സിറിയയിലെ വിമതനീക്കങ്ങള്‍ ക്ക് ഒടുവില്‍ ഇരുപത്തിനാല് വര്‍ഷത്തെ ബഷര്‍ അല്‍ അസ്സാദിന്റെ ഭരണം അവസാനിച്ചിരിക്കുകയാണ്. അസ്സാദും കുടുംബവും റഷ്യയില്‍ അഭയം തേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2011 ല്‍ തന്നെ സിറിയയില്‍ ജനാധിപത്യത്തിന് വേണ്ടിയുള്ള രക്തരഹിത സമരം ആരംഭിച്ചിരുന്നു. അസ്സാദ് ആ സമരത്തെ നിഷ്‌ക്കരുണം അടിച്ചമര്‍ത്തി ആയിരങ്ങളെ ജയിലില്‍ അടച്ചു. ഈ സമരം പിന്നീട് അക്രമത്തിലേക്കും ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-നുസ്ര മുതലായ തീവ്രവാദ സംഘടനകളുടെ പിറവിയിലേക്കും നയിച്ചു. സുന്നികള്‍ ഭൂരിപക്ഷം ഉള്ള ഈ തീവ്രവാദ സംഘടനകള്‍ക്ക് ഇറാഖിലെ ഷിയാ സര്‍ക്കാരിനെയും സിറിയയിലെ അലവൈറ്റ് (ഷിയാ ഇസ്ലാമിന്റെ ഒരു ഉപവിഭാഗം) സര്‍ക്കാരിനെയും പുറത്താക്കുക എന്ന ലക്ഷ്യം തുടക്കം മുതലുണ്ട്. സുന്നി തീവ്രവാദ സംഘടനകളോട് പൊരുതാന്‍ സിറിയന്‍ സര്‍ക്കാരിന് റഷ്യയുടെയും ഇറാന്റെയും പിന്തുണ ഉണ്ടായിരുന്നു. പക്ഷെ റഷ്യ ഉക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടതും മേഖലയില്‍ ഇറാനും ഇസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും സിറിയന്‍ സര്‍ക്കാരിന് തിരിച്ചടിയായി. ഹയാത്ത് തഹ്രീര്‍ അല്‍ ഷാം (എച്ച്.ടി.എസ്) എന്ന തീവ്രവാദ സംഘടനയുടെ കയ്യിലാണ് ഇപ്പോള്‍ അധികാരം എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇവര്‍ക്ക് അമേരിക്കയുടെയും തുര്‍ക്കിയുടെയും പിന്തുണയുണ്ട്. അഫ്ഘാനിസ്ഥാനിലും ബംഗ്ലാദേശിലും അമേരിക്ക നടത്തിയ ഇടപെടലുകളുടെ തിക്തഫലങ്ങള്‍ അവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനമാണ് സിറിയയിലും കണ്ടത്. അധിനിവേശത്തിനിടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ വളരെ വേഗം താലിബാന്‍ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയായിരുന്നു താലിബാന്റെ കയ്യിലേക്ക് ഭരണം കൈമാറ്റപ്പെട്ടത്. സിറിയയില്‍ അത് എച്ച്.ടി.എസ് ആയി എന്ന് മാത്രം. അല്‍ നുസ്ര എന്ന തീവ്രവാദ സംഘടനയില്‍ നിന്നാണ് എച്ച്.ടി.എസ് പിറന്നത്. അല്‍-ഖ്വയ്ദയുമായും അവര്‍ക്ക് ബന്ധമുണ്ട്. പൗരന്മാരുടെ അവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും ഒക്കെ വേണ്ടി തുടങ്ങിയ ഒരു പ്രക്ഷോഭം ഒടുവില്‍ തീവ്രവാദത്തിലേക്കും രാജ്യത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കും എ ത്തിച്ചേര്‍ന്നു. ഇനി പ്രദേശത്തെ തീവ്രവാദികള്‍ക്ക് സ്വന്തമായി ഒരു രാജ്യം എന്ന രീതിയിലായിരിക്കും സിറിയ ചര്‍ച്ചചെയ്യപ്പെടാന്‍ പോകുന്നത്. കുര്‍ദുകളുമായി പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തുര്‍ക്കി എച്ച്.ടി.എസിനെ പിന്തുണയ്ക്കുന്നത്. തുര്‍ക്കിയില്‍ വസിക്കുന്ന കുര്‍ദുകള്‍ തീവ്രവാദികള്‍ ആണെന്നും അവര്‍ രാജ്യത്തെ അറുത്തുമുറിക്കാന്‍ ശ്രമിക്കുകയാണെന്നും തുര്‍ക്കി കരുതുന്നു. കുര്‍ദിഷ് സേനയിലെ സ്ത്രീകളെ എച്ച്.ടി.എസ് തീവ്രവാദികള്‍ തടവിലാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന തീവ്രവാദികളെയാണ് എച്ച്.ടി.എസ് ‘പോരാളികള്‍’ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍ അഭിസംബോധന ചെയ്യുന്നത്.
സിറിയന്‍ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് അമേരിക്കയ്ക്കും ഇസ്രായേലിനും ആണ്. റഷ്യ, ഇറാന്‍ രാജ്യങ്ങളുടെ സുഹൃത്തായ അസ്സാദിന്റെ വീഴ്ച്ച അമേരിക്കയുടെ നേട്ടമാണ്. ഇറാനില്‍ നിന്നുള്ള ആയുധങ്ങള്‍ സിറിയ വഴിയാണ് ലെബനനില്‍ എത്തിയിരുന്നത്. ഇനി ഇതുവഴി ആയുധം കടത്താന്‍ ഇറാന് കഴിയില്ല എന്നത് ഇസ്രായേലിന് ആശ്വാസം നല്‍കുന്നു. ഷിയാ ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്‍, ഇറാഖ് മുതലായ രാജ്യങ്ങള്‍ക്ക് സുന്നി തീവ്രവാദ സംഘടനകള്‍ വലിയ ഭീഷണിയാണ്. സിറിയയിലെ വിജയത്തിന് ശേഷം വിമതര്‍ ഇറാഖിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെടും എന്നത് തീര്‍ച്ചയാണ്. മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രങ്ങളും മറ്റുമായി പ്രദേശത്ത് യുവാക്കള്‍ പ്രകടനം നടത്തിയത് ഇതിനുള്ള തെളിവാണ്. അസ്സാദ് സര്‍ക്കാര്‍ നിലം പൊത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്രായേല്‍ സേന സിറിയയുമായുള്ള അതിര്‍ത്തിപ്രദേശം കയ്യടക്കി. 1974-ലെ സെപ്പറേഷന്‍ ഓഫ് ഫോഴ്‌സ് എഗ്രിമെന്റ് ആണ് ഇസ്രായേല്‍ മറികടന്നത്. സിറിയന്‍ സേന പിന്‍വാങ്ങിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. സിറിയയിലെ ഹെര്‍മോണ്‍ മല എന്ന ഏറ്റവും തന്ത്രപ്രധാനമായ മേഖലയാണ് ഇപ്പോള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിരിക്കുന്നത്. സിറിയയില്‍ ഭരണം കൈക്കലാക്കിയ വിമതര്‍ക്ക് ആശംസകള്‍ അറിയിക്കാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറന്നില്ല. സിറിയ ശാന്തമാകുന്നതോടെ അഭയാര്‍ത്ഥികള്‍ തിരിച്ചു സിറിയയിലേക്ക് തന്നെ പോകും എന്ന് തുര്‍ക്കിയുടെ രാഷ്ട്രപതി എര്‍ദോഗാന്‍ വിശ്വസിക്കുന്നു. പക്ഷെ ഈ തീവ്രവാദികള്‍ക്ക് എങ്ങനെ ഒരു രാജ്യം സമാധാനപൂര്‍വ്വം ഭരിക്കാന്‍ കഴിയുമെന്നുള്ള ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
അസ്സാദിന്റെ പതനം റഷ്യയെ പ്രതികൂലമായി ബാധിക്കും. റഷ്യയുടെ പിന്തുണകൊണ്ട് മാത്രമാണ് അസ്സാദിന് ഇത്രയും കാലം സിറിയ ഭരിക്കാന്‍ കഴിഞ്ഞത്. വര്‍ഷങ്ങളായി തുടരുന്ന ഉക്രൈന്‍ യുദ്ധം മൂലം റഷ്യ വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അടുത്തകാലത്തൊന്നും ആ യുദ്ധം അവസാനിക്കുന്ന ലക്ഷണവും കാണുന്നില്ല. ഇറാനും സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രദേശത്ത് ഇറാന്‍ നിയന്ത്രിക്കുന്ന തീവ്രവാദ സംഘടനകളായ ഹമാസ്, ഹിസ്ബുള്ള, ഹൂത്തി എന്നിവര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും മുതിര്‍ന്ന നേതാക്കളെ ഒക്കെ ഇസ്രായേല്‍ വധിച്ചുകഴിഞ്ഞു. ഇസ്രായേലുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ഇറാനും താല്‍പ്പര്യമില്ല. ഈ സാഹചര്യത്തില്‍ ഇറാന്റെ ശക്തി മേഖലയില്‍ കുറഞ്ഞുവരികയാണ് എന്ന് പറയാം.
അസ്സദിനെ ഭരണത്തില്‍ നിന്ന് മാറ്റുക എന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ് എച്ച്.ടി.എസ് മേധാവി അബു മുഹമ്മദ് അല്‍ ജവ്ലാനി പ്രഖ്യാപിച്ചത്. സിറിയയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതര്‍ ആണെന്നും അയാള്‍ പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുന്നേ താലിബാനും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞത്. അമേരിക്ക ജവ്ലാനിയുടെ തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ വില ഇട്ടിട്ടുണ്ട്. ആഗോള തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. എച്ച്.ടി.എസ് മാത്രമല്ല, മറ്റ് തീവ്രവാദ സംഘടനകളും സിറിയയില്‍ പല ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ എല്ലാവരും കൂടി ഒരു ഭരണത്തില്‍ അണിചേരുമോ എന്നതിനും വ്യക്തതയില്ല. സുന്നി തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയായ മുസ്ലിം ബ്രദര്‍ഹുഡ് പ്രദേശത്ത് ശക്തിയാര്‍ജ്ജിക്കുന്നതും ശുഭകരമായ വാര്‍ത്തയല്ല. പശ്ചിമേഷ്യയില്‍ സുന്നി – ഷിയാ സംഘര്‍ഷങ്ങള്‍ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. ഡ്റൂസ്, ക്രിസ്ത്യാനികള്‍, യസീദികള്‍, അലവൈറ്റ് മുതലായ വിഭാഗങ്ങളോട് പുതിയ ഭരണകൂടത്തിന്റെ സമീപനം എങ്ങനെ ആയിരിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.
അസ്സാദ് ഭരണകൂടത്തിന്റെ കൈവശം ഉണ്ടായിരുന്ന ആയുധങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമസേന നശിപ്പിച്ചുകളയുന്നുണ്ട്. ഭീകരവാദികളുടെ കയ്യില്‍ അത് എത്തിയാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നാണ് അവര്‍ പറയുന്നത്. മുന്‍പ് സ്വന്തം ജനങ്ങള്‍ക്കെതിരെ അസ്സാദ് രാസായുധം ഉപയോഗിച്ചത് ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി അവിടെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അമേരിക്കന്‍ തന്ത്രം ഇവിടെയും പ്രകടമാണ്. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെ തുരത്താന്‍ ജിഹാദികളെ പ്രാപ്തരാക്കിയത് അമേരിക്കയാണ്. പിന്നീട് അതേ ജിഹാദികളോട് രണ്ട് പതിറ്റാണ്ടുകാലം യുദ്ധം ചെയ്തതിനുശേഷം അവര്‍ക്ക് തന്നെ ഭരണം നല്‍കി പിന്‍വാങ്ങി. മാരകശേഷിയുള്ള ആയുധങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഇറാഖിനെ ആക്രമിച്ച് ആ സമൂഹത്തെ തകര്‍ത്തു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീനയെ അട്ടിമറിച്ചിട്ട് തീവ്രവാദികളോട് അനുഭവം പുലര്‍ത്തുന്ന ഒരു സര്‍ക്കാരിനെ ബംഗ്ലാദേശില്‍ പ്രതിഷ്ഠിച്ചു. ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അവിടെ വേട്ടയാടപ്പെടുകയാണ്. പശ്ചിമേഷ്യയെ മുഴുവന്‍ അസ്ഥിരപ്പെടുത്താന്‍ പോകുന്ന ഒരു നീക്കമാണ് എച്ച്.ടി.എസിലൂടെ അമേരിക്ക നടത്തിയിരിക്കുന്നത്.
അസ്സാദ് സര്‍ക്കാരിന്റെ പതനം പാന്‍ ഇസ്ലാമിസ്റ്റുകളെ സന്തോഷിപ്പിക്കുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നും ഉസ്ബെക്കിസ്താനില്‍ നിന്നുമൊക്കെ തീവ്രാദികള്‍ സിറിയയില്‍ ‘പോരാടാന്‍’ പോയിരിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ സിറിയയിലെ അട്ടിമറി കാരണമാകും എന്ന് നിസ്സംശയം പറയാം. അസ്സാദ് ഒരു ഏകാധിപതിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അതിലും വലിയ തിന്മയുടെ കയ്യിലേക്കാണ് സിറിയയുടെ കടിഞ്ഞാണ്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് പറയാതെ വയ്യ.