വന്‍കരകള്‍ താണ്ടിയും നിരവധി വന്‍കിട രാജ്യങ്ങളെ പിന്നിലാക്കിയും ഭാരതം മുന്നോട്ട് കുതിക്കുകയാണ്. 2047 ല്‍, സ്വാതന്ത്ര്യത്തിന്റെ നൂറാം പിറന്നാളില്‍, ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കാനാണ് കേന്ദ്രസര്‍ ക്കാര്‍ ഉദ്ദേശിക്കുന്നത്. വളര്‍ച്ചയിലും വികസനത്തിലും വിശ്വഗുരുസ്ഥാനമാണ് ലക്ഷ്യമിടുന്നത്. മോദി സര്‍ക്കാരിന്റെ മൂന്നാമൂഴത്തിലെ ആദ്യവര്‍ഷം പിന്നിടുമ്പോള്‍ ഭാരതം കുതിപ്പിന്റെ പാതയിലാണ്. സാമ്പത്തിക രംഗത്തെ സമഗ്രവികസനത്തിന്റെ സൂചനകളാണ് 2024ലെ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. സബ് കാ സാത്, സബ് കാ വികാസ്, സബ് കാ പ്രയാസ് എന്ന മോദിയുടെ മുദ്രാവാക്യം വികസന കാര്യത്തില്‍ ഇന്ന് ഒരു ആഗോള മാതൃകയായി മാറിയിരിക്കുകയാണ്.
നിരവധി മേഖലകളില്‍ നിര്‍ണായകമായ നേട്ടമാണ് ഇപ്പോള്‍ ഭാരതത്തിന് കൈവരിക്കാന്‍ സാധിച്ചിട്ടുള്ളത്. അതില്‍ ഊര്‍ജ്ജ മേഖലയും, റിയല്‍ എസ്റ്റേറ്റ് രംഗവും, വാഹന നിര്‍മ്മാണ വിതരണ രംഗവും, എഫ്.എം.സി.ജി അടങ്ങുന്ന ഉപഭോഗ രംഗവും സവിശേഷശ്രദ്ധ പിടിച്ചുപറ്റിയ മേഖലകളാണ്. വിവരസാങ്കേതികരംഗത്ത് വ്യത്യസ്തമായ വികസനമാണ് ഈ കാലയളവില്‍ ഭാരതത്തിന് കാഴ്ചവെയ്ക്കാന്‍ സാധിച്ചിരിക്കുന്നത്. വാഹന മേഖലയില്‍ വായുവേഗത്തിലാണ് ഭാരതത്തിന്റെ വളര്‍ച്ച. ആഗോള സാമ്പത്തിക റാങ്കിംഗിലെ അഞ്ചാം സ്ഥാനം നിലനിര്‍ത്താനും, മൂന്നാം സ്ഥാനമെന്ന പ്രതീക്ഷക്ക് കരുത്തുപകരാനും ഈ വികസനം ഭാരതത്തെ ഏറെ സഹായിക്കുന്നതാണ്. മൂന്നാമൂഴത്തിലെ മോദിയുടെ മികവുറ്റ നേതൃത്വം വിവിധ രംഗങ്ങളിലെ വികസനത്തിന് കരുത്തു പകരുന്നു എന്നത് എടുത്തുപറയാവുന്ന കാര്യമാണ്. അന്തര്‍ദേശീയ കാര്യത്തിലും ആഭ്യന്തരകാര്യത്തിലും പ്രധാനമന്ത്രിയുടെ സവിശേഷമായ ശ്രദ്ധ വികസിതഭാരതത്തിന് കരുത്തായി മാറുന്നു.
ഊര്‍ജ്ജരംഗത്തെ ഊന്നല്‍
ആഗോളമായി ഫോസില്‍ ഇന്ധനത്തിന്റെ ഉത്പാദന നിരോധനവും ഉപഭോഗ നിയന്ത്രണവും ലക്ഷ്യമിടുന്ന ‘നെറ്റ് സീറോ’ അവസ്ഥ 2070 ല്‍ കൈവരിക്കാന്‍ ഭാരതം പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനം ഉയര്‍ന്നതോതില്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച അഞ്ചുകാര്യങ്ങള്‍ (പഞ്ചാമൃതപദ്ധതി) ഇതിന് ഏറെ സഹായകരമാണ്. 2030 ഓടെ ഹരിതവാതക ബഹിര്‍ഗമനം നാല്പത്തിയഞ്ച് ശതമാനത്തോളം കുറവ് വരുത്തുക, ഫോസില്‍ ഇതര ഇന്ധനത്തിന്റെ ഉത്പാദനം അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കുക, 2030 ല്‍ 500 ഏണ പാരമ്പര്യേതര ഊര്‍ജ്ജം എന്ന ഭാരതത്തിന്റെ ലക്ഷ്യം കൈവരിക്കുക, ഹരിതോര്‍ജ്ജ ഉത്പാദനം അഞ്ച് ദശലക്ഷം ടണ്ണായി വര്‍ദ്ധിപ്പിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു ബില്യണ്‍ ടണ്‍ കണ്ട് കുറയ്ക്കാന്‍ ശ്രമിക്കുക എന്നിവ ഇതില്‍ പെടുന്നു.
ഈ പശ്ചാത്തലത്തില്‍ വേണം വികസിത ഭാരതം ലക്ഷ്യം വെച്ചുള്ള 2024 ലെ ഊര്‍ജ്ജ രംഗത്തെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍. പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദനത്തിനാണ് ഭാരത സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം 2030 ഓടെ 500 ഏണ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ ഒരുദശകമായി പുനരുപയോഗ ഊര്‍ജ്ജ ഉത്പാദന രംഗത്ത് ഭാരതം കൈവരിച്ച നേട്ടം വളരെ വലുതാണ്. അള്‍ട്രാ മെഗാ സോളാര്‍ പാര്‍ക്കുകളും, പുരപ്പുറ സൗരോര്‍ജ്ജ ഉത്പാദനവും ഈ രംഗത്തെ എടുത്തു പറയാവുന്ന പദ്ധതികളാണ്.
സൗരോര്‍ജ്ജത്തിന് പുറമെ ബയോ ഊര്‍ജ്ജവും (ഹരിതോര്‍ജ്ജം) ചെറുകിട ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും, കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനവും ഊര്‍ജ്ജമാറ്റത്തിന് സഹായകരമാണ്. ഹരിതോര്‍ജ്ജ ഉത്പാദനത്തില്‍ അപാരമായ സാധ്യതകളാണ് ഭാരതത്തിനുള്ളത്. കാര്‍ഷിക പാഴ്‌വസ്തുക്കളില്‍ നിന്നും വൈക്കോലില്‍ നിന്നും വൈദ്യതിയുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ നാം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. പാരമ്പര്യേതര-പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍മ്പര്യേതര ഊര്‍ജ്ജ ഉത്പാദനരംഗത്ത് നാലാം സ്ഥാനമാണ് ആഗോളമായി ഭാരതത്തിനുള്ളത്. നിലവിലെ 200 GW ഉത്പാദനം 2030 ആകുമ്പോഴേക്കും 500 GW ആക്കുക എന്നതാണ് ലക്ഷ്യം.
സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം
മനുഷ്യ മൂലധനത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറിയ ഭാരതത്തിന്റെ വിവരസാങ്കേതിക വിദ്യയിലെ സാധ്യതകള്‍ വളരെ വലുതാണ്. അതിവേഗം മാറുന്ന സാങ്കേതികവിദ്യയുടെ സാഹചര്യത്തില്‍ ഗുണമേന്മയുള്ളതും കാലിക പ്രാധാന്യമുള്ളതുമായ വിദ്യകള്‍ ഈ രംഗത്ത് വികസിപ്പിച്ചെടുക്കുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. അതിവേഗം വളരുന്ന ഐടി മേഖലയുടെ മൂല്യം 2025 ഓടെ 300 ബില്യന്‍ ഡോളറിനു മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീനമായ സാങ്കേതിക വിദ്യകളായ ക്ലൌഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍ നെറ്റ് ഓഫ് തിങ്‌സ് (ഐഓടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഭാരതം.
മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിക്ക് വളരെ വലിയ സ്വാധീനമാണ് ഐടി മേഖലയില്‍ ഉണ്ടാക്കാന്‍ സാധിച്ചത്. ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ വ്യാപകമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി വീട് വീടാന്തരം ബ്രോഡ്ബാന്റ് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സുഗമമായ നിയമവും സര്‍ക്കാര്‍ നയങ്ങളും ഐടി വികാസത്തെ ഏറെ സഹായിക്കുന്ന രീതിയിലാക്കിയത് ഈ മേഖലയെ മികവിന്റെ കേന്ദ്രമായി മാറ്റാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐടി, ബിപിഓ തുടങ്ങിയ വിവര സാങ്കേതിക വിദ്യയുടെ കുതിപ്പ് ഈ മേഖലയുടെ ജിഡിപി സംഭാവന വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. ഏകദേശം എട്ട് ശതമാനത്തിലേയ്ക്ക് ഇത് വര്‍ദ്ധിക്കാന്‍ സഹായിച്ചത് സര്‍ക്കാരിന്റെയും സാങ്കേതികവിദ്യാ മേഖലയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായാണ്. ഇന്ന് ഭാരതത്തിലെ നല്ലൊരു ശതമാനം പണമിടപാടുകളും ഡിജിറ്റല്‍ മാധ്യമത്തിലൂടെയാണ് നടക്കുന്നത്. ഈ മേഖലയില്‍ സര്‍ക്കാര്‍ കൈവരിച്ച നേട്ടം വിസ്മയകരമാണ്. എട്ട് ബില്യനില്‍ നിന്ന് പതിനാല് ബില്യനിലേയ്ക്കുയര്‍ന്ന ഭാരതത്തിന്റെ പണമിടപാടുകളിലൂടെ, 2024 ലെ കണക്കനുസരിച്ച്, 20 ട്രില്ല്യന്‍ രൂപയാണ് കൈകാര്യം ചെയ്തത് എന്നത് ഒരു ലോക വിസ്മയമായി നിലനില്‍ക്കുന്നു. സാധാരണക്കാരും, വീട്ടമ്മമാരും, ചെറുകിട കച്ചവടക്കാരും വലിയ തോതിലാണ് ഈ മാറ്റത്തെ സ്വീകരിച്ചത്. വികസിത ഭാരത വീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ ശ്രദ്ധേയമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പുതിയ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവി വികസനത്തില്‍ എങ്ങനെ ഉള്‍ച്ചേര്‍ക്കാമെന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
എല്ലാവര്‍ക്കും പാര്‍പ്പിടം
ഭക്ഷണത്തെയും വസ്ത്രത്തെ യും പോലെ കിടന്നുറങ്ങാന്‍ ഒരു കൊച്ചുവീട് എല്ലാവരുടെയും സ്വപ്‌നമാണ്. താങ്ങാനാവുന്ന ചിലവില്‍ സ്വന്തമായി ഒരു വീട് എല്ലാവര്‍ക്കും ലഭ്യമാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഒട്ടേറെ നയനിര്‍മ്മാണങ്ങളും കര്‍മ്മപരിപാടികളുമാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഈ നയപരിപാടികള്‍ കെട്ടിടനിര്‍മ്മാണ രംഗത്തും, റിയല്‍ എസ്റ്റേറ്റ് രംഗത്തും ഗുണപരമായ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കും അല്പവരുമാനക്കാര്‍ക്കുമാണ്. നഗരപ്രദേശങ്ങളിലെ വര്‍ദ്ധിച്ച തോതിലുള്ള ജനപ്പെരുപ്പവും, മദ്ധ്യവര്‍ഗ്ഗത്തിന്റെയും, കുറഞ്ഞ വരുമാനക്കാരുടെയും മാസവരുമാനത്തിലുണ്ടായ വര്‍ദ്ധനയും, അവരിലെ സമ്പാദ്യശീലവും, സാധാരണക്കാരുടെ ജീവിതരീതിയിലുണ്ടായ മാറ്റങ്ങളും വീട് നിര്‍മ്മാണ കാര്യത്തില്‍ കാലാനുസൃതമായ വര്‍ദ്ധനയാണ് ഉണ്ടാക്കിയിരിക്കുന്നത്.
കെട്ടിടനിര്‍മ്മാണത്തിലും, ധനസഹായത്തിലും സര്‍ക്കാര്‍ ഉണ്ടാക്കിയ ജനകീയവും ജനസൗഹൃദവുമായ പരിപാടികള്‍ താങ്ങാവുന്ന ചിലവില്‍ ചെറിയ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധാരണക്കാര്‍ക്ക് സഹായകരമായി. ഹരിതനിര്‍മ്മാണ രീതിയനുസരിച്ചുള്ള, പരിസ്ഥിതി സൗഹൃദമായ പാര്‍പ്പിട സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പരിസ്ഥിതി സൗഹൃദമായ കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗവും, വെള്ളത്തിന്റെയും വൈദ്യുതിയുടെയും സ്വയംപര്യാപ്തതയും കെട്ടിട നിര്‍മ്മാണത്തില്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിനായി കൊണ്ടുവന്ന മഴവെള്ള സംഭരണവും, പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികളും മോദി സര്‍ക്കാരിനെ വ്യത്യസ്തമാക്കി.
2030 ഓടെ രാജ്യത്ത് മുപ്പത് ദശലക്ഷത്തിലേറെ വീടുകള്‍ ആവശ്യമായി വരും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ ചിലവിലുള്ള വീട് നിര്‍മ്മാണം പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കിയാലും നിര്‍മ്മാണ മേഖലയ്ക്ക് 60 ട്രില്യന്‍ രൂപയുടെ മാര്‍ക്കറ്റ് സാധ്യതയാണ് ഇത് മൂലം ഉണ്ടാകാന്‍ പോകുന്നത്. നഗരവത്കരണവും, നിര്‍മ്മിതിയിലെ സര്‍ക്കാര്‍ ഇളവുകളും, വര്‍ദ്ധിച്ച തോതിലുള്ള ഭവനവായ്പാ സൗകര്യങ്ങളും രാജ്യത്ത് വികസനവും തൊഴിലവസര സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നതാണ്.
ഏവര്‍ക്കും പാര്‍പ്പിടം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബൃഹത്തായ സാമൂഹ്യക്ഷേമപദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (ജങഅഥ) ഭവന നിര്‍മ്മാണത്തില്‍ ഒരു നൂതന കാല്‍വെയ്പ്പാണ്. ഈടുനില്‍ക്കുന്നതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും ആവശ്യത്തിന് സൗകര്യങ്ങളുള്ളതുമായ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള സാമ്പത്തിക നിര്‍മ്മാണ സഹായം ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. ഗ്രാമവികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 ല്‍ ഒക്ടോബര്‍ മാസം വരെ 2.67 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. വീട്ടമ്മയാണ് വീടിന്റെ ഉടമ. അതിനായി സ്ത്രീകളെ ഗുണഭോക്താക്കളാക്കി ശാക്തീകരിക്കുക എന്നതും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിദഗ്ദ്ധരായ നിര്‍മ്മാതാക്കളെയാണ് വീടുനിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നത്. നൈപുണ്യ വികസന കോര്‍പ്പറേഷനിലൂടെ ഏകദേശം മൂന്ന് ലക്ഷം മേസ്ത്രിമാരെ മികച്ച രീതിയില്‍ പരിശീലനം നല്‍കിയാണ് വീട് നിര്‍മ്മാണത്തില്‍ അവരെ ഉപയോഗിക്കുന്നത്. ഒരു വീട് നിര്‍മ്മിക്കാനായി വിദഗ്ധരും അവിദഗ്ധരുമായ 314 വ്യക്തിഗത തൊഴില്‍ ദിനങ്ങളാണ് ആവശ്യമായി വരുന്നത്. കെട്ടിടനിര്‍മ്മാണ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് സഹായകരമാകുന്നു.
2029 ഓടെ രണ്ടുകോടി വീടുകള്‍ പുതുതായി നിര്‍മ്മിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ ജീവിതനിലവാരമുയര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രാദേശികമായി ലഭിക്കുന്ന നിര്‍മ്മാണവസ്തുക്കള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗുണനിലവാരമുറപ്പാക്കിയാണ് സര്‍ക്കാര്‍ ഭവനനിര്‍മ്മാണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രാദേശിക തൊഴിലാളികളെയാണ് കെട്ടിട നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തുന്നത്.
അഞ്ച് അനുകൂല ഘടകങ്ങള്‍
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന രാജ്യത്തിന് അനുകൂലമായ അഞ്ച് ഘടകങ്ങളാണ് D എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്നDemocracy, Demography, Diversity (Biodiversity), Demand and Diaspora എന്നിവ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സവിശേഷമായ ജനസംഖ്യ യുവജന സമൃദ്ധമാണ്. വിവിധ മേഖലകളിലെ വികസനത്തെ ത്വരിതപ്പെടുത്താനുതകുന്ന യുവജനങ്ങളിലെ സവിശേഷ നൈപുണ്യം ഭാരതത്തിന്റെ പ്രത്യേകതയാണ്. ജൈവവൈവിധ്യം ഭാരതത്തിന് പ്രകൃതിയുടെ വരദാനമാണ്.
ഒരുകാലത്ത് വിദേശനിര്‍മ്മിത വാച്ചുകളും, വാഹനങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും, ഇറക്കുമതി ചെയ്യുന്ന, പെട്രോളിയം ഉത്പന്നങ്ങളും യുദ്ധവിമാനങ്ങളും, യുദ്ധസാമഗ്രികളും എന്തിനേറെ, ഉത്സവകാലത്ത് നാം ഉപയോഗിക്കുന്ന പടക്കങ്ങള്‍ പോലും വിദേശനിര്‍മ്മിതമായിരുന്നു. കാലം മാറി കഥമാറി. മോദിയുടെ ഒരു ദശാബ്ദം ‘മേയ്ക് ഇന്‍ ഇന്ത്യ’, ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ തുടങ്ങിയ പദ്ധതികളിലൂടെ ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ലോക വിപണിയില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ലോക വിപണിയില്‍ ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചു വരുന്നു. വാക്‌സിന്‍ മുതല്‍ യുദ്ധവിമാനങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള കരുത്ത് ഇന്ന് ഭാരതം കൈവരിച്ചിരിക്കുന്നു. സാങ്കേതിക തികവോടെ, സ്വന്തമായി സാറ്റ്‌ലൈറ്റ് നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭാരതത്തിന്റെ മുദ്രപതിപ്പിച്ച ഇന്ത്യന്‍ ബഹിരാകാശ മേഖല.
മോദിയുടെ ഭരണകാലത്ത് പ്രവാസികള്‍ വെറും വിദേശനാണ്യ സ്രോതസ്സ് മാത്രമല്ല. മറിച്ച് ഭാരതത്തിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍മാരായി കൂടി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത്, കാത്തിരുന്നു കേള്‍ക്കുന്നവരാണ് പ്രവാസികള്‍. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെ അനിതരസാധാരണമായ ആവേശത്തോടെയാണ് പ്രവാസികള്‍ നോക്കിക്കാണുന്നത്. വിദേശനാണ്യവരവ്, കയറ്റുമതി, നേരിട്ടുള്ള വിദേശ നിക്ഷേപം എന്നിവയില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഇന്ത്യ 2024ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വാഹന മേഖലയിലെ വന്‍കുതിപ്പ്
അടിസ്ഥാനസൗകര്യ വികസനത്തില്‍ മോദി സര്‍ക്കാര്‍ ‘ഗതിശക്തി’ പദ്ധതിയിലൂടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലം സമാനതകളില്ലാത്ത പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. വിമാനത്താവള വികസനം, റെയില്‍ വികസനം, കപ്പല്‍ശാലകളുടെ നവീകരണം, തുറമുഖ വികസനം, ദേശീയപാത നിര്‍മ്മാണം എന്നിവ ഇതില്‍ ഉള്‍ച്ചേരുന്നു. പശ്ചാത്തല വികസനത്തിന്റെ അരികുപിടിച്ച് രാജ്യത്ത് നടക്കുന്ന വികസനത്തില്‍ എടുത്തു പറയാവുന്ന മേഖലയാണ് വാഹന നിര്‍മ്മാണവും വിതരണവും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിപ്ലകരമായ മാറ്റമാണ് മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ഏഴ് ശതമാനത്തോളം സംഭാവന ചെയ്യുന്ന ആട്ടോമൊബൈല്‍ മേഖല നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന മേഖല കൂടിയാണ്. ബസ്സുകളും, ട്രക്കുകളും, കാറുകളും, ഓട്ടോറിക്ഷകളും, മോട്ടോര്‍ ബൈക്കുകളും, സ്‌കൂട്ടറുകളും ഉള്‍പ്പെടുന്ന ഭാരതത്തിന്റെ വാഹനമേഖല ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെയും, സാധാരണക്കാരായ കുറഞ്ഞ വരുമാനക്കാരുടെയും ജീവിതനിലവാരത്തിലും സാമ്പത്തിക ശേഷിയിലും മോദി സര്‍ക്കാരുണ്ടാക്കിയ മാറ്റവും, സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ നഗരവത്ക്കരണ പദ്ധതികളും, നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തല സൗകര്യ വികസനവും വാഹനവ്യവസായത്തെ വലിയ തോതിലാണ് വളരാന്‍ സഹായിച്ചത്.
പരിസ്ഥിതി പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലും, പാരീസ് ഉടമ്പടി പ്രകാരമുള്ള നെറ്റ് സീറോ ലക്ഷ്യം 2070 ഓടെ കൈവരിക്കുക എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലും, വാഹനത്തില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. നമ്മുടെ നാട്ടില്‍, വാഹന ഗതാഗതമാണ് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 12 ശതമാനത്തോളം കാരണമാകുന്നത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള മോചനത്തിനും, ഫോസില്‍-ഇതര ഇന്ധനത്തിലേക്കുള്ള മാറ്റത്തിനും നാം ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ Faster Adoption and Manufacture of Electirical Vehicles (FAME) എന്ന പദ്ധതി, ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ വലിയ കുതിപ്പിനാണ് വഴിതുറന്നിരിക്കുന്നത്. ആഗോളമായി റോഡ് ശൃംഖലയില്‍ മൂന്നാം സ്ഥാനത്തുള്ള ഭാരതത്തിന്റെ വാഹന സംഖ്യ ഏകദേശം 354 ദശലക്ഷമാണ്. ഇതില്‍ അഞ്ചര ലക്ഷത്തോളം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും അമ്പതിനായിരത്തിലധികം ഇതര ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിദേശരാജ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന സഹായ സഹകരണവും, ഇടക്കാല തിരഞ്ഞെടുപ്പിലൂടെ സമ്മതിദായകര്‍ മോദി സര്‍ക്കാരിനു സമ്മാനിച്ച വര്‍ദ്ധിച്ച പിന്തുണയും വികസിത ഭാരത സ്വപ്‌നവുമായി മുന്നോട്ട് പോകുന്ന ബിജെപി സര്‍ക്കാരിന് വലിയ പ്രതീക്ഷയാണ് പുതിയ വര്‍ഷത്തില്‍ പ്രദാനം ചെയ്യുന്നത്. വരും വര്‍ഷങ്ങള്‍ ഭാരതത്തിന്റെ വികസന വര്‍ഷങ്ങളായിരിക്കും എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും ഭാരതീയവിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനുമാണ് ലേഖകന്‍)