ആദികവി വാല്മീകി മഹര്‍ഷി സംസ്‌കൃതത്തില്‍ രചിച്ച രാമായണത്തെ അധികരിച്ച് ഭാരതത്തിലെ എല്ലാ പ്രാദേശിക ഭാഷകളിലും നിരവധി രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളത്തിന്റെ സംഭാവനയാണ് ചീരാമകവിയുടെ രാമചരിതം, അയ്യമ്പിള്ളി ആശാന്റെ രാമകഥ പാട്ട്, നിരണം കവിയുടെ കണ്ണശ്ശ രാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, പുനം നമ്പൂതിരിയുടെ രാമായണം ചമ്പു എന്നിവ. ഇവയെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇവയെല്ലാം സാധാരണക്കാര്‍ക്ക് വേണ്ടി എഴുതിയിട്ടുള്ളതാണെന്ന് അവയുടെ കര്‍ത്താക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. രാമകഥ ‘ഊഴിയില്‍ ചെറിയവര്‍ക്കറിയുമാറുരചെയ്യാനാണ്’ ചീരാമകവി ഉദ്യമിച്ചത്. ‘മന്ദപ്രജ്ഞന്മാര്‍ക്കറിവാനായ് മനുകുല തിലകനുടെ വൃത്താന്തമിതന്ധന്‍ ഞാന്‍ കേവലമെങ്കിലുമൊട്ടായ പ്രകാരം ചൊല്‍ക തുനിഞ്ഞേന്‍’ എന്ന് നിരണം കവികള്‍ തന്റെ രചനയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. ഭക്തിയേക്കാള്‍ ബഹുജനങ്ങള്‍ക്ക് രസം പകര്‍ന്നു കൊടുക്കാനാണ് രാമകഥപ്പാട്ടിലൂടെ അയ്യമ്പിള്ളി ആശാന്‍ ലക്ഷ്യമിട്ടത്. ഭാഷാ ചമ്പുക്കളില്‍ സാഹിത്യമേന്മ കൊണ്ടും വലുപ്പം കൊണ്ടും പ്രഥമ സ്ഥാനത്തു നില്‍ക്കുന്നതാണ് പുനത്തിന്റെ രാമായണംചമ്പു.
ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തില്‍ കുടില്‍തൊട്ടു കൊട്ടാരംവരെ സാര്‍വത്രികവും സാര്‍വ്വജനീനവുമായ സമാദരവ് നേടിയ ഒരു കാവ്യം ഏതെന്ന് ചോദിച്ചാല്‍ മലയാളികള്‍ക്ക് ഉത്തരം ഒന്നേയുള്ളൂ. അത് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്നായിരിക്കും. കര്‍ക്കിടക മാസത്തില്‍ എല്ലാ ദിവസവും മുടങ്ങാതെ രാമായണം പാരായണം ചെയ്യുന്ന പതിവ് കേരളത്തിലെ ഹിന്ദു ഭവനങ്ങളില്‍ പണ്ടുമുതലേ ഉള്ളതാണ്. ഇതിന് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു തന്നെ വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. കിളിപ്പാട്ടിന്റെ ലാളിത്യവും അതില്‍ അലതല്ലുന്ന ഭക്തി ഭാവവും ആകാം അതിനുള്ള പ്രധാനകാരണം.
ലോകത്തിന് അനുകരണീയനായ, ഉത്തമനായ ഒരു മനുഷ്യനെ അവതരിപ്പിക്കാനാണ് വാല്മീകി തന്റെ രാമായണ രചനയിലൂടെ ലക്ഷ്യമിട്ടത്. ഇപ്രകാരമുള്ള ഒരു മനുഷ്യനെക്കുറിച്ച് നാരദനോട് അന്വേഷിച്ചപ്പോഴാണ് രാമനെന്ന് വിഖ്യാതനായ ശ്രീരാമചന്ദ്രനെ കുറിച്ച് വാല്മീകിക്ക് അറിവ് ലഭിച്ചത്. അങ്ങനെ വാല്മീകി ഉത്തമനായ, അനുകരണീയനായ ഒരു മാതൃകാ പുരുഷോത്തമനെ രാമായണത്തിലൂടെ അവതരിപ്പിച്ചു. എന്നാല്‍ എഴുത്തച്ഛന്‍ ആകട്ടെ ധര്‍മ്മനിഷ്ഠയില്‍ നിന്ന് വ്യതിചലിക്കാത്ത ഈശ്വരാവതാരത്തെയാണ് ശ്രീരാമചന്ദ്രനിലൂടെ മലയാളികളുടെ മുന്നില്‍ അവതരിപ്പിച്ചത്. ജനങ്ങളില്‍ ആദ്ധ്യാത്മിക ജ്ഞാനം പ്രദാനം ചെയ്തു ഭക്തി ഭാവം ജനിപ്പിച്ച് സദാചാരനിരതമായ ജീവിതം നയിക്കുന്നതിന് സാമാന്യ ജനതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് എഴുത്തച്ഛന്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചു എന്ന് മാത്രമല്ല ഇന്നും അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ മലയാളി സഞ്ചരിക്കുകയും ചെയ്യുന്നു. എഴുത്തച്ഛന്റെ നേട്ടത്തിന് സഹായകമായ മുഖ്യഘടകം അദ്ദേഹത്തിന്റെ ഭാഷാശൈലിയാണ്. എഴുത്തച്ഛന്റെ രചനയിലൂടെയാണ് മലയാളിക്ക് അനുകരണീയമായ ഒരു ഭാഷാശൈലി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ആ ഭാഷാശൈലിയാണ് മലയാളി ഇന്നും അനുവര്‍ത്തിച്ചു പോരുന്നത്. ഓജസ്, മാധുര്യം, പ്രസാദം, ലാളിത്യം ഇവയുടെ ഒത്തുചേരലാണ് എഴുത്തച്ഛന്റെ ശൈലിയെ ആകര്‍ഷകമാക്കുന്നത്. എഴുത്തച്ഛന്‍ കവിതാരചനയ്ക്ക് സ്വീകരിച്ച വൃത്തങ്ങള്‍ സാധാരണ ജനങ്ങളെ അദ്ദേഹത്തിന്റെ കൃതികളോട് കൂടുതല്‍ അടുപ്പിക്കുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. കൂടാതെ കേക, കാകളി, കളകാഞ്ചി, അന്നനട തുടങ്ങിയ വൃത്തങ്ങളില്‍ ഉള്ള അദ്ദേഹത്തിന്റെ രചനകള്‍ മലയാളികള്‍ നെഞ്ചേറ്റി ലാളിച്ചു. രാമചരിതത്തിലെയും കണ്ണശ്ശ രാമായണത്തിലെയും വൃത്തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ് എഴുത്തച്ഛന്റെ കവിതകളുടെ മഹിമയും മാധുര്യവും അനുഭവവേദ്യമാകുന്നത്.
കേരള ജനത സാമൂഹ്യമായും സാംസ്‌കാരികമായും വളരെയേറെ അധഃപതിച്ച ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത്. കേരളത്തിലെ രാജാക്കന്മാര്‍ പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് രാഷ്ട്രീയ അസ്വാസ്ഥ്യം വ്യാപകമായിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മില്‍ തലമുറകളോളം പോരടിച്ചു. രാജാക്കന്മാരുടെ അധികാര മത്സരത്തില്‍ വിദേശ ശക്തികള്‍ പ്രത്യേകിച്ച് അറബികളും പോര്‍ട്ടുഗീസ്സുകാരും ഓരോ പക്ഷം പിടിച്ച് നാട്ടില്‍ അവരുടെ സ്വാധീനം ഉറപ്പിച്ചു കൊണ്ടിരുന്നു. അതോടൊപ്പം മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കാനും വിദേശികള്‍ക്ക് കഴിഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമങ്ങള്‍ ഹിന്ദു ധര്‍മ്മത്തെ ശോഷിപ്പിക്കാന്‍ തുടങ്ങി. ഹിന്ദു സമുദായത്തില്‍ നിലനിന്നിരുന്ന ജാതി ചിന്തയും ജ്ഞാന വിജ്ഞാനാദികള്‍ ഒരു വിഭാഗത്തിന്റെ മാത്രം ജന്മാവകാശമായി കരുതിയിരുന്നതും എഴുത്തച്ഛനെ വേദനിപ്പിച്ചിട്ടുണ്ടാകണം. അന്നത്തെ സാഹിത്യരംഗത്തെ സ്ഥിതിയും ഒട്ടും ആശാവഹമായിരുന്നില്ല. ധാര്‍മികാധ:പതനത്തിന്റെ നല്ലൊരു ചിത്രം അന്നത്തെ സാഹിത്യകൃതികളില്‍ നിന്ന് നമുക്ക് ലഭ്യമാണ്. ഉണ്ണുനീലി സന്ദേശം, ഉണ്ണിയാടി ചരിതം, ഉണ്ണിയച്ചി ചരിത്രം തുടങ്ങിയ മണിപ്രവാള കൃതികള്‍ ഈ ധാര്‍മികാധഃപതനത്തിന്റെ ചരിത്രരേഖകളാണ്. ഈ അവസരത്തിലാണ് എഴുത്തച്ഛന്‍ നവ്യമായ ഒരു സന്ദേശവുമായി രംഗപ്രവേശം ചെയ്തത്. ധാര്‍മിക ച്യുതിയില്‍നിന്ന് കേരള ജനതയെ രക്ഷിച്ച് അവരുടെ ഹൃദയത്തില്‍ ഭക്തി ഭാവത്തെ പ്രോജ്വലിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതിന് ദേശീയ അംഗീകാരം നേടിയ രാമായണം, മഹാഭാരതം തുടങ്ങിയിട്ടുള്ള കൃതികളിലെ സന്ദേശം കൊണ്ടു മാത്രമേ സാധ്യമാകൂ എന്ന് മനസ്സിലാക്കിയ ആചാര്യന്‍ പ്രസ്തുത കൃതികള്‍ ഉടച്ചു വാര്‍ത്ത് പ്രത്യേകം പാകപ്പെടുത്തുകയാണ് ചെയ്തത്.
എഴുത്തച്ഛന്റെ കൃതികളിലെ മുഖ്യഭാവം ഭക്തിയാണ്. ഭക്തിയുടെ കാര്യത്തില്‍ എഴുത്തച്ഛന്‍ മലയാളികള്‍ക്ക് നല്‍കിയ സന്ദേശം എന്താണ്? ഭാരതത്തിലെ ഭക്തിപ്രസ്ഥാനത്തിന് സഗുണോപാസനയെന്നും നിര്‍ഗുണോപാസനയെന്നും രണ്ടു ശാഖകള്‍ ഉണ്ടായിരുന്നു. ഈശ്വരനെ മൂര്‍ത്ത രൂപത്തില്‍ (വിഗ്രഹാരാധന) സങ്കല്‍പ്പിച്ച് ആരാധിക്കുന്നതാണ് സഗുണോപാസന. ഈശ്വരനെ നിരാകാരനായി വിശ്വസിച്ച് ഉപാസിക്കുന്നതാണ് നിര്‍ഗുണോപാസന. സഗുണോപാസകരില്‍ ശിവഭക്തരും വൈഷ്ണവഭക്തരും ഉണ്ട്. നിര്‍ഗുണോപാസകരില്‍ പ്രേമ മാര്‍ഗ്ഗക്കാരും ജ്ഞാന മാര്‍ഗ്ഗക്കാരുമുണ്ട്. ഭാരതത്തില്‍ നിലനിന്നിരുന്ന ഭക്തന്മാരുടെ ഇടയിലുള്ള ഈ ചേരിതിരിവ് മലയാളികളെ കാര്യമായി ബാധിച്ചിട്ടില്ല. അതിനു കാരണം എഴുത്തച്ഛന്റെ കൃതികളുടെ സ്വാധീനമാണെന്നു തീര്‍ത്തു പറയാം. എഴുത്തച്ഛനെ ശിവഭക്തനായൊ വിഷ്ണു ഭക്തനായൊ രാമഭക്തനായൊ നമുക്ക് തരംതിരിക്കാന്‍ സാധ്യമല്ല. അദ്ദേഹം സഗുണോപാസകനും നിര്‍ഗുണോപാസകനുമാണ്. കര്‍മ്മയോഗത്തെയും ഭക്തിയോഗത്തെയും ജ്ഞാനയോഗത്തെയും അദ്ദേഹം അംഗീകരിക്കുന്നു. ശ്രീരാമനെയും ശ്രീകൃഷ്ണനെയും ശിവനെയും പാര്‍വതിയെയും സുബ്രഹ്മണ്യനെയും അയ്യപ്പനെയും ഭദ്രകാളിയെയും തുല്യവായ്‌പ്പോടെ ഉപാസിക്കാന്‍ കേരളീയര്‍ക്ക് പ്രചോദനം നല്‍കിയത് എഴുത്തച്ഛനാണെന്നു വേണം കരുതാന്‍. അതുമാത്രമല്ല ഭക്തരുടെ ഇടയില്‍ ഉണ്ടായിരുന്ന ചേരിതിരിവിനെ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു എന്നും കാണാം.
‘അച്യുതനും പുനരന്തക വൈരിയും-
നിശ്ചയം ചിന്തിക്കിലൊന്നെന്നറിക നീ.’
എന്ന് അദ്ദേഹം ഭക്തന്മാരെ ഓര്‍മ്മിപ്പിക്കുന്നു.
‘വിഷ്ണുവെന്നും ശിവനെന്നും ഭുവനത്തില്‍
വിജ്ഞാനികള്‍ പറയുന്നതൊരജ്ഞാനം.
കണ്ടവരൊക്കവെ രണ്ടെന്നുചൊല്ലൂവോര്‍
കണ്ടവരാരുമേയില്ലെന്നു നിര്‍ണയം.’
എന്നു പറഞ്ഞ് തന്റെ ആശയത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.
‘നാരായണന്‍ നളിനായത ലോചനന്‍
നാരീജനമനോ മോഹനന്‍ മാധവന്‍
നാരദസേവ്യന്‍ നളിനാസനപ്രിയന്‍
നാരകാരാദി നളിനശരഗുരു’ എന്ന് വിഷ്ണുവിനെ സ്തുതിക്കുന്ന എഴുത്തച്ഛന്‍ തന്നെ
‘ഹര! ഹര! ഹര! ശിവ! ശിവ! ശിവ!
പുരഹര മുരഹര നത പദ
ഭവ മൃഡ! വൃഷ ധ്വജ! വിഷാശന!
ഗിരിജ ശങ്കരാ ദുരിത നാശന
ഗിരിനിലയന! ഗിരിജാവല്ലഭ’എന്ന് ശിവനെയും തുല്യവായ്‌പ്പോടെ സ്തുതിക്കുന്നു.
എഴുത്തച്ഛന്‍ പരമ ഭക്തനായ ഒരു കവിയായിരുന്നു. ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീ പരമേശ്വരനും ഭക്തി സംവര്‍ധനത്തിനുള്ള പ്രചോദക കേന്ദ്രവുമായിരുന്നു അദ്ദേഹത്തിന്.
എവിടെയെങ്കിലും ഒരു ഈശ്വരനാമം ഉച്ചരിക്കേണ്ടി വന്നാല്‍ നാമ പരമ്പരകള്‍ കൊണ്ടു മാത്രമേ അദ്ദേഹം തൃപ്തി അടയൂ. രാമായണത്തിലും മഹാഭാരതത്തിലുമുള്ള പലഭാഗങ്ങള്‍ ഇതിനു തെളിവാണ്.
‘നിഷ്‌കളന്‍, നിര്‍ഗുണന്‍, നിഷ്‌ക്രിയന്‍, നിര്‍മ്മമന്‍,
നിഷ്‌കളന്‍, നിരാകാരന്‍, നിരുപമന്‍
നിഷ്‌കാരണന്‍, നിഗമന്തവേദ്യാത്മകന്‍,
നിഷ്‌കിഞ്ചനപ്രിയന്‍, നിത്യന്‍ നിരാമയന്‍..,..
എന്നും
‘മധിതമദവാരണം, സുഖിത വരവാണം
ജനമൃതി നിവാരണം
ജഗദുദയകാരണം
ചരണനതചാരണം
ചരിതം മധുപൂരണം
ഭജനകുലമാരണം
സുരസുഖപരായണം’ എന്നും പാടി ആത്മനിര്‍വൃതി അടയുന്ന മറ്റൊരു കവിയെ നമുക്ക് മലയാളസാഹിത്യത്തില്‍ കാണാന്‍ കഴിയുമോ?
ചുരുക്കിപ്പറഞ്ഞാല്‍ എഴുത്തച്ഛന്‍ പരമഭക്തനായ ഒരു കവിയായിരുന്നു എന്നു കാണാം. അദ്ദേഹത്തിന്റെ കവിത ‘ഭക്തിയുടെ പക്വഫലമായിരുന്നു. ധര്‍മ്മച്യുതിയില്‍ നിന്നുള്ള മോചനമായിരുന്നു. കൈരളിയുടെ പുണ്യമായിരുന്നു.’
പൗരുഷം നഷ്ടപ്പെട്ട് ആലസ്യം ബാധിച്ച ഒരു സമൂഹത്തെയാണ് എഴുത്തച്ഛന്‍ തനിക്ക് ചുറ്റും കണ്ടത് അവര്‍ക്ക് മനോധൈര്യം പകരുന്നതിന് ഉതകുന്നതായിരുന്നു എഴുത്തച്ഛന്റെ യുദ്ധവര്‍ണ്ണനകള്‍. രാമരാവണ യുദ്ധം, അര്‍ജുനന്റെയും അഭിമന്യുവിന്റെയും യുദ്ധ പരാക്രമങ്ങള്‍ ഇവയൊക്കെ വായിക്കുന്നവരുടെ ഹൃദയത്തില്‍ പൗരുഷം ജ്വലിക്കാതിരിക്കുമോ?
‘അയ്യോ! എനിക്കെന്റെ അമ്മയെ കാണണം’എന്ന് യുദ്ധരംഗത്ത് വെച്ച് ഉത്തരനെകൊണ്ട് പറയിപ്പിച്ചപ്പോള്‍ സമുദായ മധ്യത്തില്‍ കണ്ടിരുന്ന നിരവധി ഭീരുക്കളെ പരിഹസിക്കുകയല്ലേ എഴുത്തച്ഛന്‍ ചെയ്തത്?
ബന്ധനസ്ഥനായ ഹനുമാന്‍ രാക്ഷസരാജാവായ രാവണനോട് നേര്‍ക്കുനേര്‍ ഇരുന്നു പറയുന്നത് നോക്കുക.
‘നിനവു തവമനസി പെരുതെത്രയും നന്നു നീ
നിന്നോടെതിരോരു നൂറു നൂറായിരം
രജനിചരകുല പതികളായ് ഞെളിഞ്ഞുള്ളൊരു
രാവണന്‍മാരൊരുമിച്ചെതിര്‍ത്തീടിലും
നിയതമതു മമ ചെറുവിരല്‍ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നിതെന്നോടു കശ്മല?’
ഈ ചോദ്യം ആരിലാണ് പൗരുഷം ജ്വലിപ്പിക്കാത്തത്?
സന്മാര്‍ഗ ബോധത്തെ ഊട്ടിയുറപ്പിക്കുന്ന നിരവധി തത്വരത്‌നങ്ങള്‍ എഴുത്തച്ഛന്റെ കൃതികളില്‍ കാണാം.
‘താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ.’
‘പ്രത്യുപകാരം മറക്കുന്ന പുരുഷന്‍
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.’
‘ആപത്തു വന്നടുക്കുന്ന നേരത്തു
ശോഭിക്കയില്ലടോ സജ്ജനഭാഷിതം.’
‘നിത്യവും ചെയ്യുന്ന കര്‍മ്മഫലകണം
കര്‍ത്താവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?’
ഇത്തരം മുത്തുമണികള്‍ നൂറ്റാണ്ടുകളായി കേരളീയ ഹൃദയങ്ങളെ ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.
‘കാവ്യം സുഗേയം കഥ രാഘവീയം
കര്‍ത്താവു തുഞ്ചത്തുളവായ ദിവ്യന്‍
ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍
ആനന്ദ ലബ്ധിക്കിനിയെന്തു വേണം?’ എന്ന മഹാകവി വള്ളത്തോളിന്റെ വാക്കുകള്‍ ഭക്തിയിലൂടെ ആനന്ദം നല്‍കുന്ന എഴുത്തച്ഛനാണ് മലയാളികളുടെ ആത്മീയാചാര്യനെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.