നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധനത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ട്. അതിന് പതിറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ചൈനീസ് ആക്രമണത്തിനു ദിവസങ്ങള്‍ക്കു മുമ്പേ, ‘ഷോള്‍മാരി’ ആശ്രമത്തില്‍ ഒരു സന്യാസി എത്തിയിട്ടുണ്ടെന്നും അത് നേതാജി സുഭാഷ ്ചന്ദ്രബോസായിരിക്കുവാനാണ് സാധ്യത എന്നും ഊഹാപോഹങ്ങള്‍ പരന്നു. നേരില്‍കണ്ടുവിവവരമറിയാന്‍ പ്രധാനമന്ത്രി നെഹ്‌റു, രാജ്യസഭാംഗവും തന്റെ വിശ്വസ്തനുമായിരുന്ന എസ്.എം.ഘോഷിനെ പറഞ്ഞയച്ചു. നേതാജിയെ കണ്ടു പരിചയമുള്ളതുകൊണ്ട് ഈ സന്യാസി നേതാജി അല്ല എന്ന് ഘോഷ് തറപ്പിച്ചു പറഞ്ഞു. സന്യാസിവേഷത്തില്‍ അവിടെ കഴിയുന്ന കിഴക്കന്‍ പാകിസ്ഥാനിലെ പിടികിട്ടാപ്പുള്ളി ആരെന്നു ബംഗാള്‍ പോലീസ് മനസ്സിലാക്കിയെങ്കിലും, അത് നമ്മുടെ വിഷയ പരിധിയിലല്ലാത്തതു കാരണം കൂടുതല്‍ വിസ്തരിക്കുന്നില്ല.
വര്‍ഷങ്ങള്‍ക്കുശേഷം, ബസ്തിയിലും നൈമിശാരണ്യത്തിലും ലഖ്‌നൗവിലും ഒടുവില്‍ അയോദ്ധ്യയിലും ഒരു സന്യാസിശ്രേഷ്ഠന്‍ താമസിക്കുന്നതായ വിവരവും, അദ്ദേഹത്തിന് ശരീരപ്രകൃതിയിലും ശബ്ദത്തിലും നേതാജിയോട് സാമ്യതയുണ്ട് എന്നും തദ്ദേശവാസികള്‍ മനസ്സിലാക്കി. ഈ സന്യാസി ശ്രേഷ്ഠന്‍ തന്ത്രസാധകനായിരുന്നതിനാല്‍ ആരുമായും ഇടപഴകിയിരുന്നില്ല. അടച്ചിട്ട മുറിയില്‍ ഒരു തുണിമറയ്ക്കുപിന്നില്‍നിന്നുമാത്രം സന്ദര്‍ശകരോട് സംവദിച്ചു. മുഖം എപ്പോഴും മറയ്ക്കുമായിരുന്നു. 25 കൊല്ലത്തിലധികം യു.പിയില്‍ പല സ്ഥലങ്ങളിലായി കഴിഞ്ഞുവെങ്കിലും ഇദ്ദേഹം തദ്ദേശവാസികളെ ഒരു കാര്യത്തിനും ആശ്രയിക്കുമായിരുന്നില്ല. വീടുമാറുക എന്ന ആവശ്യങ്ങള്‍ക്കൊക്കെ കൊല്‍ക്കത്തയില്‍നിന്നും തന്റെ ശിഷ്യന്മാരെ വരുത്തി. ഈ അനുയായികള്‍, ഐ.എന്‍.എയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍പ്പെട്ടവരാണെന്ന് പിന്നീട് മനസ്സിലായി. അങ്ങനെയാണ് ഈ നിഗൂഢതയുടെ ചുരുളഴിഞ്ഞത്.
ഈ സന്യാസിശ്രേഷ്ഠന്റെ ജന്മദിനമായി ആചരിച്ചിരുന്നത് ജനുവരി 23-നാണ്. അതുതന്നെയാണ് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനവും. ആ ദിവസം കൊല്‍ക്കത്തയില്‍നിന്നും ഇവരെല്ലാവരും എത്തുമായിരുന്നു. അതിലേക്ക് തദ്ദേശവാസികള്‍ക്കു പ്രവേശനം ഇല്ലായിരുന്നു. അതുപോലെ ദുര്‍ഗ്ഗാപൂജക്കും കല്‍ക്കത്തയില്‍നിന്നും ഈ സംഘം എത്തും. ഈ സന്യാസിശ്രേഷ്ഠന്‍ വിവേകാനന്ദസ്വാമികളെപ്പോലെ കുടുംബബന്ധങ്ങള്‍ വിച്ഛേദിച്ചു. ഐ.എന്‍.എക്കാര്‍ ശിഷ്യന്മാരെപ്പോലെ ഗുരുവിന്റെ ആവശ്യങ്ങള്‍ നിറവേറ്റി. ഇവരില്‍ ഒരാള്‍ നേതാജിയുടെ ജ്യേഷ്ഠന്‍ സുരേഷ്‌ബോസുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ സന്യാസിക്കും എത്തിച്ചുകൊടുത്തു.
ഇതില്‍ അസാധാരണമായിട്ടൊന്നും ഇല്ല. ഭാരതീയ സന്യസ്ഥപാരമ്പര്യം എല്ലാം ഉപേക്ഷിച്ച്, സ്വന്തം പിണ്ഡംവെച്ച് ഗുരുവില്‍നിന്നും കാഷായവസ്ത്രം സ്വീകരിച്ച് ദശനാമി പരമ്പരയുടെ ഏതെങ്കിലും പേരില്‍ അറിയപ്പെടുക എന്നതാണ്. പക്ഷേ ഈ സന്യാസി വിവേകാനന്ദ സ്വാമികളെ ഗുരുവായി സ്വയം വരിച്ചുവെങ്കിലും ആരെങ്കിലും അദ്ദേഹത്തിന് സന്യാസദീക്ഷ നല്‍കിയതായി വിവരമില്ല. പക്ഷേ സ്വാമികളുടെ യോഗസാധനകള്‍ക്കു പുറമെ, ഈ യോഗിവര്യന്‍ തന്ത്രസിദ്ധിയും നേടിയിരുന്നു. തന്ത്രസാധകന്‍ താന്‍ ആരെന്ന് ഒരിക്കലും പറയില്ല. തന്റെ സാധനകളും രഹസ്യമായിട്ടുതന്നെയാണ് അനുഷ്ഠിക്കുക. അതുകൊണ്ട് അദ്ദേഹത്തിന്റെ ആദ്ധ്യാത്മികതയില്‍ മതിപ്പുണ്ടായിരുന്ന പരിസരവാസികള്‍ അദ്ദേഹത്തെ ആദ്യം ഗുംനാമി (പേരില്ലാത്ത) ബാബ എന്നു സംബോധന ചെയ്തുവെങ്കിലും പിന്നീട് ഭഗവന്‍ജി എന്നാക്കി, സംബോധന. അത്യാവശ്യങ്ങള്‍ക്കു മുറിയില്‍ പ്രവേശിക്കാനും സംസാരിക്കാനും അവസരം ലഭിച്ചവര്‍പോലും ആദരവുകാരണം കാലടികള്‍ നോക്കിയാണ് സംവദിച്ചിരുന്നത്. എന്നിരുന്നാലും ഭഗവന്‍ജി, നേതാജി തന്നെയാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരുന്നു.
ഒരു വ്യക്തി തനിക്ക് മറക്കാന്‍ സാധിക്കാത്ത ഒരു അനുഭവം സൂചിപ്പിച്ചാല്‍, അതിന്റെ യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമുള്ള പക്ഷം, ആ വ്യക്തിത്വം ആരെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് തീര്‍ച്ചപ്പെടുത്താം. ഏതാണ്ട് ഇതുപോലെയാണ് ഗുംനാമിബാബ അഥവാ അയോദ്ധ്യാ-ഫൈസാബാദിലെ ജനങ്ങള്‍ ‘നേതാജി’യെന്ന് അവകാശപ്പെടുന്ന സന്യാസിയുടെ ഒരു മൊഴി.
‘പഴയ കാലത്തെ ഓര്‍ത്ത്,’ ഒരു ദിവസം ഇദ്ദേഹം മൊഴിഞ്ഞു. ‘നിങ്ങളുടെ ഈ മരണപ്പെട്ട വ്യക്തിക്ക് ആരോടും പരിഭവമില്ല. ഈ വ്യക്തിക്ക് ബാപ്പുവിന്റെ (ഗാന്ധിജി) അനുഗ്രഹത്തോടെയും അനുമതിയോടെയും ഇന്ത്യക്കു പുറത്തു പോകേണ്ടിവന്നു’ (ഗാന്ധിജിയും മറ്റു നാലു വര്‍ക്കിങ്ങ് കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് നേതാജിയെ കോണ്‍ഗ്രസ് പ്രസിഡന്റു സ്ഥാനം സ്വയം രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കുകയാണല്ലോ ചെയ്തത്. ആ യാഥാര്‍ത്ഥ്യം ഹാസ്യരൂപേണ ബാബ സൂചിപ്പിക്കുകയായിരുന്നു). ബംഗാള്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്നു പുറത്താക്കിയെന്നു മാത്രമല്ല യുഗന്ധര്‍ ഗ്രൂപ്പുമായി (അനുശീലന്‍സമിതി) ചേര്‍ന്ന് ഫോര്‍വേഡ് ബ്ലോക്ക് ഉണ്ടാക്കിയപ്പോള്‍ നേതാജി അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു.
ബാപ്പുവിന് പക്ഷേ പിന്നീട് കുട്ടികളെപോലെ കരയേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന തള്ളി വിഭജനം സംഭവിച്ചു (ഗാന്ധിജിയെ നേതാജിയടക്കമുള്ള തലമൂത്ത നേതാക്കള്‍ ബാപ്പു എന്നാണ് സംബോധന ചെയ്തിരുന്നത്). ഗാന്ധിജിയുടെ പ്രവൃത്തി രാഷ്ട്രനന്മമാത്രം ലക്ഷ്യംവെച്ച നേതാജിയെ ഏറ്റവുമധികം നിരാശപ്പെടുത്തിയിരിക്കണം. ഗാന്ധിജിയും പ്രവര്‍ത്തനസമിതിയും ഒരുപക്ഷത്തും അവരുടെ അവഗണന സഹിക്കാനാകാതെ പാര്‍ട്ടിയില്‍നിന്നും പുറത്തുപോകേണ്ടിവന്ന നേതാജി മറുപക്ഷത്തും നിലകൊണ്ടു. നേതാജിയെ സംബന്ധിച്ചിടത്തോളം അത് മറക്കാനാവാത്ത അനുഭവമായിരുന്നു. ഈ മൊഴി ഗുംനാമിബാബയുടെ ശേഖരത്തില്‍നിന്നും കണ്ടെടുത്തതാണ്. അതുകൊണ്ട് യശ:ശരീരനായ ഈ സന്യാസി നേതാജി സുഭാഷ്ചന്ദ്രബോസുതന്നെയായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
1939-ല്‍ തന്നെ നേതാജി അഭിപ്രായപ്പെട്ടത് കൊളോണിയല്‍ സര്‍ക്കാരിന് ഇന്ത്യ വിട്ടുപോകുവാന്‍ നോട്ടീസ് കൊടുക്കണം എന്നായിരുന്നു. ഗാന്ധിജിയും കോണ്‍ഗ്രസ്സും അതിനെ എതിര്‍ത്തു. 1942ല്‍ ഗാന്ധിജി അതേ നോട്ടീസ് (ക്വിറ്റ ്ഇന്ത്യ പ്രമേയം) ആഗസ്റ്റ് 8ന് പാസ്സാക്കി. അപ്പോഴേക്ക് മഹായുദ്ധം മുറുകി. ബ്രിട്ടീഷുകാര്‍ ജീവന്മരണപോരാട്ടത്തിലായിരുന്നു. അതിനാല്‍ വൈകിക്കാതെ ആഗസ്റ്റ് 9-നുതന്നെ ഗാന്ധിജിയടക്കമുള്ള എല്ലാ കോണ്‍ഗ്രസ്സുകാരും ജയിലിലടക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ പണംപറ്റി, കോണ്‍ഗ്രസ്സുകാരെ ഒറ്റിക്കൊടുത്ത് കമ്മ്യൂണിസ്റ്റുകാര്‍ വിലസി. സര്‍ക്കാരിന്റെ യുദ്ധമുറകളെ പിന്താങ്ങിയതുകൊണ്ട് ജിന്നയുടെ ലീഗും സുഖമായി രണ്ടു വലിയ പ്രവിശ്യകള്‍ ഭരിച്ചു. മുസ്ലീം ജനതയുടെമേല്‍ ലീഗ് അവകാശപ്പെടുന്ന സ്വാധീനത്തെ മറികടക്കുവാന്‍ കോണ്‍ഗ്രസ്സില്‍ ആകെയുണ്ടായിരുന്നത് നേതാജി മാത്രമായിരുന്നു.
ലീഗുനേതാക്കളും ചര്‍ച്ചിലും ചേര്‍ന്ന് രാഷ്ട്രത്തെ വെട്ടിമുറിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഗാന്ധിജി ദുഃഖത്തോടെ നേതാജിയുടെ കാര്യം ഓര്‍ത്തു. അതുവരെ ഫാസിസ്റ്റുകളുടെ സഹായത്തോടെ ഇന്ത്യയെ ആക്രമിക്കുവാന്‍ വരുന്ന ഐ.എന്‍.എക്കാരോട് ഗാന്ധിജിക്ക് കടുത്ത വിരോധമായിരുന്നു. പക്ഷെ, അദ്ദേഹം നിലവിളിച്ചുകൊണ്ടു പറഞ്ഞു: ”സുഭാഷ,് ഹിന്ദു-മുസ്ലീം ഐക്യത്തോടെ ഐ.എന്‍.എ സംഘടിപ്പിച്ച് ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് തെളിയിച്ചു. നേതാജിയില്ലാത്തതു കാരണം ജിന്നയെ തന്റെ അനുയായികള്‍ക്ക് തടയാനായില്ല. അവര്‍ വിഭജനത്തിനു കീഴടങ്ങി” (DD-P-/-247). കോണ്‍ഗ്രസ് നേതൃത്വം, ജിന്നയുടെയും ഇന്ത്യാവിരോധിയായ ചര്‍ച്ചിലിന്റേയും കൂട്ടുകെട്ടിനെ ഭേദിക്കുവാനാകാതെ വിഷമിച്ചു. കോണ്‍ഗ്രസ് വിഭജനത്തിനു വഴങ്ങിയെങ്കിലും പഞ്ചാബും ബംഗാളും വെട്ടിമുറിച്ച് മൊത്തം ജിന്നയുടെ കൈപ്പിടിയിലൊതുങ്ങാതെ ഭാഗികമായി രക്ഷപ്പെടുത്താന്‍ മാറിവന്ന ഭരണം കാരണം കഴിഞ്ഞെന്നു മാത്രം.
ചര്‍ച്ചിലിന്റെ ഹിന്ദുവിരോധവും ഒരു മുസ്ലീം രാഷ്ട്രനിര്‍മ്മാണത്തിനുള്ള വ്യഗ്രതയും നേതാജിക്കറിയാമായിരുന്നു. അതുകൊണ്ട് പരിഹാസ്യമായി, സിഗാര്‍ വലിക്കുന്ന ചര്‍ച്ചിലിന് ഒരുതിങ്കിള്‍ യുദ്ധവും ജയിക്കാനായില്ല എന്ന് ഗുംനാമിബാബ പറയുന്നുണ്ട്. ചര്‍ച്ചിലിന് S എന്ന അക്ഷരം ഉച്ചരിക്കാനാകില്ലായിരുന്നു. അതിനാല്‍ സിങ്കിള്‍ എന്ന വാക്ക് തിങ്കിള്‍ എന്നേ ഉച്ചരിക്കുമായിരുന്നുള്ളൂ. ആ ഇന്ത്യാവിരോധിയോടുള്ള വെറുപ്പും അയാളുടെ കഴിവുകേടുകളും അടുത്തറിയാവുന്ന ഒരു വ്യക്തിയാണ് ഇത് എഴുതിയതെന്നു വ്യക്തം. അല്ലെങ്കില്‍, ഉത്തര്‍പ്രദേശിലെ ഒരു ഓണംകേറാമൂലയിലെവിടെയോ ഒതുങ്ങിക്കഴിയുന്ന ഒരു സന്യാസിക്ക് ചര്‍ച്ചിലിന്റെ കഴിവുകേടുകളും ദുര്‍വ്വാശിയും ഒരു പ്രശ്‌നമാകുമായിരുന്നില്ല. അന്താരാഷ്ട്രതലത്തില്‍ അത്രയും സ്വാധീനമുള്ള ആ സന്യാസി, അതായത് ഗുംനാമിബാബ, നേതാജി തന്നെയായിരുന്നു എന്ന് അതുകൊണ്ട് തീര്‍ച്ചപ്പെടുത്താം.
ഗുംനാമിബാബയുടെ പലപ്പോഴായുള്ള മൊഴികളും കുറിപ്പുകളും, അദ്ദേഹത്തോട് ആദരവു തോന്നിയിട്ടുള്ള ഭക്തര്‍ ബംഗ്‌ളാഭാഷയില്‍ ഓയ് മഹാമാനബ ്ആസ്‌ചേ എന്നൊരു പുസ്തകത്തില്‍ സംഗ്രഹിച്ചിട്ടുണ്ട്. പലരും പല രേഖകളില്‍നിന്നും സമാഹരിച്ചതാണെങ്കിലും സമ്പാദകരുടെ പേര് ചരണിക് അഥവാ ചരണ്‍ എന്നുമാത്രമാണ്. പേര് ആ മഹാമാനബിനോടുള്ള (മഹാത്മാവ്)ആദരവു സൂചിപ്പിക്കുന്നു. ഇതേപേരിലും ആശയത്തിലും രവീന്ദ്രനാഥ ടാഗൂറിന്റെ ഒരു കവിതകൂടിയുണ്ട്. അതുകൊണ്ടായിരിക്കണം സമ്പാദകര്‍ അവരുടെ സംഗ്രഹത്തിന് ഈപേരിട്ടത്. അതില്‍ ഒരിടത്ത് ഈ മഹാത്മാവ് തന്റെ കഥ വിശദീകരിക്കുന്നുണ്ട്:
ഇതുവരെ നിങ്ങള്‍ മനസ്സിലാക്കിയത് ഞാന്‍ റായ്ബഹദൂറിന്റെ മകനാണെന്നും മറ്റുമാണ്. സ്വന്തം താല്‍പ്പര്യത്തിനു വിപരീതമായി ദേശബന്ധുവിന്റെ ഇന്ദ്രജാലത്തിനു വഴങ്ങി, രാഷ്ട്രീയത്തില്‍ ഇറങ്ങി എന്നുകൂടി അറിയാമായിരിക്കും. ഞാന്‍ ആത്മീയമായ അനുഷ്ഠാനങ്ങള്‍ രഹസ്യമായി ചെയ്തിരുന്നു എന്നത് ചിലര്‍ക്കു മാത്രമേ അറിയാവൂ. ചിലര്‍ക്ക് ഈ വ്യക്തി ചില വിദേശരാജ്യങ്ങളില്‍വെച്ച് തന്ത്രസിദ്ധന്മാരെ കണ്ടുവെന്നും അവര്‍ ഉപദേശിച്ചിരുന്നുവെന്നും അറിയാമായിരിക്കാം. പിന്നീട് അയാള്‍ നാടുവിട്ടു. സര്‍വ്വസൈന്യാധിപനായി മരണപ്പെടുകയോ കാണാമറയത്താകുകയോ ചെയ്തു. പെട്ടെന്ന് ഈ വ്യക്തി ഇപ്പോള്‍ മരണപ്പെടാതെ ജീവിച്ചിരിക്കുന്നു(Translated from English. P/255,The Indias Biggest cover up). ഗുംനാമി ബാബ ഈ പറയുന്നതാണ് യാഥാര്‍ത്ഥ്യം.
ഈ സന്ദര്‍ഭത്തില്‍ ഈ മഹാത്മാവിന്റെ ബാല്യത്തിലെ ചെയ്തികള്‍ നമ്മള്‍ ഓര്‍ക്കണം. വിവേകാനന്ദസാഹിത്യം വായിച്ച് ഒരു ആത്മീയ ജീവിതം മാത്രം കൊതിച്ച് വീട്‌വിട്ട് ഇറങ്ങിപ്പോയ വ്യക്തിയാണ് ഇദ്ദേഹം. വളരെചെറിയ പ്രായമായതുകൊണ്ട് വീട്ടിലേക്കു മടങ്ങുവാനും സാധനകള്‍ തുടരുവാനും കാശിയിലെ സന്യാസിമാരില്‍ ഒരാള്‍ (രാമകൃഷ്ണമിഷന്റെ ബ്രഹ്മാനന്ദസ്വാമികള്‍) ഉപദേശിച്ചു. പിന്നീടദ്ദേഹം ഗുരുവായി വിവേകാനന്ദസ്വാമികളെത്തന്നെ സ്വയം വരിച്ചു. സ്വാമികള്‍ തന്റെ അനുയായികളോട് എന്നും പറയാറുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിക്കുകയാണ് ആദ്യംചെയ്യേണ്ടത്, പുതിയ അമ്പലങ്ങളൊന്നും പണിയേണ്ട, ‘ഓം’ എന്ന അക്ഷര ബ്രഹ്മത്തെ ആരാധിച്ചാല്‍ മതി എന്നാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ ഒരു പടികൂടി മുന്നോട്ടുപോയി, അക്ഷരബ്രഹ്മത്തില്‍ ഭാരതാംബയെത്തന്നെ ആലേഖനം ചെയ്തു. രാഷ്ട്രം അമ്മയായി.
ടാഗൂറിന്റേയും, ബങ്കിംചന്ദ്രചാറ്റര്‍ജിയുടേയും കവിതകളില്‍ മാതൃഭൂമി കേവലം ഒരു ഭൂപ്രദേശം മാത്രമല്ല, ജനനിയാണ്, ജീവന്റെ പ്രതീകമാണ്. ആ ജനനിതന്നെയാണ് പ്രകാശവും വഴികാട്ടിയും (Netaji Subash Life illumined byVivekananda p/315). ആദ്ധ്യാത്മികമായി ശാക്തേയരീതി. സ്വാമികള്‍ ഉദ്ദേശിച്ചതും ഇതുതന്നെ. പക്ഷെ ആദ്ധ്യാത്മികമായി പുരോഗമിക്കുവാന്‍ അന്ത:കരണം ശുദ്ധമാകണം. അതിനു ഹൃദയവിശാലത നേടണം. ചിത്തശുദ്ധിക്കുള്ള മാര്‍ഗ്ഗം നിഷ്‌കാമസേവനമാണ്. അതുകൊണ്ട് സ്വാമികളുടെതന്നെ ആഹ്വാനത്തിനു വഴങ്ങി സ്വാതന്ത്ര്യസമരത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. തന്റെ ലക്ഷ്യം മോക്ഷം. അനുഷ്ഠാനം, ദേശസേവ അഥവാ സ്വാതന്ത്ര്യസമരം. ഇദ്ദേഹത്തിന്റെ കൃതികളുടെ സമാഹാരത്തിന്റെ സമ്പാദകന്‍ ഈ കാര്യം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട് (P.3 The Essential Writings Of Netaji Subash Chandra Bose). വിവേകാനന്ദസ്വാമികള്‍ എല്ലാ പ്രഭാഷണങ്ങളിലും വ്യക്തമാക്കിയിരുന്നത് പൗരുഷമില്ലായ്മ കാരണം നമ്മുടെ സംസ്‌കാരപൈതൃകം നഷ്ടപ്പെടുന്നു, അതാണ് നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിക്കാനുള്ള കാരണം എന്നാണ്. സ്വാമിജി നായമാത്മാ ബലഹീനേനലഭ്യ: എന്ന ഉപനിഷദ് വാക്യം എപ്പോഴും ഓര്‍മ്മപ്പെടുത്തി. ബുദ്ധിപരമായും ശാരീരികമായും ശക്തരാകുവാന്‍ ആഹ്വാനം ചെയ്തു. മറ്റുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ ഇറങ്ങിയത് സേവനം തന്നെയായിരുന്നുവെങ്കിലും എന്നെങ്കിലും അധികാരസ്ഥാനത്തിരിക്കുക എന്നൊരു സ്വാര്‍ത്ഥതാല്‍പ്പര്യവും ഉണ്ടായിരുന്നു. നേതാജിയുടെ ലക്ഷ്യം ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത്ഹിതായ ച’ എന്ന രാമകൃഷ്ണമിഷന്റെ അഥവാ വിവേകാനന്ദസ്വാമികളുടെ വചനമായിരുന്നു. അത് നേതാജിയുടെ ചരിത്രവുമായി മാത്രമേ പൊരുത്തപ്പെടുന്നുള്ളു. അതുകൊണ്ട് ഗുംനാമിബാബ നേതാജി തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം.
മേലുദ്ധരിച്ച രചനയില്‍ ശ്രീ ശ്രീ സീതാരാമദാസ് ഓംകാര്‍നാഥ് എന്നൊരു ബംഗാളി ഗുരുവിനെ പരാമര്‍ശിക്കുന്നുണ്ട്. ഈ ആത്മീയപുരോഹിതന്‍ ഇന്റലിജന്‍സ് ബ്യൂറോ സ്ഥാപകന്‍ ബി.എന്‍.മല്ലിക്കിന്റെ ഗുരുവാണ്. സീതാരാമദാസ് ഓംകാര്‍നാഥ് തനിക്ക് നേതാജിയുമായി സമ്പര്‍ക്കമുണ്ടെന്ന് മുമ്പു സൂചിപ്പിച്ചിരുന്നു. കല്‍ക്കത്തയില്‍നിന്നും ഭഗവന്‍ജിയുടെ ഒരു ഭക്തന്‍, ഓംകാര്‍നാഥ്ബാബയുടെ മൊഴിപ്രകാരം, അദ്ദേഹം അവിടുന്നുമായി സമ്പര്‍ക്കത്തിലാണെന്നു തെളിവായി, ഞങ്ങളുടെ പ്രാര്‍ത്ഥന ഹേ ഭഗവന്‍ സ്വന്തം രൂപത്തില്‍ കഴിയുന്നതും വേഗം ദര്‍ശനംതരൂ എന്നാണ്. ഗുംനാമിബാബ അഥവാ ഭഗവന്‍ജിയുടെ ഭക്തര്‍ക്ക് അദ്ദേഹം നേതാജിതന്നെയെന്നതില്‍ സംശയമുണ്ടായിരുന്നില്ല.
(തുടരും)