ജോര്‍ജ് സൊറസിന്റെയും മുസ്ലിം ബ്രദര്‍ഹുഡിന്റെയും, ജമാ അത്തെ ഇസ്ലാമിയുടെയും നേതൃത്വത്തില്‍ 2005 ലാണ് ഇസ്രായേലിനെതിരെ ‘ബോയിക്കോട്ട്- ഡിസ്ഇന്‍വെസ്റ്റ്‌മെന്റ്-സാങ്ഷന്‍’ അഥവാ ‘ബി.ഡി.എസ് പ്രസ്ഥാന’മെന്നൊരു ആസൂത്രിത നീക്കം ആഗോളതലത്തില്‍ ആരംഭിച്ചത്. ഇസ്രായേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാനും, രാജ്യത്തെ വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കുവാനും, സാമ്പത്തിക രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുവാനും വേണ്ടി അമേരിക്ക കേന്ദ്രീകരിച്ചാണ് ഈ നീക്കത്തിനു രൂപം നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, അഭയാര്‍ത്ഥി ശൃംഖലകള്‍, വനിതാ സംഘടനകള്‍ തുടങ്ങി 120 ഓളം മുസ്ലിം സംഘടനകള്‍ ഈ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ‘അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ പാലസ്തീന്‍’, ‘സെന്റര്‍ ഫോര്‍ ഇസ്ലാം ആന്റ് ഗ്ലോബല്‍ അഫയേഴ്‌സ്’, ‘ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്’, ‘ഫ്രണ്ട്‌സ് ഓഫ് സബീല്‍ ഓഫ് നോര്‍ത്ത് അമേരിക്ക’ എന്നീ സംഘടനകളാണ് ഇതിന് നേതൃത്വം നല്‍കിയത്. ഇതിനായി ‘റസല്‍ ട്രിബൂണല്‍ ഓണ്‍ പലസ്തീന്‍’ എന്നൊരു അന്താരാഷ്ട്ര കോടതിയുണ്ടാക്കി ഇസ്രായേലിനെതിരെ വാദം ആരംഭിക്കുകയും ഇസ്രായേല്‍വിരുദ്ധ വാദമുഖങ്ങള്‍ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ നടത്തിയ ആഖ്യാന യുദ്ധത്തിന്റെ ഫലമായാണ് ഇസ്രായേല്‍ ഒരു വേട്ടക്കാരനായും പലസ്തീന്‍ ഇരയായും സമൂഹത്തില്‍ കാണപ്പെട്ടത്. ഇതില്‍ , ‘സ്റ്റീഫന്‍ ഷാ’ എന്ന ജൂത പൗരന്‍ സ്ഥാപിച്ച ‘ജ്യൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന ഗവേഷണ സ്ഥാപനമായിരുന്നു ഈ നീക്കങ്ങളെയെല്ലാം ഇസ്രായേലില്‍ ഏകോപിപ്പിച്ചിരുന്നത്. ഇതിനായി 8 ലക്ഷം യു.എസ്. ഡോളറാണ് 2017-2021 കാലഘട്ടത്തിനിടയില്‍ മാത്രം സൊറോസിന്റെ’ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍’ സ്റ്റീഫന് നല്‍കിയത്.
പലസ്തീലിനൂടെ ഇസ്രായേലിനെതിരെ നടത്തിയ ബി.ഡി.എസ് നീക്കം 2020 മുതല്‍ യൂറോപ്യന്‍ രാജ്യമായ ബോസ്‌നിയ കേന്ദ്രമാക്കി ഭാരതത്തിനെതിരെ ആരംഭിച്ചു കഴിഞ്ഞു. ഭാരതത്തെ പതനത്തിലേക്ക് നയിക്കുവാന്‍ അവര്‍ കണ്ടെത്തിയ ആയുധം കശ്മീരാണ്. ഇതിന് ജോര്‍ജ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ധനസഹായവുമുണ്ട്. മുസ്ലിം ബ്രദര്‍ഹുഡ്, ജമാ അത്തെ ഇസ്ലാമി, ഖത്തര്‍, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ശൃംഖല എന്നിവ ഇതില്‍ പങ്കാളികളാണ്. പലസ്തീന് സമാനമായി ‘റസല്‍ ട്രിബൂണല്‍ ഫോര്‍ കശ്മീര്‍’ സ്ഥാപിക്കുകയും അതിന്റെ ആദ്യ കൂടിക്കാഴ്ച 2021 ഡിസംബര്‍ 17-19 തീയതികളില്‍ ബോസ്‌നിയയിലെ സരജേവോയിലും ഹെര്‍സഗോവിനയിലും നടന്നു. ‘വേള്‍ഡ് കശ്മീര്‍ അവയര്‍നസ് ഫോറം’, ‘പെര്‍മനന്റ് പീപ്പിള്‍സ് ട്രിബ്യൂണല്‍ ഓഫ് ബൊലോഗ്‌ന ഇറ്റലി’,’നഹ്‌ല (സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) ജബീറ ബാല്‍ക്കന്‍സ്’ എന്നിവയ്‌ക്കൊപ്പം ‘കാശ്മീര്‍ സിവിറ്റാസ് ട്രിബ്യൂണല്‍’ എന്ന സംഘടനയാണിത് സംഘടിപ്പിച്ചത്. ഇതിന് മൂന്ന് മാസത്തിനു ശേഷം വിവിധ പ്രവര്‍ത്തന തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന 32 പേജുകളുള്ള ഒരു ‘ടൂള്‍ കിറ്റ്’ 2022 മാര്‍ച്ച് 22 ന് ‘കശ്മീര്‍ സിവിറ്റാസ്’ തയ്യാറാക്കി. ഭാരത കായിക-സാംസ്‌കാരിക, അക്കാദമിക സ്ഥാപനങ്ങളും ഭാരതത്തില്‍ നിന്ന് ലാഭമുണ്ടാക്കുന്ന എല്ലാ ദേശീയ, അന്തര്‍ദേശീയ കമ്പനികളും ബഹിഷ്‌കരിക്കുക, ഭാരതത്തില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കാന്‍ കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുക, ഭാരതത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനും ഭാരത ബിസിനസുകളുമായുള്ള വ്യാപാരം നിരോധിക്കാനും ആഗോളതലത്തില്‍ ഭാരതവുമായുള്ള സൈനിക ബന്ധങ്ങളും കരാറുകളും വിച്ഛേദിക്കുവാനും ഗവണ്‍മെന്റുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുക, അന്താരാഷ്ട്ര ഫോറങ്ങളില്‍ ഭാരതത്തിന്റെ അംഗത്വം റദ്ദാക്കുവാന്‍ പ്രചാരണം നടത്തുക എന്നിവയൊക്കെ ആയിരുന്നു അവര്‍ കണ്ടെത്തിയ പ്രധാന ടൂള്‍ കിറ്റ് തന്ത്രങ്ങള്‍.
രാഹുല്‍ ബി.ഡി.എസ് നീക്കത്തിന്റെ ഭാഗമോ?
ഇസ്രായേലിനെതിരെ പ്രവര്‍ത്തിക്കുന്നതിനായി ‘ജ്യൂയിഷ് വോയിസ് ഫോര്‍ പീസ്’ എന്ന സംഘടന സ്ഥാപിച്ച ‘സ്റ്റീഫന്‍ ഷാ’യുടെ ഭാര്യ സുനിത വിശ്വനാഥിന്റെ ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന സംഘടനയാണ് ഇന്ന് ഭാരതത്തിനെതിരെയുള്ള ബിഡിഎസ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
2024 സപ്തംബര്‍ 8 മുതല്‍ 10 വരെയായിരുന്നു രാഹുലിന്റെ അമേരിക്കന്‍ പര്യടനം ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പത്തു ദിവസമാണ് സന്ദര്‍ശനം നീണ്ടുപോയത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വിദേശകാര്യ സെല്‍ മേധാവി സാം പിത്രോഡയും സുനിതാ വിശ്വനാഥുമായി അവിടെ ചര്‍ച്ച നടത്തുകയുണ്ടായി. മുന്‍പ് ‘സൊറോസ് റിപ്രോഡക്റ്റീവ് ഹെല്‍ത്തിന്റ’ ഡയറക്ടറായിരുന്ന സുനിത ടീസ്ത സെതല്‍വാദ് ഉള്‍പ്പടെയുള്ള ആക്റ്റിവിസ്റ്റുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സുനിത വിശ്വനാഥ് സഹസ്ഥാപകയായ ‘വിമന്‍ ഫോര്‍ അഫ്ഗാന്‍’ എന്ന സംഘടനയ്ക്ക് ജോര്‍ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ് ധനസഹായം നല്‍കുന്നത്. അതുകൊണ്ട് തന്നെ രാജ്യസുരക്ഷയ്ക്ക് കനത്ത ഭീക്ഷണിയുയര്‍ത്തുന്ന നീക്കങ്ങളാണ് രാഹുല്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
2023 സപ്തംബറില്‍ രാഹുല്‍ യൂറോപ്പ് സന്ദര്‍ശിച്ചപ്പോഴും അദ്ദേഹം ബ്രസ്സല്‍സില്‍ പങ്കെടുത്ത പരിപാടിയെ സംബന്ധിച്ച് വിവാദമുണ്ടായെങ്കിലും ഇതില്‍ പങ്കെടുത്തിരുന്നോ ഇല്ലയോയെന്ന് സ്ഥിരീകരിക്കാന്‍ രാഹുലോ കോണ്‍ഗ്രസോ തയ്യാറായില്ല. എന്നാല്‍ ജീവകാരുണ്യത്തിന്റെ പേരില്‍ നെതര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫൗണ്ടേഷന്‍ ദി ലണ്ടന്‍ സ്റ്റോറി’ അഥവാ ‘എഫ്.ടി.എല്‍.എസ്’ എന്നൊരു സംഘടന തങ്ങള്‍ രാഹുലിന്റെ പരിപാടി സംഘടിപ്പിച്ചതായി അവരുടെ വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടു. ‘ജമാ-അത്തെ ഇസ്ലാമി’യുടെ അമേരിക്കന്‍ ഘടകം 2020 ലാണ് ‘എഫ്.ടി.എല്‍.എസി’ന് രൂപം നല്‍കിയത്. ദക്ഷിണേഷ്യയില്‍ നിന്നുള്ള ‘റിതുംബ്ര മനുവെ’യും ‘ഇമ്രാന്‍ വാലി അഹമ്മദും’ ചേര്‍ന്നാണ് ‘സ്റ്റിച്ചിംഗ് ദ ലണ്ടന്‍ സ്റ്റോറി’ എന്ന പേരില്‍ ഇതിന് നെതര്‍ലാന്‍ഡ്‌സില്‍ രൂപം നല്‍കിയത്. ഐ.എ.എം.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദും എച്ച്എഫ്എച്ച്ആര്‍ സഹസ്ഥാപക സുനിത വിശ്വനാഥുമായിരുന്നു ഈ സംഘടനയുടെ ഉപദേശക സമിതി അംഗങ്ങള്‍. ‘യൂറോപ്യന്‍ യൂണിയന്‍ -പാക് ഫ്രണ്ട്ഷിപ്പ് ഫെഡറേഷന്‍’ എന്ന സംഘടന വഴി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ ‘പര്‍വേസ് ഇക്ബാല്‍ ലോസര്‍’ക്ക് വേണ്ടിയാണ് എഫ്.ടി.എല്‍.എസ് ഇത് ചെയ്യുന്നതെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അമേരിക്കയില്‍ ഇസ്ലാമിക ഭീകരര്‍ക്കൊപ്പം
2023-ൽ അമേരിക്ക സന്ദര്‍ശിച്ച രാഹുൽ ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളുമായും സംഘടനകളുമായും ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പാശ്ചാത്യ രാഷ്ട്രീയക്കാരുമായും കൂടിക്കാഴ്ച നടത്തി. ഉദാഹരണത്തിന്, ന്യൂയോര്‍ക്കിലെ ‘ജാവിറ്റ്‌സ് സെന്ററി’ല്‍ ജൂണ്‍ 4-ന് നടന്ന ഭാരത പ്രവാസികളുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച പാക് ‘ജമാഅത്തെ ഇസ്ലാമി’, ‘മുസ്ലീം ബ്രദര്‍ഹുഡ്’ ഭീകര പ്രസ്ഥാനങ്ങളുമായും പാക് ചാര സംഘടന ‘ഐ.എസ്.ഐ’യുമായും പാക് സൈന്യവുമായും ബന്ധപ്പെട്ടവരാണ് സംഘടിപ്പിച്ചതെന്നതാണ് പുറത്ത് വരുന്ന വിവരം. ഈ പരിപാടിയുടെ ഏകോപന ചുമതലയുള്ള വ്യക്തികളിലൊരാള്‍ ‘മുസ്ലിം കമ്മ്യൂണിറ്റി ഓഫ് ന്യൂ-ജേഴ്‌സി’ അഥവാ ‘എം.സി.എന്‍.ജെ’യുടെ ഔട്ട്‌റീച് വിഭാഗം അമീറായ ‘തന്‍സീം അന്‍സാരി’യായിരുന്നു. ഈ സംഘടനയെ നയിക്കുന്നതാവട്ടെ പാകിസ്ഥാന്‍ വംശജനായ ഇമാം ജവാദ് അഹമ്മദും. ഇദ്ദേഹം ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക’ അഥവാ ‘ഐ.സി.എന്‍.എ എന്ന സംഘടനയുടെ പ്രോജക്ട് ഡയറക്ടറായുംപ്രവര്‍ത്തിക്കുന്നു. പാക് ജമാ-അത്തെ ഇസ്ലാമി സ്ഥാപിച്ച ഒരു തീവ്ര ഇസ്ലാമിക സംഘടനയാണ് ‘ഐ.സി.എന്‍.എ’. ‘മുസ്ലീം സെന്റര്‍ ഓഫ് ഗ്രേറ്റര്‍ പ്രിന്‍സ്റ്റണ്‍’ അഥവാ ‘എം.സി.ജി.പി’ യുടെ അംഗമായ ‘മുഹമ്മദ് അസ്ല’മായിരുന്നു രാഹുലിന്റെ പരിപാടിയുടെ മറ്റൊരു സംഘാടകന്‍. ‘മുന്‍പ് സൂചിപ്പിച്ച ഐ.സി.എന്‍.എയുടെ പ്രധാന പങ്കാളിയാണ് ‘എം.സി.ജി.പി’. നിരോധിക്കപ്പെട്ട ഇസ്ലാമിക തീവ്രവാദ സംഘടനയായ ‘സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ’ അഥവാ സിമിയുടെ സ്ഥാപകന്‍ കൂടിയായ മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി ‘ഐ.സി.എന്‍.എ’ യുടെ അംഗമാണ്.
പരിപാടിയുടെ മറ്റൊരു സംഘാടകനായ മിന്‍ഹാജ് ഖാന്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍’ അഥവാ ‘ഐ.എ.എം.സി’ എന്ന സംഘടനയിലെ അംഗമാണ്. ഭാരത മുസ്ലിങ്ങളുടെ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയാണിത്. മനുഷ്യാവകാശത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഭാരതത്തില്‍ ഇസ്ലാമിക വര്‍ഗീയത ആളിക്കത്തിക്കുവാന്‍ വ്യാജവാര്‍ത്തകള്‍ക്ക് പണം നല്‍കുന്ന പ്രധാന സംഘടനകളിലൊന്നാണ് ‘ഐ.എ.എം.സി’. ഈ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ ദിര്‍ റഷീദ് അഹമ്മദ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്ലാമി അമേരിക്കയില്‍ നടത്തുന്ന ‘ഇസ്ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഥവാ ‘ഇമാന’യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ്. കോവിഡ് കൊടുമുടിയിലെത്തിയ വേളയില്‍ ഭാരതത്തിന്റെ ആഗോള പ്രതിച്ഛായ മുതലെടുത്തുകൊണ്ടു രാജ്യത്തെ സഹായിക്കാനെന്ന പേരില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സമാഹരിക്കുകയും അവ തട്ടിയെടുക്കുകയും ചെയ്ത വ്യക്തിയാണ് ദിര്‍ റഷീദ് അഹമ്മദും ഇമാനയും. ഭാരതം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയ രാജ്യങ്ങളില്‍ നിന്നു പോലും ഇവര്‍ പണം പിരിച്ചു. എന്നാല്‍ ‘ഇമാന’ ഒരു വശത്ത് വിരമിച്ച പാകിസ്ഥാന്‍ ആര്‍മി-നാവിക ഉദ്യോഗസ്ഥരുമായും മറുവശത്ത് തീവ്രവാദ ഗ്രൂപ്പുകളായ ‘ലേഷ്‌കര്‍ ഇ തോയ്ബ’, ‘ഹിസ്ബുള്‍ മുജാഹിദീന്‍’ തുടങ്ങിയവരുമായി ബന്ധമുള്ളവരാണെനുള്ളതാണ് ഇതിലെ അപകടം. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ പേരില്‍ ഈ പിരിച്ച കോവിഡ് ദുരിതാശ്വാസ നിധി എവിടെപ്പോയിട്ടുണ്ടാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
‘ഇമാന’യുടെ പ്രധാന അംഗങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക അഥവാ ഐ.എസ്.എന്‍.എയുടെ ഭാഗമാണ്. അമേരിക്കയിലെ വിവിധ മുസ്ലിം സംഘടനകളുടെ ഒരു വേദിയാണ് 1963 ല്‍ സ്ഥാപിതമായ ഐ.എസ്.എന്‍.എ. ‘മുസ്ലിം സ്റ്റുഡന്റസ് അസോസിയേഷനെ’ന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന്ന ഈ സംഘടനയ്ക്ക് രൂപം നല്‍കിയത് ഭീകരവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡാണ്. ഇവര്‍ ജോര്‍ജ് സൊറോസുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. ലോകത്തെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഇസ്ലാമിക അനുകമ്പയുണ്ടാക്കുന്നതിന് 2016-2020 കാലഘട്ടത്തിനിടയില്‍ 5 ലക്ഷം യു.എസ് ഡോളറാണ് സൊറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഐ.എസ്.എന്‍.എയ്ക്ക് നല്‍കിയത്. എന്നാല്‍ പണ്ടു മുതല്‍ക്കേ ജീവകാരുണ്യത്തിന്റെ പേരില്‍ ഈ സംഘടന സ്വീകരിക്കുന്ന പണമെല്ലാം വിവിധ ഭീകരസംഘടനകള്‍ക്ക് നല്‍കിയതായുള്ള തെളിവുകളും പുറത്തുവരുകയുണ്ടായി. ഉദാഹരണത്തിന്, 2017 ല്‍ കാനഡ റവന്യു ഏജന്‍സി ഈ സംഘടനയുടെ കാനഡ വിഭാഗത്തിന്റെ 2007 മുതല്‍ 2009 വരെയുള്ള സാമ്പത്തിക കൈമാറ്റങ്ങള്‍ പരിശോധിച്ചപ്പോള്‍ ‘ഐ.എസ്.എന്‍.എ’യുടെ ഉപസംഘടനയായ ‘ജാമി മോസ്‌കി’ലൂടെ ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ച ‘റിലീഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ കശ്മീരി മുസ്ലിംസ്’ എന്നൊരു സംഘടനയ്ക്ക് ഇവര്‍ പണം നല്‍കിയതായി കണ്ടെത്തി. ഇത് കൂടാതെ ഹിസ്ബുള്‍ മുജാഹിദിന്‍ ഉള്‍പ്പടെയുള്ള പാക് ഭീകരവാദ സംഘടനകള്‍ക്ക് ഐ.എസ്.എന്‍.എ കാനഡ വിഭാഗം 280,000 യു.എസ് ഡോളര്‍ നല്‍കിയതിന്റെ പേരില്‍ ഈ സംഘടനയുടെ ചാരിറ്റി പദവി കാനഡ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മാത്രമല്ല ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീനെപ്പോലെയുള്ള ഭീകരരെ മഹത്വവത്കരിക്കുകയും കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്തണമെന്ന പ്രചാരണങ്ങളില്‍ മുന്‍പന്തിയിലുമാണ് ഈ സംഘടന.
അമേരിക്കയിലെ മറ്റൊരു കൂട്ടായ്മയായ സി.എ.ഐ.ആറുമായി ഐ.എസ്.എന്‍.എ വളരെ ആഴത്തിലുള്ള ബന്ധം പുലര്‍ത്തുന്നു. പാകിസ്ഥാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ് വിത്ത് കശ്മീരുമായും മുസ്ലിം ബ്രദര്‍ഹുഡിന്റെ ‘കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ്’ അഥവാ ‘സി.എ.ഐ.ആറു’മായി ചേര്‍ന്നുകൊണ്ടു നിരവധി പ്രതിഷേധ റാലികളില്‍ ഐ.എസ്.എന്‍.എ പങ്കാളിയായിരുന്നു. 2016 -2022 ന് ഇടയില്‍ 3,66,010 യു.എസ് ഡോളറാണ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ സി.എ.ഐ.ആറിന് നല്‍കിയത്. മാത്രമല്ല സി.എ.ഐ.ആറിന്റെ സ്ഥാപകന്‍ നിഷാദ് അവാദിനും അദ്ദേഹത്തിന്റെ ഓഫീസിനും 1993 ല്‍ അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മനുഷ്യാവകാശത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് മുസ്ലിം ബ്രദര്‍ഹുഡ് രൂപം നല്‍കിയ മറ്റ് ഭീകരവാദ പ്രസ്ഥാനങ്ങളുമായും ബന്ധമുണ്ട്. പലസ്തീന്‍ ഭീകരവാദ സംഘടനയായ ഹമാസിന് 12.4 മില്യണ്‍ യു.എസ് ഡോളര്‍ സംഭാവന നല്‍കിയതിന് ‘സി.എ.ഐ.ആര്‍, ഐ.എസ്. എന്‍.എ’, ‘നോര്‍ത്ത് അമേരിക്കന്‍ ട്രസ്റ്റ്’ അഥവാ ‘എന്‍.എ.ഐ.ടി’എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്ന ‘ഹോളി ലാന്‍ഡ് ഫൗണ്ടേഷന്‍’ 2007 ല്‍ അമേരിക്കയില്‍ ക്രിമിനല്‍ വിചാരണ നേരിട്ടിരുന്നു. 1995-2001 കാലയളവിലാണ് പണ കൈമാറ്റം നടന്നത്. 2014 ല്‍ യു.എ.ഇ സര്‍ക്കാര്‍ സി.എ.ഐ.ആറിനെ നിരോധിക്കുകയുണ്ടായി. ഇത്തരത്തില്‍ പരസ്പരം ബന്ധപ്പെട്ട് വ്യത്യസ്ത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും എന്നാല്‍ ഒരേ ലക്ഷ്യവുമായി നീങ്ങുന്ന ഭീകരവാദ ബന്ധമുള്ളവരുമാണ് രാഹുലിന്റെ പരിപാടികള്‍ അമേരിക്കയില്‍ സംഘടിപ്പിച്ചതും ആളെ കൂട്ടിയതും.
ഇല്‍ഹാന്‍ ഒമറെ കണ്ടതെന്തിന്?
ഹിന്ദു -ക്രൈസ്തവ വിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധയായ അമേരിക്കന്‍ പാര്‍ലിമെന്റ് അംഗം ഇല്‍ഹാന്‍ ഒമറുമായി അമേരിക്കയില്‍ രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയിലെ വിവിധയിടങ്ങളിലുള്ള ക്രൈസ്തവ ചിഹ്നങ്ങള്‍ക്കെതിരെയും ക്രിസ്തുമത ഗാനങ്ങള്‍ പൊതുസ്ഥലത്ത് പാടുന്നതിനെതിരെ അഭിപ്രായങ്ങള്‍ പറയുകയും മുസ്ലിങ്ങള്‍ക്കും ഇത്തരം അവകാശങ്ങള്‍ നല്‍കണമെന്നും അഭിപ്രായപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിച്ച മുസ്ലിം വനിതയാണ് ഇല്‍ഹാന്‍ ഒമര്‍. യേശു ക്രിസ്തു ജൂതനാണെന്നും ഒരിക്കല്‍ അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് കൂടാതെ 2022- ല്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു അവര്‍ ഭാരത വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അതേ വര്‍ഷം തന്നെ ഒമറും സഹപ്രവര്‍ത്തകയുമായ റാഷിദ ത്‌ലൈബും മുസ്ലിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാത്ത ഭാരതത്തെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യ’ങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചു. ഇവരുടെ തിരഞ്ഞെടുപ്പുകള്‍ക്ക് സൊറോസ് ധനസഹായം നല്‍കുന്നതായുള്ള രേഖകളും പുറത്തുവന്നിരുന്നു.
അമേരിക്കയിലെ ഒരു പ്രധാന പാക് സംഘടനയായ ‘പാകിസ്താനി ഫിസിഷ്യന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക’ അഥവാ ‘എ.എ.പി.എന്‍.എ’ 2019-2020 കാലഘട്ടത്തില്‍ മറ്റൊരു സംഘടനായ ‘പാകിസ്ഥാന്‍ അമേരിക്കന്‍ പൊളിറ്റിക്കല്‍ കമ്മിറ്റി’ അഥവാ ‘പി.എ.കെ- പി.എ.സി’ വഴി 351,753 യു. എസ് ഡോളര്‍ പിരിക്കുകയും ഇതില്‍ 330,740 ഡോളര്‍ ഉപയോഗിച്ചു ജിം ബാങ്ക്‌സ്, ഷീല ജാക്‌സണ്‍, ഇല്‍ഹാന്‍ ഒമര്‍ തുടങ്ങിയ അമേരിക്കന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുവന്‍ ശ്രമിക്കുകയുമുണ്ടായി. ഭാരതത്തിനെതിരെ പ്രത്യേകിച്ച് കശ്മീര്‍ വിഷയത്തില്‍ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ് ഇതുവഴി അവര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി ഒമര്‍ പാക് – അധിനിവേശ കശ്മീര്‍ സന്ദര്‍ശിക്കുകയും ഭാരത കാശ്മീരില്‍ മുസ്‌ലിം ജനതയ്‌ക്കെതിരായ അതിക്രമങ്ങളുണ്ടെന്ന് പറയുകയും അതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ വാഷിംഗ്ടണ്‍ ഡിസിയിലെ ‘നാഷണല്‍ പ്രസ് ക്ലബി’ല്‍ മാധ്യമങ്ങളുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ചാരവൃത്തി കേസില്‍ ഭാരതത്തില്‍ അറസ്റ്റിലായ വിവേക് രഘുവംശിയെ രാഹുല്‍ ഗാന്ധി പിന്തുണച്ചു. ഭാരത പ്രതിരോധവകുപ്പിന്റെ പ്രതിരോധ പദ്ധതികളെക്കുറിച്ചും അവയുടെ പുരോഗതിയെക്കുറിച്ചും ഭാരത സായുധ സേനയുടെ ഭാവി ആയുധ സംഭരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍, രഹസ്യ ആശയവിനിമയങ്ങള്‍, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സുഹൃദ് രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ തന്ത്രപരവും നയതന്ത്രപരവുമായ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ എന്നിവ അദ്ദേഹം നിയമവിരുദ്ധമായി ശേഖരിക്കുകയും വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി പങ്കിടുകയും ചെയ്തതിനായിരുന്നു സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേ സംഭാഷണത്തില്‍ ‘ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്’ ഒരു മതേതര പാര്‍ട്ടിയാണെന്നും അവരില്‍ മതേതരമല്ലാത്തതായി ഒന്നുമില്ലെന്നും രാഹുല്‍ അവകാശപ്പെട്ടു.
രാഹുല്‍ ഭാരത വിരുദ്ധരുടെ ഏജന്റോ?
ഭാരതത്തിനെതിരെ ആഗോളതലത്തില്‍ നടക്കുന്ന നീക്കങ്ങളുടെ ചട്ടുകമായി രാഹുല്‍ കോണ്‍ഗ്രസ് അധഃപതിച്ചുവെന്നു തന്നെ പറയാം. അത് ശരിവെയ്ക്കുന്ന രീതിയിലാണ് ജോര്‍ജ് സൊറോസിന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി) എന്ന മാധ്യമ കൂട്ടായ്മ പുറത്തുവിടുന്ന വ്യാജവാര്‍ത്തകള്‍ രാഹുല്‍ ഭാരത പാര്‍ലമെന്റില്‍ ഏറ്റുപാടുന്നത്. കൂടാതെ മുന്‍പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ബന്ധുവും യു.എസ്. അംബാസഡറുമായിരുന്ന ബി.കെ. നെഹ്‌റുവിന്റെ ഭാര്യ ഫോറി നെഹ്‌റുവും ജോര്‍ജ് സോറോസും തമ്മില്‍ ദീര്‍ഘകാലമായി കത്തിടപാടുകള്‍ നടത്തിയിരുന്നതായും ഫോറി നെഹ്‌റു രാഹുല്‍ ഗാന്ധിയുടെ അടുത്ത കുടുംബാംഗമാണെന്നുമുള്ള ബി.ജെ.പി. ആരോപങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. സോറോസിന്റെ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്ന ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് എന്ന സംഘടനയുടെ സഹാധ്യക്ഷ എന്നതിലുപരി സോണിയാ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനും സോറോസുമായി ആഴത്തിലുള്ള ബന്ധങ്ങളുണ്ടെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
വിദേശശക്തികള്‍ ഭാരതത്തിനെതിരെ എന്തൊക്കെയാണോ ചെയ്യുന്നത് അധികാരത്തിനായി രാഹുലും ഇവയൊക്കെ പിന്തുടരുന്നു. അദാനിയെയും അംബാനിയെയും രാഹുല്‍ ലക്ഷ്യം വെയ്ക്കുന്നതിന് പിന്നില്‍ ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയെന്ന ലക്ഷ്യം മാത്രമാണുള്ളത്. നിലവില്‍ പാര്‍ലമെന്റിലും പുറത്തും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭരണഘടനയുടെയും അംബേദ്കറിന്റെയും പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളും ഭാരതത്തില്‍ അസ്വാരസ്യങ്ങളും കലാപങ്ങളും സൃഷ്ടിച്ചു രാഷ്ട്രത്തിന്റെ ജനാധിപത്യവും ആഗോള പ്രതിച്ഛായയും തകര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. പലസ്തീനും ഹമാസിനും പിന്തുണയുമായി പാര്‍ലമെന്റില്‍ അവരുടെ പതാകയുള്ള ബാഗും തോളിലിട്ടെത്തിയ പ്രിയങ്കയും രാഹുലും കോണ്‍ഗ്രസ്സും ഇന്ന് ഭാരത വിരുദ്ധ ശക്തികളുടെ കയ്യിലെ കളിപ്പാവകളായി മാറി. പാകിസ്ഥാനും ഖത്തറും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളും ജമാഅത്തെ ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് സൊറോസടക്കമുള്ളവരുമാണ് ഇന്ന് രാഹുലിനെ നിയന്ത്രിക്കുന്ന ദേശവിരുദ്ധ ശക്തികള്‍.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)