ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചു പാര്‍ലമെന്റിന്റെ രണ്ടു സഭകളിലുമായി നടന്ന ചര്‍ച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു ഭീകരമായ അനുഭവമായി. പാര്‍ട്ടി നേതാക്കളുടെ പ്രസംഗങ്ങളും ശരീരഭാഷയും സത്യത്തില്‍ നിന്നും ഒളിച്ചോടാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും സൂചിപ്പിക്കുന്നത് മറ്റൊന്നും അല്ല. ചര്‍ച്ചക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതൃത്വത്തെ കീറി ഒട്ടിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. അതിനു പ്രതികാരമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാഗാലാന്‍ഡില്‍ നിന്നുള്ള വനിതാ അംഗം ഫങ്‌നോന്‍ കോണ്യാകിനെ ആക്രമിക്കാന്‍ ശ്രമിച്ചതും, ഒറീസ്സയിലെ ബാലസോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപ് സാരംഗിയെ ശാരീരികമായി ആക്രമിച്ചതും. ഒരു മസ്സില്‍ മാന്റെ രൂപസാദൃശ്യമുള്ള രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
ഭരണഘടനയെ അട്ടിമറിക്കാനും, കുടുംബ ഭരണം ശാശ്വതമായി നിലനിര്‍ത്താനും നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളും അവരുടെ പാദസേവകരും നടത്തിവരുന്ന ഗൂഢാലോചനകളാണ് ലോക്‌സഭയിലും രാജ്യസഭയിലും തുറന്നു കാട്ടപ്പെട്ടത്.
ഭരണഘടന നിലവില്‍വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മൗലികാവകാശങ്ങള്‍ റദ്ദാക്കി ജവാഹര്‍ ലാല്‍നെഹ്‌റു. ഈ അട്ടിമറി നടത്തിയപ്പോള്‍ നെഹ്‌റു തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അല്ലായിരുന്നു. തന്റെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചു പ്രതിപക്ഷമോ മാധ്യമങ്ങളോ ശബ്ദിക്കാതിരിക്കാനാണ് ഭരണഘടന ഉറപ്പുനല്‍കിയിരുന്ന മൗലികാവകാശം നെഹ്‌റു ഭരണകൂടം നിഷ്‌ക്കാസനം ചെയ്തത്. ഭരണഘടനക്കെതിരായി ഈ കുടുംബം നടത്തിവന്നിരുന്ന ആക്രമണങ്ങള്‍ തുറന്നുകാണിക്കാന്‍ ഭാരതത്തിലെ മാധ്യമങ്ങളോ നീതിന്യായ വ്യവസ്ഥയോ തയ്യാറായില്ല. ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കെതിരായി വിരല്‍ അനക്കിയാല്‍ ആ ന്യായാധിപന്മാരുടെ ഭാവി തുലയ്ക്കാന്‍ അവര്‍ മടിച്ചിരുന്നില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആണ് ജസ്റ്റിസ് കെ.എസ്.ഹെഗ്‌ഡെ, ജസ്റ്റിസ് ഗ്രോവര്‍, ജസ്റ്റിസ് ഷേലാട്ട് ജസ്റ്റിസ് ഹന്‍സ് രാജ് ഖന്ന എന്നിവര്‍. വിഖ്യാതമായ കേശവാനന്ദ ഭാരതി കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച വിധിയില്‍ രോഷംകൊണ്ട ഇന്ദിര ഗാന്ധി ഈ മുതിര്‍ന്ന ന്യായാധിപന്മാരെ ഒഴിവാക്കി ഒരു ജൂനിയര്‍ ആയ എ.എന്‍. റേ എന്ന ന്യായാധിപനെ സുപ്രീം കോടതിയിലെ ചിഫ് ജസ്റ്റിസ് ആയി നിയമിച്ചു. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും, മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടാല്‍ സുപ്രീംകോടതിക്ക് ഇടപെടാം എന്നായിരുന്നു ഈ ന്യായാധിപന്മാരുടെ തീരുമാനം. ഇത് തന്റെയും കുടുംബത്തിന്റെയും ഏകാധിപത്യ പ്രവണതകള്‍ക്ക് തിരിച്ചടിയാകും എന്ന് ഭയന്നാണ് ഇന്ദിര ഗാന്ധി സകല കീഴ്‌വഴക്കങ്ങളും കാറ്റില്‍പറത്തി തനിക്കു വിധേയനായ റേ യെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. ഇതെല്ലം ലോക സമക്ഷം തുറന്നുകാണിക്കാന്‍ തങ്ങള്‍ക്കു ലഭിച്ച അവസരം പ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രയോജനപ്പെടുത്തി. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ പ്രസംഗങ്ങള്‍ വളച്ചൊടിച്ചു വികൃതമാക്കി.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണം തുടര്‍ന്നാല്‍ തങ്ങളുടെ ഭാവി തിഹാര്‍ ജയിലില്‍ ആയിരിക്കും എന്ന് ഭയക്കുന്നവരും, അവരുടെ ആശ്രിതരുമാണ് ഈ ദൗത്യത്തിനു പിന്നില്‍. ഭരണഘടനയെ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാം എന്ന് സമ്മതിച്ചത് കോണ്‍ഗ്രസ്സിന് പിണഞ്ഞ വന്‍ പരാജയമാണ്. അവരുടെ പ്രധാന പോരായ്മ ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സ്വയം പ്രഖ്യാപിത ഉപദേശകരും വൈതാളികരുമാണ്. ബുദ്ധിരാക്ഷസന്മാര്‍ എന്ന് ചില രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പുലികളും വാഴ്ത്തുന്ന പി.ചിദംബരവും, ജയറാം രമേശും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാക്ഷസന്മാര്‍ തന്നെ. സംശയമില്ല. പക്ഷെ ഒരു കാലത്തു കോണ്‍ഗ്രസ്സിന്റെ തലപ്പത്തു വിരാജിച്ചിരുന്ന കാമരാജ്, രാജഗോപാലാചാരി, വസന്ത് സാഥെ, എന്‍.കെ. പി.സാല്‍വെ, അമരീന്ദര്‍ സിംഗ്, സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ, ബിജു പട്‌നായിക്, കേരളത്തില്‍ നിന്നുള്ള കെ.സി.എബ്രഹാം തുടങ്ങിയ പ്രതിഭകളുമായി തുലനം ചെയ്യുമ്പോഴാണ് ആധുനിക കാലത്തെ ‘ബുദ്ധിരാക്ഷസന്മാരുടെ’ കഴിവ് എന്താണെന്നു മനസ്സിലാകുക. രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, കാര്‍നെജി മെല്ലെന്‍ സര്‍വകലാശാലകളിലെ ബിരുദമല്ല വേണ്ടത്. ഭാരതത്തിന്റെ സംസ്‌കാരത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും നല്ല അവഗാഹമാണ് വേണ്ടത്.
ജവാഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയതുതന്നെ വഞ്ചനയിലൂടെയാണ് എന്ന് അക്കാലത്തെ പ്രമുഖ പത്രാധിപര്‍ ആയിരുന്ന ദുര്‍ഗ ദാസ് എഴുതിയിട്ടുണ്ട്. ‘ഇന്ത്യ- കര്‍സന്‍ മുതല്‍ നെഹ്‌റുവരെയും തുടര്‍ന്നും (INDIA FROM CURZON TO NEHRU & AFTER )- എന്ന തന്റെ പുസ്തകത്തില്‍ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയും നെഹ്‌വും ചേര്‍ന്ന് സര്‍ദാര്‍ പട്ടേലിനെ വഞ്ചിച്ചതെങ്ങനെയെന്നും വിശദീകരിച്ചിട്ടുണ്ട്. ഈ പാരമ്പര്യം നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഇളമുറക്കാര്‍ തുടരുന്നു.
സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായാണ് ഇതുപോലെ ബുദ്ധിയില്ലാത്ത ഒരു പ്രതിപക്ഷനേതാവിനെ പാര്‍ലമെന്റ് കാണുന്നത് . അദ്ദേഹം എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്? പാര്‍ലമെന്റിനു തന്നെ ഇങ്ങനെയുള്ള പ്രതിഭാസം ഒരു അപമാനമാണ്. പ്രതിപക്ഷ നേതാവ് ഭരണകക്ഷി അംഗങ്ങളെ കൈയേറ്റം ചെയ്തു എന്നത് കേട്ടുകേള്‍വിപോലും ഇല്ലാത്ത കാര്യമാണ്.
ഇറ്റലി എന്ന രാജ്യം സന്ദര്‍ശിച്ചചിട്ടുള്ളവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ‘ഇറ്റാലിയന്‍ ജനത അപകടകാരികളാണ്. എന്തുചെയ്യാനും മടിയില്ലാത്തവര്‍. ജനിതക സ്വഭാവം എത്രയായാലും മനസ്സില്‍ നിന്നും മായില്ല’.
1931 ആഗസ്റ്റ് 14 നാണ് അംബേദ്കറും ഗാന്ധിയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ച നടന്നത്. മുംബൈ നഗരത്തിലെ മണി ഭവനില്‍. ഗാന്ധിയും കോണ്‍ഗ്രസ്സും ഹരിജനങ്ങളോട് പ്രദര്‍ശിപ്പിക്കുന്ന വിരോധവും, അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും അംബേദ്കര്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അങ്ങനെയൊന്നും ഇല്ല എന്നാണ് ഗാന്ധി പ്രതികരിച്ചത്. മുസ്ലിം സമുദായത്തോട് ഗാന്ധിക്കും കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്ന വിധേയത്വം, അവരെ പ്രീണിപ്പിക്കാനുള്ള ഗാന്ധിയുടെ വ്യഗ്രത എന്നീ കാര്യങ്ങള്‍ തെളിവ് സഹിതം അംബേദ്കര്‍ നിരത്തിയത് ഗാന്ധിജിയെ ക്ഷുഭിതനാക്കി. ചര്‍ച്ച എത്രയും വേഗം അവസാനിപ്പിച്ചു അംബേദ്കറിനെ പറഞ്ഞുവിടുകയായിരുന്നു അദ്ദേഹം ചെയ്തത്. അംബേദ്കറിന്റെ ജീവചരിത്രം എഴുതിയ ഡോക്ടര്‍ നരേന്ദ്ര ജാദവ് (അംബേദ്കര്‍: ഉണരുന്ന ഭാരതത്തിന്റെ സാമൂഹ്യ മന:സാക്ഷി) ഇത് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍, അംബേദ്കറിന്റെ ചിത്രവും കഴുത്തില്‍ തൂക്കി പാര്‍ലമെന്റിനു പുറത്തു പ്രകടനം നടത്തുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡി.കെ.ബറുവ എന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പറഞ്ഞത് ഓര്‍മ്മയില്ലേ? ‘ഇന്ത്യയാണ് ഇന്ദിര.. ഇന്ദിരയാണ് ഇന്ത്യ!’ അന്ന് തീര്‍ന്നു കോണ്‍ഗ്രസ്.. ഇപ്പോള്‍ ഗാന്ധി കുടുംബത്തിന് ഓശാന പാടുന്ന ആധുനിക ബറുവകള്‍ കോണ്‍ഗ്രസിന് അന്ത്യകൂദാശ ചെയ്യുകയാണ്.