ഗറില്ലാ വിപ്ലവകാരികളായിരുന്ന ചെഗുവേരക്കും, വിയറ്റ്നാം വിപ്ലവനേതാവ് ഹോചിമിനും ഒക്കെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ഗറില്ലായുദ്ധരീതി അവലംബിച്ചു കൊണ്ട്, സാമ്രാജ്യത്വത്തെ ചെറുത്തുനിന്ന ഒരു വിപ്ലവകാരിയുണ്ട് ഇന്ത്യന്‍ ചരിത്രത്തില്‍ അതാണ് ബിര്‍സാമുണ്ട. കേവലം 25 വയസ്സുവരെയേ ജീവിച്ചിരുന്നുള്ളൂവെങ്കിലും ദശലക്ഷക്കണക്കിനായ ഇന്ത്യന്‍ പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയുടെ (East India) വലിയൊരു ജനതയുടെ വിപ്ലവസൂര്യനായാണ് ബിര്‍സാമുണ്ടയെ പരിഗണിച്ചുവരുന്നത്.
ബ്രിട്ടീഷ് സൈന്യത്തിനെതിരേ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന വനാന്തരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഗറില്ലാ പ്രവര്‍ത്തനങ്ങളാണ് ബിര്‍സയും അനുയായികളും അനുവര്‍ത്തിച്ച് വന്നത്. 1900 മാര്‍ച്ച 3ന് ജാംകോപായ് വനാന്തരങ്ങളില്‍ ഒളിവില്‍ കഴിയവേ, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പിടികൂടുകയും റാഞ്ചി ജയിലില്‍ അടക്കുകയുമായിരുന്നു. 1900 ജൂണ്‍ 9ന് അദ്ദേഹം കോളറ പിടിപെട്ട് ജയിലില്‍ വച്ച് തന്നെ മരണപ്പെടുമ്പോള്‍ അവശേഷിപ്പിച്ചത് വിപ്ലവത്തിന്റെ ജ്വലിപ്പിക്കുന്ന സ്മരണകള്‍ തന്നെയായിരുന്നു. 116 വര്‍ഷങ്ങള്‍ക്ക് ശേഷവും ദശലക്ഷക്കണക്കിന് കിഴക്കന്‍ ഇന്ത്യന്‍ ജനത അദ്ദേഹത്തെ ആരാധിക്കുന്നതും വെറൊന്നും കൊണ്ടല്ല. ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പടമുള്ള ഒരേയൊരു പട്ടികവര്‍ഗനേതാവ് കൂടിയാണ് ബിര്‍സാമുണ്ട.
19-ാം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങളില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന വനവാസി വിഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ബിര്‍സാമുണ്ടയെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പലപ്പോഴും തമസ്ക്കരിക്കുകയാണ് പതിവ്. എന്നാല്‍ 1875ല്‍ അതീവ പിന്നാക്ക അവസ്ഥയിലായിരുന്ന പട്ടികവര്‍ഗ്ഗവിഭാഗമായ ‘മുണ്ട’ വിഭാഗത്തില്‍ ജനിക്കുകയും, കേവലം 25 വര്‍ഷം കൊണ്ടുതന്നെ ഉത്തരേന്ത്യയിലെ വനവാസി വിഭാഗങ്ങളുടെ അനിഷേധ്യ നേതാവായി മാറുകയുമായിരുന്നു ബിര്‍സാ. അതുകൊണ്ട് തന്നെയാവാം സ്വാതന്ത്ര്യസമരസേനാനി, മതനേതാവ് എന്നതോടൊപ്പം പടിഞ്ഞാറേ ഇന്ത്യന്‍ ജനതതിയുടെ വീരഗാഥകളിലും അനിഷേധ്യ കഥാപാത്രമാവാന്‍ മുണ്ടക്ക് സാധിച്ചത്.
ഇന്നത്തെ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിക്കടുത്തുള്ള ഉയിപാത്തിലാണ്, ബിര്‍സാമുണ്ടയുടെ ജനനം. നന്നേ ചെറുപ്പത്തില്‍ തന്നെ നേതൃത്വപാടവം പ്രകടിപ്പിച്ചിരുന്ന ബിര്സയെകുറിച്ച് നാടന്‍ പാട്ടുകളില്‍ അതിമാനുഷിക വര്‍ണ്ണനകളാണ് ആദിവാസിവിഭാഗങ്ങള്‍ പറഞ്ഞുവെയ്ക്കുന്നത്. ദാരിദ്ര്യത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ സ്വന്തം ഗ്രാമം വിട്ട് മാതൃഭവനത്തില്‍ അഭയം തേടിയ ബിര്‍സയുടെ ബാല്യം അതീവ ക്ലേശം നിറഞ്ഞതുതന്നെയായിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രേരണയാല്‍ ദാരിദ്ര്യത്തെ അതിജീവിക്കാന്‍ ഇടക്കാലത്ത് തന്റെ ബന്ധുക്കളോടൊപ്പം മതപരിവര്‍ത്തനത്തിനും ബിര്‍സ തയ്യാറായി. അദ്ദേഹത്തിന്റെ ഗുരുവായ ജയ്പാല് നാഗിന്റെ നിര്‍ദ്ദേശമനുസരിച്ച് തൊട്ടടുത്തുള്ള ജര്‍മ്മന്‍ മിഷനറിമാര്‍ നടത്തിവന്നിരുന്ന വിദ്യാലയത്തില്‍ മുണ്ട ചേര്‍ന്നു. എന്നാല്‍ പഠനത്തില്‍ അതീവ മിടുക്കനായിരുന്ന ബിര്‍സക്ക് മിഷനറിമാരുടെ ചില നടപടികള്‍ ഒട്ടും പിടിച്ചില്ല. പ്രത്യേകിച്ചും വിദ്യാലയത്തില്‍ പ്രവേശനം വേണമെങ്കില്‍ മതപരിവര്‍ത്തനം നടത്തണം എന്നതൊക്കെ തന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന ചിന്ത അദ്ദേഹത്തില്‍ ഉടലെടുത്തു. ഏതായാലും നിലനില്പിനായി ബിര്‍സ ഡേവിഡ് എന്ന് പേരു സ്വീകരിച്ച അദ്ദേഹം വൈകാതെ വൈഷ്ണവ ഭക്തയായ ആനന്ദ പാണ്ഡയുടെ സ്വാധീനത്താല്‍ ഹിന്ദുമതത്തെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വൈകാതെ ബിര്‍സാ ഒരു ബ്രിട്ടീഷ് വിരുദ്ധ – മിഷണറി വിരുദ്ധ മനോഭാവം വളര്‍ന്ന വ്യക്തിയായി പരിണിതപ്പെടുകയും ക്രൈസ്തവ മതം ഉപേക്ഷിക്കുകയും ചെയ്തു. 1882 ബ്രിട്ടീഷ് ഇന്ത്യന്‍ ഗവണ്മെന്റ് പാസ്സാക്കിയ വനനിയമം വനവാസി വിഭാഗങ്ങളെ അവരുടെ തനത് സംസ്കൃതിയില്‍ നിന്ന് ആട്ടിയോടിക്കുന്നതായിരുന്നു. 1894 – ഓടെ ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തിനെതിരെ ചെറുത്തുനില്‍പ്പുകള്‍ക്ക് പതിയെ തുടക്കം കുറിച്ചു. ഇതിനിടെ പലതവണ ജയിലിലും, ഒളി ജീവിതത്തിലും കഴിഞ്ഞു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ബഹുഭാര്യത്വം ഒരു ഭാരം തന്നെയാണെന്ന തിരിച്ചറിവ് കരുത്തിന്റേയും പാണ്ഡിത്യത്തിന്റേയും പ്രതീകമായ ബിര്‍സയില്‍ ഉദിക്കുന്നുണ്ട്.
വൈകാതെ ബിര്‍സാമുണ്ട എന്ന ആത്മീയനേതാവിന്റെ ഉദയവും പടിഞ്ഞാറേ ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ക്രൈസ്തവ അനുയായികളായി മതപരിവര്‍ത്തനം നടത്തിയ വനവാസി ജനതതിയെ തിരികെയെത്തിക്കുന്നതിനായി അക്ഷീണപ്രയത്നം ബിര്‍സയുടെ ഭാഗത്തു നിന്നുണ്ടായി. ഉറച്ച ശബ്ദത്തോടെ തിരികെ ഹിന്ദുമതത്തിലേക്ക് എത്താന്‍ ആഹ്വാനം ചെയ്ത ബിര്‍സാ ജാതിരഹിത സമൂഹത്തിനും പടിഞ്ഞാറേ ഇന്ത്യയില്‍ അടിത്തറയിട്ടു. ഗോമാംസം വര്‍ജ്ജിക്കാനും, പശുവിനെ ദേവതയെപോലെ ആരാധിക്കാനും ആഹ്വാനം ചെയ്ത ബിര്‍സയെ Cow Nationalism അഥവാ ഗോ ദേശീയതയുടെ പ്രവാചകനായി കണക്കാക്കപ്പെടുന്നു. ഉത്തരേന്ത്യന്‍ വനവാസികളുടെ തനത് ഭരണക്രമങ്ങള്‍ തകര്‍ത്തുകൊണ്ട് ഫ്യൂഡല്‍ വ്യവസ്ഥിതി ബ്രിട്ടീഷുകാര്‍ക്ക് ഉതകുന്ന രീതിയില്‍ ഉണ്ടാക്കിയെടുത്തുവെന്ന് ബിര്‍സാ വിശ്വസിച്ചു. അതുകൊണ്ട് തന്നെ രാജ്ഞിയുടെ ഭരണം നമുക്ക് വേണ്ട, നമ്മുടെ രാജ്യം വന്നു കഴിഞ്ഞു” എന്ന ബിര്‍സയുടെ മുദ്രാവാക്യത്തിന് ഇന്നത്തെ ഒറീസാ, ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആദിവാസി ബെല്‍റ്റില്‍ വലിയൊരു സ്വീകാര്യതയാണ് കിട്ടിയത്. ”ഛോട്ടാ നാഗ്പൂര്‍’ എന്ന അക്കാലത്തെ നാട്ടുരാജ്യം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടര്‍ന്ന ബിര്‍സക്ക് ധാരാളം അനുയായികളെ ലഭിക്കുകയും ചെയ്തു.
പുതുതായി ചേര്‍ന്നുവന്ന നികുതി പിരിവുകാരുടെ ചൂഷണം ആദിവാസികള്‍ക്ക് അസഹനീയമായിരുന്നു. പലപ്പോഴും തങ്ങള്‍ക്കവകാശപ്പെട്ട മണ്ണില്‍ നിന്ന് അവര്‍ കുടിയിറക്കും നേരിടേണ്ടിയിരുന്നു. ഏതായാലും കേവലം 25 വയസ്സ് മാത്രമുണ്ടായിരുന്ന തടവുകാരനായ അരോഗദൃഢഗാത്രനായ ബിര്‍സ ദശലക്ഷക്കണക്കിന് വനവാസികള്‍ക്ക് ഇന്ന് ദൈവംതന്നെയാണ്. അദ്ദേഹത്തിന്റെ മരണം പോലും ബ്രിട്ടീഷ് അധികാരികളുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കുന്നവരും കുറവല്ല. കോളറ മൂലം മരണമടഞ്ഞു എന്ന ഔദ്യോഗിക ഭാഷ്യം ഇന്നും പലര്‍ക്കും ദഹിക്കുന്നില്ല. ബിര്‍സാമുണ്ടയുടെ ജന്മദിനം ഇന്ത്യയിലെങ്ങും ഇന്ന് ആഘോഷിക്കുന്നുണ്ട്. നവംബര്‍ 15 ഇങ്ങ് ദക്ഷിണേന്ത്യയിലെ കുടകില്‍ താമസിക്കുന്ന പട്ടികവിഭാഗം പോലും ആഘോഷിക്കുന്നുണ്ട്. റാഞ്ചിക്കടുത്തുള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലമായ കൊക്കാറില് വലിയ ആഘോഷങ്ങളാണ് അന്നേദിവസം നടക്കുക.
ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയുടെ ചരിത്രാഖ്യായിക Aranyer Adhikar ബിര്‍സയുടെ ജീവിതത്തെ അധികരിച്ചുള്ളതാണ്. മുണ്ടാ ജനവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ നയിച്ച സാമ്രാജ്യത്വ വിരുദ്ധ ഒളിയുദ്ധത്തെ അധികരിച്ച് 1977-ല്‍ എഴുതിയ ‘വനാവകാശം’ എന്ന ഈ നോവല്‍ സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി.
ഏതായാലും സ്വതന്ത്ര്യ ഇന്ത്യ ബിര്‍സക്ക് നിരവധിയായ സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റാഞ്ചിയിലെ വിമാനത്താവളത്തിന്റെ പേര് തന്നെ ബിര്‍സാമുണ്ടയുടെ പേരിലുള്ളതാണ്. പുരുലിയലുള്ള ബിര്‍സാ സര്‍വ്വകലാശാല, ബിര്‍സാ മൈതാനം, ബിര്‍സാ കാര്‍ഷിക സര്‍വ്വകലാശാല, സിന്ദിരിയിലുള്ള ബിര്‍സ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവ അവയില്‍ ചിലതുമാത്രം.
രക്തസാക്ഷിത്വത്തിന്റെ 124-ാം വര്‍ഷത്തിലും ജ്വലിക്കുന്ന ഓര്‍മകള്‍ തന്നെയാണ് ഇന്ത്യയിലെ വനവാസി ജനതതിക്ക് ബിര്‍സാമുണ്ട.