള്‍ അധഃപതിച്ചരീതിയില്‍ സംസാരിക്കുന്നയാളായിരുന്നു. പ്രധാനമന്ത്രിയുടെ കസേരയില്‍ എഴുന്നള്ളി പ്രഭുകുടുംബങ്ങളുടെ ഹുങ്ക് വിളമ്പി ഇയാള്‍ നാലാംകിട രാഷ്ട്രീയക്കാരനില്‍ നിന്നും വലിയൊരു രാഷ്ട്രീയ വക്താവു ചമയുകയായിരുന്നു. റിച്ചാര്‍ഡ് ജെ.
ആള്‍ഡ്രിച്ച് എന്നൊരു ഗ്രന്ഥകര്‍ത്താവിനെ ഉദ്ധരിച്ച് അനുജ്ധര്‍ തന്റെ കൃതി (Indias Biggest CoverUp) യില്‍ രേഖപ്പെടുത്തുന്ന ചര്‍ച്ചിലിന്റെ മൊഴി ഇപ്രകാരമാണ്: ‘ഹിന്ദുക്കള്‍ ഒരു നികൃഷ്ടവര്‍ഗ്ഗമാണ്. അവര്‍ അനിയന്ത്രിതമായ പ്രജനന പ്രക്രിയയില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാത്രം അവരുടെ ഒടുക്കത്തെ വിനാശത്തില്‍നിന്നും രക്ഷപ്പെടുന്നു. ബെര്‍ട്ട്പാരീസ്(അമേരിക്കന്‍ സൈന്യാധിപന്‍), അധികമുള്ള ബോംബര്‍ വിമാനങ്ങളെ ഉപയോഗിച്ച് അവരെ നശിപ്പിക്കുകയാണെങ്കില്‍ നന്നായിരുന്നു’(ADP/321).
(തുടരും)